Tuesday, June 06, 2006

കലേഷിന്റെ ലോകം :: Kalesh's World - ഹാ‍ജര്‍ ഹാജര്‍!

URL:http://sgkalesh.blogspot.com/2006/06/blog-post.htmlPublished: 6/5/2006 5:27 PM
 Author: കലേഷ്‌ | kalesh
അങ്ങനെ ജൂണ്‍ ഒന്നാം തീയതി വൈകിട്ട് ലോക്കല്‍ ടൈം 5 1/2യ്ക്കുള്ള ശ്രീലങ്കന്‍‌വണ്ടിയില്‍ മറ്റ് ഗതിയില്ലാത്തോണ്ട് ഞാന്‍ ഇങ്ങ് ഇമാറാത്തില്‍ തിരിച്ചെത്തി. ശ്രീലങ്കന്‍ വണ്ടിയില്‍ പോയിട്ടില്ലാത്തവരോടെല്ലാം ഞാന്‍ വളരെ ശക്തമായി ശുപാ‍ര്‍ശ ചെയ്യുന്നു - അതൊന്ന് ട്രൈ ചെയ്ത് നോക്കൂ - ഉഗ്രന്‍ സര്‍വീസാണ് - വിലയും തുച്ഛം!

നാട്ടില്‍ ചെന്നപ്പം ഉഗ്രന്‍ ചൂട്! രാത്രി ശരിക്ക് ഉറങ്ങാ‍ന്‍ പറ്റുന്നില്ല. ചൂ‍ട് കാരണം ഞാന്‍ പകല്‍ 4-5 തവണ കുളിക്കുമായിരുന്നു.
മഴ തുടങ്ങിയത് പതിനഞ്ചാംതീയതിയോടെയാണ്. അതിനു ശേഷമാണ് ഇത്തിരി ആശ്വസം കിട്ടിയത്. നാട്ടില്‍ ചക്കയും മാങ്ങയൂമൊക്കെ ആവശ്യം പോലെയുണ്ട്! ഒരുപാട് മാങ്ങാ തിന്നു! നാട്ടില്‍ ചെന്ന് പത്ത് ദിവസം പോയതറിഞ്ഞില്ല. കല്യാണമായി. ഈ കല്യാണം കല്യാണംന്ന് പറയുന്നത് ഒരുമാതിരി എടങ്ങേറ് പിടിച്ച പണിയാണ്. കാശ്‌ തീരുന്നതിന് യാതൊരു കണക്കുമില്ല. തുണി എടുത്ത് തന്നെ ഒരുപാട് കാശ് തീര്‍ന്നു.പെണ്ണിന്റെ സാരിയെടുപ്പ് എന്റെ അനിയത്തിയും ഭര്‍ത്താവും സ്പോണ്‍സര്‍ ചെയ്തതുകൊണ്ട് അത്രേം കാശ് ലാഭിച്ചു. പിന്നെ നമ്മുടെ ഏറ്റവും അടുത്ത സ്വന്തക്കാര്‍ക്കു് കല്യാണത്തിനിടാ‍ന്‍ സാരിയും ബ്ലൌസ്‌പീസും ഷര്‍ട്ടും മുണ്ടും എടുക്കണം. അതുകഴിഞ്ഞ് റീമയുടെ വീട്ടില്‍ ആ‍ദ്യമായി പോകുമ്പോള്‍ അവളുടെ ഏറ്റവും അടുത്തവര്‍ക്ക് ഇതുപോലെ തുണികളെടുത്ത് കൊടുക്കണം. ഇതിനിടെ പരാ‍തികളും ഉണ്ടാ‍കും - "എടുത്ത സാരിയുടെ കളര്‍ കൊള്ളത്തില്ല..." . ഈ സാരിയെടുപ്പ് ഭയങ്കര മിനയ്ക്കെടുത്ത് പണിയാണ്. റീമയ്ക്ക് നീലയുടെ ഷേഡിലുള്ള കല്യാണസാരി വേണമെന്ന് അവള്‍ എന്റെ പെങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നീലയ്ക്ക് തന്നെ എത്ര ഷേഡാ? വട്ടായി! അവളേം കൊണ്ട് സാരിയെടുക്കാന്‍ പോകാനിരുന്നതാ. അവള്‍ അവസാന നിമിഷം വരുന്നില്ലെന്ന് പറഞ്ഞു. സാ‍രി സെലക്റ്റ് ചെയ്യുന്ന സമയത്ത് ഞാന്‍ തുണിക്കടയിലില്ലായിരുന്നു. പെണ്ണുങ്ങള്‍ക്ക് തിരുവനന്തപുരം അയ്യപ്പാസില്‍ നിന്നും ആണുങ്ങള്‍ക്ക് കറാല്‍കടയില്‍ നിന്നുമാണ് തുണികളെടുത്തത്. എല്ലാവരും പറയുന്ന ന്യായം ആയ-“ജീവിതത്തില്‍ ഒരിക്കലല്ലേ കെട്ടു, അതുകൊണ്ട് സാരമില്ല ” എന്ന് കരുതി ആശ്വസിക്കാം.

