Saturday, April 29, 2006

അശ്വമേധം - മിക്സഡ്‌ ഡബിള്‍സ്‌

ഉയര്‍ന്നു വന്ന പന്ത്‌ സണ്ണി നെഞ്ചത്തെടുത്തു. ഒന്നു കുതിച്ച്‌ നിലത്തു വീണ പന്ത്‌ ചവിട്ടിനിര്‍ത്തി ചുറ്റും നോക്കി. പന്ത്‌ കാലിലെത്തിയാല്‍ കണ്ണ്‌ മൈതാനം മുഴുവന്‍ എത്തണം, ആളില്ലാതെ നില്‍ക്കുന്ന കൂട്ടുകാരനെ തേടിപ്പിടിച്ച്‌, അവന്‍ വളയപ്പെടുന്നതിനു മുന്നെ അവന്റെ കാലില്‍ പന്തെത്തിക്കണം എന്നു പഠിപ്പിച്ച ഐസക്ക്‌സാറിനെ മനസിലോര്‍ത്ത്‌ സണ്ണി ഒരു വട്ടം കറങ്ങി. സെബാന്‍ വലതു മൂലയിലൂടെ കുതിക്കുന്നതു കണ്ടു. ഡി-യുടെ ഉള്ളിലേക്ക്‌ പന്ത്‌ പൊക്കിക്കൊടുത്തപ്പോളാണ് മൊബൈല്‍ അടിക്കാന്‍ തുടങ്ങിയത്‌. “കോട്ടപ്പുറം കോളിങ്ങ്‌...”... “ഡാ, നമ്മടെ പോസ്റ്റര്‍ അവന്മാര്‍ പിന്നേം കീറി. നീ വേഗം വാ. യൂണിറ്റില്‍ നിന്ന്‌ അളു വരുന്നുണ്ട്‌. ഇന്നു രണ്ടിലൊന്ന്‌ അറിയണം.” പന്തു രണ്ടാമതു നിലം തൊടുന്നതിനു മുന്നെ ഒരു അത്യുഗ്രന്‍ ഗ്രൌണ്ടറിലൂടെ ഗൊള്‍ പോസ്റ്റിലേക്കു പറത്തിയിരുന്ന സെബാന്‍ തിരിഞ്ഞോടുന്നതിനിടക്ക്‌ അവനോടു മാത്രം പറഞ്ഞിട്ട്‌ മൈതാനം വിട്ടു.

കോളേജിലേക്കു പോകണോ അതോ യൂണിറ്റിലേക്കു പോകണോ എന്നു സണ്ണി ഒരു നിമിഷം ആലോചിച്ചു. എല്ലാവരും കോളേജില്‍ എത്തിക്കാണും എന്നു തോന്നിയതു കൊണ്ട്‌ ബൈക്ക്‌ നേരെ കോളേജിലേക്കു വിട്ടു. പ്രതീക്ഷിച്ച പോലെ വഴിയില്‍ കാവിസംഘം നില്‍പ്പുണ്ടായിരുന്നു. തടയാന്‍ ധൈര്യമുള്ളവരാക്കൂടെ കാണില്ലെന്നറിയാവുന്നതു കൊണ്ട്‌ ബൈക്കിന്റെ വേഗം മനപ്പൂര്‍വം അല്‍പ്പം കുറച്ചു. ഒന്നാം വര്‍ഷക്കാരന്‍ ഏതോ വിവരദോഷി ഒരു ചെയിനുമായി ചാടുന്നതും ശാഖയിലെ അനന്തന്‍ അവനെ പൊക്കിയെടുത്ത്‌ മാറ്റുന്നതും സണ്ണി കണ്ടു. പാര്‍ട്ടിയിലെ വേറെ ചില ഈര്‍ക്കിലികളെപ്പോലെ അല്ല സണ്ണീ എന്ന്‌ അനന്തനറിയാം... ആ നാട്ടില്‍ ജനിച്ചു വളര്‍ന്ന സണ്ണിയെ തൊട്ടാല്‍ ചോദിക്കാന്‍ വരുന്നതു യൂണിറ്റില്‍ നിന്നുള്ള പ്രൊഫഷണല്‍ ആള്‍ക്കാരായിരിക്കും എന്നും അനന്തനറിയാം... പിന്നെ ചെയിനുമായി ചാടിയവന്‍ വര്‍ഷം തികയ്ക്കില്ല.

