Sunday, May 14, 2006

വായനശാല - അമ്മയായ പൂതം

URL:http://vayanasala.blogspot.com/2006/05/blog-post.htmlPublished: 5/14/2006 10:42 AM
 Author: -സുനില്‍-
കുട്ടന്‍ അങ്ങനെ ഒരാശയം അവതരിപ്പിച്ചപ്പോള്‍ നല്ലതെന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നിയെങ്കിലും എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതായിരുന്നു പ്രശ്നം. രണ്ട്‌ മൂന്ന്‌ തവണ കൂടിയിരുന്നാലോചിച്ചപ്പോള്‍ പലതിനും പരിഹാരം കണ്ടെത്താനായി.
ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ എന്ന കവിതയിലൂടെ അമ്മയെ അവതരിപ്പിക്കുക. അതിന്‌ തെരഞ്ഞെടുത്ത ദൃശ്യരൂപം കഥകളിയും. കഥകളി കാണാറുണ്ട്‌ എന്നതല്ലാതെ അങ്ങനെ മുദ്രകള്‍ കാണിക്കാനും പാട്ടുപാടാനും എത്രപേര്‍ക്കറിയാം! കൂടാതെ മേളം, അതിനാരുണ്ട്‌?
മുദ്രകള്‍ കഥകളിയിലേതുപോലെ ഹസ്തലക്ഷണദീപികയെ അടിസ്ഥാനമാക്കി വേണമെന്നില്ല എന്നാണ്‌ ആദ്യമായി തീരുമാനിച്ചത്‌. കാണുന്നവര്‍ക്ക്‌ മനസ്സിലാവുന്നതരത്തില്‍ അത്യാവശ്യം നാട്യസങ്കേതമുപയോഗിച്ച്‌ കാണിക്കാം. പാട്ടിന്‌ ഋഷി,രാജന്‍, വിനു എന്നിവരെ പരിശീലിപ്പിക്കാം. ഋഷിയായിരിക്കും എല്ലായ്പ്പോഴും പൊന്നാനി പാടുക. ചുട്ടി,വേഷം തുടങ്ങിയവ രാമകൃഷ്ണന്‍ ഏറ്റെടുത്തു.
ഒരുപാട്‌ ടെലഫോണ്‍ ചെയ്തും ഓടിനടന്നും കാട്ടളന്റെ കിരീടം ഇവിടെത്തന്നെ നിര്‍മ്മിച്ചു. കൊരലാരവും മറ്റും നാട്ടില്‍ നിന്നും സംഘടിപ്പിച്ചു. നരിപ്പറ്റ രാജുവിന്റെ സഹായവും ഇതിന്‌ കിട്ടി.
മേളം എന്ന പ്രശ്നം വിനയന്‍ തീര്‍ത്തുതന്നു. മൃദംഗവും ഡ്രമ്മും കീബോര്‍ഡും വിനയന്‍ തന്നെ തന്റെ രണ്ട്‌ കയ്യുകള്‍ കൊണ്ട്‌ വായിച്ചു. അത്യാവശ്യം മിമിക്രിയും കൃഷ്ണകുമാറിന്റെ വയലിനും കൂടിയായപ്പോള്‍ സംഗതി ജോര്‍. തിരശ്ശീലയായി ഋഷിയുടെ ബെഡ്ഷീറ്റ്‌!!!
തുടര്‍ന്ന്‌ ആറുമാസത്തോളം പരിശീലനമായിരുന്നു. എല്ലാവരും തനിക്കുകഴിയുന്നത്ര ശ്രമിച്ചു, കഷ്ടപ്പെട്ടു. പൂതമായി കുട്ടന്‍ തന്നെ, അമ്മയായി സോയയും ഉണ്ണിയായി ശരത്തും.
കാലമിനിയും വരും വിഷു വരും തിരുവോണം വരും (സഫലമീ യാത്ര)..സോയയും വിനയനും കൂടെ ഭാവാത്മകമായി ആലപിച്ചു.
ആദ്യപകുതി അങ്ങനെ കഴിഞ്ഞു. തുടര്‍ന്ന്‌ സന്ധ്യാവന്ദനം ചൊല്ലുന്ന കുട്ടികളും മുത്തശ്ശനും കൂടെയുള്ള രംഗത്തോടെ തിരശ്ശീലമാറ്റി. പൂതപ്പാട്ട്‌ തുടങ്ങി.
