Tuesday, January 02, 2007

Suryagayatri സൂര്യഗായത്രി - അമ്മൂമ്മയുടെ ഒരുക്കം

'അമ്മൂമ്മയ്ക്ക്‌ വയ്യാതെ ഇതിനൊന്നും പുറപ്പെടരുത്‌. എത്ര ദിവസത്തേക്കാണെന്നൊന്നും അറിയില്ല. അമ്മൂമ്മയ്ക്ക്‌, വല്ല രാമായണവും, മഹാഭാരതവും വായിച്ച്‌ അടങ്ങി ഒരിടത്ത്‌ ഇരിക്കുന്നതാവും നല്ലത്‌.'

കൊച്ചുമക്കള്‍ ആവുന്നത്ര പറഞ്ഞുനോക്കി.

മക്കളും, നിര്‍ബ്ബന്ധിച്ചില്ലെങ്കിലും, ഇതാണു നല്ലത്‌ എന്ന മട്ടില്‍ പെരുമാറി.

അമ്മൂമ്മ രാവിലെ നേരത്തെ എണീറ്റ്‌ ഒരുക്കം തുടങ്ങി. ആരു പറഞ്ഞതും എന്റെ തലയിലേക്ക്‌ കടന്നിട്ടില്ല എന്ന മട്ടില്‍. ചൂടുവെള്ളത്തില്‍ കുളിച്ചു, തൊഴുതു, നാപം ജപം കഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, അല്‍പനേരം ഇരുന്നു. ഉച്ചയ്ക്ക്‌ ഊണു ‍ കഴിഞ്ഞ്‌ പതിവുള്ള, ഗ്രന്ഥം വായന നടത്തി. എല്ലാം കണ്ട്‌ വീട്ടുകാര്‍ക്ക്‌ അരിശം കൂടി വന്നു. പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന് വെച്ചാല്‍‍ എന്താണ്‌‍ കഥ. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുക തന്നെയാണ്‌‍. ഒരു ദിവസമോ രണ്ടു ദിവസമോ മതിയെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്‌‍. അമ്മൂമ്മയുടെ പ്രായത്തിന് ‍ ഇത്‌ താങ്ങാനുള്ള ശേഷിയുണ്ടാകുമോയെന്തോ.

അമ്മൂമ്മയ്ക്ക്‌, വീട്ടുകാരുടെ തന്ത്രങ്ങള്‍ ഒക്കെ മനസ്സിലാവുന്നുണ്ട്‌. എന്നിട്ടും അറിഞ്ഞ മട്ട്‌ കാണിച്ചില്ല. വൈകുന്നേരത്തെ ചായ വൈകിച്ചതുപോലും, തന്ത്രത്തിന്റെ ഒരു ഭാഗമാണെന്ന് അമ്മൂമ്മയ്ക്ക്‌ മനസ്സിലായി. വേഗം കുടിച്ചെഴുന്നേറ്റു. പതിവുപോലെ വൈകുന്നേരത്തെ കാലും മുഖവും കഴുകല്‍ കഴിഞ്ഞ്‌ വിളക്ക്‌ വെക്കുന്നതിനുമുമ്പേ ജപം തുടങ്ങി. വിളക്ക്‌ വെച്ചു കഴിഞ്ഞപ്പോള്‍ നമസ്കരിച്ച്‌ എണീറ്റ്‌, വീടിന്റെ മുന്‍ വശത്തെ മുറിയിലേക്ക്‌, വേഗം നടന്നു. സൌകര്യമുള്ള ഒരിടത്ത്‌ തന്നെ സ്ഥാനം പിടിച്ചു. വീട്ടുകാരൊക്കെ എത്തി. അമ്മൂമ്മയോട്‌ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല എന്ന മട്ടില്‍ ടി. വി. ഓണ്‍ ചെയ്തു. പുതിയ മെഗാസീരിയല്‍ തുടങ്ങുന്നത്‌ ഇന്നല്ലേ. അമ്മൂമ്മ പുഞ്ചിരിയോടെ ടി.വി യിലേക്ക്‌ കണ്ണും നട്ട്‌ ഇരുന്നു. ഒപ്പം വീട്ടുകാരും.

posted by സ്വാര്‍ത്ഥന്‍ at 2:38 PM

0 Comments:

Post a Comment

<< Home