Wednesday, April 26, 2006

Ente Malayalam - പതിതന്‍

“ഇനിയും വരണേ, ഇതു വഴി..”

അവള്‍ കൈവീശി.

വരാമെന്നോ വരില്ലെന്നോ പറയാന്‍ നിന്നില്ല. വെറുതെ ഒന്ന് ചിരിച്ചു.

വഴികളില്‍ ആള്‍‌സഞ്ചാരം തുടങ്ങുന്നതിനു മുമ്പേയിറങ്ങിയത് നന്നായി. ആരുടേയും കണ്ണില്‍ ‌പെടാതെ കഴിക്കാം.

വിളഞ്ഞ നെല്പാടങ്ങളെ പകുക്കുന്ന വരമ്പിലൂടെ ടോര്‍ച്ച് മിന്നിച്ച് നടന്നു.

അക്കരെ പൂട്ടി വെച്ചിരുന്ന സൈക്കിളവിടെത്തന്നെ കാണണേ...

കഴിഞ്ഞ തവണ വേറൊരിടത്ത് പോയപ്പോള്‍ ഏതോ സാമദ്രോഹി രണ്ട് ടയറിന്റെയും കാറ്റൂരി വിട്ടിരുന്നു. അന്നാ വെളുപ്പിനെ, കാറ്റില്ലാ സൈക്കിള് തള്ളിത്തള്ളി വശംകെട്ടു പോയി.

ഉപയോഗമില്ലാത്ത കേവു‌വള്ളങ്ങള്‍ കരയില്‍ കയറ്റിയിട്ടിരിക്കുന്നത് കാണായി. ചിറയെത്താറായിരിക്കണം.

നടപ്പാതയിലേക്ക് നീണ്ട് നില്‍ക്കുന്ന ഒരു മാവിന്റെ ചില്ലയില്‍ നിന്നും തളിരിലയൊരെണ്ണം ഞരമ്പൊഴിച്ച് ഇരിച്ചെടുത്തു. ഇനി ഇവ ഒന്നിച്ച് തെറുത്തെടുത്താല്‍ പല്ലു തേയ്ക്കാന്‍ അത്യുത്തമം.

കിഴക്ക് വെള്ള കീറിത്തുടങ്ങിയിരിക്കുന്നു.

ചിറയെത്തി. കടവിലാരുമില്ല. കടത്തുതോണിക്കാരെയും കാണാനില്ല. കൊള്ളാം...!!

പൂവരശ് നില്‍ക്കുന്ന പുരയിടത്തിലെ തകരാറായ റാട്ട്മില്ലിന്റെ പിന്നിലാണ്‌, സൈക്കിള്‍.

സൈക്കിളിവിടെത്തന്നെയുണ്ട്. ഭാഗ്യം, ഇത്തവണ ആരും കാറ്റൂരി വിട്ടില്ല. സാമദ്രോഹികളെ, നിങ്ങള്‍ക്ക് നന്ദി..!!

കീശയില്‍ നിന്ന് താക്കോല്‍ തപ്പിയെടുത്തു തുറക്കാനൊരുങ്ങവേ വേറൊരു ആശയം - നാക്ക് കൂടി വടിച്ചിട്ട് പോകാം.

ഒരീര്‍ക്കില്‍ ചീന്തിയെടുത്ത് തിരിച്ച് കടവിലേക്ക് നടന്നു.

തണുത്ത വെള്ളത്തില്‍ വായും മുഖവും കഴുകി. എന്തൊരു സുഖം...!!

ദേഹത്ത് നിന്നിപ്പോഴും അവളുടെ മണം പോയിട്ടുണ്ടാകുമോ? വീട്ടില്‍ ചെന്നാലുടനെ ഈയുടുത്തിരിക്കുന്നതൊക്കെ കുതിര്‍ത്തു വെയ്ക്കണം.

തോളത്ത് കിടന്ന തോര്‍ത്തെടുത്ത് മുഖവും കൈയ്യും തുടച്ചിട്ട് മുഖം മറച്ചൊരു കെട്ടു് കെട്ടി.

തണുപ്പടിക്കാതിരിക്കാനെന്ന് തോന്നുമെങ്കിലും, മുഖം മറയ്ക്കുകയെന്നതാണ് അതിലുമാവശ്യം. പരിചയക്കാരെ എവിടെ എപ്പോ കാണാന്‍ പറ്റുമെന്നാര്‍ക്കറിയാം?

ഡൈനാമോ കേടായിരിക്കുകയാണ്. ഇടയ്ക്കിടെ ടോര്‍ച്ച് തെളിച്ചു കൊണ്ട് നിരത്തിലേക്ക് ഓടിച്ചിറങ്ങി.




അച്യുതന്റെ ചായക്കടയില്‍ പത്രം വിതരണം ചെയ്യുന്ന മാപ്ലയും പിന്നെ രണ്ട് പേരുമുണ്ട്.

“ആഹാ... സാറിതെന്താ ഈ വഴിക്ക്...?” അച്യുതന്‍ നായര്‍ അദ്ഭുതം കൂറി.