നാട്ടിലിപ്പോള്‍ സഹായത്തിനാളെ കിട്ടുക എന്ന് പറയുന്നത് ഭയങ്കരപാടാണ്. ആര്‍ക്കും സഹായിക്കാന്‍ സമയമില്ല. ആരുടെയും കുറ്റമല്ല. എല്ലാ കാര്യങ്ങളും ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കുക. അളിയനും പെങ്ങളും കൂടെയുണ്ടായിരുന്നുവെങ്കിലും, അളിയന്റെ അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് അളിയന് മടങ്ങി പോകേണ്ടി വന്നു. ഞാന്‍ ചെന്നപ്പഴേക്കും കല്യാണം വിളിയൊക്കെ ഒരുവിധം കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും തന്നെ ചെന്ന് വിളിച്ചില്ലേല്‍ ആളുകള്‍ വരില്ല. കല്യാണം വിളിച്ച് അച്ഛനും അമ്മയ്ക്കും വയ്യാതെയായി. ആരെയൊക്കെയോ വിട്ടുപോയിരുന്നു. അതിന്റെ പരാതികള്‍ ഇനി തീര്‍ത്താല്‍ തീരില്ല!

പന്തലൊക്കെ ഇപ്പം റെഡീമേഡാണ്. 2-3 മണിക്കൂര്‍ കൊണ്ട് പന്തല്‍ ഇറക്ഷന്‍ റെഡി! പാചകം ഗ്യാസടുപ്പിലാണ്. കല്യാണ തലേന്നത്തേക്കും മറുവീടിനും (അടുക്കള കാണല്‍ ചടങ്ങ്)ഭക്ഷണം പാകം ചെയ്യാ‍നും വിളമ്പാനുമൊക്കെ ഹോട്ടല്‍മാനേജ്‌മെന്റൊക്കെ പഠിച്ച പിള്ളാരുടെ പ്രൊഫഷണല്‍ ടീം! പണ്ടത്തെ കല്യാണങ്ങളെകുറിച്ചൊക്കെ ഞാനൊന്ന് ഓര്‍ത്തുപോയി. അതാണിങ്ങനെയൊക്കെ എഴുതാ‍ന്‍ കാരണം! കല്യാണം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു. അത് റീ‍മയുടെ വീട്ടുകാരുടെ ചിലവിലായിരുന്നതുകൊണ്ട് അതിനെകുറിച്ചും സദ്യയെകുറിച്ചുമൊന്നും അറിയേണ്ടായിരുന്നു.

