Gurukulam | ഗുരുകുലം - രാമായണവും സീതായനവും
URL:http://malayalam.usvishakh.net/blog/archives/122 | Published: 5/20/2006 9:01 PM |
Author: ഉമേഷ് | Umesh |
മധുസൂദനന്‍ നായരുടെ ഒരു കവിതയാണു സീതായനം. കെ. സുരേന്ദ്രന്റെ ഒരു നോവലും (വേദന എന്നര്‍ത്ഥമുള്ള “നോവല്‍” അല്ല) ആ പേരിലുണ്ടു്.
ഇവയുടെ അര്‍ത്ഥം യഥാക്രമം രാമന്റെ അയനം (രാമയുടെ അയനം എന്നു സുകുമാര്‍ അഴീക്കോടു്) എന്നും സീതയുടെ അയനം എന്നും ആയിരിക്കേ (അയനം = യാത്ര), എന്തുകൊണ്ടു് ഒന്നില്‍ “ണ”യും മറ്റേതില്‍ “ന”യും ആയി എന്നു് ആലോചിച്ചിട്ടുണ്ടോ? ഇതേ വ്യത്യാസം ഉത്തരായണം (വടക്കോട്ടുള്ള യാത്ര), ദക്ഷിണായനം (തെക്കോട്ടുള്ള യാത്ര) എന്നിവയ്ക്കും ഉണ്ടു്.
മോഹിനി, കാമിനി, ഭാമിനി തുടങ്ങിയവയ്ക്കു് “ന” ഉള്ളപ്പോള്‍ രോഗിണി, രാഗിണി, വര്‍ഷിണി തുടങ്ങിയവയ്ക്കു് എന്തുകൊണ്ടു് “ണ”?
വികസനത്തിനു് “ന” ഉള്ളപ്പോള്‍ പരീക്ഷണത്തിനെന്തേ “ണ”?
ചുംബനത്തില്‍ “ന” ഉള്ളപ്പോള്‍ ബൃംഹണത്തിനെന്തേ “ണ”?
മാപനത്തില്‍ “ന” ഉള്ളപ്പോള്‍ മുദ്രണത്തിലെന്തേ “ണ”?
ഇതിന്റെയൊക്കെ ഉത്തരം സംസ്കൃതത്തിലെ “ണത്വവിധാനം” എന്ന നിയമത്തിലുണ്ടു്. പാണിനി പറഞ്ഞ നിയമത്തെ കാത്യായനനും മറ്റും പിന്നീടു തിരുത്തി. പിന്നീടുള്ളവര്‍ വീണ്ടും തിരുത്തി. പിന്നെ ഒരുപാടു് അപവാദങ്ങള്‍ (exceptions) കണ്ടുപിടിച്ചു. ഇതെല്ലാം കൂടി എഴുതണമെങ്കില്‍ ഒരുപാടുണ്ടു്. പ്രധാന കാര്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
- ഋ, ര, ഷ എന്നിവയ്ക്കു ശേഷം ഒരേ വാക്കില്‍ വരുന്ന “ന”കാരം “ണ” ആയി മാറും.
പാണിനി ര, ഷ എന്നിവയേ പറഞ്ഞുള്ളൂ. (രഷാഭ്യാം നോ ണഃ സമാനപദേ (8-4-1)) കാത്യായനനാണു് ഋവര്‍ണാച്ചേതി വക്തവ്യം എന്നു പറഞ്ഞു് ഋ-വിനെയും ഈ കൂട്ടത്തില്‍ കൂട്ടിയതു്.
- ഇവയ്കിടയില്‍ സ്വരങ്ങള്‍, ഹ, യ, വ, ര, കവര്‍ഗ്ഗം (ക, ഖ, ഗ, ഘ, ങ), പവര്‍ഗ്ഗം (പ, ഫ, ബ, ഭ, മ), അനുസ്വാരം എന്നിവ വന്നാലും ഇതു സംഭവിക്കും. വേറേ അക്ഷരങ്ങള്‍ വന്നാല്‍ “ണ” ആവില്ല. (അട് കുപ്വാങ്‌നുമ്വ്യവായേऽപി (8-4-2) എന്നു പാണിനി.)
ഇനി മുകളില്‍ പറഞ്ഞ വാക്കുകള്‍ ഓരോന്നായി എടുത്തു നോക്കാം:
- രാമ + അയനം = രാമായനം. “ര”യുടെയും “ന”യുടെയും ഇടയില്‍ മ, യ എന്നിവ മാത്രമുള്ളതുകൊണ്ടു് “ന” “ണ” ആകുന്നു.
- സീതാ + അയനം = സീതായനം.
