എന്റെ ലോകം - ചില മറവികള്‍
http://peringodan.blogspot.com/2006/04/blog-post_26.html | Date: 4/26/2006 3:44 PM |
Author: പെരിങ്ങോടന്‍ |
അച്ഛന്റെയൊരു സുഹൃത്തുണ്ടായിരുന്നു, രാമന്‍. രാമന്‍ വാഹനാപകടത്തില്‍ അപായപ്പെട്ടു എന്ന വാര്‍ത്തയും കേട്ടാണു് ഒരു ദിവസം തുടങ്ങിയതു്. അത്ര പുലര്‍ച്ചയ്ക്കുതന്നെ രാമന്‍ മദ്യപിക്കില്ല, രാമനെ അറിയുന്നവര്‍ വിലയിരുത്തി, അറിയാത്തവര്‍ മറുത്തുപറഞ്ഞു. ലോറിയുടെ പിന്‍ ടയര്‍ കഴുത്തിനു മുകളിലൂടെ കയറിയിറങ്ങിയെന്നു സംഭവത്തെ കുറിച്ചറിഞ്ഞവര്‍ പറഞ്ഞുകേട്ടു. എന്റെ സഹോദരങ്ങള്‍ ദുഃഖിച്ചിരുന്നു, അവരെ നേഴ്സറികളില്‍ കൊണ്ടുചെന്നാക്കിയിരുന്നതു രാമനായിരുന്നുവത്രെ. ആശുപത്രി കിടക്കയിലെ രാമനെ ഓര്‍ക്കുന്നുണ്ടു്, അയാള്‍ക്കു ചലനശേഷി നഷ്ടപ്പെട്ടിരുന്നു. സ്കൂള്‍ മൈതാനത്തിനടുത്തുള്ള ചെറിയ വീട്ടില്‍ അനക്കമറ്റു കിടക്കുന്ന രാമനെയും ഓര്‍ക്കുന്നു. രാമന്‍ ബെഡ്‌സോറുകളാല്‍ വേദന തിന്നുകയായിരുന്നു. അയാള്‍ കിടന്നിരുന്ന വാട്ടര്‍ ബെഡ്ഡിന്റെ വിലയെ കുറിച്ചു രാമന്റെ സഹോദരി സംസാരിച്ചിരുന്നു. “ബാബൂ” എത്ര വലുതായിയല്ലേ! രാമന്‍ അയാളുടെ സഹോദരിയോടായി സംസാരിച്ചു. അതെ, അന്നു മെഡിക്കല്‍ കോളേജില്‍ കിടക്കുമ്പോള്‍ കാണുവാന്‍ വന്നിരുന്നു, ഏട്ടനപ്പോള്‍ ഉറങ്ങുകയായിരുന്നു. അവര്‍ മറുപടി പറഞ്ഞു. രാമന്‍ നരച്ചിരുന്നു, രാമനു ഒരു കുടുംബമുണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്, ദൂരെ തമിഴ്‌നാട്ടിലെങ്ങോയുള്ള അവര്‍, ആരെന്നും എന്തെന്നും ആര്‍ക്കറിയാം! രാമന്റെ പുരയുടെ ഉമ്മറത്തിന്റെ മരുന്നുകളുടെയും മരണത്തിന്റെയും ഗന്ധമായിരുന്നു. അവിടേയ്ക്കു ഒരു ബാലന്‍ കടന്നുവന്നു, അവന്‍ എന്നെ ബഹുമാനത്തോടെ “മാഷെ” എന്നു വിളിച്ചു. രാമന്റെ പെങ്ങള്‍ തുടര്‍ന്നു, ഇവനെ കുട്ടി പഠിപ്പിച്ചിട്ടുണ്ടു്. രാമന്‍ മുഴുവനാക്കി, ഞാന്‍ എന്നും വിശേഷം ചോദിക്കുമായിരുന്നു. ഞാന്‍ തപിച്ചിരുന്നു, ഞാനൊന്നും ഓര്‍ത്തിരുന്നില്ല. ഇപ്പോഴും ഓര്‍ക്കുന്നില്ല, രാമനു പിന്നീടെന്തായി? വല്ലപ്പോഴും നാട്ടിലേയ്ക്കു വിളിക്കുമ്പോള്‍ “രാമന്‍ മരിച്ചുവോ?” എന്നു ചോദിക്കുവാന്‍ മടി. ഉത്തരം ലഭിച്ചേയ്ക്കും, പക്ഷെ എന്തിനു്?
0 Comments:
Post a Comment
<< Home