കല്യാണത്തിന്റന്ന് ബന്ദായിരുന്നു. കിളിമാനൂരെങ്ങാണ്ട് ഒരു ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ ആരോ വെട്ടി കൊന്നു. അത് കാരണം ആര്‍.എസ്സ്.എസ്സ് ബന്ദ് പ്രഖ്യാപിച്ചിരുന്നു. ബന്ദ് കാരണം ഒരുപാടുപേര് വന്നില്ല. ചന്ദ്രേട്ടന്‍, കുമാര്‍ഭായ്, തുളസി, ജോ, ഉമേച്ചി, ഇബ്രാന്‍ - ഇവരെല്ലാരും കല്യാണത്തിന് വരാനിരുന്നതാ - ബന്ദ് അവരുടെ യാത്ര മുടക്കി. കല്യാണശേഷം എല്ലാവരെയും ചെന്ന് കാണാമെന്ന് ഏറ്റിരുന്നതുമാണ്. അതും നടന്നില്ല. കല്യാണം മംഗളമായിട്ട് നടന്നു. എന്റെ ബ്ലോഗിലും ഈ കല്യാണം ഒരു സംഭവമായി.
ഞാനിതുവരെ കണ്ടിട്ടില്ലാത്ത എത്രയോ പേര്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെന്നെ വിളിക്കുകയും എന്റെ ബ്ലോഗില്‍ കമന്റുകയും ചെയ്തു! ദൈവാനുഗ്രഹമെന്നോ അല്ലേല്‍ മുന്‍ജന്മസുകൃതം എന്നൊക്കെയല്ലാതെ എന്താ പറയേണ്ടതെനിക്കറിയില്ല.എല്ലാവരോടും എന്റെ പ്രത്യേകം പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

കല്യാണം കഴിഞ്ഞ് ഹണീമൂണിനൊന്നും പോയില്ല. പോകണമെന്നൊക്കെ പ്ലാനിട്ടിരുന്നതാ - ഊട്ടിയില്‍. പക്ഷേ നടന്നില്ല. ഒരുപാട് സംഗതികള്‍ പ്ലാന്‍ ചെയ്തിരുന്നു. അനിലേട്ടന്റെയും കുമാര്‍ഭായിയുടെയും നെടുമങ്ങാട്ടെ വീട്ടില്‍ പോണം, തിരിച്ച് വരുന്ന വഴിക്ക് ചന്ദ്രേട്ടനെ കാണണം - എറണാകുളത്ത് പോയി കുമാര്‍ഭായിയേയും കുടുംബത്തെയും കാണണം, തൃശൂര്‍ പോയി ഉമേച്ചിയേയും ജോയേയും തുളസിയേയും ഒക്കെ കാണണം . പ്ലാന്‍ ചെയ്ത ഒരു സംഗതിയും നടന്നില്ല. റീമയുടെ അച്ഛന്‍ ഒരു വണ്ടി എടുത്തു തന്നു. ആ വണ്ടിയില്‍ കല്യാണം കഴിഞ്ഞ് 3 ദിവസം കഴിഞ്ഞ് ഞങ്ങടെ മാര്യേജ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിട്ട് വില്ലേജോഫീസില്‍ പോകുന്ന വഴിക്ക് നാഷണല്‍ ഹൈവേയില്‍ നാവായിക്കുളത്തിനടുത്ത് തട്ടുപാലത്ത് വച്ച് “ഡപ്പ്” എന്നൊരു ശബ്ദം കേട്ടു. എന്താന്ന് നോക്കിയപ്പം കാറിന്റെ മുന്നിലെ ഗ്ലാസ്സ് പൊട്ടിയിരിക്കുന്നു. റോഡരികിലുള്ള പള്ളിയിലേക്ക് ആരോ എതിരേവന്ന ബസ്സിലിരുന്ന് എറിഞ്ഞ നാണയം നേരെ വന്ന് കൊണ്ടത് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ്സിലാണ്. അതിന്റെ പിറ്റേ ദിവസം ഞാനാ വണ്ടിയും കൊണ്ട് നമ്പര്‍പ്ലേറ്റ് ഫിറ്റ് ചെയ്യിക്കാനായി ഒരു വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി. അവിടെ വച്ച് വണ്ടി ഒന്ന് റിവേഴ്സ് എടുത്തു. വീണ്ടും “ഡപ്പ്” എന്നൊരു ശബുണ്ട് കേട്ടു. പിറകില്‍ ഒരു തെങ്ങ് നിന്നത് ഞാന്‍ കണ്ടില്ലായിരുന്നു. ഡിക്കിയും ബമ്പറും വളഞ്ഞ് അകത്ത് കയറി.

