Friday, April 28, 2006

::വാക്ക്‌ | VAKKU:: - അപ്രസക്തന്‍

http://manjithkaini.blogspot.com/2006/04/blog-post_28.htmlDate: 4/28/2006 11:14 PM
 Author: മന്‍ജിത്‌ | Manjith
ഷോപ്‌വൈസ് കാര്‍ഡും പിടിച്ചാണിന്നലെ അത്താഴത്തിനിരുന്നത്. ഒരു പ്രതലത്തില്‍ ദ് ലോസ്റ്റ് എന്ന നരച്ച ഓര്‍മ്മപ്പെടുത്തല്‍.

"സ്റ്റീവ് ലൂയിസ്. ഇപ്പോള്‍ പ്രായം 45. 1980 മേയ് 25നു കൊളറാഡോയിലെ ലേക്ക് വുഡ് സിറ്റിയില്‍നിന്നും കാണാതായി. കാണാതായപ്പോഴുള്ള ചിത്രം ഇടതു വശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയറാക്കിയ ഇപ്പോഴത്തെ ഏകദേശ രൂപം വലതുവശത്ത്. കണ്ടുമുട്ടുന്നവര്‍ ഞങ്ങളെ വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ ഇരുപത്തയ്യായരത്തി മുന്നൂറ്റി എഴുപത്തെട്ടുപേരെ ഉറ്റവര്‍ക്കു തിരിച്ചു കിട്ടിയിരിക്കുന്നു."

രണ്ടു ചെറു ചതുരങ്ങള്‍ക്കുള്ളില്‍ ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്‍‌പും, ശേഷവും!

"ഈ നോട്ടീസുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?"

"25 വര്‍ഷങ്ങള്‍ അയാളുടെ രൂപത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കില്ല?. അതു കമ്പ്യൂട്ടര്‍ വരയ്ക്കുന്നതു പോലെയാകണമെന്നുണ്ടോ?"

"അല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

അത്താഴച്ചൂടിനൊപ്പം ഭാര്യ പിന്നെയും പ്രസക്തമാണെന്ന് അവള്‍ക്കു തോന്നുന്നു ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം പറഞ്ഞവയൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ സംശയം എന്റെ മനസിന്റെ കാലചക്രങ്ങളെ മുന്നോട്ടു കറക്കി.

"25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

കാര്‍‌ഡില്‍ നിന്നും സ്റ്റീവ് ലൂയിസിനെ ഇളക്കിമാറ്റി വെളുത്ത ചതുരങ്ങള്‍ക്കുള്ളില്‍ ഞാനൊരു നാല്പതു വയസുകാരന്റെ ചിത്രം വരച്ചു. ശൂന്യമാക്കപ്പെട്ട വലത്തേ ചതുരത്തിലൂടെ ഞാന്‍ കാലത്തെ മുന്നോട്ടു നോക്കി.

കാലമിപ്പോള്‍ 2041 ഏപ്രില്‍ 25. ഏതോ മലയാളി കുടുംബം അത്താഴത്തിനിരിക്കുന്നു. അല്പം മുതിര്‍ന്നതെന്നു തോന്നിക്കുന്ന പുരുഷന്റെ കയ്യില്‍ ഷോ‌പ്‌വൈസ് കാര്‍ഡുണ്ട്. അതല്‍പ്പം ഉച്ചത്തില്‍ വായിക്കയാണയാള്‍.

"മന്‍‌ജിത് ജോസഫ്. ഇപ്പോള്‍ പ്രായം 65. 2016 മേയ് 25നു ന്യൂയോര്‍ക്കിലെ ക്യാറ്റ്സ്കില്‍ സ്റ്റിറ്റിയിലുള്ള വീടിന്റെ മുറ്റത്ത് , മരച്ചുവട്ടില്‍ ബ്ലോഗ് എഴുതിയിരിക്കെ അപ്രത്യക്ഷനായി. കാണാതാകുമ്പോഴുള്ള രൂപം ഇടതുവശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയാറാക്കിയ ഇപ്പോഴത്തെ രൂപം വലതു വശത്ത്. തിരിച്ചറിയുന്നവര്‍ ദയവായി വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ 30, 45, 134 പേരേ കണ്ടെത്തിയിട്ടുണ്ട്!".

"ബ്ലോഗെഴുതുന്നതിനിടയില്‍ കാണാതാകയോ? ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാം".

