Thursday, April 13, 2006

ചിതറിയ ചിന്തകള്‍ - രേഖകള്‍ പറയാതിരുന്നത്‌....

നിവര്‍ത്തി വെച്ച വലതു കൈപ്പടത്തില്‍
കെട്ടു പിണഞ്ഞു കിടക്കുന്നതു നിയതിയാണ്‌...
ശുക്ര മണ്ഡലം, ഒരു സ്പന്ദിക്കുന്ന ഹൃദയം..
ഉപഗ്രഹങ്ങള്‍.. ഉല്‍ക്കകള്‍.. ധൂമ കേതുക്കള്‍..
കൈ വലയങ്ങളോടു ചേരുന്ന ജീവിത രേഖ,
നിമിഷ സ്പന്ധങ്ങള്‍ക്കിടക്കുള്ള മൂകതയുടെ ആഴമളക്കുന്നു...
പെരു വിരലിനു കീഴെ മുറിഞ്ഞു കിടക്കുന്നത്‌
തണുത്തുറഞ്ഞ തലച്ചോറാണ്‌..
സ്പന്ധമാപിനിയല്‍ വരക്കപ്പെട്ട പോലെ
ഹൃദയ രേഖ,
വികാരങ്ങള്‍ക്കു മുകളില്‍ കരിമ്പടം പുതപ്പിക്കുന്നു..
രാഹു-കേതുക്കളുടെ തമസ്‌ പടര്‍ന്നത്‌
അമ്മയുടെ മോഹങ്ങളിലേക്കായിരുന്നു..
കടമെടുത്ത സ്വപ്നങ്ങളില്‍ നിറയുന്നത്‌
സൂര്യന്റെ തീഷ്ണതയും ചന്ദ്രന്റെ അലംഭാവവും...
രേഖകള്‍ പറയാതിരുന്നതോ?
... മഴവെള്ളത്തില്‍ ചാഞ്ചാടുന്ന ഒരു കടലാസ്‌ തോണി..
... അനന്തതയില്‍ നിന്നും ഭൂമിയെ ലക്ഷ്യമാക്കി വീണു കൊണ്ടിരിക്കുന്ന ഒരു അപ്പൂപ്പന്‍ താടി....
... നിഴല്‍ക്കുത്തേറ്റു പിടഞ്ഞ ഒരു പ്രാവിന്റെ രോദനം...
... പാപ ചക്രങ്ങളില്‍ ചതഞ്ഞരഞ്ഞ പ്രജ്ഞ...

0 Comments:

Post a Comment

<< Home