Thursday, April 13, 2006

ഇതിഹാസം /O^O\ ithihasam - സാന്ദ്രം

മനസിന്നുള്ളില്‍ സ്വപ്നം തീര്‍ത്തൊരു
മായാലോകത്തിന്‍ വാതില്‍ക്കലായ്‌
മാമ്പൂ പൊഴിയുമാ മുറ്റത്തിന്നപ്പുറം
മാരിവില്‍ തോല്‍ക്കുമാ കൊച്ചു ഗേഹം

ഒരു കൊച്ചു വീടുണ്ടെനിക്കോര്‍മ്മയില്‍
ഒരു പൊന്നിളം തെന്നലായിന്നു വീശാന്‍..
ഓമലേ നീയെന്റെ മാനസതീര്‍ത്ഥത്തില്‍
ഓളങ്ങള്‍ തീര്‍ത്തു മറഞ്ഞതെങ്ങോ?

ഇന്നെന്റെ പൂമുഖവാതില്‍ക്കലാരെയോ
ഇരവിന്റെ വരവിലായ്‌ കാത്തുനില്‍ക്കേ,
ഇതള്‍പോയ പൂവിന്റെയാര്‍ദ്രമാം ഭാവം
ഇന്നറിയാതെ എന്‍ മനം കടമെടുത്തു..

എവിടെയെന്നാത്മാവിന്നരുണിമ പോയെന്ന്
എവിടെയോ വെച്ചു സഖി ചോദിച്ച നാള്‍
എവിടേയ്ക്കെന്നറിയാത്തൊരെന്‍ പാതയില്‍
എത്രയോ അരുവികള്‍ ഒന്നു ചേര്‍ന്നു..

അലസ വിദൂരം, ഞാന്‍ തെല്ലു പോകവേ
ആമോദമെന്നുളിലായ്‌ തിരതല്ലി നിന്നു!
ആദ്യമായ്‌ ലോകത്തെക്കാണ്മതിന്‍ ഭാവമോല്‍
ആലസ്യമന്യേ ഞാന്‍ തളിര്‍ത്തു നിന്നു ..

രാവിന്റെ സംഗീതം സന്ധ്യയില്‍ ചാലിച്ച്‌
രാഗാര്‍ദ്രയാമെന്‍ മനസ്സില്‍ നിറച്ച നേരം,
രാത്രിമഴ പെയ്തൊരെന്‍ അങ്കണം തന്നിലായ്‌
രാഗ സുധയായിന്നു നീ വന്നുവെങ്കില്‍...

ഹിന്ദോളരാഗമെന്‍ ഹൃദയമാം വീണയില്‍
ഹര്‍ഷ ബാഷ്പം പെയ്ത നേരമെങ്ങോ?
ഹൃദയ കവാടം തുറന്നിട്ടു ഞാനെന്റെ,
ഹൃദയാഭിലാഷത്തിന്‍ മമ ഭാഷയാലേ..

പ്രാര്‍ത്ഥനാ നിരതമായന്നവിടെ നിന്നപ്പോള്‍
പ്രാണസഖി നീയെങ്ങു പോയ്‌ മറഞ്ഞു?
പ്രണയാശ്രു പോലും മറന്നൊരെന്‍ നേത്രങ്ങള്‍
പ്രതിദിനം നിന്നെയും കാത്തിരുന്നൂ..

പ്രാര്‍ത്ഥനാ നിരതമായന്നവിടെ നിന്നപ്പോള്‍
പ്രാണസഖി, നീയെങ്ങു പോയ്‌ മറഞ്ഞു?
നീയെങ്ങു പോയ്‌ മറഞ്ഞു?
നീയെങ്ങു പോയ്‌ മറഞ്ഞു?



- മടി പിടിച്ചിരുന്ന എന്നെ വീണ്ടും പ്രേരിപ്പിച്ച കുമാര്‍ജീക്ക്..

posted by സ്വാര്‍ത്ഥന്‍ at 8:11 PM

0 Comments:

Post a Comment

<< Home