Saturday, June 24, 2006

ദേവരാഗം - ബാക്കിപത്രം

URL:http://devaragam.blogspot.com/2006/06/blog-post_21.htmlPublished: 6/21/2006 3:31 PM
 Author: ദേവരാഗം
വലിയ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കേണ്ട നടനു പെട്ടെന്നു വരാന്‍ കഴിഞ്ഞില്ല. ഒരു കളി പോലും മുടക്കാനുമാവില്ല. ശൂരനാടു കേസിലെ പ്രതികള്‍ക്ക്‌ വക്കാലത്തു പണം സ്വരൂപിക്കാന്‍ ഒളിവിലിരുന്ന് തോപ്പില്‍ ഭാസി എഴുതിയതാണു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ആ നാടകം. എങ്ങനെ ഉപേക്ഷിക്കും? റിഹേര്‍സല്‍ കേട്ട ഒര്‍മ്മ മാത്രം വച്ച്‌ സംഘത്തെ അനുഗമിച്ചിരുന്ന ഒരു നേതാവ്‌- കാമ്പിശ്ശേരി കരുണാകരന്‍ സ്റ്റേജില്‍ കയറി.

ക്ലൈമാക്സില്‍ കാമ്പിശ്ശേരി അവതരിപിച്ച ജന്മിത്തത്തിന്റെ പിണിയാളന്‍ "ഈ കൊടി ഞാനും കൂടെ പിടിക്കട്ടെ, ഒരിക്കലെങ്കിലും ഞാന്‍ ആണായി നിവര്‍ന്നു നില്‍ക്കട്ടെ മക്കളേ" എന്നു പറയുമ്പോള്‍ കാണികളായി കൂടിയ ഒരു മഹാ പുരുഷാരം അദ്ദേഹത്തോടൊപ്പം പൊട്ടിക്കരഞ്ഞുപോയി. കയ്യടിയും അവാര്‍ഡുമൊക്കെ വാരിക്കൂട്ടിയവര്‍ പോലും കാമ്പിശ്ശേരി കാണികളിലുണ്ടാക്കിയ വികാരവിക്ഷോഭം കണ്ട്‌ അന്തം വിട്ടു.

ആ നാടകത്തിലൂടെയും അല്ലാതെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ വലിയൊരു പങ്കു വഹിച്ച കാമ്പിശ്ശേരിക്ക്‌ മറ്റു പലരേയും പോലെ പാര്‍ട്ടിയുടെ പിളര്‍പ്പ്‌ വലിയ ആഘാതമായിരുന്നു. പിളര്‍പ്പിനു ശേഷം ജനയുഗം പത്രം സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മാത്രമായി ഏറെക്കുറേ കാമ്പിശ്ശേരിയുടെ ശ്രദ്ധ.

അണ്ടന്റേയും അടകോടന്റേയും ഗുണ്ടയുടേയും കോളേജില്‍ പോകുന്നതിനു പകരം വഴിയില്‍ തല്ലിച്ചത്തവന്റേയും സ്മാരകങ്ങള്‍ നിരന്നു നില്‍ക്കുന്ന കൊല്ലത്ത്‌ സഖാവ്‌ എന്ന പദവിക്ക്‌ പൂര്‍ണ്ണമായും അര്‍ഹനായ കാമ്പിശ്ശേരിയുടെ ഓര്‍മ്മക്ക്‌ അദ്ദേഹത്തോടൊപ്പം ഓര്‍മ്മ മാത്രമായ ജനയുഗം പത്രത്തിന്റെ ഈ കെട്ടിടം മാത്രം.

posted by സ്വാര്‍ത്ഥന്‍ at 2:38 AM

0 Comments:

Post a Comment

<< Home