മഴനൂലുകള്‍... - പറയാതെ പോയത്...
URL:http://mazhanoolukal.blogspot.com/2006/05/blog-post.html | Published: 5/15/2006 11:12 AM |
Author: മഴനൂലുകള്‍... |
മഴ തോര്‍ന്നിട്ടുണ്ട്... ഇപ്പോള്‍ പെയ്യുന്നത് മരങ്ങളാണ്.
എവിടെയോ ഇങ്ങനെയാണോ വായിച്ചത് -
മഴ, നഷ്ടപ്പെട്ട ഒരു കാര്‍മേഘത്തിന്റെ കഥയാണ്...
കാറ്റ്, നഷ്ടപ്പെട്ട ഒരു കരിയിലയുടെ കഥയാണ്...
നഷ്ടപ്പെടലുകളുടെ കഥകള്‍ എനിക്കിനിയും കേള്‍ക്കുക വയ്യ. പക്ഷെ വീണ്ടും...
മഴച്ചാറ്റലില്‍ നനഞ്ഞ ഈ ഒറ്റയടിപ്പാതയും കൊഴിഞ്ഞു വീണ വാകപ്പൂക്കളും മറ്റൊരു നഷ്ടത്തെക്കൂടി എന്നെ ഓര്‍മ്മിപ്പിയ്ക്കയാണ്.
ഇവിടെ, ഈ തീരത്ത് തനിച്ചിരിക്കുമ്പോള്‍ എന്തൊയ്ക്കെയോ ആരോടൊയ്ക്കെയോ പറയാന്‍ വല്ലാതെ തിങ്ങുന്നുണ്ടു മനസ്സില്‍. എന്തെന്നറിയില്ല, ആരോടെന്നറിയില്ല... ഇപ്പോള്‍ നിന്നോടു പറയാനും വാക്കുകള്‍ക്കായി ഒരുപാടു തിരയേണ്ടി വരുന്നു.
ഒരു പക്ഷേ പറയാതെ പറയാതെ, എന്റെ വാക്കുകളും എനിക്കു നഷ്ടപ്പെടുകയായിരിയ്ക്കാം...
അമ്മയുടെ മടിയില്‍ കിടന്ന്, ഒരു കഥ പോലെ അച്ഛനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഏറെ ആഗ്രഹിച്ചു പോയിട്ടുണ്ട്, ഒരിക്കല്‍, ഒരിക്കല്‍ മാത്രം അച്ഛന്‍ എന്നെയൊന്നു ചേര്‍ത്തു പിടിച്ചിരുന്നെങ്കിലെന്ന്. ഒരിക്കലും എനിക്കു തിരിച്ചു കിട്ടാത്ത വിധം നഷ്ടമായ്‌പ്പോയ ആ സ്നേഹം എന്റെ കണ്ണുകളുടെ ആഴങ്ങളില്‍ എന്നും ഉറഞ്ഞ ദുഖ:ത്തിന്റെ ചൂടു നല്‍കിയിരുന്നു. പക്ഷേ നിനക്കറിയുമോ, അമ്മയുടെ നഷ്ടം എന്റെ കണ്ണുകളില്‍ നല്‍കിയതു മരണത്തിന്റെ മരവിച്ച തണുപ്പായിരുന്നു.
...........
നീയെനിക്കാരെന്ന് ഇനിയുമെനിക്കറിയില്ല. പക്ഷെ നീ ആരൊയ്ക്കെയോ ആണെനിക്ക്... നിന്നെത്തേടി അലഞ്ഞ മരുഭൂവിലൊന്നും നിന്റെ കാല്‍പ്പാടുകള്‍ ഒരിയ്ക്കലും ഞാന്‍ കണ്ടില്ല.
എന്റെ കാല്‍ക്കീഴില്‍ ഒരു പക്ഷേ, മണല്‍ക്കാറ്റ് മായ്ച്ചു കളഞ്ഞ നിന്റെ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നിരിക്കാം...
ഞാന്‍ പക്ഷേ അറിഞ്ഞത് കള്ളിമുള്‍ക്കാടുകളുടെ മൌനം മാത്രമായിരുന്നു
പിന്നെയെപ്പൊഴോ എന്റെ പ്രതീക്ഷകളും എന്നെ കൈയ്യൊഴിഞ്ഞു പോയിരുന്നു. എങ്കിലും നീ എന്നുമുണ്ടായിരുന്നു... ആരൊക്കെയോ ആയിട്ട്...
...........
നിശബ്ദം കരയുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചിരുന്ന അമ്മയുടെ കണ്ണുകളില്‍ സഹിക്കാനാവാത്ത വേദനകളുടെ വിളര്‍ച്ചയാണു ഞാന്‍ കണ്ടിരുന്നത്. രാത്രികളുടെ മരവിച്ച ഏകാന്തതയില്‍, ആ വേദനയുടെ തീവ്രതയില്‍ ഞാന്‍ ഉരുകുമ്പോള്‍ എനിക്കു കൂട്ടായിരുന്നത് അകലെ ആകാശത്തിലെ കൊച്ചു നക്ഷത്രങ്ങളും പിന്നെ നേര്‍ത്ത നിലാവുമായിരുന്നു. ആ നിലാവായിരിയ്ക്കാം നീയെനിക്ക്... സൂര്യപ്രഭക്കു എന്നും വഴിമാറിക്കൊടുത്തിരുന്ന നനുത്ത നിലാവ്.
...........
ഇനിയുമെഴുതുക വയ്യ. എന്റെ വിരലുകള്‍ വിറക്കുന്നുണ്ട്. കണ്ണുകള്‍ നിറയുന്നതും ഞാന്‍ അറിയുന്നു...
പക്ഷേ, ആ നിലാവിനെയാണ് എന്നും ഞാന്‍ സ്നേഹിച്ചിരുന്നതെന്ന് നീ അറിയുക. കണ്ണുകളടയ്ക്കുമ്പോള്‍, വേദന പിടഞ്ഞിരുന്ന ആ പുഞ്ചിരിക്കു പകരം, നിറഞ്ഞ സ്നേഹം കൊണ്ടെന്നെ പൊതിയുന്ന ഈ നിലാവാണ് ഇപ്പോള്‍ ഞാന്‍ കാണാറുള്ളതെന്നും...
ഏെറെ അകലെയാണെങ്കിലും, നേര്‍ത്ത തണുപ്പുള്ള ഈ സാന്ത്വനത്തില്‍ ഞാനൊന്നുറങ്ങിക്കോട്ടെ... അല്‍പനേരം എല്ലാം മറന്നോട്ടെ...
0 Comments:
Post a Comment
<< Home