Tuesday, June 06, 2006

Blogging A Story - അനുബന്ധം

URL:http://kathakal.blogspot.com/2006/06/blog-post_05.htmlPublished: 6/5/2006 1:55 PM
 Author: പെരിങ്ങോടന്‍
an epilogue to സ്പര്‍ശം

ഒരു പക്ഷെ പിതാവ് എന്ന വാക്കിനൊപ്പം അവിവാഹിതന്‍ എന്നു ചേര്‍ത്തെഴുതിയതിലെ സാരസ്യമില്ലായ്മയാകും ഈയടുത്ത കാലത്തു് എന്റെ ജീവിതാവസ്ഥയില്‍ വിചിന്തനീയമാം വിധം മാറ്റങ്ങള്‍ക്കു ഹേതുവായതു്. എന്തുകൊണ്ടോ അത്തരമൊരു തിരിച്ചറിവിലെത്തുവാന്‍ ഞാന്‍ ഏറെ താമസിക്കുകയും ചെയ്തു.

ജീവിതത്തിന്റെ ഒരു ഇടക്കാലത്തേയ്ക്കു ഞാന്‍ ഉണര്‍ന്നെഴുന്നേറ്റതു ചുറ്റുമുള്ള ലോകത്തിനു് അപരിചിതനും അസ്പദൃശ്യനുമായായിരുന്നു. ഒറ്റമുറിപോലായ എന്റെ ഹൃദയത്തിന്റെ ശൂന്യതയുടെ നടുക്കിരുന്നു ഞാന്‍ തലമുറകളെ കുറിച്ചോര്‍ത്തു. തെച്ചിവെള്ളത്തിന്റെ ആര്‍ദ്രതയില്‍ ചുവന്നുപോകുന്ന ശിശുവായി ഞാന്‍ എന്നെത്തന്നെ സങ്കല്പിച്ചു. എനിക്കു ചുറ്റും വെന്തവെളിച്ചെണ്ണയുടെ ഗന്ധവും വയമ്പിന്റെ കയ്പുമുണ്ടായിരുന്നു. അമ്മമ്മയുടെ കാലുകള്‍ക്കു മീതെ കിടന്നു ഞാന്‍ തലമുറകളില്‍ നിന്നും തലമുറകളെ ബന്ധിക്കുന്ന സ്പര്‍ശത്തെ കുറിച്ചു വാചാലനായി. വാക്കുകളുടെ കുത്തൊഴുക്കിനൊടുവില്‍ ഏതോ മഹാനിദ്രയുടെ തിരുശേഷിപ്പെന്നോണം സ്പര്‍ശത്തെ കൂടെ കരുതുവാന്‍ ഞാന്‍ വൃഥാ ശ്രമിച്ചിരുന്നു.

നിദ്രയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റതു് ഒറ്റപ്പെടലിന്റെ തുരുത്തിലേയ്ക്കായിരുന്നു - നഷ്ടം എന്ന വാക്കിന്റെ വ്യാപ്തിയോളം സ്പര്‍ശം നിറഞ്ഞു നിന്നു. അത്തരത്തില്‍ പറയുകയാണെങ്കില്‍ നഷ്ടമെന്ന പദമാണു പിതാവ് എന്ന പദത്തിലേയ്ക്കു എന്നെ നയിച്ചതു്.

ചില പദങ്ങളിലേയ്ക്കു മനുഷ്യാവസ്ഥയെ ക്രോഡീകരിക്കുന്നതു ക്ലേശകരമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള ഒരു പദമാണു പിതാവ്, പിതാവായിരിക്കുന്ന അവസ്ഥയും നിര്‍വചനങ്ങളിലൊതുങ്ങാതെ വേറിട്ടു നില്‍ക്കുന്നു. പിതാവ് എന്ന അവസ്ഥയെ സൂചിപ്പിക്കുവാന്‍ എന്റെ ഭാഷയില്‍ പദങ്ങളില്ലെന്നു തോന്നുന്നു, എനിക്കു പരിചയമുള്ള പിതൃത്വം എന്ന പദമാകട്ടെ എന്നെ ബലഹീനനാക്കുവാന്‍ പാകത്തിലുള്ളതാണു്.

