മണ്ടത്തരങ്ങള്‍ - ഹര്‍ബജനെ പോലീസ് പിടിച്ചു
http://mandatharangal.blogspot.com/2006/04/blog-post_06.html | Date: 4/6/2006 5:17 PM |
Author: ശ്രീജിത്ത് കെ |
ഇന്ന് അതിരാവിലെ ഒന്‍പത് മണിക്ക് എഴുന്നേറ്റ് മനോരമ പത്രം എടുത്ത് നോക്കിയപ്പോഴാണ് ഈ ചിത്രം ആദ്യതാളില്‍ തന്നെ കാണുന്നത്. പാതിയടഞ്ഞ കണ്ണുകള്‍ കണ്ട് നോക്കിയപ്പൊ കാണുന്നത് നാട്ടിലെ സാധാരണ പോലീസുകാര്‍ വളഞ്ഞ് നില്‍ക്കുന്ന ഹര്‍ബജന്‍ സിങ്ങിനെ. എന്റെ ജീവന്‍ പോയി. ഇന്ന് കളി ഉള്ളതല്ലേ ഇന്ന് ഇംഗ്ലണ്ടുമായി. ആര് സ്പിന്‍ ആക്രമണം നയിക്കും ഹര്‍ബജനെ പോലീസ് കൊണ്ട് പോയാല്‍? എന്റെ സ്വന്തം നാടിലുള്ള കളിയില്‍ ഇന്ത്യ ഈ ഒരു കാരണം കൊണ്ട് തോറ്റാല്‍ എനിക്കെങ്ങിനെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയും. എന്താ കഥ?
അല്ല, എന്തിനായിരിക്കും ഹര്‍ഭജനെ അറസ്റ്റ് ചെയ്തിട്ടുണ്ടാകുക? കോഴ വാങ്ങിയതിനായിരിക്കുമോ? അങ്ങിനെ എങ്കില്‍ കേരളാ പോലീസ് പിടിക്കാന്‍ വരില്ല, അവര്‍ക്ക് പോക്കറ്റടിക്കാരെപ്പോലും പിടിക്കാന്‍ നേരമില്ല. പിന്നെ, ഉത്തേജകമരുന്ന് കഴിച്ചതിനായിരിക്കുമോ? അതിന് ക്രിക്കറ്റിലെന്ത് ഉത്തേജകമരുന്ന് പരിശോധന. സ്‌ത്രീപീഡനത്തിനാകുമോ? ആളാണെങ്കില്‍ നില്‍ക്കുന്നത് ഷര്‍ട്ടിടാതെ ആണ് താനും. അപ്പൊ അതു തന്നെ കാര്യം. വൃത്തികെട്ടവന്‍, മ്ലേച്ചന്‍, ആഭാസന്‍. എത്ര പേരുടെ അമ്മയും പെങ്ങന്മാരും വരുന്നതാ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍. ഇവനൊക്കെ ഉള്ള ഒരു സ്ഥലത്ത് എങ്ങിനെ അവരെ പാസ്സ് കൊടുത്ത് കയറ്റി വിടും.
ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല. വിളിച്ചുണര്‍ത്തി ഞാന്‍ എന്റെ സഹമുറിയന്മാരെ. "എടാ, ഇതു കണ്ടോ. ഹര്‍ബജനെ സ്ത്രീ പീഡനത്തിന് നമ്മുടെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയേയും കൊണ്ട് പോലീസുകാര്‍ നില്‍ക്കുന്ന ചിത്രവുമുണ്ട്". എല്ലാവരും ചാടി എഴുന്നേറ്റു കൂലംകശമായി ആലോചനകള്‍ തുടങ്ങി. നാട്ടില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കണം. മേമ്പൊടിക്ക് ഹര്‍ത്താലും ജാഥകളും സംഘടിപ്പിക്കണം. വെറുതേ കിടക്കുന്ന നാട്ടുകാരുടെ വണ്ടികള്‍ അടിച്ച് തകര്‍ക്കണം. ആവഴി ആ സമയത്ത് പോകുന്ന ഏത് സര്‍ക്കാര്‍ വണ്ടി കിട്ടിയാലും കത്തിക്കണം. ഒരു ലാത്തിച്ചാര്‍ജ് ഉണ്ടായേക്കാവുന്നതിനെ ദൈര്യമായി നേരിടാന്‍ അണികളോട് പറഞ്ഞ് മുങ്ങണം. ശ്ശൊ. എന്തൊക്കെ ചെയ്യണം ഇപ്പൊ തൊട്ട്. ഒട്ടും സമയമില്ല ഇനി ചിന്തിക്കാന്‍. വാ നേരെ സമരമുന്നണിയിലേക്ക്. സ്ത്രീപീഡന പ്രതിഷേധസമിതി സിന്ദാബാദ്.
ആ നേരമാണ് കൂട്ടത്തിലെ ഒരു റിബലിന് ആ പത്രം എടുത്ത് വായിക്കാന്‍ തോന്നിയത്. പത്രത്തില്‍ ചിത്രത്തിന്റെ അടിക്കുറിപ്പ് "ഇത്ര മാത്രം ഫീള്‍ഡര്‍മാരോ". വാര്‍ത്തയാണെങ്കില്‍ "ഹര്‍ബജന്റെ പരിശീലനം കണ്ടുകൊണ്ടിരിക്കുന്ന പോലീസുകാര്‍ എന്ന്".
അടിയെടാ അവനെ. അവന്‍ അലറി. പിന്നെ അവിടെ നടന്നത് ധോണിയുടെ ബാറ്റിങ്ങിനെ വെല്ലുന്ന സ്റ്റ്‌റൈക്ക് റേറ്റുള്ള ബാറ്റിങ്ങ് ആയിരുന്നു. സിക്സറിന്റേയും ഫോറുകളുടേയും സ്വന്തം റെക്കോര്‍ഡ് എല്ലാവരും തിരുത്തി. എന്റെ ദീനരോദനം ടിനു യോഹന്നാന്റെ ഓവര്‍ പോലെ ആരും ശ്രദ്ധിച്ചില്ല. മാന്‍ ഓഫ് ദ മാച്ച് ആവാന്‍ എല്ലാവരും മത്സരിച്ചു. അവസാനം അവര്‍ ഒരുലക്ഷം റണ്ണുകള്‍ക്ക് വിജയിച്ചു. മാന്‍ ഓഫ് ദ മാച്ച് സമ്മാനം അവര്‍ പങ്കിട്ടെടുത്തു. ഞാന്‍ കളിയില്‍ നിന്ന് വിരമിച്ചു. മറ്റോരുതരത്തില്‍ പറഞ്ഞാന്‍ ഇനി കളിക്കാന്‍ പറ്റാത്ത വിധത്തില്‍ ആക്കിയേ അവര്‍ വിട്ടുള്ളൂ. ക്രിക്കറ്റ് കിറുക്കന്മാരുടെ കളിയെന്ന് പറയുന്നത് എത്രയോ ശരി. നോക്കിക്കോ, ഇനി ഹര്‍ബജനെ ശരിക്കും പോലീസ് പിടിച്ചാലും ഞാന്‍ ഒരക്ഷരം മിണ്ടില്ല.
0 Comments:
Post a Comment
<< Home