എന്റെ ലോകം - ഷെങ് ഹി എന്ന ഷണ്ഡന്‍
URL:http://peringodan.blogspot.com/2006/06/blog-post.html | Published: 6/25/2006 2:04 AM |
Author: പെരിങ്ങോടന്‍ |
ചൈനയിലെ മിങ് രാജവംശത്തിലെ ഷൂദായ് രാജാവിന്റെ കപ്പല്‍വ്യൂഹത്തിലെ ഏറ്റവും മികച്ച നാവികനും കൊട്ടാരത്തില്‍ ഉന്നത അധികാരങ്ങള്‍ വഹിച്ചിരുന്നതുമായ മംഗോളിയന്‍ മുസ്ലീമാണു് ഷെങ് ഹി. മിങ് രാജവംശത്തിന്റെ ഭരണകാലത്തു ബലപ്രയോഗത്താല്‍ ഷണ്ഡമാരാക്കപ്പെട്ട മംഗോളിയന്മാരില്‍ ഒരുവന്‍. രണ്ടുമീറ്റര്‍ ഉയരവും പുലിയെപ്പോലെ നടക്കുന്നവനും എന്നാണത്ര ഇബന്‍ ബത്തൂത്തപോലുള്ള ചരിത്രകാരന്മാര്‍ ഇയാളെ വിശേഷിപ്പിക്കുന്നതു്. ഷൂദായ് ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ചു ലോകത്തിലെ ഏറ്റവും ദീര്‍ഘവും സുപ്രധാനവുമായ കപ്പല്‍യാത്രയ്ക്കിറങ്ങിപ്പുറപ്പെട്ട സഞ്ചാരിയാണു് ഷെങ് ഹി. കൊളംബസും മാഗനുമെല്ലാം കണ്ടതിനേക്കാള്‍ കൂടുതല്‍ ലോകം കണ്ട ചൈനീസ് കപ്പല്‍വ്യൂഹത്തിന്റെ ചരിത്രം ബീജിങ് നഗരത്തിലുണ്ടായ ആഭ്യന്തരകലഹത്തില്‍ മുങ്ങിപ്പോയി. ചൈന പുറംലോകത്തിനെതിരെ അവരുടെ വന്മതില്‍ എന്നെന്നേയ്ക്കുമായി കൊട്ടിയടയ്ക്കുന്നതും അപ്പോഴാണെന്നു് ആനന്ദ് “വിഭജനങ്ങള്‍” എന്ന നോവലില്‍ പറയുന്നു.
1421 മെയ് ഒമ്പതാം തിയ്യതി ഷൂദായുടെ ബെയ്ജിങ് കൊട്ടാരത്തിനു മേല്‍ ഇടിത്തീ വീണില്ലായിരുന്നെങ്കില്‍, ആര്‍ക്കറിയാം, ലോകചരിത്രം വേറൊന്നാകുമായിരുന്നേന്നെ. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ചൈനയും ഒരു കൊളോണിയല്‍ പവര്‍ ആയേനെ, ലോകചരിത്രം മാറ്റിമറിക്കുമായിരുന്നതും, എന്നാല്‍ ഒരു മുറുമുറുപ്പുപോലുമില്ലാതെ വിസ്മൃതിയിലാണ്ടുപോയതുമായ ആ കൊല്ലങ്ങളുടെ അവശിഷ്ടമായി ഇന്നുള്ളത് യാങ്സി അഴിമുഖത്തെ അഭിമുഖീകരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു ശിലയില്‍ ഷെങ് ഹി എന്ന മംഗോളിയന്‍ മുസ്ലീം ഷണ്ഡന്‍ കൊത്തിവച്ചിട്ടുള്ള ഒരു ശിലാലിഖിതം മാത്രമാണു്. ചക്രവര്‍ത്തി എന്നെയും മറ്റുള്ളവരെയും പല ദശസഹസ്രം നാവികരുടെ കമാന്‍ഡര്‍മാരാക്കി നൂറിലധികം കപ്പലുകളില്‍ വിദേശസഞ്ചാരം ചെയ്യുവാനായി പറഞ്ഞയച്ചു. ആ ലിഖിതം പറയുന്നു, വിദേശികളോടു കനിവൊടും സ്നേഹത്തോടും കൂടി പെരുമാറുവാന്‍ ചക്രവര്‍ത്തി നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ പടിഞ്ഞാറോട്ടുപോയി, മൂവായിരത്തിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, ഒരു ലക്ഷം ലീയിലധികം ദൂരം സഞ്ചരിച്ചു... (ആനന്ദ് - വിഭജനങ്ങള്‍)