പൂതത്തിന്റെ "തിരനോട്ടം" കണ്ടപ്പോള്‍ തന്നെ കുട്ടികളും വലിയവരും ആകാംഷാഭരിതരായി നോക്കി നിന്നു. ഇവിടെ അങ്ങനെ ഒരു രൂപം എവിടെ കാണാനാ? ഒരലര്‍ച്ചകൂടെ കേട്ടപ്പോള്‍ ജനം തരിച്ചിരുന്നു. അത്രയ്ക്കൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായ ആകാംഷ കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഉത്സാഹമായി. എല്ലാവരും അറിഞ്ഞ്‌ പെര്‍ഫോം ചെയ്തു. നല്ല ലയമായി.
തിരനോട്ടം കഴിഞ്ഞ്‌ "പറയന്റെ കുന്നിലെ.." എന്നഭാഗം അഭിനയിച്ച്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ ഉറപ്പായി കാണികള്‍ നല്ലവണ്ണം രസിക്കുണ്ടെന്ന്‌. ഉറ്റയ്ക്കുമേയുന്ന പയ്യിന്‍മുലക്കളെ കുടിച്ചപൂതം കുറച്ചുനേരം വിശ്രമിക്കാനായി മാറിനിന്നു. അപ്പോള്‍ മണമേറുന്ന ആ അന്തിയില്‍ ബന്ധുഗൃഹം പൂകാന്‍ വെമ്പുന്ന ഒരു കാര്യസ്ഥനും കാരണവരും പ്രവേശിച്ചു. വെറ്റിലകൊടുത്ത്‌ വഴി ക്ലിയര്‍ ആക്കി അവര്‍ പോയി. പിന്നെ വരുന്നത്‌ നടമാടുന്ന നിശ്ശൂന്യതയില്‍ ഒളിസേവയ്ക്കുപോകുന്ന ഒരുത്തനായിരുന്നു. ആ ചെറുവാല്ല്യക്കാരനെ ആകര്‍ഷിച്ച്‌ പനയുടെ മുകളില്‍ കയറ്റി, രൌദ്രഭീമന്‍ സ്റ്റൈലില്‍, പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേക്ക്‌ മുടിയുമെല്ലും വലിച്ചെറിഞ്ഞപ്പോള്‍ കുട്ടികള്‍ ഉറക്കെ പേടിച്ച്‌ കരഞ്ഞു! വലിയവര്‍ വായും പൊളിച്ച്‌ നോക്കിയിരുന്നു. ചില കുട്ടികള്‍ക്ക്‌ നാല്‌ ദിവസം പനിക്കുകയുമുണ്ടായി!
പിന്നെ ആറ്റിന്‍വക്കത്തെ മാളികവീട്ടിലെ അമ്മയും കുട്ടിയുമായിരുന്നു അരങ്ങ്‌ ഭരിച്ചത്‌. ശിവരാമന്റെ പൂതനാമോക്ഷം കണ്ടതിന്റെ പരിചയം അങ്ങനെ മുതലെടുത്തു.
ഉണ്ണിയെക്കാണുന്ന പൂതമൊരോമനപ്പെണ്‍കിടാവായി വഴിവക്കില്‍ വന്നു നിന്നു. കിരാതത്തില്‍ വേഷം മാറുന്ന ശിവപാര്‍വതിമാരുടെ നടനവും ശൂര്‍പ്പണേഖയുമൊക്കെ അവിടെ ഞങ്ങള്‍ക്ക്‌ മാത്‌^കയായുണ്ടായിരുന്നു. ഉണ്ണിയേയും കൊണ്ട്‌ പൂതം പോയി!
