Thursday, May 18, 2006

കുളിര്‍മ - പ്രേതവും മോഷണവും

മോഷണം എന്നത്‌ ഒരു കലയാണ്‌. നല്ല ബുദ്ധിയുള്ളവര്‍ക്കേ നല്ല കള്ളനാവാന്‍ കഴിയൂ.ഒരു നല്ല കള്ളനാവാനുള്ള ബുദ്ധിയൊന്നുമില്ലങ്കിലും ചില അല്ലറ ചില്ലറ മോഷണങ്ങളില്‍ ഞാനും പങ്കാളിയായിട്ടുണ്ട്‌. നിരുപദ്രവകരമായ ചില മോഷണങ്ങളില്‍. അത്തരമൊരു കഥയിതാ.

ഞങ്ങള്‍ മൊഷ്ടിക്കാറുള്ളത്‌ തേങ്ങ മാങ്ങ(മങ്ങ എന്തൊന്നു മോഷ്ടിക്കാനിരിക്കുന്നു അല്ലേ?) കരിക്ക്‌. തുടങ്ങിയ ചീള്‌ സാധനങ്ങളായിരുന്നു. പെന്‍ഷന്‍ പറ്റിയ ഒരു മോഷ്ടാവിനോട്‌ എന്താണ്‌ മോഷണം എന്നു ചോദിച്ചപ്പോല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ" ഒരാളിന്റെ സാധനം അയാളോടനുവാദം ചോദിക്കതെ എടുത്തുകൊണ്ടുപോരുക" എന്നയിരുന്നു.

ഞങ്ങല്‍ നാലു പേരായിരുന്നു മോഷണ സംഘത്തിലെ അംഗങ്ങള്‍. അതില്‍ 40 വയസു പ്രായം വരുന്ന ബേബി എന്ന അളാണ്‌ അശാന്‍. അവിവാഹിതന്‍. ബേബി എന്നാണ്‌ പേരെങ്കിലും കയ്യിലിരുപ്പ്‌ മഹാ മോശവും..ബാകി ഞങ്ങള്‍ മൂന്നുപേറും വെറും ശിശുക്കള്‍. അതില്‍ തന്നെ ഒരു കഴകത്തിനും കൊള്ളാത്തവന്‍ ഞാന്‍ മാത്രം. ഞാന്‍ മോഷണ മുതലിന്റെ പങ്കു പറ്റാറില്ലായിരുന്നു. എനിക്കെപ്പോഴും ഭയവുമായിരുന്നു. പിടിക്കപ്പെട്ടാല്‍ സമൂഹത്തില്‍ നല്ല രീതിയില്‍ കഴിയുന്ന കൊച്ചന്‍ കള്ളനായല്ലോ എന്ന നാട്ടുകാരുടെ മൂക്കില്‍ കൈവച്ചുള്ള പ്രതികരണമോര്‍ത്തായിരുന്നു അത്‌.ഇനി സംഭവത്തിലേക്കു കടക്കം.

ആധാരം: ഞങ്ങളുടെ നാട്ടില് ‍ഈ സംഭവം വിവരിക്കാന്‍ പോകുന്ന സമയത്ത്‌ ഒരു അത്യാഹിതം സംഭവിച്ചു. കണ്ടത്തില്‍ പൂട്ടാന്‍ വന്ന ട്രാക്റ്റര്‍ മറിഞ്ഞു ഡ്രൈവര്‍ കൊല്ലപ്പെട്ടു.

സ്ഥലം: അന്നത്തെ ഞങ്ങളുടെ മോഷണ സ്ഥലം കാങ്കലിത്തറ എന്ന തറ ആയിരുന്നു. കണ്ടത്തിനു നടുവില്‍ ദ്വീപ്‌ പോലെ നില്‍ക്കുന്ന സ്ഥലം.കാങ്കാലിത്തറ മുഴുവന്‍ തെങ്ങാണ്‌ . തെങ്ങില്‍ നിറയെ തേങ്ങ, കരിക്ക്‌. കൂടുവച്ച കുരുവികളും( ഇപ്പോള്‍ ആ കുരുവികള്‍ ഒന്നും ഇല്ല. മനോഹരമായി ഒറ്റനില ഇരുനില കൂടുകള്‍ തീര്‍ത്ത്‌ താമസിച്ചിരുന്ന കുരുവികള്‍ എവിടേക്കോ പൊയി.)