പുതിയ വണ്ടിയായതുകൊണ്ട് തട്ടിനൂക്കാനും പാച്ച് വര്‍ക്ക് ചെയ്യാനുമൊന്നും സ്കോപ്പില്ല. ഇപ്പഴത്തെ കമ്പ്യൂട്ടറിലൊക്കെ മദര്‍ബോര്‍ഡ് ഒറ്റയടിക്കങ്ങ് മാറുന്നതുപോലെ ഡിക്കിയും ബമ്പറും മൊത്തമായിട്ടങ്ങ് “റീപ്ലേസ്” ചെയ്യാനേ പറ്റൂ എന്ന് ഹോണ്ട സര്‍വീസ് മാനേജര്‍ പറഞ്ഞതനുസരിച്ച് വണ്ടി കൊണ്ട് സര്‍വീസ് സ്റ്റേഷനില്‍ ഇട്ടു. (അത് തിരിച്ചുകിട്ടിയത് മെയ് 31 രാത്രി! -ഞാന്‍ ഇങ്ങോട്ട് പോന്നതിന്റെ തലേദിവസം). എന്റെ സമയം മോശമാണ്, അതുകൊണ്ട് ഞാന്‍ ഇനി വണ്ടി ഓടിക്കണ്ടന്ന് കാര്‍ന്നോമ്മാര് വിധിച്ചു.

പ്ലാന്‍ ചെയ്ത രീതിയില്‍ ഒന്നും നടക്കുന്നില്ലന്ന് കണ്ട് അച്ചുമാമന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നന്ന് രാവിലെ കാ‍പ്പി കുടിച്ചോണ്ടിരുന്നപ്പം എന്നാ ഇന്ന് ഒരു എറണാകുളം-തൃശൂര്‍ ട്രിപ്പ് ആകാമെന്ന് കരുതി. എറണാകുളത്തുള്ള മാമന്മാരേയും കുമാര്‍ ഭായിയേയും കാണാം, പിറ്റേദിവസം തൃശൂര് ചെന്ന് ഉമേച്ചിയേയും ജോയേയും തുളസിയേയും കാണാമെന്നും കരുതി.

വീട്ടിലെ വണ്ടിയില്‍ തന്നെ തിരിച്ചു എറണാകുളത്തേക്ക് - ഞാനല്ല ഓടിച്ചത് - ഡ്രൈവറാ. കുമാര്‍ഭായും ഉമേച്ചിയും എല്ലാരും കൂടി തൃശൂര്‍ വച്ച് ഞങ്ങള്‍ മീറ്റ് ചെയ്യാമെന്ന് പ്ലാന്‍ ചെയ്തു. കുമാര്‍ ഭായ് അതിനായി ലീവ് എടുത്തു. പാലക്കാട്ടായിരുന്ന ഉമേച്ചി തൃശൂര്‍ തിരിച്ചെത്താ‍മെന്ന് സമ്മതിച്ചു. ജോയും തുളസിയും നാട്ടിലുണ്ടായിരുന്ന ഇബ്രാനും തൃശൂരെത്താമെന്ന് തീരുമാനിച്ചു!

