എന്റെ ലോകം - വിഷുവും വിശേഷങ്ങളും
http://peringodan.blogspot.com/2006/04/blog-post_15.html | Date: 4/15/2006 3:09 AM |
Author: പെരിങ്ങോടന്‍ |
കോതരക്കാട്ടില്‍ എഞ്ചിനീയറിങ് കോളേജ് വന്നതും, ചാലിശ്ശേരി അങ്ങാടിയില്‍ മെഡിക്കല്‍ കോളേജ് വന്നുവെന്നും പറയുമ്പോള്‍ ചിരിക്കുവാതിരിക്കുവാന്‍ കഴിയുമോ? പെരിങ്ങോടിന്റെ അതിരുകളാണു്, കോതച്ചിറയും ചാലിശ്ശേരിയുമെല്ലാം. ചാലിശ്ശേരി പുരാതനകാലം മുതല്‍ക്കുള്ള ഒരു അങ്ങാടിയെന്ന പേര് ഇപ്പോഴും അടക്കാവിപണനത്തിയിലൂടെ നിലനിര്‍ത്തുന്നു. അവിടെ ഒരു മെഡിക്കല്‍ കോളേജ് വരുകയെന്നാല്‍ പെരിങ്ങോടുകാര്‍ അസൂയയയില്‍ നിന്നുടലെടുത്ത പുച്ഛരസത്തോടെ ചിരിച്ചേയ്ക്കും. മെഡിക്കല്‍ കോളേജല്ല, ഡെന്റല്‍ കോളേജാണു്, ചാലിശ്ശേരിയില്‍ വന്നിരിക്കുന്നതെന്നു മറ്റൊരു അന്വേഷണത്തില്‍ തെളിഞ്ഞു. മുലയംപറമ്പത്തെ പൂരം ഇക്കുറി എങ്ങിനെ ഉണ്ടായിരുന്നുവോ എന്തോ? അന്വേഷിക്കുവാന്‍ വിട്ടുപോയി. ഈ ഭഗവതിക്ഷേത്രം പാലക്കാട്-ഗുരുവായൂര്‍ റോഡില്‍ പട്ടാമ്പി വഴി സഞ്ചരിക്കുന്ന മിക്കവരും ശ്രദ്ധിച്ചുകാണും. ചാലിശ്ശേരി അങ്ങാടിയും കഴിഞ്ഞു കാണുന്ന വിശാലമായ മൈതാനവും ക്ഷേത്രവും വഴിയാത്രക്കാര്‍ക്കെളുപ്പം തിരിച്ചറിയാവുന്ന സ്ഥലങ്ങളാവണം. കാര്‍ണിവല്‍ എന്ന മലയാളം ചലച്ചിത്രം ചിത്രീകരിച്ചതും ഈ ക്ഷേത്രമൈതാനിയില്‍ വച്ചായിരുന്നു.
സ്ഥലനാമം | പോസ്റ്റല്‍ കോഡ് |
ചെറുതുരുത്തി | 679531 |
ദേശമംഗലം | 679532 |
കൂറ്റനാടു് | 679533 |
തൃത്താല | 679534 |
പെരിങ്ങോടു് | 679535 |
ചാലിശ്ശേരി | 679536 |
ചാത്തനൂര്‍ | 679537 |
തലക്കശ്ശേരി | 679538 |
പല്ലൂര്‍? | 679539 |
കോതച്ചിറ എന്നപേരിലുള്ള ഗ്രാമം പെരിങ്ങോട് തപാലാപ്പീസിന്റെ പരിധിക്കുള്ളില്‍ വരുന്ന പ്രദേശമാണു്. കേരളോത്സവം കായികമത്സരങ്ങളില്‍ ഫുട്‌ബാള്‍ കിരീടം നേടിയാണു് കോതച്ചിറ പ്രശസ്തമാകുന്നതു്. കോതച്ചിറയിലെ മിക്ക കളിക്കാരും പെരിങ്ങോട് ടീമിലുള്ളവര്‍ തന്നെ. കോതച്ചിറയിലെ മനയും മനയിലെ ആനച്ചമയങ്ങളും അക്വേഷ്യാകാടുകളും പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കിടയില്‍ പ്രസിദ്ധമാണു്. ഒന്നുരണ്ടു ബൈക്കും കള്ളും സിഗററ്റും തല്ലിക്കൂട്ടുവാന്‍ പ്രായമായ കൌമാര്യക്കാര്‍ക്കിടിയില്‍ വളരെ കുപ്രസിദ്ധമാണു് കോതച്ചിറയിലെ അക്വേഷ്യാക്കാടുകള്‍ക്കിടയിലുള്ള “ഊട്ടി” എന്ന സങ്കേതം. അപ്രകാരമുള്ള കോതച്ചിറ കാട്ടിലാണു്, എഞ്ചിനീയറിങ് കോളേജ് വന്നിരിക്കുന്നതു്. രണ്ടു അങ്ങാടിയും സ്കൂളും പോസ്റ്റോഫീസും, ക്ലിനിക്കും, തൃശൂര്‍ക്കു ബസ്സും സ്വന്തമായുള്ള പെരിങ്ങോട്ടുകാര്‍ക്കു കോതരക്കാരോടുണ്ടായിരുന്ന പുച്ഛം കെട്ടുപോയോ എന്തോ? എഞ്ചിനീയറിങ് കോളേജ് വരുന്നു എന്ന വാര്‍ത്ത കേട്ടു്, “കോതരേലും കൂടി എഞ്ചിനീയറിങ് കോളേജായി, ഇനി മക്കളെ എഞ്ചിനീയറാക്കീട്ട് ഒരു കാരൂല്യ” എന്നു വിലപിച്ചിരുന്ന രക്ഷിതാക്കളുടെ തലയില്‍ ഇടിത്തീയെന്ന പോലെയാകണം ചാലിശ്ശേരി മെഡിക്കല്‍ കോളേജ് വന്നിറങ്ങിയതു്.