ഇപ്രകാരം ആശങ്കകളുടെയും ബലഹീനതകളുടെയും കൂട്ടുചേര്‍ന്നാണു്, അല്ലെങ്കില്‍ അപ്രകാരമുള്ള ഒരു അസന്തുലിതാവസ്ഥയിലാണു ഞാന്‍ മഠത്തിലെത്തുന്നതു്. തിരുവത്താഴത്തിന്റെ വിശാലമായ ക്യാന്‍‌വാസിനു താഴെ സനാഥരല്ലാത്തവരുടെ അമ്മയിരിക്കുന്നു. അപ്രതീക്ഷിതമായെന്തോ സംഭവിക്കുവാന്‍ പോകുന്നുവെന്ന തിരിച്ചറിവോടെ ഞാന്‍ അവര്‍ക്കു മുമ്പില്‍ ഭൌതികമായി ഒരു കസേരയില്‍ സ്വയം തളച്ചിട്ടു.

അവസ്ഥാന്തരങ്ങള്‍ക്കായുള്ള കാത്തിരിപ്പു് - പലപ്പോഴും എന്റെ ബോധം, വാഴ്ത്തപ്പെട്ട മനുഷ്യപുത്രനിലും അവന്റെ തോഴര്‍ക്കിടയിലും‍ വീണുകിടക്കുന്ന നിശബ്ദതയ്ക്കു കാവല്‍നില്‍ക്കുന്നു. അവര്‍ മന്ദ്രം ഉരുവിടുന്ന ഓരോ വാക്കിനായും ഞാന്‍ കാതോര്‍ത്തിരുന്നു.

“ഒരു പക്ഷെ നിങ്ങളീ തീരുമാനം എടുക്കേണ്ടതല്ലെന്നു ഞാന്‍ ഭയപ്പെടുന്നു.”

        അത്താഴവിരുന്നില്‍ ശിഷ്യര്‍ക്കിടയില്‍ അപ്പം വീതിച്ചു കൊടുത്തുകൊണ്ടു മനുഷ്യപുത്രന്‍ പരിതപിച്ചു, “ഇതെന്റെ ശരീരമെന്നു നിങ്ങള്‍ കരുതിക്കൊള്‍ക.”

“അതുമാത്രമല്ല, നിങ്ങള്‍ക്കു് ഒരു പിതാവാകുവാന്‍ ശാരീരികവും മാനസികവുമായ ഏറെ തയ്യാറെടുപ്പുകള്‍ ഇനിയും ആവശ്യമെന്നു തോന്നിപ്പിക്കുന്നുവല്ലോ.”

        മനുഷ്യപുത്രന്‍ വീഞ്ഞിന്റെ പാത്രം തന്റെ ശിഷ്യര്‍ക്കായി നീക്കിവച്ചുകൊണ്ടു ചുണ്ടുകളനക്കി, “നിങ്ങള്‍ അപ്പക്കഷണങ്ങള്‍ ഈ വീഞ്ഞില്‍ കുതിര്‍ത്തി ഭക്ഷിച്ചാലും, ഇതെന്റെ രക്തമാകുന്നു.”

“ഈ പ്രായത്തില്‍, അതും അവിവാഹിതനായിരിക്കവേ... നിന്നെയീ തീരുമാനും ഭാവിയില്‍ വ്യസനിപ്പിച്ചെങ്കിലോ കുഞ്ഞേ?”

        “തോഴരെ, രക്തസാ‍ക്ഷിത്വത്തിന്റെ ഈ ചുവന്ന തിരശീല എന്റെ‍ സനാതന ജീവിതത്തിനു മുമ്പില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, ഞാനെന്റെ ജീവിതം കൊണ്ടു് അരങ്ങൊരുക്കട്ടെ!” അവന്‍‍ ഉപസംഹരിച്ചു.

അങ്ങിനെയാണു ഞാന്‍ അപ്പു എന്ന കുഞ്ഞിന്റെ അച്ഛനായതു്. അപ്പുവിനു പരിചയക്കേടു തോന്നുവാന്‍ തക്ക പ്രായമായിട്ടില്ലെന്ന തിരിച്ചറിവാകണം അവന്റെ പിതാവായതിനു ശേഷം എന്നെ ആദ്യമായി സന്തോഷിപ്പിച്ച വസ്തുത.