എനിക്കും എല്ലാവരെയും കാണാന്‍ പോകുന്നതിന്റെ ത്രില്ലായി! എറണാകുളത്തെത്തി മാമന്റെ വീട്ടിലും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലും ഒക്കെ പോയി, നെടുമ്പാശ്ശേരിയിലെ ഉണ്ണിമാമന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് വൈകിട്ട് 7 1/2യ്ക്ക് ഞങ്ങടെ കാറിന്റെ വലതുസൈഡില്‍ ഒരു പാണ്ടി ലോറി (ടാങ്കര്‍) വന്നിടിച്ചു. ടാങ്കറിന്റെ ഡ്രൈവര്‍ ഇടി നടന്നതറിയാതെ ഞങ്ങടെ വണ്ടിയെ കുറച്ചുദൂരം തള്ളിക്കോണ്ട് മുന്നോട്ട് പോയി. ആളുകളും പോലീസുമൊക്കെ ബഹളം വച്ചതുകൊണ്ടാണ് ആ ഡ്രൈവര്‍ വണ്ടി ഇടിച്ച കാര്യം അറിഞ്ഞത്. ഇടിയുടെ ഇമ്പാക്റ്റില്‍ വലതുവശത്തെ 2 ഡോറും അകത്തേക്ക് വളഞ്ഞ് കയറി. സൈഡ്‌ഗ്ലാസ്സ് പൊട്ടി.

എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യ - എനിക്ക് ആകെ കണ്‍ഫ്യൂഷനായി. റീമയെ നോക്കിയപ്പം അവളും വല്ലാതിരിക്കുകയാ! ഉമേച്ചിയെ വിളിച്ചു. ഗോപിയേട്ടന്‍ വക്കീലല്ലേ? ഗോപിയേട്ടന്‍ വിശദമായി തന്നെ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും പറഞ്ഞുതന്നു (ഗോപിയേട്ടാ, ഒരുപാട് നന്ദി!) അതുകഴിഞ്ഞ് കുമാര്‍ ഭായിയെ വിളിച്ചു. ഇതിനിടയ്ക്ക് ട്രാഫിക്ക് പോലീസ് വന്ന് വണ്ടികള്‍ രണ്ടും ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പറഞ്ഞു. പാണ്ടിലോറിയില്‍ ഒരു പോലീസുകാരന്‍ കയറി. ഇടപ്പള്ളി ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ അവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദ്യം ഒരു വിരട്ട് ലൈനില്‍ ഞങ്ങളുടെ കുറ്റം കൊണ്ടാണിടി നടന്നത് എന്ന രീതിയില്‍ സംസാരം തുടങ്ങി. കുമാര്‍ഭായി എന്നെ തുടര്‍ച്ചയായി വിളിക്കുന്നുണ്ടായിരുന്നു. കുമാര്‍ഭായി അവിടെ വരാമെന്ന് പറഞ്ഞു. ഞാന്‍ അത് വേണ്ടന്ന് പറഞ്ഞു. കുമാര്‍ഭായി പുള്ളിക്കാരന്റെ കോണ്ടാക്റ്റ്സ് ഉപയോഗിച്ച് ട്രാഫിക്കിലെ ഒരു പുലിയെ കൊണ്ട് നമ്മുടെ സര്‍ക്കിളേമ്മാന്റെ മൊബൈലില്‍ വിളിപ്പിച്ചു. ഞങ്ങളോട് ദേഷ്യത്തില്‍ സംസാരിച്ചോണ്ടിരുന്ന സര്‍ക്കിളേമ്മാ‍ന്‍ മൊബൈലില്‍ കോള്‍ വന്നതിനുശേഷം ഞങ്ങളോട് വളരെ ഫ്രണ്ട്‌ലി ആയി.