കാങ്കലിത്തറയുടെ തൊട്ടടുത്ത തറയാണ്‌ പൂണാത്തറ. അവിടെ മൂന്നു വീട്ടുകാര്‍ താമസിക്കുന്നു. ഇതിനടുത്താണ്‌ ട്രാക്റ്റര്‍ മറിഞ്ഞത്‌.

ഇനി സംഭവ കഥ.

രാത്രി 11 മണി.എങ്ങും കുറ്റാകൂരിരുട്ട്‌. നിശബ്ദത തളം കെട്ടി കിടക്കുന്നു.ചീവീടുകള്‍ ഘോര ഘോരമായി ഗനമാലപിച്ചു കൊണ്ടേയിരുന്നു. ഞങ്ങള്‍ ഇരുട്ടില്‍ പതുങ്ങി പതുങ്ങി കാങ്കാലിത്തറ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങള്‍ ഒരു കലുങ്കിനടുത്തായി വന്നു നിന്നു.കലുങ്കിനു താഴെയാണ്‌ ട്രാക്റ്റര്‍ ഡ്രൈവര്‍ ദാരുണ മൃത്യു വരിച്ചത്‌. ഡ്രൈവര്‍ മരിച്ച്‌ അധികം ദിവസവുമായിട്ടില്ല. എന്നെ ഭയം കൊണ്ട്‌ കിടു കിടാ വിറക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം തന്നെ മോഷണത്തിനു തിരഞ്ഞെടുത്തത്‌ അശാന്റെ നിര്‍ദേശ പ്രകാരമായിരുന്നു. കാരണം ദുര്‍മരണം നടന്ന സ്ഥലത്തു കൂടി ആരും സന്ധ്യ മയങ്ങിയാല്‍ പിന്നെ യാത്ര ചെയ്യില്ല എന്നതായിരുന്നു. ആ രാത്രിയില്‍ മനുഷ്യ ജീവികളായി ആ പ്രദേശത്ത്‌ ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

മോഷ്ടിക്കാനായി എത്തിയ ഞങ്ങളെ എതിരേറ്റത്‌ പൂണാത്തറയിലെ പെണ്ണുങ്ങളുടെ ചീത്തവിളിയായിരുന്നു. മൂന്നു വീട്ടിലെയും പെണ്ണുങ്ങള്‍ ഏറ്റും തോറ്റും ചീത്തവിളിച്ചു കൊണ്ടിരുന്നു. സ്കൂളില്‍ പോയിട്ടില്ലങ്കിലും മൂന്നുപേരും " കൊടുങ്ങല്ലൂര്‍ യൂനിവേഴ്സിറ്റിയില്‍ " നിന്നും ബിരുദമെടുത്തവര്‍. അവരുറങ്ങാതെ ഞങ്ങള്‍ക്കു മോഷ്ടിക്കനാവില്ല. ഞങ്ങള്‍ കാത്തിരുന്നു.

കാത്തിരുന്നു ഞങ്ങള്‍ മുഷിഞ്ഞതല്ലാതെ ചീത്ത വിളിച്ച്‌ പെണ്ണുങ്ങള്‍ തളര്‍ന്നില്ല.എന്തു ചെയ്യും?പെട്ടന്ന് അശാന്‍ പറഞ്ഞു
" ഇനിയിരു വഴിയേയുള്ളൂ, നിങ്ങള്‍ പേടിക്കരുത്‌..."
പൊടുന്നനെ ഞങ്ങളെ പോലും ഭയപ്പെടുത്തികൊണ്ട്‌ അശാന്‍ ഉച്ചത്തില്‍ കരഞ്ഞു. "അയ്യോ.....ആഹ്‌...ആഹ്‌..."
ഞങ്ങള്‍ ഭയന്നു വിറച്ചു. പെട്ടന്നു പട്ടികള്‍ മോങ്ങാന്‍ തുടങ്ങി. പുലിവാലായതു തന്നെ. ഞങ്ങള്‍ ചിന്തിച്ചു.