സണ്ണി കോളേജിലെത്തിയപ്പോഴേക്കും പാര്‍ട്ടിക്കാരെല്ലാം എത്തിയിരുന്നു. ഇലക്ഷനൊടനുബന്ധിച്ചുള്ള സ്തിരം കലാപരിപാടിയാണ് പോസ്റ്റല്‍ കീറല്‍. ഒരു പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്റര്‍ ഇരുട്ടത്ത്‌ മറുപാര്‍ട്ടിക്കാര്‍ കീറല്‍...ആളു കൂടുമെന്നറിയാവുന്നതിനാല്‍ മറ്റവന്മാരെല്ലാം ശാഖയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇനി അവിടെ പോയി ഒരു പ്രശ്നമുണ്ട്ക്കിയിട്ടു പ്രത്യേകിച്ചു കാര്യം ഇല്ല എന്നു സണ്ണിക്കു തോന്നി. ചിലപ്പോള്‍ തല്ലു കൊണ്ടേക്കാനും മതി. അതു കൊണ്ട്‌ സ്തിരം അടവായ വെല്ലുവിളി പുറത്തെടുത്തു. “പോസ്റ്റര്‍ കീറിയവന്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചവനാണെങ്കില്‍ പുറത്തു വാടാ...” സ്വൊന്തം പാര്‍ട്ടിക്കാരെ ശ്രോതാക്കളായുള്ളു എന്ന്‌ അറിഞ്ഞു കൊണ്ടുള്ള ഒരു സ്തിരം നംബര്‍.

ആനി കേള്‍വിക്കാരുടെ കൂടെയുള്ള കാര്യം സണ്ണി അവസാനമാണു കണ്ടത്‌. ഇതുപോലെയുള്ള പൊറാട്ടുനാടകങ്ങള്‍ അവളുടെ മുന്നില്‍വെച്ച്‌ ഇറക്കേണ്ടിവന്നതില്‍ സണ്ണിക്ക്‌ അല്‍പ്പം ചമ്മല്‍ തോന്നി. തത്ത്വശാസ്ത്രങ്ങളില്‍ ആകൃഷ്ടയായി പ്രസ്ഥാനത്തിലേക്കിറങ്ങിയ അപൂര്‍വം പെണ്‍കുട്ടികളില്‍ ഒരാള്‍... അല്ലെങ്കില്‍ സണ്ണിക്കറിയാവുന്ന ഒരേ ഒരാള്‍... ബാക്കിയുള്ളവരൊക്കെ കൂട്ടുകാരികളുടെ അടുത്ത്‌ മേനി പറയാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്നവരായിരുന്നല്ലോ...