എന്റെ തോളത്ത് കൈയ്യിട്ട് വിളിച്ച് പോലീസ് സ്റ്റേഷനു പുറത്തിറക്കി “ഒന്നും സാരമില്ല, വിഷമിക്കണ്ട, ന്യായമായ ഒരു പരിഹാരമുണ്ടാക്കിതരാമെന്ന്” സ്നേഹപൂര്‍വ്വം പറഞ്ഞു. അതിനുശേഷം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്സ്.ഐയ്യോട് ഞങ്ങള്‍ പുള്ളിക്കാരന്റെ വേണ്ടപ്പെട്ടവരാണ്, ഞങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം പുറത്ത് പോയി. അപ്പഴേക്ക് ഉഗ്രന്‍ ഇടിയും മഴയും തുടങ്ങി. ഇടിച്ച ലോറിയുടെ ഉടമയുമായി അവസാനം ഒത്തുതീര്‍പ്പിലെത്തി. അയാള്‍ എനിക്ക് 2500/- രൂപ തന്നു. ഞങ്ങടെ ഡ്രൈവറെകൊണ്ട് പകരം കേസ്സൊന്നുമില്ലന്നെഴുതി ഒപ്പിട്ടുകൊടുത്തു. ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ബാബു എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ വളരെ സഹാനുഭൂതിയോടെ ഞങ്ങളോട് പെരുമാറി. (നല്ലതും ചീത്തയും എല്ലായിടത്തുമുണ്ടല്ലോ!) എന്തായാലും പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയപ്പഴേക്കും മണി 12 1/2 കഴിഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ കുമാ‍ര്‍ ഭായുടെ വണ്ടിയില്‍ തൃശൂര്‍ പോയി എല്ലാരേയും കാണാമെന്ന് തന്നെ വച്ചതാ. ഈ ആക്സിഡന്റിന്റെ വിവരം അറിഞ്ഞ് എന്റെ അച്ഛന്‌ നെഞ്ചുവേദന വന്നുവെന്ന് വീട്ടീന്ന് അറിഞ്ഞ് ആ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു! തമ്മില്‍ കാണാന്‍ സമയമാ‍യില്ലായിരിക്കും അല്ലേ? പിറ്റേദിവസം തിരിച്ച് പോന്ന വഴിക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് ആക്സിഡന്റിന്റെ ഒരു ജി.ഡി. എന്ററിയും മേടിച്ചോണ്ട് പോന്നു - ഇന്‍ഷ്യുറന്‍സ് ക്ലെയിം ചെയ്യാനായിട്ട്.

ഞാനിതുവരെ കണ്ടിട്ടില്ലാത്ത, എന്റെ പ്രിയ കുമാര്‍ഭായി, എനിക്കന്ന് ചെയ്തു തന്ന ഉപകാരത്തിനും എന്നെ തുടര്‍ച്ചയായി മോട്ടിവേറ്റ് ചെയ്തതിനും ഞാനെങ്ങിനെയാ നന്ദി പറയുക? അന്നാ വിളി ആ സമയത്ത് വന്നില്ലായിരുന്നേല്‍ സംഭവങ്ങള്‍ മാറിമറിഞ്ഞേനെ!അതുപോലെ തന്നെ ഉമേച്ചിയോടും ഗോപിയേട്ടനോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ട് .

ദിവസങ്ങള്‍ എത്രപെട്ടന്നാ പോയത്! വണ്ടികള്‍ രണ്ടും വര്‍ക്ക്ഷോപ്പിലായിരുന്നതുകൊണ്ട് യാത്രകള്‍ മിനിമം ആയിരുന്നു. ടാക്സി പിടിച്ച് തറവാട്ടില്‍ പോയി. പിന്നെ റീമയുടെ അച്ഛനമ്മമാരോടൊത്ത് മൂകാംബികയിലും പോയി. (തിരിച്ചു വരുമ്പഴ് ഒരു ടെമ്പോ വന്ന് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പ്പിയോയുടെ സൈഡ് ഗ്ലാസ്സ് തകര്‍ത്തോണ്ട് പോയി!)നാട്ടിലിപ്പം വണ്ടി പുറത്തിറക്കി, റോഡിലൂടെ ഓടിച്ച് തട്ടലും മുട്ടലുമൊന്നുമില്ലാതെ തിരിച്ച് വണ്ടി സേഫായിട്ട് വീട്ടില്‍ കയറ്റി ഇടാന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യമാണെന്നെനിക്ക് തോന്നുന്നു!

