Monday, June 05, 2006

മണ്ടത്തരങ്ങള്‍ - മുല്ലപ്പൂവിന്റെ മണ്ടത്തരം

അഹങ്കാരം കേറിയാല്‍ മനുഷ്യന്‍ അശ്വമേധം കളിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ കഷ്ടകാലം കേറിയാന്‍ മനുഷ്യന്‍ എന്ത് ചെയ്യും? അവന്‍ ടെമ്പ്ലേറ്റില്‍ കേറി പണിയും. അതാണ് മുല്ലപ്പൂവിനും പറ്റിയത്.

വെറുതേയിരിക്കും മനസ്സില്‍ ചെകുത്താന്‍ കളിയരങ്ങാക്കീടും എന്ന ഒരു ശ്ലോകമുണ്ടല്ലോ ഇംഗ്ലീഷില്‍. അത് പോലെ വെറുതേയിരിക്കുന്ന മുല്ലപ്പൂവിന്റെ മനസ്സില്‍ ഒരാശ. എന്റെ ബ്ലോഗിലും വേണം മലയാളം ബ്ലോഗുകളുടെ കണ്ണികള്‍.

കുറ്റം പറയാന്‍ ഒക്കുകയില്ല. തികച്ചും ന്യായമായ ആവശ്യം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുല്ലപ്പൂ സ്വന്തം പോസ്റ്റില്‍ ഒരു കമന്റിട്ടു. അതോടെ തുടങ്ങി മുല്ലപ്പൂവിന്റെ കഷ്ടകാലം.

ആദ്യം മറുപടി കൊടുത്തത് ഞാന്‍. വരമൊഴി പ്രശ്നോത്തരിയില്‍ ഇതിനെപ്പറ്റി പറഞ്ഞതിന്റെ ലിങ്ക് ഞാന്‍ കൊടുത്തു. അവിടെ പറയുന്നത് ചുവടെ കൊടുത്തിരിക്കുന്ന കോഡ് ചുമ്മാ കേറി ടെമ്പ്ലേറ്റില്‍ ഇട്ടാല്‍ മതി എന്നാണ്.

<script language="javascript" type="text/javascript" src=" http://rpc.bloglines.com/blogroll?id=blog4comments">

ഈ കോഡിടാന്‍ ബ്ലോഗ്‌റോള്‍ പരിപാലിക്കുന്ന എനിക്കോ, തനിമലയാളം പരിപാലിക്കുന്ന ഏവൂരാനോ, പിന്മൊഴികള്‍ പരിപാലിക്കുന്ന പെരിങ്ങോടനോ ചില്ലിക്കാശ് പോലും തരേണ്ടതില്ല. എന്നാല്‍ തന്നാല്‍ വാങ്ങാതിരിക്കുകയൊന്നുമില്ല എന്നത് വേറെക്കാര്യം.

ഈ കോഡ് കിട്ടിക്കഴിഞ്ഞപ്പൊ മുല്ലപ്പൂവിന്റെ മട്ട് മാറി. എങ്ങിനെ എന്നറിഞ്ഞല്ലോ, ഇനി പിന്നെ നോക്കാം എന്ന് മുല്ലപ്പൂ. ഞാന്‍ വിടുമോ, ഇപ്പൊ തന്നെ ചെയ്യണമെന്ന് ഞാന്‍. അങ്ങിനെ മുല്ലപ്പൂ ആ പരീക്ഷണത്തിന് തയ്യാറായി.

മുല്ലപ്പൂ കോഡ് എടുത്തു, ടെമ്പ്ലേറ്റ് തുറന്നു, കോഡ് അവിടെ ഇട്ടു, ബ്ലോഗ് പബ്ലിഷ് ചെയ്തു. തുടര്‍ന്ന്, തന്റെ ബ്ലോഗില്‍ മറ്റെല്ലാ ബ്ലോഗുകളും, കാര്‍ണിവല്‍ കാണാന്‍ റോഡ് വക്കില്‍ ഒരു അരികില്‍ വന്ന് നില്‍ക്കുന്നത്പോലെ വന്ന് നില്‍ക്കുമെന്ന് കരുതിയ മുല്ലപ്പൂ, സ്വന്തം ബ്ലോഗ് കണ്ട് അന്തം വിട്ടു. പഞ്ചാരപാത്രത്തില്‍ ഉറുമ്പ് വന്നിരിക്കുന്നപോലെയായിരുന്നു എല്ലാ ബ്ലോഗും അവിടെ വന്നത്.

