Thursday, May 18, 2006

Suryagayatri സൂര്യഗായത്രി - വിശ്വാസ്യത

എന്തു ചെയ്യുന്നതും മറ്റുള്ളവര്‍ക്ക്‌ വിശ്വാസ്യമായ രീതിയില്‍ ചെയ്യണമെന്ന് അവള്‍ക്ക്‌ കുട്ടിക്കാലത്തേ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ സമയത്തിനു സ്കൂളില്‍ പോകുന്നുണ്ടെന്ന് അയല്‍ക്കാരെ കാണിക്കാന്‍ അവള്‍ വീട്ടിലെ ഓരോരുത്തരെയായി പേരെടുത്ത്‌ വിളിച്ചു യാത്ര പറയാറുണ്ടായിരുന്നു. "ന്റെ കുട്ട്യേ, നീയിങ്ങനെ കിന്നാരം പറയാതെ പോകാന്‍ നോക്ക്‌" എന്ന് കോലായില്‍ ഇരിക്കുന്ന മുത്തശ്ശി പറയുന്നത്‌ കേട്ടാലേ അവള്‍ പോകൂ. പിന്നെ കോളേജില്‍ ആയപ്പോഴും അവള്‍ പതിവു തുടര്‍ന്നു. വൈകുന്നേരം അവിടെയും ഇവിടെയും കറങ്ങി നടക്കുകയല്ല താനെന്ന് കാണിക്കാന്‍ ദീപാരാധന സമയത്ത്‌ അമ്പലത്തില്‍ ഹാജര്‍ വെക്കാനും അവള്‍ മറന്നില്ല. പഠിപ്പ്‌ കാരണം കിട്ടിയ ജോലിയാണെന്ന്, ജോലി കിട്ടിയപ്പോള്‍ അവള്‍ക്ക്‌ ആരേയും വിശ്വസിപ്പിക്കേണ്ടി വന്നില്ല. കാരണം ഉയര്‍ന്ന മാര്‍ക്കോടെ ഓരോ പരീക്ഷയും പാസ്സാവുന്നതിനു നാട്ടുകാര്‍ സാക്ഷികള്‍ ആയിരുന്നു.

ജോലി കിട്ടിയപ്പോഴാണ് ശീലം അവള്‍ക്ക്‌ തന്നെ പാരയായത്‌. വീട്ടില്‍ നിന്ന് വിട്ട്‌ നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഫ്ലാറ്റ്‌ കൂട്ടത്തിലെ ഒരു ഫ്ലാറ്റ്‌ ആണ് അവള്‍ക്ക്‌ കിട്ടിയത്‌. പക്ഷെ ജോലിത്തിരക്കിനിടയിലും പല കാര്യങ്ങളും ചെയ്ത്‌ അവള്‍ വിശ്വാസം നേടിയെടുത്തുകൊണ്ടിരുന്നു. പാചകം തനിക്കിണങ്ങും എന്ന് കാണിക്കാന്‍ ഫ്ലാറ്റില്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നവളില്‍ നിന്നു തന്നെ പച്ചക്കറി വാങ്ങിച്ചു. നാട്ടിനുപുറത്തെ വീട്ടില്‍പ്പോകാന്‍ കഴിയാത്ത ആഘോഷദിവസങ്ങളില്‍ മധുരം ഉണ്ടാക്കി എല്ലാവര്‍ക്കും കൊടുത്തു. തനിക്കും ഇതൊക്കെ ആഘോഷിക്കുന്നത്‌ ഇഷ്ടമാണെന്ന് തെളിയിച്ചു. പാലുകാരനേയും കേബിള്‍ ടി.വിക്കാരനേയും പൈസ വാങ്ങിക്കാന്‍ വരുന്ന സമയത്ത്‌ പുറത്ത്‌ തന്നെ നിര്‍ത്തി. അകത്ത്‌ വിളിച്ച്‌ കിന്നാരം പറയുന്നെന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നാതിരിക്കാന്‍. പുരുഷസുഹൃത്തുക്കള്‍ വരുമ്പോള്‍ വാതില്‍ തുറന്നിട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന അയല്‍പക്കക്കാരോടും ഇടയ്ക്ക്‌ മിണ്ടി. സാമൂഹ്യമര്യാദ ഉണ്ടെന്ന് അറിയിച്ചു. വരാന്‍ വൈകുന്ന ദിവസങ്ങളില്‍ മിക്കവാറും രാവിലെത്തന്നെ വീട്ടിലെ ലൈറ്റ്‌ തെളിയിക്കണം, വരാന്‍ വൈകും എന്ന് ആരെയെങ്കിലും താക്കോല്‍ കൊടുത്ത്‌ പറഞ്ഞേല്‍പ്പിച്ചു. സംശയത്തിന്റെ കണ്ണുകള്‍ വൈകി ക്ഷീണിച്ച്‌ വന്നു കയറുമ്പോള്‍ കാണേണ്ടല്ലോ.

