Thursday, April 06, 2006

ചിത്രങ്ങള്‍ - ഗോലിയാത്ത് ചുവടു മാറ്റുമ്പോള്‍

ലിനക്സ് ലോകത്തിലെ പുതിയ വിശേഷമാണ്, മൈക്രോസോഫ്റ്റിന്റെ പുതിയ വെ‌ബ്‌സൈറ്റ്, പോര്‍ട്ട് 25.

ആകുന്നത്ര നോക്കിയിട്ടും ഓപ്പണ്‍‌സോഴ്സ് വക്താക്കളുടെ പത്തിമടങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, ഇതാ അവരുടെ പുതിയ അടവ്‌. മൈക്രോസോഫ്റ്റുല്പന്നങ്ങള്‍ ഓപ്പണ്‍‌സോഴ്സ് പ്രോഗ്രാമുകളുമായ് നന്നായി “ഇഴചേര്‍ന്ന്” ഇടപഴകുന്നുവെന്ന് ഉറപ്പു വരുത്താനും, തങ്ങളുടെ ലിനക്സ് ലാബിലെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാനുമായിട്ടാണത്രേ അവരുടെ ഈ പുറപ്പാട്.

സുഹൃത്തുക്കളെയടുത്തും, ശത്രുക്കളെ അതിലുമടുത്തും (Keep your friends close, and your foes closer) നിര്‍ത്തണമെന്ന നയതന്ത്രം പാഠം മുതലാളി മനസ്സിലാക്കിയിരിക്കുന്നു എന്നു വേണം കരുതാന്‍.

പോര്‍ട്ട് 25, ബോസ്റ്റണില്‍ നടക്കുന്ന ലിനക്സ് എക്സ്പോ-യിലാണ് ആദ്യമായി പുറം‌ലോകം അറിയുന്നത്.
ഈ വര്‍ഷത്തെ ലിനക്സ് എക്സ്പോ -- അതിനുമുണ്ടൊരു രസകരമായ് ട്വിസ്റ്റ്.

വീഹാവ്‌ ഏ വേയ്‌ ഔട്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2003-ല്‍ യൂണിസിസ്സെന്നൊരു കമ്പനിയും, മൈക്രോസോഫ്റ്റും ചേര്‍ന്ന് ഒരു ആന്റി ലിനക്സ്/യൂണിക്സ് കാമ്പെയ്ന്‍ നടത്തിയിരുന്നു. വീഹാവ്‌ ഏ വേയ്‌ ഔട്ട് എന്ന പേരിലൊരു വെബ്‌സൈറ്റ് രണ്ടതികായരും കൂടിചേര്‍ന്നങ്ങ് തുടങ്ങി. യൂണിസിസ്സിന്റെ 32 പ്രോസസ്സറുള്ള ഭയങ്കരന്‍ സെര്‍‌വറും, വിന്‍ഡോസ് 2003-ഉം ചേര്‍ന്നാല്‍, ലിനക്സ് - യൂണിക്സ് തുടങ്ങിയവയ്ക്കൊരു പകരം സംവിധാനമാകുമത്രെ.

വെബ്‌സൈറ്റൊക്കെയിട്ട് രണ്ട് ദിവസത്തിനുള്ളില്‍, പുറം ലോകത്തിന് മനസ്സിലായതോ? ടി സൈറ്റ്, വിന്‌ഡോസിലൊന്നുമല്ല ഹോസ്റ്റ് ചെയ്തിരിക്കുന്നത്, മറിച്ച് ഫ്രീ‌-ബീ.എസ്.ഡി എന്ന ലിനക്സ്/യൂണിക്സ് ഫ്ലേവറിലാണെന്ന്‌.