അപ്പുവിന്റെ കൂട്ടിച്ചേര്‍ക്കലോടെ ഞാന്‍ എന്ന ഐഡെന്റിറ്റിക്കു പകരം ഞങ്ങള്‍ എന്ന ദ്വയം കടന്നുവന്നു. ഞാനും അപ്പുവും. ഞങ്ങള്‍ക്കു പുതിയ പാര്‍പ്പിടം, പുതിയ രീതികള്‍, പുതിയ പകല്‍, പുതിയ രാത്രി. പുതിയ ഞങ്ങള്‍. അപ്പു എന്ന കുഞ്ഞു് എന്റെ സ്വരം തിരിച്ചറിയുന്ന കാലം വരേയും ഞാനുണര്‍ന്നിരിക്കുമ്പോള്‍ ഉറങ്ങുകയും, ഉറങ്ങുമ്പോള്‍ ഉണരുകയും ചെയ്തുപോന്നു. അതു സര്‍വ്വസാധാരണമെന്നു ഞങ്ങളുടെ ഡോക്ടര്‍ എന്റെ സംശയത്തിനു മറുപടിയായി ഫോണില്‍ ഉപദേശിച്ചു.

കൈകളില്‍ എടുത്തിരിക്കുമ്പോള്‍ എന്റെ വസ്ത്രവും, കളിപ്പിക്കുമ്പോള്‍ എന്റെ വിരലുകളും പിടിച്ചിരിക്കുവാന്‍ അപ്പു ശീലിച്ചതോടെ അവന്റെ പിതാവ് എന്ന എന്റെ അവസ്ഥ അവന്‍ കുറെയൊക്കെ അംഗീകരിച്ചതു പോലായി.

അപ്പുവിനു് ഞാന്‍ അവന്റെ കഥ പറഞ്ഞുകൊടുക്കുന്നതു് എകദേശം ഇപ്രകാരമാണു്:

അപ്പു പൂവാണു്, ഞാന്‍ കുട്ടിയും. ജനിമൃതികളുടെ ഇടവേളയില്‍ ഒരു പകല്‍ നേരത്തെ ആയുഷ്കാലം പങ്കുവയ്ക്കുന്ന കുട്ടിയും പൂവും. എല്ലാ പകലിലും കുട്ടിക്കു കൈയെത്തുന്നതിലും അകലെ പൂ വിരിഞ്ഞു നിന്നു. ഒരു പകലില്‍ കുട്ടി കണ്ണു തുറക്കുവാന്‍ വിസമ്മതിച്ചു തന്നെ കിടക്കുന്നു.

“ഉണരുക നീയെന്‍ കുഞ്ഞേ,” തലമുറകള്‍ക്കപ്പുറത്തുള്ള ആരോ മന്ദ്രം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.. കുട്ടി കണ്ണുതുറക്കാതെ സ്പര്‍ശം കൊതിച്ചു തന്നെ കിടന്നു.

പിന്നേ ഏതോ നനുത്ത സ്പര്‍ശത്തിന്റെ തിരിച്ചറിവില്‍ അവന്‍ കണ്ണുകള്‍ തുറന്നു. “ദാ പൂവ്.” ആരോ അവനോടു മന്ത്രിച്ചു.

ഇതു് അപ്പുവിന്റെ കഥയല്ലല്ലോ, അപ്പു എന്റേതായ കഥയല്ലേ? അവനു ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പ്രായമാകുമ്പോള്‍ പകരം പറയുവാന്‍ മറ്റൊരു കഥ തേടിയെടുക്കേണ്ട ഗതികേടു് എനിക്കുണ്ടാവും. അവനതു പൂര്‍ണ്ണമായും ബോധ്യമായതിനാലോ എന്തോ പതിവുള്ള കളികള്‍ക്കിടയില്‍ എന്റെ തലമുടി അവന്റെ മുഖത്തു സ്പര്‍ശിച്ചപ്പോള്‍ അവന്‍ പതിവിലേറെ ചിരിക്കുകയും എന്റെ നേര്‍ക്കു കൈകളെറിയുകയും ചെയ്തിരുന്നു. അന്നു രാത്രി ഡോക്ടറുടെ ഉപദേശങ്ങള്‍ തെറ്റിച്ചു ഞാന്‍ അപ്പുവിന്റെ ചാരത്തു കിടന്നുറങ്ങി. അപ്പു എന്ന എന്റെ മകനും എനിക്കുമിടയില്‍ ഒരു തലയിണ മാത്രം. അതിനുമപ്പുറം സ്പര്‍ശം എന്ന വാക്കിന്റെ ആകെത്തുകയായി അപ്പു എന്ന ബാലന്‍. താരാട്ടുകള്‍ അറിയാതെയും ഞാനെന്തോ മൂളുവാന്‍ ശ്രമിച്ചു, സ്പര്‍ശം പൂര്‍ണ്ണമാകുന്നതു സ്നേഹമെന്ന വാക്കിലൂടെയത്രെ!