ചെറുപ്പകാലത്ത് ഷൂദായ് ചക്രവര്‍ത്തിയാല്‍ തന്നെ വിച്ഛേദിക്കപ്പെട്ട തന്റെ ലിംഗത്തിന്റെയും വൃഷണങ്ങളുടെയും ഉണക്കിസൂക്ഷിച്ച അവശിഷ്ടങ്ങള്‍ മരണംവരെയും ഷെങ് ഹി തന്റെ വെളുത്തകുപ്പായത്തിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നുവത്രെ. മാന്‍ഡരിനുകളെ ഒഴിവാക്കി മംഗോളിയന്‍ ഷണ്ഡന്മാരെ കൊട്ടാരത്തിലെ ഉന്നതസ്ഥാനങ്ങളില്‍ ഷൂദായ് ചക്രവര്‍ത്തി നിയമിച്ചതിനും, തങ്ങളെ ഷണ്ഡന്മാരാക്കിയ ചക്രവര്‍ത്തിയുടെ തന്നെ ഏറ്റവും വിശ്വസ്ഥരായ അനുയായികളായി വര്‍ത്തിക്കുവാന്‍ മംഗോളിയരെ പ്രേരിപ്പിച്ചതുമായ വസ്തുതകളെ കുറിച്ചും ആനന്ദ് എഴുതുന്നു. ചക്രവര്‍ത്തിയാകുക എന്ന അധികാരമോഹത്താല്‍, മംഗോളിയന്‍ മാതാവിനു ജനിച്ച ഷൂദായ് തന്റെ വംശത്തിന്റെ വേരുതന്നെയാണത്രെ അവരെ ഷണ്ഡന്മാരാക്കുന്നതിലൂടെ അറുത്തുമാറ്റുന്നതു്, ആ പാപത്തിനു പരിഹാരമായാകും മംഗോളിയരെ ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കുവാന്‍ ബെയ്ജിങിന്റെ സ്ഥാപകനായ ഷൂദായ് ചക്രവര്‍ത്തി തുനിഞ്ഞതു്. ചൈനീസ്-മംഗോളിയന്‍ വിശ്വാസങ്ങള്‍ക്കനുസരിച്ചു് ഇഹത്തില്‍ ഏറ്റവും പവിത്രവും ദൈവദത്തവുമായ കഴിവുകളിലൊന്നായ പുരുഷത്വം തങ്ങളില്‍ നിന്നും മുറിച്ചെടുത്ത ചക്രവര്‍ത്തിയോടുള്ള തങ്ങളുടെ പ്രതികാരമാണത്രെ അതിരുകടന്ന വിധേയത്വത്തിലൂടെ ഷണ്ഡന്മാര്‍ പ്രതിഫലിപ്പിച്ചതു്. എന്തുതന്നെയായാലും ഷെങ് ഹീയും മറ്റനേകം മംഗോളിയന്‍ ഷണ്ഡന്മാരും ചൈനീസ് ജനതയ്ക്കു തന്നെ അസ്പൃശ്യരായ് തീര്‍ന്നിരിക്കുന്നു, അവരുടെ പേരിലുള്ള മ്യൂസിയങ്ങള്‍ ചിതലുവന്നു നശിക്കുന്നു. ബെയ്‌ജിങിനു മറയായി ഇപ്പോഴും ഒരു വന്മതില്‍ നിലനില്‍ക്കുന്നു, അവിടെ നടക്കുന്നതെല്ലാം ഗോപ്യവും അതിനിഘൂഢവുമാകുന്നു, അതിനു പുറകില്‍ എത്രയോ ജനം ഇപ്പോഴും ഷണ്ഡന്മാരാക്കപ്പെടുന്നു.
പറഞ്ഞുവന്നതു്, ഷെങ് ഹീയെ ഞാനോര്‍ക്കുന്നതു്, ഇവിടെ ദുബായിലെ ഇബന്‍ ബത്തൂത്ത ഷോപ്പിങ് മാള്‍ സന്ദര്‍ശിച്ച വേളയിലാണു്. ഇബന്‍ ബത്തൂത്ത സഞ്ചരിച്ച രാജ്യങ്ങളിലെ രാജധാനികളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഷോപ്പിങ് മാള്‍ ഒരു പരിധിവരെ പതിഞ്ചാം നൂറ്റാണ്ടിലെ മുസ്ലീം മ്യൂസിയം കൂടിയാണു്. മുകളിലെ രണ്ടു ചിത്രങ്ങളിലൊന്നു് ഷെങ് ഹീ (ഊഹിച്ചു കാണുമല്ലോ) മറ്റേതു് അദ്ദേഹം യാത്രചെയ്തതു് എന്നു കരുതപ്പെടുന്ന കപ്പലിന്റെ രൂപവുമാണു്. കൊളംബസ് അമേരിക്കയെ കണ്ടെത്തുവാന്‍ ഉപയോഗിച്ചതു് എന്നു കരുതപ്പെടുന്ന കപ്പലിന്റെ രൂപമാണു ഷെങ് ഹീയുടെ വലിയ കപ്പലിനു സമീപമുള്ളതു്. ഇബന്‍ ബത്തൂത്തയില്‍ ഞാന്‍ കണ്ട കാഴ്ചകളില്‍ ചിലതു് ഇവിടെ കാണാം.
0 Comments:
Post a Comment
<< Home