റീമയുടെ വീട്ടിലെ വണ്ടിയില്‍ ഏറ്റവും അടുത്ത കുറച്ച് സ്വന്തക്കാരുടെ വീടുകളില്‍ “വിരുന്നുണ്ണാന്‍” പോയി. റീമയുടെ ചിറ്റപ്പന് ഒരു നല്ല ഹോട്ടലുണ്ട്. റീമയുടെ ഏത് സ്വന്തക്കാരുടെ വീട്ടില്‍ ചെന്നാലും ഭക്ഷണം റീമയുടെ ചിറ്റപ്പന്റെ ഹോട്ടലീന്നുള്ള പാഴ്സലാ! ഇത്തിരി നാടന്‍ ചോറും കപ്പയും മീന്‍ കറിയുമൊക്കെ തിന്നാമെന്നും പറഞ്ഞ് നാട്ടില്‍ ചെന്നപ്പം സകലയിടത്തും ബിരിയാണിയും ഫ്രൈഡ് റൈസും! എന്ത് ചെയ്യുമന്ന് പറ.

എന്നോടിപ്പം എല്ലാരും ചോദിക്കുന്ന ആദ്യ ചോദ്യം “ എടാ നീ അവളെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ടോ?” എന്നാ. എന്നോട് ആളുകള്‍ അതെ കുറിച്ച് സംസാരിക്കുന്ന രീതി കണ്ടാല്‍ എനിക്ക് തോന്നും ഞാനെന്തോ “അണ്ടികളഞ്ഞ അണ്ണാന്‍“ ലൈനിലാ‍ണ് നടക്കുന്നത്. സത്യമായിട്ടും എനിക്കങ്ങനെയൊന്നും ഇതുവരെ തോന്നി തുടങ്ങിയിട്ടില്ല. റീമയെ പിരിഞ്ഞിട്ട് 4-5 ദിവസം കഴിഞ്ഞു. ഞാനവളെ സത്യമായും “ഭയങ്കരമായി മിസ്സ്” ഒന്നും ചെയ്യുന്നില്ല. ഇതാരും വിശ്വസിക്കുന്നില്ല. ആകെ അവളോടൊപ്പം കഴിഞ്ഞത് 20 ദിവസങ്ങളാ. അതില്‍ പറഞ്ഞതുപോലെ രണ്ട് ആക്സിഡന്റ്, അവളുടെ അച്ഛനമ്മമാരോടൊത്ത് ഒരു മൂകാംബിക ട്രിപ്പ്, അങ്ങോട്ട് പോക്ക്, ഇങ്ങോട്ട് പോക്ക് - 20 ദിവസം കഴിഞ്ഞുകിട്ടി. പിന്നെ അവളൊരു സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്ണാണ് - അച്ഛന്റെ പുന്നാരമോള്‍. അച്ഛനെയും അമ്മയേയും പിരിഞ്ഞ വിഷമം വിട്ടുമാറാന്‍ തന്നെ കുറേ നാളെടുത്തു. കല്യാണം കഴിഞ്ഞ് എന്റെ കൂടെ ഇറങ്ങി വന്നപ്പം തുടങ്ങിയ കരച്ചില്‍ നിന്നത് വണ്ടി വീട്ടിലെത്തിയപ്പഴാ. ഇതിനിടയ്ക്ക് ഉമചേച്ചി അവളെ വിളിച്ച് സമാധാനിപ്പിച്ചു - എന്നിട്ടും ഏങ്ങല്‍ നിന്നില്ല. അവളുമായിട്ട് അത്ര വല്യ “ഇന്റിമസി” ഒന്നും ആയിട്ടില്ല. അവള്‍ക്ക് അടുക്കാന്‍ കുറച്ച് സമയം വേണമെന്ന് അവള്‍ തന്നെ എന്നോട് പറഞ്ഞു! ആവശ്യമുള്ള സമയം എടുത്തോന്ന് ഞാനും പറഞ്ഞു. പിന്നെങ്ങനെയാ ഞാനവളെ ടെറിബിളി മിസ്സ് ചെയ്യുന്നത്? കല്യാണം കഴിച്ചിട്ട് എന്ത് തോന്നുന്നു എന്ന് എന്നോട് ചോദിച്ചാല്‍ - ഒന്നും തോന്നുന്നില്ല!

