Tuesday, January 23, 2007

സങ്കുചിതം - അനിലിന്റെ പുസ്തകപ്രകാശനം

URL:http://sankuchitham.blogspot.com/2007/01/blog-post_17.htmlPublished: 1/17/2007 1:57 PM
 Author: സങ്കുചിത മനസ്കന്‍




ഇന്തോ അറബ് - കള്‍ച്ചറല്‍ ഫെസ്റ്റിനോടനുബന്ധിച്ച്
നടന്ന സാംസ്കാരിക സമ്മേളനവേദിയില്‍ വച്ച് മൂന്നാമിടം
പ്രവര്‍ത്തകന്‍ ടി.പി അനില്‍കുമാറിന്റെ കവിതാ സമാഹാരം
-രണ്ടു അധ്യായങ്ങളുള്ള നഗരം- സാറ ടീച്ചര്‍ക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് മേതില്‍ നിര്‍വഹിച്ചു. പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള മൂന്നാ‍മിടം എഡിറ്റര്‍ കരുണാകരന്‍ എഴുതിയ പഠനം താഴെ ചേര്‍ക്കുന്നു.
അനിലിന്റെ ബ്ലോഗ്ഗ്: ചങ്ങാടം

അധികം മധുരമില്ലാത്ത
ഈന്തപ്പഴങ്ങളുമായി
കോണിപ്പടികളിലൊന്നില്‍

കരുണാകരന്‍


നമ്മുടെ കാലചരിത്രത്തിലും ഏറ്റവും പ്രശസ്തമായ സമയനാമങ്ങളായി അടയാളപ്പെടുത്തപ്പെട്ട ആധുനിക ആധുനികപൂര്‍വ ആധുനികാനന്തര ഘട്ടങ്ങളെന്ന് വേര്‍പിരിയുന്ന കാലപരിഗണനകളില്‍ കൃതികളേക്കാള്‍
എഴുത്തുകാരാണ്‌ വിഭജിക്കപെട്ടതെന്നത്‌ ശ്രദ്ധേയമായിരുന്നു.ഒരാളുടെ സ്വഭാവത്തില്‍ ജനിതകമായ ഘടകങ്ങളും ചരിത്രപരമായ സ്വാധീനങ്ങളും വ്യാഖ്യാനിക്കപ്പെട്ടതുപോലെ ഈ എഴുത്തുകാരുടെ ജീവചരിത്രവും കാലചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രകടിപ്പിക്കപ്പെട്ടു. അതുകൊണ്ടു തന്നെ, കവിതയില്‍ മാത്രമല്ല, നമ്മുടെ കാലവിമര്‍ശത്തിന്റെ ഏതാണ്ട്‌ മുഴുവന്‍ ചരിത്രവും ഒരുതരം വായ്‌മൊഴിയേയും അടയാളപ്പെടുത്തി. കവിയും കാവ്യനിരൂപകനും ഒരേസമയം ഒരേ വനയിലേക്ക്‌ പ്രവേശിക്കുകയും ആ ഭാവനയുടെ പൂര്‍വ്വനിശ്ചിതങ്ങളായ സങ്കല്‍പങ്ങളെ പ്രവചനസമാനങ്ങളായ ആശയങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്തു. എഴുപതുകളിലെ സാഹിത്യത്തെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകളാണ്‌ എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രഭാവത്തോടെ നിലനിന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

ഇതു നമ്മെ നിരാശപ്പെടുത്തുന്നു.

കാലം എന്ന സങ്കല്‍പത്തിന്റെ ചരിത്രസാദ്ധ്യത തന്നെ ഒരാളുടെ ഭാവനയെ സംബന്ധിച്ച കണിശമായ അന്വേഷണങ്ങളുടെ വിവരണമാകുന്നു. അപ്പോഴും അത്‌ സാമൂഹികമായ തീരുമാനങ്ങളുടെ, അല്ലെങ്കില്‍ അത്തരത്തില്‍ രൂപപ്പെടുന്ന ആശയസമുച്ചയങ്ങളുടെ അവതരണമാകുന്നുമില്ല. അഥവാ, അത്തരം പരിഗണനകളില്‍ നിന്ന് മാത്രം ആരംഭിക്കുന്ന ആലോചനകളില്‍ ഒരു രചനയുടെ കാലം അതിന്റെ രചയിതാവിന്റെ ജീവിതഘട്ടത്തോടെ പ്രവേശിക്കുന്നില്ല. ഒരു വ്യക്തിയുടെ പ്രഖ്യാപിത പൗരധര്‍മ്മങ്ങള്‍ മാത്രമല്ല, അതില്‍നിന്നുള്ള അയാളുടെ വേര്‍പെടലോ അതിനോടുള്ള അയാളുടെ വൈമുഖ്യമോ കൂടി ഒരു സമൂഹത്തിന്റെ അധികാര സങ്കല്‍പത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതുപോലെ, ഭാവനയുടെയും സാമൂഹികതലം ചര്‍ച്ചയ്ക്കു വിധേയമാകുന്നു.