പാര്‍ട്ടിയെ നയിക്കുന്ന സണ്ണിയെക്കാള്‍ കോളേജ്‌ ഫുട്‌ബോള്‍ ടീമിനെ നയിക്കുന്ന സണ്ണിയെ ആണ്‌ ആനിക്കു കൂടുതല്‍ ഇഷ്ടം എന്നു സണ്ണിക്കു പലപ്പോഴും തോന്നിയിരുന്നു. പിന്നെ അവളുടെ കൂടെ യൂണിവേഴ്സിറ്റി മിക്സഡ്‌ ഡബ്ബിള്‍സ്‌ ബാഡ്‌മിന്റണ്‍ കളിക്കാറുള്ള സണ്ണിയെയും... കളിക്കളത്തില്‍ വെച്ച്‌ അവളുടെ നോട്ടത്തിലുള്ള ആ ആരാധനാഭാവം പാര്‍ട്ടിപ്രകടങ്ങ്ിലോ പ്രതിഷേധങ്ങളിലോ സണ്ണി കണ്ടിട്ടില്ല. എന്തിന്‌ അവളെ കമന്റടിച്ചതിന്റെ പേരില്‍ ഇല്ലാത്ത ഒരു പാര്‍ട്ടിപ്രശ്നം കുത്തിപ്പൊക്കി എതിര്‍പ്പാര്‍ട്ടിക്കാരന്‍ ശ്രീജിത്തിനെ വളഞ്ഞു വെച്ചു തല്ലി വിജയശ്രീലളിതനായി സണ്ണി അവളെ തിരിഞ്ഞു നോക്കിയപ്പോഴും അവളുടെ കണ്ണിലുണ്ടായിരുന്നത് ഒരുതരം അവജ്ഞ അല്ലായിരുന്നോ...
ഇലക്ഷന്‍ പാനല്‍ അടക്കം തൂത്തു വാരി വിജയിച്ച് ജനറല്‍ സെക്രട്ടറിയും ചെയര്‍ പേഴ്സണും ആയി തോളോടു തോള്‍ ചേര്‍ന്ന് രണ്ടു പേരും കോളേജ് അങ്കണത്തിലേക്കു സ്വീകരിച്ചാനയിക്കപ്പെട്ടപ്പോഴുള്ള ചിരി പണ്ടു ഇന്റര്‍ കോളേജിയേറ്റ്‌ ബാഡ്മിന്റണ്‍ ജയിച്ചപ്പൊഴത്തെ ആ നിറഞ്ഞ ചിരിയോടെയുള്ള കൈകുലുക്കലിന്റെ അടുത്തെങ്ങും എത്തിയതായി സണ്ണിക്കു തോന്നിയില്ല.

പിന്നെ അവസാന വര്‍ഷം... പാര്‍ട്ടിയും പ്രസ്ഥാനവുമായി തിരക്കുകള്‍...ഫുട്ബോള്‍ മൈതാനം തന്നെ കാണാത്ത മാസങ്ങള്‍. ബാഡ്മിന്റണ്‍ റാക്കറ്റ്‌ ചിതലെടുത്തോയെന്നു വരെ സംശയം. അവള്‍ അകന്നതു സണ്ണിയില്‍ നിന്നു മാത്രമായിരുന്നോ? പാര്‍ട്ടിയില്‍ നിന്നും കൂടെ ആല്ലായിരുന്നോ? മത്സരിക്ക്നില്ലെന്നു പറഞ്ഞു മാറി നിന്നത്... തീപ്പോരി പ്രാസംഗിക പ്രചാരണത്തിനു പോലും വരാതിരുന്നത്. പക്ഷെ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കാനുള്ള തിരക്കില്‍ ആ അകല്‍ച്ച ശ്രദ്ധിക്കാന്‍ സണ്ണിക്കു സമയമില്ലായിരുന്നു. സമയമുണ്ടായപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു.

സമയം... അതു കാത്തു നില്‍ക്കാറുണ്ടോ? ഇന്ന് ഒരു അംബരചുംബിയുടെ നാല്പത്തിരണ്ടാം നിലയില്‍ ഇരുന്ന് ഒരു വെള്ളിയ്ഴ്ച്ച കൂടി ബിയറില്‍ മുക്കിക്കളയുമ്പോള്‍ അവന്‍ ഓര്‍ത്തു - സമയം ആര്‍ക്കായും കാത്തു നില്‍ക്കുന്നില്ല. ഇടതു കവിളിലെ ഒരു കത്തിപ്പാടും പിന്നെ കുറെ ഓര്‍മ്മകളും...അത്രയല്ലെ ബാക്കിയുള്ളു...

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:12 AM

0 Comments:

Post a Comment

<< Home