Sakshi (സാക്ഷി) - ഈയാമ്പാറ്റകള്‍
http://sakshionline.blogspot.com/2006/03/blog-post_25.html | Date: 3/25/2006 3:44 PM |
Author: സാക്ഷി |
പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ പോയിനിന്നു. എത്ര കയ്യെത്തിച്ചിട്ടും അവള്‍ക്ക് മഴ തൊടാന്‍ കഴിഞ്ഞില്ല. കൈ നീട്ടും തോറും കാറ്റ് മഴയെ അവളില്‍ നിന്നും ദൂരത്തേക്ക് കൊണ്ടുപോയി. നാട്ടിലെ മഴയുടെ കരിമ്പച്ച നിറമില്ല. പുതുമണ്ണിന്‍റെ ഗന്ധമില്ല. നരച്ച മഴ. കാറ്റിന് ഉള്ളി ചീഞ്ഞ മണം. എന്നാലും മഴയല്ലേ. എത്ര നാളായി ഒരു മഴ കണ്ടിട്ട്. പ്രതീക്ഷിക്കാതെയുള്ള മഴയായ കാരണം താഴെ ആളുകള്‍ ചിതറിയോടുന്നതു കാണാം. അതുകണ്ടപ്പോള്‍ അവള്‍ക്ക് കുതിര്‍ന്ന മണ്ണില്‍ നിന്നും ചീറ്റിത്തെറിച്ചുയരുന്ന ഈയാമ്പാറ്റകളെ ഓര്‍മ്മ വന്നു. വീട്ടില്‍ വെള്ളം നിറച്ച പാത്രത്തില്‍ മെഴുകുതിരി കത്തിച്ചുവെച്ച് അവള്‍ ഈയാമ്പാറ്റകളെ കൊല്ലാറുണ്ടായിരുന്നു. വെള്ളത്തില്‍ വീണ് ചിറകുകള്‍ വേര്‍പെട്ട് പുഴുക്കളെപ്പോലെ പിടഞ്ഞ്. ഒരു വലിയ പാത്രം കിട്ടിയിരുന്നെങ്കില്‍.. മെഴുകുതിരിക്കു ചുറ്റും പറന്ന് പാത്രത്തില്‍ വന്നുവീണ് പിടയുന്ന കന്തൂറയിട്ട ഈയാമ്പാറ്റകള്‍.. അവള്‍ക്കു ചിരിവന്നു. പറക്കാന്‍ മോഹിച്ച പുഴുക്കള്‍ തപസ്സുചെയ്തു ചിറകുനേടിയ കഥ പറഞ്ഞുതന്നതാരാണ്. അമ്മുമ്മയായിരിക്കും. നാമം ചൊല്ലിക്കഴിഞ്ഞാല്‍ അമ്മുമ്മ ഉണ്ണിയെ വിളിച്ചടുത്തിരുത്തി കഥകള്‍ പറഞ്ഞുകൊടുക്കും. കരിന്തിരി കത്തിത്തുടങ്ങിയ നിലവിളക്ക് എടുത്ത് അകത്തു വയ്ക്കുമ്പോഴോ അമ്മുമ്മയ്ക്ക‍് കാലിന്‍റെമുട്ടുഴിയാനുള്ള കുഴമ്പെടുത്തുകൊടുക്കുമ്പോഴോ മാത്രം വീണുകിട്ടുന്ന വാക്കുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. വടക്കേടത്തമ്പലത്തിലെ നന്ദിയുടെ അടുത്ത് ഇരുട്ടത്ത് ഒറ്റയ്ക്ക് വിതുമ്പിനില്‍ക്കുന്ന ഉണ്ണീടെ മുഖം വര്‍ഷമെത്ര കഴിഞ്ഞിട്ടും മായാതെ മനസ്സിലിണ്ട്. ഏടത്ത്യെന്തിനാ അന്ന് ഒറ്റയ്ക്കാക്കീട്ടുപോയേന്ന് അവനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും. ശപിക്കണുണ്ടാവും ഉണ്ണി ഈയ്യേടത്ത്യേ.
മഴ കുറഞ്ഞപ്പോള്‍ അവള്‍ മീരയുടെ കരച്ചില്‍ കേട്ടു. വീര്‍ത്ത വയറിനുമുകളില്‍ ഭാരം താങ്ങാനാവാതെ വരുമ്പോള്‍ മീര ഉറക്കെ കരയും. അവള്‍ ദിവസവും മീരയുടെ കരച്ചില്‍ എണ്ണും. ഇന്നത് പത്ത് വരെയെങ്കിലും പോവും. നേരം പുലരും വരെ കാണും ഊഴം കാത്ത് കഴുകന്മാര്‍. ചോരപുരണ്ട കിടക്കവിരികളുമായി ചുമരില്‍പിടിച്ച് വേച്ച് വേച്ച് നടന്നുവന്ന് നാളെ മീര പറയും 'മേരാ ബച്ചാ മര്‍ ഗയാ ഹോഗാ, വൊ യെ മാകോ കഭി നഹി മാഫ് കരേഗാ, കഭീ നഹി". മിണ്ടാതെ നിന്നു കേള്‍ക്കും. വയറ്റിലൂടെ സൂചികോര്‍ത്ത് തുമ്പിയെ പറപ്പിച്ചതിന് ഒരിക്കല്‍ ഉണ്ണിയെ തല്ലിയപ്പോള്‍ അവന്‍ പറഞ്ഞു, എപ്പോഴും വാലില്‍ തന്നെ നൂലുകെട്ടിപറപ്പിച്ചിട്ട് ഒരു രസോല്യാത്രെ. വയറുപൊളിഞ്ഞു ചാവുന്ന തുമ്പിയെം കാത്തിരിക്കുന്ന കുഞ്ഞിത്തുമ്പികളേം പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ വിതുമ്പി. ഇന്നവനും പുതിയ പുതിയ രസങ്ങള്‍ തേടുന്നുണ്ടാവും.
മഴ തോര്‍ന്നു. മീരയുടെ കരച്ചിലും ഇപ്പോള്‍ കേള്‍ക്കുന്നില്ല. കിടക്കയിലെ ചുവന്ന വൃത്തങ്ങള്‍ക്കുമുകളില്‍ വെളുത്തവിരികള്‍ വിരിക്കുകയാവും മീര ഇപ്പോള്‍. പിന്നില്‍ വാതില്‍ തുറക്കുന്നതവളറിഞ്ഞു. കഴുത്തില്‍ ശ്വാസത്തിന്‍റെ ചൂടും. മുഖമില്ലാത്ത നിഴലവളെ പൊതിഞ്ഞപ്പോള്‍ അവളോര്‍ത്തു വീണ്ടും ചിറകുകള്‍ കിട്ടാന്‍ ഇനി എത്രകാലം തപസ്സുചെയ്യണം. അടുത്ത മുറികളില്‍ ചിറകുമുറിഞ്ഞ ഈയാമ്പാറ്റകളുടെ കരച്ചില്‍. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സൂചിയില്‍ കോര്‍ത്ത തുമ്പിയുമായ് ഉണ്ണി വന്നു. "ഉണ്ണീ അരുത്. അവയെ വിട്ടേക്കൂ". സൂചിയില്‍ തുമ്പിയുടെ അവസാന പിടച്ചില്‍. ഏടത്തിയെ നോക്കി ഉണ്ണി ചിരിച്ചു.
0 Comments:
Post a Comment
<< Home