എഴുപതുകളെ വിലയിരുത്തുന്ന സാമാന്യങ്ങളായ ധാരണകളെ യൂറോപ്യന്‍ ആധുനികതയുടെ ആശയങ്ങള്‍ സ്‌പര്‍ശിക്കുന്നു. എണ്‍പതുകളേയും തൊണ്ണൂറുകളെയും വിലയിരുത്തുന്ന സവിശേഷ സങ്കല്‍പങ്ങളില്‍ എഴുപതുകളിലെ ആശയങ്ങള്‍ തന്നെ മറ്റൊരു വിധത്തില്‍ മറ്റു
പല അന്വേഷണങ്ങളിലൂടെയും കടന്നു വരുന്നു. ഇതെല്ലാം ഒരേ സമയം എഴുത്തുകാരന്‍ (കവി) എന്ന സങ്കല്‍പത്തെയും ഭാവന എന്ന പ്രവൃത്തിമണ്ഡലത്തെയും (മടുപ്പിക്കുന്ന) ഉറപ്പോടെ അവതരിപ്പിക്കുന്നു. സ്വാഭാവികമായും ഇത്‌ നമ്മുടെ ജ്ഞാനമണ്ഡലങ്ങളെ എത്രമാത്രം സാമാന്യവല്‍കരിച്ചുവോ അത്രയും ഈ അന്വേഷണങ്ങളിലെ ഏകതാനത നമ്മുടെ ഭാവനയേയും സ്വഭാവവല്‍കരിച്ചു.

കവിതയിലാകട്ടെ, പൊതുവായ ചിലത്‌ എന്ന ആശയം, ആലോചിക്കുമ്പോള്‍ അത്രയും അരാഷ്ട്രീയമായ കല്‍പന, രാഷ്ട്രീയഭാവന എന്ന അര്‍ത്ഥത്തിലും വ്യവഹരിക്കപ്പെട്ടു. വാസ്തവത്തില്‍ ആധുനികതയുടെ ഷ്ട്രീയവല്‍കരണത്തിലേക്ക്‌ നീങ്ങിയ എഴുപതുകളിലേയും നമ്മുടെ പ്രധാനപ്പെട്ട കവിതകളെക്കുറിച്ചുള്ള അന്വേഷണവും ഇങ്ങനെ ഒരപചയത്തിന്റെ കാരണങ്ങളിലേക്കുകൂടി നമ്മെ എത്തിക്കുന്നു. കവിതയെ സംബന്ധിച്ചും രാഷ്ട്രീയത്തെ സംബന്ധിച്ചും ഒരേപോലെ(വീണ്ടും മടുപ്പിക്കുന്ന)ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ച ആ ഭാവന, എന്തുകൊണ്ടും വ്യക്തി, പൗരന്‍, കവി എന്ന പരികല്‍പനകളിലെല്ലാം ദുര്‍ബ്ബലമായിരുന്നു.

ഭാവനയുടെ നൈസര്‍ഗ്ഗികമായ ആവശ്യങ്ങളെക്കൂടി തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ ഉടമ്പടി എത്രമാത്രം സര്‍ഗ്ഗാത്മകമാകാമോ അത്രമാത്രം ആ കവിതകളുടെ പുതിയ ധര്‍മ്മം ആദരിക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്തുവന്ന നമ്മുടെ പുതിയ കവികള്‍ മിക്കവരും ആ രാഷ്ട്രീയ ഭാവുകത്വത്തെ അവഗണിക്കാനോ അഥവാ പരിഗണിച്ചെങ്കില്‍ അതിനെ നമ്മുടെ
ഭാവനയുടെ തന്നെ നഷ്ടപ്പെട്ട പറുദീസയായി വിലമതിക്കാനോ ശ്രദ്ധിച്ചു. സമയം എന്ന കല്‍പനയിലെ തന്നെ ഈ ഇരയാകലാണ്‌ ഒരു പക്ഷേ
ഇന്നു നമ്മുടെ പുതിയ കവിതയുടെ ഊര്‍ജ്ജപ്രസരണസ്ഥലം തന്നെ.