റീമയെ ഉം അല്‍ കുവൈനിലേക്ക് കൊണ്ടുവരണം - എത്രയും പെട്ടന്ന് തന്നെ. കഴിഞ്ഞ വെള്ളിയാഴ്ച്ച (2 ജൂണ്‍) ഉച്ചയ്ക്ക് ഉം അല്‍ കുവൈന്‍ ഇന്ത്യന്‍ അസ്സോസിയേഷനില്‍ കോണ്‍സുലര്‍ സര്‍വീസ് ഉണ്ടായിരുന്നു. ഇന്ത്യന്‍ എംബസ്സിയിലെ ഒരു ഹിന്ദിയും അല്പസ്വല്പം ഇംഗ്ലീഷും മാത്രമറിയുന്ന ഒരു ഗോസായി കോണ്‍സല്‍ ആണ് ഇന്നലെ വന്നത്. അണ്ടിപ്പരിപ്പ് നിര്‍ത്താതെ ചവച്ചുകൊണ്ട് പേപ്പറുകള്‍ ഒപ്പിട്ടിട്ട് , ഒപ്പിട്ട പേപ്പര്‍ ഒറ്റ തള്ള് വച്ചുകൊടുക്കുന്ന അയാളെ കണ്ടപ്പോള്‍ എനിക്കൊരു ആടിന്റെ രൂപമാ മനസ്സില്‍ തോന്നിയത്. റീമയ്ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടുന്ന ഫോര്‍മാലിറ്റീസായ ഞങ്ങടെ വിവാഹസര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും “സ്വോര്‍ണ്‍ അഫഡാവിറ്റ്“ കോണ്‍സലിന്റെ മുന്നില്‍ വച്ച് ഒപ്പിട്ടതിനും കൂടെ 120 ദിറഹം ചിലവായി. ഇന്ന് എന്റെ സുഹൃത്ത് ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഷാര്‍ജ്ജ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫ്ഫേഴ്സില്‍ 100 ദിറഹംസ് കൊടുത്ത് അറ്റസ്റ്റു ചെയ്യിച്ചു. ഇനി ബാക്കിയുള്ളത് ഇവിടുത്തെ കോടതിയില്‍ പോയി വിവാ‍ഹ സര്‍ട്ടിഫിക്കറ്റ് അറബിയില്‍ തര്‍ജ്ജുമ ചെയ്യിക്കണം. എന്നിട്ട് വിസയ്ക്ക് അപേക്ഷിക്കാം.

എന്തൊക്കെയായാലും ശരി, നാ‍ട് തന്നെ നല്ലതെന്ന് എനിക്കിപ്പം തോന്നുന്നു! സത്യമായും കല്യാണം കഴിച്ചോണ്ട് തോന്നുന്നതല്ല. റീമയെ കാണാത്തതുകൊണ്ടുള്ള ആക്രാന്തം കൊണ്ടുമല്ല.മാന്യമായി ജീവിക്കാനുള്ള വരുമാനം നാട്ടില്‍ കിട്ടുമെങ്കില്‍ അതു തന്നെ നല്ലതെന്ന് തോന്നുന്നു - ഇഷ്ടമുള്ളവരെയൊക്കെ പിരിഞ്ഞ് ഈ മണലാരണ്യത്തില്‍ എക്സ്ട്രീം കാലാവസ്ഥകളും സഹിച്ച് ... എന്തിനാ???

Rhapsody
The #1 Rated Digital Music Service
Get Unlimited Access to all your Favorite Music
  • Unrestricted access to over 2 million songs
  • Complete music jukebox software to manage your entire collection
  • Unlimited pre-programmed and customizable ad-free radio stations
  • Play your music wherever you want: on your PC, straight from your browser, or on your portable player

Click here to get a free 14-day trial of Rhapsody

posted by സ്വാര്‍ത്ഥന്‍ at 2:59 AM

0 Comments:

Post a Comment

<< Home