Saturday, March 25, 2006

മണ്ടത്തരങ്ങള്‍ - തോമ്മാസ്സുകുട്ടീ, വിട്ടോടാ

തോമസ്സിനെ പണ്ടു തൊട്ടേ എനിക്കറിയാം. എന്റെ സഹപാഠിയും അയല്‍ക്കാരനും ഒക്കെ ആണ്‌. ഡിഗ്രി കഴിഞ്ഞ്‌ നാട്ടില്‍ അല്ലറ ചില്ലറ പണികളുമായി കഴിയുകയായിരുന്നു.

അവന്‌ ബാംഗ്ലൂര്‍ ആണ്‌ ഏതോ ഒരു ബാങ്കിന്റെ ടെസ്റ്റിനുള്ള സെന്റര്‍ ആയി കിട്ടിയത്‌. ഇങ്ങൊട്ടു വരുന്നുണ്ടെന്നു വിളിച്ച്‌ പറഞ്ഞപ്പോള്‍ തന്നെ രാവിലെ പിക്ക്‌ ചെയ്യാനും, പരീക്ഷക്ക്‌ കൊണ്ടു വിടാനും, പിന്നെ വൈകുന്നേരം ഒരു ചെറിയ കറക്കത്തിനും ഞാന്‍ തയ്യാറായി.

നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ 6 മണിക്ക്‌ മുന്നേ തന്നെ ഇവിടെ എത്തും. ഞാനാണെങ്കില്‍ സൂര്യന്‍ ഒരു 45 ഡിഗ്രി ആങ്കിളിലെങ്കിലും തറനിരപ്പില്‍ നിന്നുയര്‍ന്നാലേ എഴുന്നേല്‍ക്കാറ്‌ പതിവുള്ളൂ. രാവിലത്തെ തണുപ്പും അതിനൊരു കാരണമാണ്‌ എന്ന് വച്ചൊ (ചുമ്മാ).

എന്നാലും തോമസ്സിനു വേണ്ടി ആ കടുംകൈക്ക്‌ ഞാന്‍ തയ്യാറായി. കഷ്ടപെട്ട്‌, ബുദ്ധിമുട്ടി, പാടുപെട്ട്‌ രാവിലെ എഴുന്നേറ്റ്‌, ബൈക്കെടുത്തുപോയി അവനെ കൂട്ടിക്കൊണ്ട്‌ തിരികെ ഉറക്കപ്പിച്ചില്‍ പതുക്കെ ആടിയാടി വരുമ്പോഴാണ്‌ ഞാനതു കണ്ടത്‌. മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയുടെ പെട്രോള്‍ ടാങ്കിന്റെ വശത്തു നിന്നായി എന്തോ റോഡില്‍ ഉറ്റിറ്റ്‌ വീഴുന്നു.

എന്തു അപകടമാണെന്റെ ഈശ്വരാ, അല്ലേ? തോമാസ്സും ശരി വച്ചു. ആ ഓട്ടോക്കാരനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. പെട്രോള്‍ കത്താന്‍ മൊബൈല്‍ ഫോണിന്റെ ഉള്ളില്‍ ഉണ്ടാവുന്ന സ്പാര്‍ക്ക്‌ മതിയെന്നാ പെട്രോള്‍ പമ്പുകാര്‍ വരെ പറയുന്നത്‌. ഒരു തീപ്പൊരിയില്‍ ആ ഓട്ടോ കത്തിചാമ്പലാകുന്നതു കാണാന്‍ വയ്യ. അയാളെ രക്ഷപെടുത്തിയാല്‍ ഒരു ധീരതക്കുള്ള അവാര്‍ഡ്‌ ഉറപ്പ്‌. തീയോടല്ലേ കളി.

ഞാന്‍ ബൈക്കിന്റെ വേഗത കൂട്ടി. ഒരു നാലും കൂടിയ കവലയില്‍ എത്തിയപ്പോഴേക്കും സിഗ്നല്‍ ചുവപ്പായി. നാലും കൂടിയ കവലക്കു ബാംഗ്ലൂരുകാര്‍ സര്‍ക്കിള്‍ എന്നു പറയും, ചിലയിടത്ത്‌ സിഗ്നല്‍ എന്നും. എന്തായലും അതു റെഡ്‌ ആയി. എന്നാല്‍ മുന്നേ പോയ ഓട്ടോ സിഗ്നല്‍ കടക്കുകയും ചെയ്‌തു. ഛെ, മിസ്സായി.

എന്നാലും പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. സിഗ്നല്‍ മാറിയതും ഞങ്ങള്‍ തടയാന്‍ ഓട്ടോയെ വീണ്ടും നോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നു പറഞ്ഞ അവസ്ഥ. പോരാണ്ട്‌ എല്ലാ ഓട്ടോയും പിറകില്‍നിന്നു നോക്കിയാല്‍ ഒരുപോലെ ഇരിക്കും. ഉറ്റിറ്റു വീഴുന്ന പെട്രോള്‍ കണ്ടു വേണം ഓട്ടോ തിരിച്ചറിയാന്‍. അതിന്റെ പെട്രോള്‍ തീരല്ലേ ഭഗവനെ എന്നു മനസ്സില്‍ വിചാരിച്ചതും എന്റെ വണ്ടിയുടെ പെട്രോള്‍ തീര്‍ന്നു.