വണ്ടിക്കാളയെപ്പോലെ ജോലി ചെയ്ത്‌ മടുത്തു തുടങ്ങി അവള്‍. ജോലി വിടുന്നത്‌ മടുപ്പുകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു. എല്ലാവരോടും ജോലിയുടെ വിഷമവശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കി. ഇക്കാലത്ത്‌ ജോലി കിട്ടാന്‍ നെട്ടോട്ടം ഓടുമ്പോള്‍ അഹങ്കാരം കൊണ്ടാണു ജോലി ഉപേക്ഷിച്ചതെന്ന് ആരും കുറ്റം പറയരുതല്ലോ. എല്ലാവരേയും പറഞ്ഞ്‌ വിശ്വസിപ്പിച്ചുകൊണ്ട്‌ അവള്‍ ജോലി രാജി വെച്ചു. അങ്ങനെയങ്ങനെ ജീവിച്ചുകൊണ്ടിരുന്നു. പിന്നെ മടുത്തത്‌ ജീവിതം ആണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതും അക്കാരണം കൊണ്ടുതന്നെയാണ്. പലര്‍ക്കും കത്തുകള്‍ എഴുതിവെച്ചു. ജീവിതം മടുത്തത്‌ കൊണ്ടാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് അതില്‍ വ്യക്തമായി എഴുതിവെച്ചിരുന്നു. വിശ്വസിപ്പിക്കാന്‍ ഉതകുന്ന വാക്കുകളും ഉണ്ടായിരുന്നു. വെട്ടിപ്പൊളിക്കേണ്ട എന്ന് കരുതി വാതില്‍ തുറന്നിട്ടാണ് ആത്മഹത്യയ്ക്കൊരുങ്ങിയത്‌. പക്ഷെ ആത്മഹത്യ കഴിഞ്ഞ്‌ പരിശോധനയ്ക്കും തെളിവെടുപ്പിനും വന്ന പോലീസുകാരുടെ മുന്നില്‍ ഫ്ലാറ്റിലെ ആള്‍ക്കാര്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ അവളുടെ ആത്മാവ്‌ ഞെട്ടി. വാതില്‍ തുറന്നു കിടന്നത്‌ കൊണ്ട്‌ ഇത്‌ ആത്മഹത്യയാണെന്ന് അവരൊന്നും വിശ്വസിക്കുന്നില്ലെന്നും കൊലപാതകം ആകാന്‍ സാദ്ധ്യതയുണ്ടെന്നും കൂടുതല്‍ വിശദമായിട്ട്‌ അന്വേഷണം വേണമെന്നും അവര്‍ കൂട്ടായി ആവശ്യപ്പെട്ടു.

posted by സ്വാര്‍ത്ഥന്‍ at 12:05 AM

0 Comments:

Post a Comment

<< Home