ചില ബ്ലോഗുകള്‍ മുകളില്‍, ചില ബ്ലോഗുകള്‍ ഒരു അരികില്‍, സ്ഥലം കിട്ടാത്ത മറ്റു ബ്ലോഗുകള്‍ താഴെയും. അനിലേട്ടന്റെ അക്ഷരവും, ദേവേട്ടന്റെ ആയുരാരോഗ്യവും, പെരിങ്ങോടരുടെ എന്റെ ലോകവും മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ സന്തോഷേട്ടന്റെ ശേഷം ചിന്ത്യവും കണ്ണൂസിന്റെ സര്‍വ്വകലാശാലയും നമ്മുടെ ഹെല്‍പ്പ് വിക്കിയും താഴെ നിന്ന് മുകളിലേക്ക് നോക്കുന്നു. എന്നാല്‍ കലേഷും കുട്ട്യേടത്തിയും ചാത്തുണ്ണിയുമെല്ലാം നടുക്ക് വലത്പക്ഷത്ത്നിന്ന് ഞങ്ങളെ മുകളിലേക്കോ താഴേട്ടോ എടുക്കണേ, ഇവിടെ നിന്ന് പേടിയാകുന്നേ എന്ന് കരച്ചിലും. ആകെമൊത്തം ഗുലുമാല്‍.

ആ വഴിപോയ വക്കാരി കാക്കചിക്കിയിട്ടപോലെ കിടക്കുന്ന മലയാ‍ളം ബ്ലോഗ്‌റോള്‍ കണ്ടിട്ട്, വലത്തോട്ടും ഇടത്തോട്ടും താഴോട്ടും തല തിരിച്ച്, ബ്രൌസര്‍ സ്പീഡില്‍ താഴോട്ടോടിച്ച്, അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിച്ച് ആര്‍ത്താര്‍ത്ത് ചിരി തുടങ്ങി. കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, ഞാന്‍ കോഡ് ശരിയാക്കിയിടുന്ന വിധം പറഞ്ഞ് കൊടുത്തു.

എന്നാല്‍ മുങ്ങാക്കയത്തില്‍പ്പെട്ട മുല്ലപ്പൂ എന്റെ പിടിവള്ളിയില്‍ പിടിക്കാതെ അലമുറയിടാന്‍ തുടങ്ങി. അത് കണ്ട് അത്രനേരം പിടിച്ച് നിന്ന ഞാനും ചിരി തുടങ്ങി. കൂട്ടിന് സുവും.

പെരിങ്ങോടന്‍ അവസരത്തിനൊത്തുയര്‍ന്ന്‍ സഹായവുമായി ഓടിയെത്തി. മറ്റ് മാന്യന്മാര്‍ ഒരു മണ്ടത്തരം ലൈവ് ആയിക്കണ്ട്, അതാസ്വദിച്ച് മാറിനിന്നു. പിന്നീടെപ്പോഴോ ശനിയും ആദിത്യനും ചേര്‍ന്ന് പ്രശ്നം പരിഹരിച്ചുകൊടുത്തതോടുകൂടി ഈ ഓണ്‍ലൈന്‍ ലൈവ് മണ്ടത്തരത്തിന് തിരശ്ശീല വീണു.

തുളസിയുടെകയ്യില്‍ നിന്ന് അടിച്ചുമാറ്റിയ കുറച്ച് പൂക്കള്‍ എനിക്കായി ഡെഡിക്കേറ്റ് ചെയ്തും, വക്കാരിയെ കണ്ണുരുട്ടിക്കാണിച്ചും, പിന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും മുല്ലപ്പൂ പിന്നീട് ഒരു പോസ്റ്റ് ഇട്ടു. അത് ഇതാ ഇവിടെ. എങ്കിലും ഈ മണ്ടത്തരം എനിക്ക് മറക്കാനാവുന്നില്ല. ഇത് മണ്ടത്തരമാണോ അബദ്ധമാണോ എന്നും എനിക്കറിയില്ല. എങ്കിലും എന്റെ സ്വന്തം മണ്ടത്തരങ്ങള്‍ മാത്രം ഞാന്‍ വിളിച്ച് പറയുന്ന ഈ ബ്ലോഗില്‍ ഞാന്‍ സഹായിച്ച് വേറെ ഒരാള്‍ ഉണ്ടാക്കിയ മണ്ടത്തരം ആദ്യമായി ഇടുന്നു. മുല്ലപ്പുവിന് നുറ് നൂറ് അഭിവാദ്യങ്ങള്‍. ഇനിയും ...

Refinance at Savings.com • Lower your monthly mortgage payments • Hundreds of lenders • One easy form • Less than Perfect Credit is OK • Up to four free quotes within 24 hours

savings made simple

posted by സ്വാര്‍ത്ഥന്‍ at 10:47 AM

0 Comments:

Post a Comment

<< Home