അധികം ദൂരെയല്ലാതെ ഒരു പെട്രോള്‍ പമ്പുണ്ടായിരുന്നതു ഭാഗ്യം. എന്നാലും തള്ളി തള്ളി അവിടെ എത്തിയപ്പോഴേക്കും രണ്ടാളുടേയും പരിപ്പിളകി. ആ തണുത്ത പ്രഭാതത്തിലും ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു. എന്നാലും ഞങ്ങള്‍ക്ക്‌ വിടാന്‍ ഉദ്ദേശമില്ലായിരുന്നു.

വയര്‍ നിറഞ്ഞ ആശ്വാസത്തിലിരിക്കുന്ന ബൈക്കിനെ ഞാന്‍ സ്പീഡോമീറ്ററിന്റെ കാണാത്ത കരകളിലെത്തിച്ചു. കാറ്റത്ത്‌ വിയര്‍പ്പൊക്കെ ശ്ശടേന്ന് ഉണങ്ങി. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകിത്തുടങ്ങി. പക്ഷെ അത്‌ കവിളിലെത്തുന്നതിനു മുന്നേ ആവി ആയിപ്പോകും, അത്തരമാ കാറ്റ്‌. ജോണ്‍ എബ്രഹാമിന്റെ പരസ്യത്തില്‍ കാണുന്ന പോലെ ബൈക്ക്‌ ഞാന്‍ കിടത്തിയും ചെരിച്ചും എല്ലാം ഒരു മത്സരത്തില്‍ പങ്കെടുക്കുന്ന കണക്കെ പറപ്പിച്ച്‌ പറപ്പിച്ച്‌ പോകുമ്പോഴതാ ദൂരെയായി നമ്മുടെ കഥാനായകന്‍ ഓട്ടോ. അതെ നമ്മുടെ ഓട്ടോ, ഓട്ടയുള്ള ഓട്ടോ, ഞങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നേടിത്തരാനുള്ള ഓട്ടോ.

പിന്നെ ഒരു പരവേശമായിരുന്നു. ചാടിക്കെട്ടിയമര്‍ന്ന്‌, മുന്നോട്ടാഞ്ഞ്‌, വലത്‌ മാറി, ഇടത്‌ മാറി, എന്നൊക്കെ അഭ്യാസം കാണിക്കുന്ന ഒരു കളരിയഭ്യാസിയുടെ കണക്കെ ഞങ്ങള്‍ ക്ഷണനേരം കൊണ്ട്‌ ഓട്ടോയുടെ ഒപ്പം എത്തി, മുന്നില്‍ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ നിര്‍ത്തി ഓട്ടോയേയും നിര്‍ത്തിച്ച്‌ അയാളെ രക്ഷിക്കാനായി ഓടിവന്ന്‌ "വണ്ടിയില്‍ നിന്നു പെട്രോള്‍ ലീക്ക്‌ ആവുന്നു, വേഗം ഓടിക്കൊ, വണ്ടി ഇപ്പൊ കത്തും" എന്നൊക്കെ പറഞ്ഞ്‌ അയാളെ ഓട്ടോയില്‍ നിന്നിറക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ തോമസ്സ്‌ ആ ദൃശ്യം കാണുന്നത്‌. പിന്നാലെ ഞാനും. ആ ഓട്ടോയില്‍ നിറയെ ഉണ്ടായിരുന്നത്‌ പലവലിപ്പത്തിലുള്ള അഞ്ചാറ്‌ ഏസ്‌ കട്ടകള്‍. അപ്പൊ റോഡില്‍ ഉറ്റിറ്റ്‌ വീണുകൊണ്ടിരുന്നതു വെറും വെള്ളമായിരുന്നു, സാക്ഷാല്‍ H2O.

രാവിലെ തന്നെ സമയം മെനക്കെടുത്തിയതിനും വെറുതേ ആളെ പേടിപ്പിച്ചതിനും ആ ഓട്ടോക്കാരന്‍ കന്നഡയില്‍ തെറിപറയാനൊരുങ്ങി. ഇമ്മാതിരി മണ്ടത്തരങ്ങള്‍ ഒക്കെ ഒരുപാട്‌ ഒപ്പിച്ചിട്ടുള്ള, അതില്‍ നിന്നൊക്കെ പുല്ലു പോലെ ഊരിയിട്ടുള്ള ഞാന്‍ അതിനു മുന്നേ അലറി "തോമ്മാസ്സുകുട്ടീ, വിട്ടോടാ"

posted by സ്വാര്‍ത്ഥന്‍ at 5:07 AM

0 Comments:

Post a Comment

<< Home