"എങ്ങാനും ഉണ്ടോ കണ്ടൂ" സ്റ്റൈലില്‍ നങ്ങേലി ഉണ്ണിയെ അന്വേഷിച്ചിറങ്ങി. പതുക്കെ കാട്ടിലും മേട്ടിലും അന്വേഷിക്കുന്ന അമ്മയായി മാറിയ സോയയെക്കണ്ട്‌ പൊത്തില്‍നിന്നപ്പോള്‍ പുറത്തുനൂഴുന്ന നത്തുകള്‍ കൂടെ എന്താണെന്ന്‌ അന്വേഷിച്ചു. പൂതമോ പേടിപ്പിച്ചോടിക്കാന്‍ നോക്കി. അമ്മയ്ക്കുണ്ടോ കുലുക്കം? നരിയായിവന്നു പുലിയായി വന്നു! എന്നിട്ടും കുലുങ്ങാത്ത അമ്മയ്ക്ക്‌, പൂതമാക്കുന്നിന്റെ മേല്‍മുടിപ്പാറയെ, രാവണന്റെ കെയിലാസോദ്ധാരണം സ്റ്റൈലില്‍, കൈതപ്പൂ പോലെ പറിച്ചുനീക്കി, പൊന്നും വളകളും കൊടുത്തു. അപ്പൊന്നും നോക്കാതെ അമ്മണിനോക്കാതെ അമ്മതന്‍ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്ന രംഗം ആയപ്പോള്‍ കാണികള്‍ രസിച്ച്‌ എല്ലാം മറന്ന്‌ ഇരിക്കുകയാണ്‌. ഇതിലും വലിയതാണെന്റെ പൊന്നോമന എന്നുപറഞ്ഞപ്പോള്‍ പലരും ദീര്‍ഘനിശ്വാസം വിട്ടു.
അമ്മയുടെ മനസ്സുള്ള പൂതം, പെറ്റവയറില്ലാത്ത പൂതം, ആ വയറിനെ വഞ്ചിക്കുവാന്‍ തീര്‍ച്ചയാക്കി. നങ്ങേലിയായി മാറിയ സോയ താപം കൊണ്ട്‌ വിറച്ച്‌ കൊടിയൊരു ശാപത്തിന്നായി കൈകളുയര്‍ത്തി.
പൂതം അപ്പോ ഒരു പണിപറ്റിച്ചു. ഉയര്‍ത്തിയ കൈകള്‍ കണ്ട്‌ കൊണ്ട്‌, ഞെട്ടിവിറച്ചുകൊണ്ട്‌ സ്റ്റേജില്‍ നിന്നും ഇറങ്ങി സദസ്യരുടെ ഇടയിലൂടെ ഒരോട്ടം! പൂതം തിരിച്ച്‌ സ്റ്റേജിലേക്ക്‌ വരുന്നതും കാത്തുകൊണ്ട്‌ കര്‍ണ്ണം മല്ലേശ്വരിയുടെ ഭാരം ഉയര്‍ത്തിയ കൈകള്‍ പോലെ, ശപിക്കാന്‍ തായ്യാറായ സോയ സ്റ്റേജില്‍ മുഖത്ത്‌ സകലഭാവങ്ങളും കാണിച്ചുകൊണ്ട്‌ നില്‍ക്കുന്നു!
പെട്ടെന്നാണ്‌ ഋഷിയും സംഘവും ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചത്‌. "അമ്മേ..അമ്മേ.ണിങ്ങടെ തങ്കക്കുഞ്ഞിനെ" എന്ന്‌ നാഥാ ഭവല്‍ച്ചരണ ദാസരാമിജ്ജനാനാം.." സ്റ്റൈലില്‍ ഒരു കാച്ച്‌.അമ്മേ എന്ന്‌ നീട്ടി രണ്ട്‌ പ്രാവശ്യം പാടിയതോടെ പൂതവും തിരിച്ച്‌ സ്റ്റേജില്‍ എത്തി അമ്മയുടെ കാല്‍ക്കല്‍ വീണു! പരക്കെ കയ്യടിയും ആര്‍പ്പുവിളികളും. പലരും കണ്ണില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന തുള്ളികള്‍ തുടയ്ക്കാന്‍ കൂടെ മിനക്കെട്ടില്ല!
അമ്മയുടെ മഹത്വം തിരിച്ചറിഞ്ഞ പൂതം അമ്മയ്ക്ക്‌ കണ്ണുകള്‍ തിരിച്ചുകൊടുത്തു. ഉണ്ണിയേയും.
യാത്രതിരിക്കുന്ന ഉണ്ണിയെ കാണികള്‍ വാരിയെടുത്ത്‌ പുണര്‍ന്നു. പൂതത്തിനെ അനുഗ്രഹിച്ചു. അമ്മ, പൊന്നുണ്ണിയ്ക്കൊരു കുതുകം ചേര്‍ക്കാനും ഞങ്ങടെ വീട്ടിന്‌ മങ്ങളമേകാനും പൂതത്തിനോട്‌ ആണ്ടുകള്‍ തോറും വന്നുമടങ്ങാന്‍ ആവശ്യപ്പെട്ടു.

posted by സ്വാര്‍ത്ഥന്‍ at 9:47 AM

0 Comments:

Post a Comment

<< Home