പക്ഷെ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട്‌ റ്റിവി മ്യൂട്ട്‌ ആക്കിയാലെന്നപോലെ പൂണാത്തറയിലെ ചീത്തവിളി ആ സെക്കന്റില്‍ നിലച്ചു.. തുടര്‍ന്ന് എങ്ങും നിശബ്ദത മാത്രം. ചീവീടുകള്‍ പോലും ചിലക്കല്‍ നിര്‍ത്തി. പൂണാത്തറയിലെ മൂന്നു വിളക്കിന്റെ നാളങ്ങളും പൊങ്ങി നടന്നു നീങ്ങുന്നത്‌ ഞങ്ങള്‍ അമ്പരപ്പോടെ കണ്ടൂ.മൂന്നു വിളക്കും മൂന്നു വീടിന്റേയും ഇറയത്തെക്കു നീങ്ങി.

"ആഹ്‌...ആഹ്‌..വേദനയാവുന്നേ...വെള്ളം തായോ..."
വീണ്ടും ബേബി അശാന്‍ ദയനീയമായി മോങ്ങി. അകമ്പടിയായി എവിടുന്നൊക്കെയൊ നായ്ക്കളും മോങ്ങാന്‍ കൂടി.

ഇത്തവണ വിളക്കുകളും സ്ത്രീകളും വീടിനകത്തെക്കു കയറി പോവുന്നത്‌ നിഴല്‍കൂത്തുപോലെ ഞങ്ങള്‍ കണ്ടിരുന്നു. അന്തം വിട്ട്‌ വായും പൊളിച്ച്‌ ഞങ്ങള്‍ മൂന്നുപേരും അത്‌ നോക്കി നിന്നു. നിമിഷങ്ങള്‍ക്കകം വിളക്ക്‌ മൂന്നും അണഞ്ഞു. ഞങ്ങള്‍ കുറച്ചു നേരം കൂടി അവര്‍ക്കുറങ്ങാന്‍ സമയം നല്‍കിയിട്ട്‌ ഞങ്ങളുടെ കൃത്യനിര്‍വഹണത്തിലേക്കു കടന്നു.

അടുത്ത ദിവസം ഫ്ലാഷ്‌ ന്യൂസ്‌: മരിച്ച ഡ്രൈവറുടെ പ്രേതം കണ്ടത്തില്‍ കിടന്നു നിളവിളിക്കുന്നത്‌ പൂണാത്തറക്കാര്‍ കേട്ടുവത്രേ. അതിന്റെ ദൃക്‌സാക്ഷി വിവരണം നാടൊട്ടുക്കും പരന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പൂണാത്തറക്കാര്‍ അവിടെ എങ്ങിനെ കഴിഞ്ഞു എന്ന് എനിക്കറിയില്ല. ബാധയൊഴിപ്പിക്കല്‍ നടത്തി എന്നു പിന്നീട്‌ കേട്ടു.

എന്തായാലും ഈ സംഭവം ഞങ്ങളുടെ നാട്ടിലെ കുപ്രസിദ്ധിയാര്‍ജിച്ച പ്രേത കഥകളിലൊന്നാണ്‌.. അത്‌ വരമൊഴിയായി തലമുറകളിലൂടെ സഞ്ചരിച്ചേക്കാം. എന്തായലും ഈ ബ്ലോഗുവായിച്ച്‌ കഥയുടെ പിന്നണിയില്‍ അരായിരുന്നു എന്ന് അറിയാന്‍ വഴിയില്ല.
ഡിജിറ്റല്‍ ഡിവൈഡിനു നന്ദി !!!

posted by സ്വാര്‍ത്ഥന്‍ at 9:31 AM

0 Comments:

Post a Comment

<< Home