പതിവു നേരങ്ങള്‍ തെറ്റിച്ചു് പതിവു് ഇടങ്ങളിലേയ്ക്കു ഞാന്‍ തലകാട്ടുമ്പോള്‍ ചോദ്യങ്ങളുയരുന്നു. ഞാന്‍ ഒരു അച്ഛനാണു്, എനിക്കൊരു അപ്പുവുണ്ടു്, ചില വിട്ടുവീഴ്ചകള്‍ക്കു ഞാനര്‍ഹനെന്നു സ്വയം ധരിച്ചുവെച്ചതിന്റെ മൂഢത എന്നെ അധീരനാക്കുന്നു. ബാധ്യതകളില്ലാത്ത തലച്ചോര്‍ യന്ത്രങ്ങളെ തേടുന്നവര്‍ക്കിടയില്‍ അപ്പുവിന്റെ അച്ഛന്‍ അനഭിമതന്‍. എങ്കിലും അറ്റുപോകുന്ന ചില കണ്ണികള്‍ മുറുകെപ്പിടിക്കുവാന്‍ എനിക്കു അപ്പുവിന്റെ അച്ഛനായിരുന്നേ മതിയാവൂ. പിന്നെയൊരിക്കലും ഭ്രമണാത്മകത നഷ്ടപ്പെട്ടുപോകുന്ന പരമാണുക്കളെ സ്വപ്നം കണ്ടു വിയര്‍ക്കാതിരിക്കാം.

“നോക്കൂ ഡോക്ടര്‍.” ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ ഞാന്‍ അതിശയപ്പെട്ടു. അപ്പു ദാ എന്റെ വിരലുകള്‍ കടിക്കുവാന്‍ ശ്രമിക്കുന്നു. അസമയം എന്ന സമയബോധത്താല്‍ ഡോക്ടര്‍ വിലപിച്ചു, “പ്രിയ രാജ്, കുട്ടിക്കു പല്ലുകള്‍ വരുന്ന പ്രായമാണു്.”

“ഒരു നിമിഷം കൂടി ഡോക്ടര്‍, പല്ലെല്ലാം മുളച്ചു് അപ്പു എന്നെയൊന്നു കളിയായി കടിക്കുവാന്‍ ഇനിയെത്ര കാത്തിരിക്കണം?”

“ഓ രാജ്, കുട്ടികള്‍ക്കു പല്ലുകള്‍ നിങ്ങളെ കടിക്കുവാനല്ല.” അത്രയിടമെത്തുമ്പോഴേയ്ക്കും സംഭാഷണം അറ്റുപോയിരുന്നു..

അപ്പുവിനു പല്ലുകള്‍ അവന്റെ അച്ഛനെ കടിക്കുവാനുള്ളതു കൂടിയാണു്, അല്ലേ അപ്പൂ?

മറുപടിയായി അപ്പു ചിരിച്ചു. ആ കാര്യത്തില്‍ അവനു് അവന്റെ അച്ഛന്റെ അഭിപ്രായമാണെന്നു തോന്നുന്നു.

I am a regular and consistent reader of Soundview Executive Book Summaries and thoroughly enjoy this powerful way to digest extremely valuable books.
- Stephen R. Covey

Sign up now for a subscription to Soundview Executive Book Summaries and receive 5 of our most popular summaries FREE!

posted by സ്വാര്‍ത്ഥന്‍ at 2:59 AM

0 Comments:

Post a Comment

<< Home