Thursday, April 13, 2006

Gurukulam | ഗുരുകുലം - വിഷു ആശംസകള്‍…

http://malayalam.usvishakh.net/blog/archives/111Date: 4/14/2006 11:33 AM
 Author: ഉമേഷ് | Umesh

മനോരമയും മാതൃഭൂമിയും എന്തു വേണമെങ്കിലും പറയട്ടേ. നമുക്കു് വിഷു ആഘോഷിക്കാം.

എല്ലാവര്‍ക്കും വിഷു ആശംസകള്‍.

വിഷുക്കണിക്കാവശ്യമായ എല്ലാ സാമഗ്രികളും കിട്ടാത്തതുകൊണ്ടു് കണിയുടെ പടം പോസ്റ്റുചെയ്യുന്നില്ല.

കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും, തിരുവാതിര വരും…
അന്നൊക്കെ ആരെന്നുമെന്തെന്നും,
ആര്‍ക്കൊക്കെ ബ്ലോഗറു ബ്ലോക്കെന്നും,
ആര്‍ക്കൊക്കെ ബ്ലോഗിനു കോപ്പൊക്കെ തീര്‍ന്നെന്നും,
ജോലി കുമിഞ്ഞെന്നും,
സമയം കുറഞ്ഞെന്നും,
പ്രാരബ്ധമായെന്നും,
സ്വാതന്ത്ര്യം പോയെന്നും,
ബ്ലോഗുറവ വറ്റീന്നും,
നാട്ടീന്നു പോണെന്നും,
കമ്പ്യൂട്ടര്‍ ചത്തെന്നും,
ഭാഷ മറന്നെന്നും,
വരമൊഴി മറന്നെന്നും,
ആല്‍‌ഷെമിഴ്സ് ബാധിച്ചു മൊത്തം മറന്നെന്നും,
കൈവിരല്‍ വിറച്ചെന്നും,
വിറ വിട്ട കൈകള്‍ക്കു കൂച്ചുവിലങ്ങെന്നും,
കണ്ണുകളടഞ്ഞെന്നും,
അടയാത്ത കണ്‍കളില്‍ തിമിരം പിടിച്ചെന്നും,
പതറുന്നു വാക്കെന്നും,
പതറാത്ത വാക്കുകളില്‍ ഗര്‍വ്വം കലര്‍ന്നെന്നും,
അരുതാത്ത ചെയ്തികളില്‍ ജീവിതമലഞ്ഞെന്നും,
അലറുന്ന കാലത്തൊടെതിരേറ്റു തോറ്റെന്നും,
അറിയുന്നതാരുണ്ടു്?

അതിനാല്‍,

വരിക സഖാക്കളേ,
അരികത്തു ചേര്‍ന്നു നില്‍ക്കൂ…
ഒരുമിച്ചു കൈകള്‍ കോര്‍ത്തെതിരേറ്റിടാം നമുക്കിന്നത്തെ വിഷുവിനെ,
എന്നിട്ടു നമ്മള്‍ക്കു
കുശുകുശുപ്പില്ലാത്ത,
കുന്നായ്മയില്ലാത്ത,
പരിഹാസമുതിരാത്ത,
സഹജരെക്കുത്താത്ത,
സഹനവും സമതയും കൈയില്‍ മുതലായുള്ള
പുതിയൊരു ബൂലോകമുണ്ടാക്കിടാം, അതില്‍
പുതിയൊരു സൌഹാര്‍ദ്ദമേകാം, പരസ്പരം
ഊന്നുവടികളായ് നില്‍ക്കാം….

(കക്കാടിനോടും അയ്യപ്പപ്പണിക്കരോടും കടപ്പാടു്)


posted by സ്വാര്‍ത്ഥന്‍ at 11:10 PM

0 Comments:

Post a Comment

<< Home