Monday, May 15, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - സായാഹ്നത്തിലെ ഒരു ഉച്ചനേരം..

ഉച്ചയൂണിരുന്നപ്പോള്‍ ജോസഫ്‌ ചേട്ടന്‍ ചിന്തിച്ചു, അമേരിക്കയിലിപ്പോ എത്ര സമയം ആയിട്ടുണ്ടാവും. അവിടെ അവര്‍ ഉറക്കമാവും. ഇവിടെ ഉച്ചയാകുമ്പോള്‍ അവിടെ അര്‍ദ്ധരാത്രി എന്നല്ലേ കുഞ്ഞുമോളുപറഞ്ഞെ. കുഞ്ഞുമോള്‍ റെജിയുടെ ഭാര്യയാണ്‌. റെജി, ജോസഫ്‌ ചേട്ടന്റെ മകനും.

ജോസഫ്‌ ചേട്ടന്‍ സംശയിച്ചു, അപ്പൊ ഇന്നത്തെ പകല്‍ അവര്‍ക്കു നമ്മുടെ ഇന്നലെ രാത്രിയായിരുന്നോ അതോ നാളെ രാത്രിയാണോ? അതു അവനോട്‌ അന്നുവന്നപ്പൊ ചോദിക്കാന്‍ മറന്നുപോയി. ജോസഫേട്ടന്റെ ഓര്‍മ്മകള്‍ തിരിഞ്ഞുകറങ്ങിത്തുടങ്ങി. ജോസഫേട്ടന്റെ കയ്യിലിപ്പൊ വള്ളിക്കളസവും ഉടുപ്പും ഇട്ട റെജി പിടിച്ചിരിക്കുകയാണ്‌.

അവന്‍ പറയുന്നുണ്ട്‌ "അപ്പച്ചാ ഇന്നെങ്കിലും ജ്യോമട്രി ബോക്സ്‌ കൊണ്ടു ചെന്നില്ലേല്‍ മൂക്കന്‍ സാറ്‌ ക്ലാസില്‍ നിന്നും ഇറക്കിവിടും എന്നു പറഞ്ഞിരിക്കുവാ, ഉച്ചയ്ക്ക്‌ ശേഷം വരും മൂക്കും നീട്ടിപ്പിടിച്ച്‌ ആ പിശാച്‌."
"ടാ, അങ്ങനൊന്നും പറയാന്‍ പാടില്ല വാദ്യാന്മാരെക്കുറിച്ച്‌. അത്‌ മേടിക്കാഞ്ഞത്‌ നമ്മടെ കൊഴപ്പല്ലെ? അത്‌ തോമാസിന്റെ പെട്ടിക്കടേല്‍ ഉണ്ടാവുവോടാ? അവനാവുമ്പൊ പിന്നെ കാശുകൊടുത്താല്‍ മതി.
നീ പേടിക്കണ്ട അപ്പനെന്തെങ്കിലും വഴിയൊണ്ടാക്കാം. ഉച്ചയ്ക്കല്ലെ"

ഉച്ചക്കഞ്ഞികഴിഞ്ഞു ക്ലാസ്‌ തുടങ്ങുന്നതിനു തൊട്ടുമുന്‍പു ജോസഫുച്ചേട്ടനെത്തി. അയാള്‍ വിയര്‍ത്തിരുന്നു. തലയിലൊക്കെ ഉണക്കയിലയുടെ തുണ്ടുകള്‍ കുരുങ്ങിക്കിടന്നു. ജോസഫ്‌ ചേട്ടന്‍ ഇന്‍സ്ട്രമന്റ്‌ ബോക്സ്‌ റെജിക്കു നീട്ടി. അതു വാങ്ങുമ്പോള്‍ അപ്പന്റെ കയ്യില്‍ നീറുകടിച്ചപോലെയുപാടുകള്‍ റെജി ശ്രദ്ധിച്ചു വിരലിനിടയില്‍ ചത്തിരിക്കുന്ന നീറിനെയും.
"അപ്പനെന്തുപറ്റി? അപ്പനെവിടുന്നാ ഈ വരണേ?"

കീശയുടെ അറയില്‍ നിന്നും ഒരു കുഞ്ഞുമാമ്പഴം എടുത്തുകൊടുത്തിട്ട്‌ ജോസഫ്‌ ചേട്ടന്‍ പറഞ്ഞു,
"നീയിതു ആരും കാണാതെ കൊണ്ടോയ്‌ തിന്നൊ. പുത്തന്‍വീട്ടുകാരുടെ പുരയിടത്തില്‍ മാങ്ങപൊട്ടിച്ചുകൊടുത്തപ്പൊ നിനക്കായ്‌ എടുത്തു വച്ചതാ. നിനക്ക്‌ ഇഷ്ടള്ള മാമ്പഴ പുളിശ്ശേരിക്കുള്ളത്‌ ഞാന്‍ അമ്മച്ചിയുടെ കയ്യില്‍ കൊടുത്തേക്കാം."