- ഉത്തര + അയനം = ഉത്തരായനം, പിന്നീടു് ഉത്തരായണം.
- മോഹിനി, കാമിനി, ഭാമിനി : ഋ, ര, ഷ എന്നിവ ഇല്ലാത്തതുകൊണ്ടു് “ന” മാറുന്നില്ല.
- രോഗിണി, രാഗിണി : “ര” ഉള്ളതുകൊണ്ടും, ഇടയ്ക്കുള്ള അക്ഷരം കവര്‍ഗ്ഗത്തിലെ “ഗ” ആയതുകൊണ്ടും, “ണ”.
- വര്‍ഷിണി : “ഷ” കഴിഞ്ഞുള്ള “ന”, “ണ” ആകുന്നു.
- വികസനത്തില്‍ “ന” തന്നെ. പരീക്ഷണത്തിലെ “ഷ” മൂലം “ണ”.
- ചുംബനത്തില്‍ “ന” മതി. ബൃംഹണത്തില്‍ “ഋ“ വിനു ശേഷം വരുന്നതുകൊണ്ടും ഇടയ്ക്കുള്ള അക്ഷരം “ഹ” ആയതുകൊണ്ടും “ണ” വരുന്നു.
- മാപനത്തില്‍ “ന”. മുദ്രണത്തില്‍ “ര” മൂലം “ണ”.
ദക്ഷിണ + അയനം =ദക്ഷിണായനം. “ഷ”യുടെയും “ന”യുടെയും ഇടയ്ക്കു് ടവര്‍ഗ്ഗത്തില്‍പ്പെട്ട “ണ” വന്നതുകൊണ്ടു് “ന” മാറാതെ നില്‍ക്കുന്നു. (“ദക്ഷിണം” എന്നതിലെ “ണ” ഈ നിയമം കൊണ്ടു തന്നെ ഉണ്ടായതാണെന്നതു മറ്റൊരു കാര്യം.)
തത്‌കാലം ഇത്ര മതി. ഇനി ഒരുപാടു നിയമങ്ങളുണ്ടു്. സ്വഭാവം കാണിക്കാന്‍ രണ്ടുദാഹരണങ്ങള്‍ മാത്രം.
- “നായകനില്ലാത്തതു്” എന്നര്‍ത്ഥത്തില്‍ “നിര്‍നായകം” എന്നു പറയുന്നു. ഇതിലെ രേഫത്തിനു ശേഷമിരിക്കുന്ന “ന” “ണ” ആവുന്നില്ല. ഇവിടെ “നിര്” എന്നതു് ഒരു നിപാതം ആയതുകൊണ്ടാണു് ഇങ്ങനെ വരുന്നതു്. എന്നാല്‍ “നിര്‍ണ്ണയിക്കത്തക്കതു്” എന്നര്‍ത്ഥത്തില്‍ “നിര്‍ണായകം” എന്നുപറയുമ്പോള്‍ ആവുകയും ചെയ്യുന്നു.
- സര്‍വനാമം എന്നതു സര്‍വണാമം ആകുന്നില്ല. സര്‍വ, നാമം എന്നിവ ഭിന്നപദങ്ങളായതുകൊണ്ടാണു് ഇങ്ങനെ വരുന്നതു്. ഭിന്നപദങ്ങളായാലും ചേര്‍ന്നുകഴിഞ്ഞ പദം ഒരു സംജ്ഞയാണെങ്കില്‍ “ണ” ആവും. അങ്ങനെയാണു് ശൂര്‍പ്പ + നഖ = ശൂര്‍പ്പണഖ ആകുന്നതു് (മുറം പോലെയുള്ള നഖമുള്ളവള്‍ എന്നര്‍ത്ഥം.) ഇനി രാമായണത്തില്‍ രാമ, അയനം ഇവ ഭിന്നപദങ്ങളല്ലേ എന്നു ചോദിച്ചാല്‍ ആണു്, പക്ഷേ ഇവിടെ അല്ല താനും. അതു വേറൊരു നിയമം. കൂടുതല്‍ കാടുകയറുന്നില്ല….
വാല്‍ക്കഷണം:
കുറെക്കാലം മുമ്പു് ബ്ലോഗന്‍ എന്നതിന്റെ സ്ത്രീലിംഗം എന്താകണമെന്നു് ഒരു സംവാദമുണ്ടായിരുന്നു - ബ്ലോഗിനിയോ ബ്ലോഗിണിയോ? “ബ്ലോഗിനി” ആണെന്നു മനസ്സിലായില്ലേ? എങ്കിലും മലയാളരീതിയില്‍ “ബ്ലോഗത്തി” എന്നു പറയാനാണു് എനിക്കിഷ്ടം
0 Comments:
Post a Comment
<< Home