“രമണിയും മോനും കൂടി അവളുടെ വീട്ടിലേക്ക് പോയിരിക്കയാ.. ഞാനിന്നലേം ഒന്നും കഴിച്ചതല്ലാ, വെളുപ്പിനേ വിശപ്പും തുടങ്ങി... എന്നാ പിന്നെ അച്യുതന്‍ നായര് തന്നെ ശരണം എന്നാകട്ടെ എന്ന് തീര്‍ത്തു..!!”

കളവ് പറയാനുള്ള സാമര്‍ത്ഥ്യം അപാരം തന്നെ. ഉള്ളില്‍ ചിരി വിങ്ങുന്നുണ്ടായിരുന്നു.

എങ്കിലും ആ മാപ്ലയെന്തിനാ അങ്ങിനൊരു നോട്ടം നോക്കിയത്?

ആങ്ഹ്. എന്തുമാകട്ടെ.




മൊരിഞ്ഞ ദോശയും സാമ്പാറും, കൂടെ ഒരു ചായയും. നല്ല പ്രാതലായിരുന്നു.

അവളുണ്ടാക്കുന്നതിനേക്കാള്‍ മെച്ചമായിരുന്നു. അങ്ങിനെയാണല്ലോ മറ്റ് പലതും...?

എത്തിയപാടെ, ഉടുത്തിരുന്ന തുണിയെല്ലാം ഉരിഞ്ഞ് കാ‍രവെള്ളത്തില്‍ മുക്കി വെച്ചു. ദേഹമെല്ലാം എണ്ണയിട്ടൊരു തേച്ച് കുളിയും കഴിച്ചു.

അവള്‍ വന്നിട്ട് നനയ്ക്കട്ടെ, പതിവ് തെറ്റിക്കേണ്ട.

ഇത്തവണ പട്ടാളക്കാരന്‍ അളിയന്‍ തനിക്ക് വേണ്ടിയെന്താണാവോ കൊണ്ടു വന്നിരിക്കുക?

ചെറിയൊരു കൌതുകം...

രാവിലത്തെ വണ്ടിക്ക് വരുമവള്‍. അന്നേരമറിയാം, അളിയന്‍ കാന്റീനില്‍ നിന്നെന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന്.




മേശപ്പുറത്ത്, മകന്റെ മഷിപ്പേന തുറന്ന് കിടക്കുന്നു. അഞ്ചാം ക്ലാസ്സുകാരന്റെ ആദ്യത്തെ മഷിപ്പേനയാണ്. അമ്മവീട്ടില്‍ പോകാനുള്ള തിരക്കില്‍ വിട്ടു പോയതാവും.

മഷിയുണങ്ങിയ കരടുകള്‍ നിബ്ബിനടിയില്‍ നിന്ന് മാറ്റാതെയിനി അവനെഴുതാന്‍ പറ്റില്ല. താനുമിതിപ്പോഴാണ് കണ്ടത്.

അതെടുത്ത് അടച്ചു വെച്ചു.

ഇനി, അവര്‍ വരുന്നതു വരെ ഒന്ന് മയങ്ങാം, ചാരുകസേരയില്‍.






നീല നിറത്തിലെ ടാക്സിക്കാര്‍ പടി കടന്നു വരുന്നു.

അലമുറയിടുന്ന രമണിയെ ആരൊക്കെയോ ചേര്‍ന്ന് പുറത്തിറക്കുന്നു, അവളുടെ വസ്ത്രങ്ങളിലെല്ലാം രക്തം പുരണ്ടിരിക്കുന്നു.

അയാള്‍ ചാരുകസേരയില്‍ നിന്നിറങ്ങിയോടി ചെന്നു.

അവളുടെ നെറ്റിയേല്‍ വലിയോരു മുറിവുണ്ട്.

പിന്നിലെ സീറ്റില്‍, ചോര പുരണ്ട പായക്കെട്ടിനുള്ളിലൂടെ പുറത്തേക്കുന്തി നില്‍ക്കുന്ന, മകന്റെ നിശ്ചലമായ കാല്പാദങ്ങള്‍ കണ്ടു.

ശക്തി ചോര്‍ന്ന്, നിലത്തിരുന്നു പോയി.

അയാളുടെ കൈകളിലേക്ക്, രമണി, ചോരപ്പൊട്ടുകള്‍ പതിഞ്ഞ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കൊടുത്തിട്ട്, മകനെ ചൂണ്ടി അവ്യക്തമായെന്തോ പറഞ്ഞുറക്കെ അലമുറയിടാന്‍ തുടങ്ങി.

മകന്‍ മാമനോട് പ്രത്യേകം പറഞ്ഞ് കൊണ്ട് വരീച്ചതാണ്, അച്ഛനു വേണ്ടി.

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ പുറത്തെ അക്ഷരങ്ങള്‍ പ്രയാസപ്പെട്ട് കൂട്ടി വായിച്ചു,

മില്ലര്‍ ഡൈനാമോ.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:44 PM

0 Comments:

Post a Comment

<< Home