റെജിക്ക്‌ മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കില്‍ ഉണുകഴിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. മുതിര്‍ന്നിട്ടും അവന്റെ ആ കൊതി മാറീട്ടില്ല. പണ്ടൊരിക്കല്‍ അവധിക്കു വന്നപ്പൊ അവന്റെ കൊതി പറച്ചില്‍ കേട്ടിട്ട്‌, കീഴെ പറമ്പിലെ തടിച്ചിമാവില്‍ ചാടിക്കയറിയതും ദേഹമാസകലം നീറുകടിച്ചതും ഒക്കെ ഓര്‍ത്തു ജോസഫ്‌ ചേട്ടന്‍.
"ഇപ്പളും ചെറുപ്പാന്നാ വിചാരം?". മാവില്‍ നിന്നിറങ്ങി നീറുകുടഞ്ഞിടുമ്പോള്‍ റാഹേലമ്മ അടുത്തെത്തി.
"എടി റാഹേലമ്മോ, ഞാന്‍ എത്ര മരം കേറിയതാടീ. അങ്ങനെ കേറീട്ടാ ഇന്നെന്റെ പിള്ളാര്‌ നല്ല നെലേ ഇരിക്കണെ. നീയിതു കൊണ്ടായ്‌ നല്ല തകര്‍പ്പന്‍ പുളിശ്ശേരിണ്ടാക്ക്‌ അവന്റെ ആ പഴയ കൊതിയന്‍ ചിരി ഞാനൊന്നു കാണട്ടെടീ"
"അല്ല പിന്നെ, തടിമാടന്‍ ചെക്കന്റെ കൊതിച്ചിരി കാണാനാ ഈ മാവേല്‍ വലിഞ്ഞുകേറിയെ? വയസ്സെത്രായെന്നാ വിചാരം?" അന്ന് റാഹേലമ്മ ഒരുപാട്‌ വഴക്കുപറഞ്ഞു. സ്നേഹ വഴക്ക്‌. ഇന്നിപ്പോള്‍ റാഹേലും ഇല്ല. സ്നേഹവഴക്കും ഇല്ല.

"താനെന്താടോ ചോറുകഴിക്കാഞ്ഞേ?" ഗോവിന്ദന്‍ നായരുടെ വാക്കുകള്‍ ഒരു വലിയ മണിപോലെ മുഴങ്ങി. അതിന്റെ തരംഗങ്ങള്‍ ജോസഫ്‌ ചേട്ടനെ ഓര്‍മ്മയില്‍ നിന്നും വിടുവിച്ച്‌ കൊണ്ടുവന്നു.
അടുത്തിരുന്നു ഗോവിന്ദന്‍ നായര്‍ ചോദിച്ചു. "മോനെക്കുറിച്ച്‌ ഓര്‍ക്കുകാണോ? താന്‍ പേടിക്കണ്ടടോ ജോസപ്പെ അവന്‍ അവന്റെ മോനേം കെട്ടിപ്പിടിച്ചിപ്പോ സുഖ ഉറക്കം ആയിരിക്കും. ഓര്‍ക്കാതിരിക്കുക. ഓര്‍ത്ത്‌ തുടങ്ങിയാ പിന്നെ നമുക്കു നിര്‍ത്താനാവില്ല. നമ്മളിനി ഇങ്ങനെയൊക്കെ അങ്ങുകഴിഞ്ഞാമതി. നമ്മളൊരുപാട് പേരില്ലേ? സമപ്രായക്കാരല്ലെ? ഇതു തന്നെ ഒരു ഭാഗ്യം. താന്‍ കഴിച്ചിട്ട്‌ എഴുന്നേല്ക്ക്‌. തമ്പിസാറിന്റെ വഴക്കു കേള്‍ക്കണ്ട."

ജോസഫ്‌ ചേട്ടനും എഴുന്നേറ്റു.
"വിശപ്പില്ല, വയറ്റിലെന്തോ പെരുപ്പ്‌. തമ്പിസാറിന്ന് എന്നെ ഇത്തിരി വഴക്കു പറഞ്ഞോട്ടെ”.

posted by സ്വാര്‍ത്ഥന്‍ at 1:03 AM

0 Comments:

Post a Comment

<< Home