"ആരു തട്ടിക്കൊണ്ടുപോകാന്‍?"

"നാല്പതാം വയസില്‍ വീട്ടുമുറ്റത്തിരുന്നു ബ്ലോഗെഴുതുന്നവനെ ഇവിടെ അമേരിക്കയില്‍ ആര്‍ക്കു വേണം?"

"തനിയെ എവിടെയെങ്കിലും പോയതാവാം. ഈ ഉന്മാദം എന്നൊക്കെ കേട്ടിട്ടില്ലേ. വല്ലതും എഴുതുന്നവന്മാര്‍ക്കൊക്കെ അതിത്തിരി കൂടുതലാ."- തീന്‍‌മേശയുടെ വലതു വശത്തിരുന്ന ചെറുപ്പക്കാരനാണതു പറഞ്ഞത്.

"ശരിയാ, അയാള്‍ടെ ബ്ലോഗ് ആരും വായിക്കാതെയായിട്ടുണ്ടാവണം"

"അല്ലെങ്കില്‍ എഴുത്തിന്റെ ഉറവ വറ്റിയിരുന്നിരിക്കാം"

"ഇയാള്‍ടെ ഭാര്യക്കും മക്കള്‍ക്കും പോലും ഇപ്പോള്‍ തിരിച്ചറിയാനൊത്തേക്കില്ല. 25 വര്‍ഷം ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാളെ ആരോര്‍ത്തിരിക്കാന്‍"- അതു പറഞ്ഞത് മുതിര്‍ന്നയാളുടെ എതിര്‍വശത്തിരുന്ന സ്ത്രീയാണ്. അതയാളുടെ ഭാര്യയായിരിക്കണം.

"അല്ലെങ്കില്‍ത്തന്നെ ഈ അറുപത്തഞ്ചാം വയസില്‍ ഇയാളെ കണ്ടെത്തിയിട്ട് ആര്‍ക്കെന്തു പ്രയോജനം?. ഈ പരസ്യം തികച്ചും അപ്രസക്തം തന്നെ"

ഇങ്ങനെ പറഞ്ഞുകൊണ്ട് മുതിര്‍ന്നയാള്‍ ഷോപ്‌വൈസ് കാര്‍ഡ് ട്രാഷിലേക്കു ചുരുട്ടിയിട്ടു. ചര്‍ച്ച അവിടെ അവസാനിച്ചു. ആരുമന്വേഷിക്കാത്ത പരശതമാള്‍ക്കാരുടെ കൂട്ടത്തിലേക്ക് അറുപത്തഞ്ചുകാരനായ മന്‍‌ജിത് ജോസഫ് വീണ്ടും തള്ളിയിടപ്പെട്ടു.

"ചോറിതുവരെ ഉണ്ടുതീര്‍ത്തില്ലല്ലോ സാറേ"

ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. ചതുരങ്ങള്‍ക്കുള്ളില്‍ സ്റ്റീവ് ലൂയിസ് പെട്ടെന്നു തിരിച്ചുവന്നു.

ഈ നാല്പത്തഞ്ച്ചാം വയസില്‍ എന്താണിയാളുടെ പ്രസക്തി? -‍ പാത്രത്തിലൂടെ കയ്യിഴച്ച് എന്നോടുതന്നെ ചോദിച്ചു.

മനസ് പെട്ടെന്നു തന്നെ ഉത്തരവും തന്നു. കാണാതായവന്‍ എന്നതാണയാളുടെ പ്രസക്തി. അതെ അതുമാത്രം.

ദ് ലോസ്റ്റ് എന്ന പ്രതലം മറിച്ച് ഞാന്‍ പെട്ടെന്നു തന്നെ കാര്‍ഡിന്റെ മറ്റേ പ്രതലത്തിലെത്തി.
ഷോപ്‌വൈസ് എന്നു വലുതായെഴുതിയ ആ പ്രതലമായിരു‍ന്നു കൂടുതല്‍ ആകര്‍ഷകം.

പ്രസക്തി തിരിച്ചറിഞ്ഞു ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുപ്പുകള്‍ നടത്തുക. ബുദ്ധിപൂര്‍വ്വം ജീവിക്കുക.

ഇതൊക്കെത്തന്നെ ഇന്നെന്റെ പ്രസക്തി. ശേഷം അപ്രസക്തം.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:11 PM

0 Comments:

Post a Comment

<< Home