എന്റെ പഴയകാല സതീര്‍ഥ്യന്‍ പറഞ്ഞുവന്ന മറ്റൊരു വിശേഷം, “വട്ടപ്പറമ്പ്” എന്ന പെരിങ്ങോടിന്റെ പ്രാന്തപ്രദേശത്തുകൂടെയും ബസ്സ് സര്‍വീസസുകള്‍ തുടങ്ങിയെന്നാണു്. കുട്ടിക്കാലത്തു്, വട്ടപ്പറമ്പിനും ആമക്കാവിനും (യാഥാക്രമേ കിഴക്കും പടിഞ്ഞാറും) അപ്പുറം ജനവാസമില്ലെന്നായിരുന്നു കരുതിയിരുന്നതു്. തൊഴുക്കാടു വഴി കൂറ്റനാട്ടേക്കും, മതുപ്പുള്ളി വഴി കറുകപുത്തൂര്‍ ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലേക്കും പോകാമെന്നു അറിഞ്ഞിരുന്നു. അതിരാവിലെ തൃശൂര്‍ക്കു പുറപ്പെട്ടിരുന്ന “പീയേയാര്‍” മൂളിപ്പറമ്പ്, കോതച്ചിറ, തിപ്പിലശ്ശേരി വഴി അക്കിക്കാവു ചെന്നു കയറി കുന്ദംകുളത്തേയ്ക്കു പോകുന്നു. പെരിങ്ങോടിപ്പോള്‍ എത്ര ബസ്സോടുന്നുണ്ടോ ആവോ? ചാലിശ്ശേരി-കൂറ്റനാട് റോഡില്‍ ഗതാഗത തടസ്സം നേരിടുമ്പോള്‍ പെരിങ്ങോടുവഴി “പറന്നു” പോകുന്ന മയില്‍വാഹനവും മഞ്ചേരിയില്‍ നിന്നു തൃശൂര്‍ക്കു “കത്തിച്ചുവിടുന്ന” ജനതയും കേയെസ്സാര്‍ട്ടീസിയുടെ ആനവണ്ടിയും ചേര്‍ന്നൊരു ബഹളമാകും. പെരിങ്ങോടുകാരുടെ ദിവാസ്വപ്നങ്ങളിലൊന്നാകണം ഈ ബസ്സ് സെര്‍വീസുകള്‍ സ്ഥിരമായി റൂട്ടുമാറി സഞ്ചരിക്കുന്നതു്.