ലിനിക്സിനെതിരെ പ്രചാരണത്തിനായിട്ടുള്ള സൈറ്റ് പോലും മൈക്രോ‌സോഫ്റ്റ് ഓപ്പണ്‍‌സോഴ്സ് കൊണ്ട് ഹോസ്റ്റു ചെയ്തതിലെ വിരോധാ‍ഭാസം പുറത്തറിഞ്ഞപ്പോള്‍, അവരു ചുവടു മാറ്റി. ഹോസ്റ്റിംഗ്‌ മൈക്രോ‌സോഫ്റ്റിന്റെ ഐ.ഐ.എസ്. സെര്‍‌വറിലാക്കി. ഇതോടെ, ഓപ്പണ്‍‌സോഴ്സ് വക്താക്കളും അടവു മാറ്റി. ഐ.ഐ.എസ്സിന്റെ കുപ്രസിദ്ധമായ പാകപ്പിഴകള്‍ ( Vulnerabilities ) ഉപയോഗിച്ച് ടി. സൈറ്റിനെ ഹാക്ക് ചെയ്ത് തുടരെത്തുടരെ ഓഫ്‌ലൈനാക്കി. ബോട്‌നെറ്റിലെ DDOS-ന്റെ ശക്തി തെളിയിച്ച പ്രകടനമായിരുന്നു അത്.

പറഞ്ഞു വരുന്നത്, ഈ വര്‍ഷത്തെ ലിനക്സ് എക്സ്പോ-യുടെ കാര്യം. (ലിനക്സ് എക്സ്പോ വലിയ സംഭവമൊന്നുമല്ല, കേട്ടോ. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന് പറഞ്ഞ് കുത്തകകള്‍ മാത്രം പങ്കെടുക്കുന്ന കൊമേഴ്സ്യല്‍ ചടങ്ങായി അധഃപതിച്ചു എന്നു തന്നെ പറയാം.)

തുടങ്ങിയ ദിവസം രാവിലെ തന്നെ, യൂണിസിസ്സിന്റെ സ്റ്റാളിലെ, അതിഭീകരന്‍ സെര്‍‌വറിനു തീപിടിച്ചു.(മേലെ പറഞ്ഞ ആന്റി -ലിനക്സ്/യൂണിക്സ് പ്രൊപ്പഗന്‍‌ഡായില്‍ അവരു പരസ്യം ചെയ്ത സെര്‍വറിന്റെ പിന്‍‌തലമുറക്കാരനാണ് തീ‌പിടിച്ചത്. ഇത്തവണ, അത് ലിനക്സ് ഉപയോഗിക്കുവാ‍ന്‍ അത്യുത്തമം എന്ന പരസ്യത്തിനാണ് അവരവിടെ എത്തിയത് എന്ന വ്യത്യാസം മാത്രം.

തീ‌യണച്ച് വീണ്ടും എക്സ്‌പോ തുടങ്ങിയതിന്റെ ശേഷമൊരു ദിവസമാണ്, മൈക്രോ‌സോഫ്റ്റിന്റെ പോര്‍ട്ട് 25 എന്ന സൈറ്റിന്റെ അനാച്ഛാദനം എക്സ്‌പോ-വില്‍ നടന്നത്.

ആട്ടിന്‍തോലണിഞ്ഞ് ചെന്നായകള്‍ ഇറങ്ങുകയാണ്.

പക്ഷെ, മൈക്രോസോഫ്റ്റെന്ന വമ്പനും ക്രൂരനുമായ ചെന്നായ വേഷം മാറിയിറങ്ങിയിരിക്കുന്നത് Embrace, Extend, Extinguish എന്ന ഗൂഢമന്ത്രവുമായിട്ടാണെന്ന് പരസ്യമായ രഹസ്യം.

എവിടെയോ ഒരു കവണയില്‍ ഒരു കല്ല് ആ ഗോലിയാത്തിന് ഓങ്ങിയിരുപ്പുണ്ട്.


അനുബന്ധം:

  1. പോര്‍ട്ട് 25 സൈറ്റ്
  2. വീ‌ ഹാവ്‌ ഏ വേ ഔട്ട് കാമ്പെയ്ന്‍ സ്ക്രീന്‍ ‌ഷോട്ട്
  3. സ്ലാഷ്‌ഡോട്ട് ലേഖനം
  4. യൂണിസിസ്സ് സൈറ്റ്
  5. പുകയുന്ന സെര്‍വര്‍

posted by സ്വാര്‍ത്ഥന്‍ at 8:48 PM

0 Comments:

Post a Comment

<< Home