Thursday, June 22, 2006

കൂട് - അട്ടിമറി

URL:http://manjithkaini.wordpress....bf%e0%b4%ae%e0%b4%b1%e0%b4%bf/Published: 6/17/2006 10:01 AM
 Author: മന്‍‌ജിത് കൈനിക്കര

പന്തുരുണ്ടുതുടങ്ങിയിട്ടു ദിവസങ്ങള്‍ കുറേയായി. എന്നാലും പ്രതീക്ഷകളെ തകിടം മറിക്കുന്നൊരു കളി ഇന്നാണു കണ്ടത്. അതെ, കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഒരട്ടിമറി. കഴിഞ്ഞ ലോകകപ്പില്‍ തുടക്കം മുതല്‍കണ്ട കറുത്ത കുതിരകളുടെ തേരോട്ടം ഇത്തവണ അല്‍‌പം വൈകിയെന്നുമാത്രം.

എനിക്കേറെ പ്രിയപ്പെട്ട ടീമുകളിലൊന്നാണ് ഘാന അട്ടിമറിച്ച ചെക് റിപബ്ലിക്. പക്ഷേ, ആ കളിയില്‍ ചെക് റിപബ്ലിക് ജയിക്കാന്‍ പാടില്ല എന്നതാണു സത്യം. ഇതു പറഞ്ഞപ്പോള്‍ എന്റെ അടുത്ത സുഹൃത്ത് സംശയവുമായി വന്നു. ഘാനയ്ക്കു കിട്ടിയ കാര്‍ഡുകളുടെ എണ്ണമെടുത്താല്‍ അവര്‍ കളിച്ചതു മനോഹരമായ ഫുട്ബോളാണെന്നു പറയാനാകുമോ? ശരിയാണ്, ഒറ്റനോട്ടത്തില്‍ ഘാനയുടെ പരുക്കന്‍ അടവുകളായിരിക്കാം ചെക് റിപബ്ലിക്കിനെ അമ്പരിപ്പിച്ചത്. പക്ഷേ ഒരു കണക്കുകൂട്ടലുകളുമില്ലാതെ കളിച്ച ചെക് പ്രതിരോധനിരയെ എങ്ങനെ ന്യായീകരിക്കും? പലപ്പോഴും ഘാനയുടെ മുന്നേറ്റം തടയാന്‍ ഒരാളേയുള്ളായിരുന്നു. ഗോളി പീറ്റര്‍ ചെക്. ചെക്കിന്റെ കൈകളില്ലായിരുന്നെങ്കില്‍ നെവദിന്റെയും കൂട്ടരുടെയും തോല്‍‌വി അതിദയനീയമാകുമായിരുന്നു.

1990 മുതല്‍ ലോകകപ്പിന്റെ ഒഴുക്കിനെ വഴിതിരിച്ചുവിടുന്ന സാന്നിധ്യമാണ് ആഫ്രിക്കന്‍ ടീമുകള്‍. വന്യമായ കരുത്തും എതിരാളികള്‍ക്കു പിടികിട്ടാത്ത ശൈലിയുമായി വരുന്ന അവര്‍ ജാലവിദ്യകള്‍ കാട്ടുന്നതില്‍ അല്‍ഭുതമില്ല. ആഫ്രിക്കയില്‍ നിന്നുവരുന്ന പുലികളെ നേരിടാന്‍ വ്യക്തമായ ഗെയിം പ്ലാനുകളില്ലാതെ വരുന്ന ടീമുകളാണ് പരാജയപ്പെട്ടു പോകുന്നത് എന്നുള്ളതും മറക്കേണ്ട. ചെക് റിപബ്ലിക്കിനു പറ്റിയതും അതു തന്നെ.

പ്രതിരോധത്തിലൂന്നി കളിച്ച ശേഷം പന്തിനൊപ്പം കുതിച്ചെത്താനുള്ള ഘാനാ കളിക്കാരുടെ കഴിവും പന്തുകൊണ്ടു കുതിക്കുമ്പോള്‍ തടുത്തുനിര്‍ത്താന്‍ അവരുപയോഗിക്കുന്ന തന്ത്രങ്ങളും കണ്ടുപഠിക്കാതെ, വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ചെക് നിര കളത്തിലെത്തിയതെന്നു വ്യക്തം. ഒന്നും വേണ്ട 2001ലെ ലോക യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായ ടീമിലെ കളിക്കാരാണ് തങ്ങള്‍ക്കെതിരെ കളിക്കാനെത്തുന്നതെന്ന സത്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.

ആഫ്രിക്കന്‍ കരുത്തിനെ എങ്ങനെ നേരിടണമെന്ന് ടൂര്‍ണമെന്റിന്റെ ആദ്യ ദിവസങ്ങളില്‍ അര്‍ജന്റീന കാട്ടിത്തന്നിരുന്നു. തിണ്ണമിടുക്കിനെ തിണ്ണമിടുക്കുകൊണ്ടു നേരിടുക. സ്വതസിദ്ധമായ ഗോള്‍ദാഹം ജേഴ്സിക്കുള്ളിലൊളിപ്പിച്ച് എതിരാളികളെ വരിഞ്ഞുകെട്ടുക എന്നതാണ് അര്‍ജന്റീന ഐവറി കോസ്റ്റിനെതിരെ സ്വീകരിച്ച തന്ത്രം. അതുകൊണ്ടു തന്നെ പരുക്കനടവുകളുടെ കാര്യത്തില്‍ ആക്രമണ ഫുട്ബോള്‍ കളിക്കുന്ന അര്‍ജന്റീന ഐവറീ കോസ്റ്റിനെ കടത്തിവെട്ടി. കളികഴിയുമ്പോള്‍ ഫൌളുകളുടെ എണ്ണത്തേക്കാള്‍ ഗോളുകളുടെ എണ്ണവും വിജയികളുടെ ചിരിയുമായിരിക്കുമല്ലോ ശ്രദ്ധിക്കപ്പെടുക. ഈ പരുക്കന്‍ ശൈലി കളത്തിനു പുറത്തിട്ടാണ് അര്‍ജന്റീന രണ്ടാം മത്സരത്തിനെത്തിയതെന്നും ശ്രദ്ധിക്കുക.

ഘാനയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യകളിയില്‍ ഇറ്റലിയും ഇങ്ങനെ ‘ആക്രമണ ഫുട്ബോളാണു പുറത്തെടുത്തത്. എതിരാളികളുടെ കാലില്‍ പന്തു കുടുങ്ങാതിരിക്കാന്‍ അല്പം കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അവരും ജയിച്ചു കയറി.

ഇതൊന്നും കണ്ടു പഠിക്കാതെ ആഫ്രിക്കന്‍ പുലികളെ മെരുക്കാനെത്തിയ ചെക് റിപബ്ലിക് ആ തോല്‍‌വി അര്‍ഹിച്ചതു തന്ന. അമേരിക്കയ്ക്കെതിരെ കണ്ട ചെക്കിന്റെ നിഴലായിരുന്നു ഇന്നലെ അവര്‍ക്കായി കളത്തിലിറങ്ങിയത്.

posted by സ്വാര്‍ത്ഥന്‍ at 8:13 PM

0 Comments:

Post a Comment

<< Home