പെരിങ്ങോട് പുരാതനമായ ഒരു കളരിയുണ്ടു്, അത്യാവശ്യം ആയുര്‍വേദ ചികിത്സകളും (അസ്ഥിസംബന്ധമായ ഉഴിച്ചില്‍ ഇത്യാദികള്‍) ആയോധന കലകളും അഭ്യസിപ്പിക്കുന്ന പൂമുള്ളിമന വക കളരി. കളരിയില്‍ പോകുന്ന ചിലരൊക്കെ ഉഴിച്ചില്‍ വിദഗ്ദരായി പുറത്തിറങ്ങും, ചിലരൊക്കെ നായര്‍-നമ്പൂരി ആയതുപോലെ പുറത്തിറങ്ങും; എന്നുവച്ചാല്‍ സംസാരത്തില്‍ ചില നീട്ടലും കുറുക്കലും അയിത്തചിന്തയുമൊക്കെ കൂടിവരുമെന്നര്‍ഥം. കളരിയില്‍ നിന്നു അഭ്യസിച്ചിറങ്ങിയ അഭ്യാസികളെ ആരെയും എനിക്കു പരിചയമില്ല (അഭ്യാസികളേ ഇല്ലെന്നു പറഞ്ഞാല്‍ പെരിങ്ങോടെത്തുമ്പോള്‍ നിലം തൊടീക്കാതെ അടിച്ചോടിച്ചാല്ലോ - സോ സമവായം!) ആയുര്‍വേദം കേരളത്തിന്റെ ടൂറിസം മാപ്പില്‍ ഇടം നേടിയതോടെ പെരിങ്ങോടും മാറ്റങ്ങള്‍ വന്നുതുടങ്ങി. പൂമുള്ളി ആറാംതമ്പുരാന്റെ ശിഷ്യന്മാര്‍ പലരും അതിനുമുമ്പുതന്നെ rejuvenating തെറാപ്പിയില്‍ വിദഗ്ധരായി അറിയപ്പെട്ടിരുന്നു (തമ്പുരാന്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായിരുന്ന വിഷചികിത്സയും, ഗജചികിത്സയിലും ശിഷ്യന്മാരെ സ്വീകരിച്ചില്ലെന്നു തോന്നുന്നു.) ചലച്ചിത്രലോകത്തെ രജനീകാന്ത്, മോഹന്‍ലാല്‍, എന്നിവരില്‍ തുടങ്ങി പുതിയ തലമുറയിലെ ദിലീപും കാവ്യാമാധവനും ഉഴിച്ചില്‍, ധാര പോലുള്ള ആയുര്‍വേദ ചികിത്സകള്‍ക്കായി പെരിങ്ങോടെത്തുന്നതു പതിവുശീലമാക്കിയിരിക്കുന്നു.
ആയുര്‍വേദം കുറേകൂടി വാണിജ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പണ്ടു അനാഥമായി കിടന്നിരുന്ന പല കെട്ടിടങ്ങളും പുതുക്കിപ്പണിയുന്നുണ്ടെന്നറിയുന്നു.
കുട്ടിക്കാലത്തു ഇരുന്നു കളിച്ചിരുന്ന പൂമുള്ളിമനയ്ക്കലെ പത്തായപ്പുരയും അനുബന്ധ ഭാഗങ്ങളും ഇപ്പോള്‍ ആയുര്‍വേദ റിസോര്‍ട്ടായി പരിണമിച്ചിരിക്കുന്നു. “നാരായണന്‍ നായര്‍” എന്ന വിദ്വാന്‍ മനയ്ക്കലെ ഗണേശനെ ചങ്ങലയില്‍ നിന്നൂരിവിട്ടതു് ഈ പത്തായപ്പുരയുടെ മുന്‍വശത്തു നിന്നായിരുന്നു. ശ്രീരാമക്ഷേത്രത്തിനു മുന്‍വശത്തു ചില വഴികള്‍ (പണ്ടു പൊതുവഴി ആയിരുന്നവ) ഇപ്പോള്‍ വളച്ചുകെട്ടിയിരിക്കുന്നു. ക്ഷേത്രവും, മനയും പരിസരവും ഉള്‍പ്പെടുന്ന പെരിങ്ങോടിന്റെ ഒരു ഭാഗത്തിന്റെ മുഖഛായ മാറിയിരിക്കുന്നു. എന്നിങ്ങനെയൊക്കെയാണെങ്കിലും പാരമ്പര്യ അറിവുകളുടെ വാണിജ്യവല്‍ക്കരണം പെരിങ്ങോട്ടെ ചിലര്‍ക്കെങ്കിലും തൊഴിലും ഉപജീവനുമാര്‍ഗവും പ്രദാനം ചെയ്യുന്നതു വളരെ നല്ലകാര്യം.
ലോകം അനുദിനം എത്ര മാറുന്നു; എന്റെ പെരിങ്ങോടും കൂട്ടത്തില്‍ ചേരുന്നു. ഒരുനാള്‍ തിരികെ ഗ്രാമത്തിലേയ്ക്കു മടങ്ങിച്ചെല്ലുമ്പോള്‍ എനിക്കു എന്റെ നാടിന്റെ തിരിച്ചറിയുവാന്‍ കഴിഞ്ഞെന്നു വരില്ലേ? അല്ലെങ്കില്‍ തന്നെയും നാടുകളെ തിരിച്ചറിയുന്നതാരുണ്ടു്, ഏവരും താന്താന്നുങ്ങളുടെ ജീവിതത്തെ തിരിച്ചറിയുവാനും, ഗണിച്ചും ഗുണിച്ചും നല്ലഭാഗങ്ങള്‍ പകുത്തെടുക്കുവാനുമാണല്ലോ നിത്യവും ശ്രമപ്പെടുന്നതു്. ഒരു വിഷുദിനം കൂടി കടന്നുപോകുന്നു.
0 Comments:
Post a Comment
<< Home