ഭാവനയെ സമയബോധത്തോടെ സ്പര്‍ശിക്കേണ്ടുന്ന ജീവന്റെ വിരലുകള്‍ എന്തുകൊണ്ടാണ്‌ ഇങ്ങനെയെല്ലാം കൈയ്യുറകള്‍ അന്വേഷിച്ചുപോയത്‌? ഒരു കാരണമായി എനിക്കു തോന്നുന്നത്‌ ദീര്‍ഘദര്‍ശനത്തോടടുക്കുന്ന ഭാവനയായാണ്‌ ആധുനികത എന്ന സങ്കല്‍പം തന്നെ നമുക്ക്‌
ബോധ്യപ്പെട്ടത്‌ എന്നാണ്‌. ഇതു കവിതയെ മാത്രമല്ല, നമ്മുടെ
സാമൂഹ്യവീക്ഷണങ്ങളെക്കൂടി സ്വാധീനിച്ചു. അങ്ങനെ രൂപപ്പെട്ട ഒരു വിമതപൗരസങ്കല്‍പം കവിയോടൊപ്പവും നിന്നു. ആ സങ്കല്‍പം കവിയോടും കവി ആ സങ്കല്‍പത്തോടും സംസാരിക്കുന്ന ഒരു പ്രേതലോകം കവിതയുടെ തന്നെ ഭാവനാലോകമായി വസ്തുവല്‍കരിക്കപ്പെട്ടു. അങ്ങനെ ചരിത്രപരമായ വേറൊരു വിധിയേയും നേരിട്ടു: ഭാവനയോടൊപ്പം ഭാഷയുടെ കൂടി ഇരയാകല്‍.




ഒരാളുടെ സ്വത്വത്തെ സമൂഹത്തിന്റെ തന്നെ പാരമ്പര്യ വീക്ഷണങ്ങളും ആ സമൂഹത്തിന്റെ തന്നെ ആധുനികസങ്കല്‍പവും നിര്‍ണ്ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നതുപോലെ സ്വാഭാവികമാണ്‌ പുതിയ കവിതയും പാരമ്പര്യസ്മരണകളും ആധുനികതാനിര്‍വചനങ്ങളും ഒരുപോലെ നേരിടേണ്ടിവരുന്നത്‌. ഒരാളുടെ അകം എന്ന സൂക്ഷ്മാനുഭവത്തോടൊപ്പം ലോകത്തിന്റെ വിവിധങ്ങളും അംഗീകൃതങ്ങളുമായ വലിയ
സ്ഥാപനരൂപങ്ങളുടെ സ്ഥൂലാനുഭവങ്ങളും ജീവിതത്തിലെന്നപോലെ കവിതയും നേരിടുന്നു.

വാസ്തവത്തില്‍ ആധുനികത എന്ന സങ്കല്‍പം നംദിനാചരണങ്ങളിലെ വര്‍ത്തമാനത്തെ മാത്രം സ്പര്‍ശിക്കുന്ന അര്‍ത്ഥത്തിലും നമുടെ സാഹിത്യ ചര്‍ച്ചകളില്‍ കടന്നുവന്നിരുന്നു. ഇപ്പോഴും അങ്ങനെയാകാറുണ്ട്‌. അതുകൊണ്ടു തന്നെ, ആധുനികതയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഇപ്പോള്‍ എന്ന വര്‍ത്തമാനത്തെ അഭിമുഖീകരിച്ച ഓരോ നിമിഷവും വര്‍ത്തമാനാനന്തര
സമൂഹത്തെക്കൂടി സൂചിപ്പിച്ചു. മറ്റൊരര്‍ത്ഥത്തില്‍ ഭാവി, നാം ഒരിക്കലും സന്ദര്‍ശിക്കാനിടയില്ലാത്ത സ്ഥലമായിരുന്നിട്ടും തീര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തെ ആധുനികോത്തരമായി വിശേഷിപ്പിച്ച്‌ വര്‍ത്തമാനത്തിന്റെ തന്നെ ഭൂതത്തെ (past)ഭാവിയായി അവതരിപ്പിക്കുന്നുമുണ്ടായിരുന്നു. ഇത്‌ കലയോടുള്ള നമ്മുടെ സമീപനത്തെ തന്നെ സംശയമുള്ളതാക്കുന്നു.

ചരിത്രത്തെ സംഭവങ്ങളുടെ ശൃംഖലയായി കാണുന്ന ഒരു വര്‍ത്തമാനത്തെ ആദ്യം തന്നെ അവിശ്വസിക്കുന്നു. കവിത, അപ്പോള്‍ അതിന്റെ തന്നെ ഒരു ദുരന്ത സ്മരണയോടെ പ്രത്യക്ഷപ്പെടുന്നു. എഴുതുന്ന സമയത്തെന്നപോലെ അത്‌ വായിച്ചുകൊണ്ടിരിക്കുന്ന സമയത്തും അതിന്റെ വര്‍ത്തമാനത്തില്‍ നിന്ന് അതിന്റെ തത്തിലേക്ക്‌ വേര്‍പെടുന്നു. ഭാവിയെ ഒരു കെട്ടുകഥയാക്കുന്നു. ഒരു പക്ഷേ പുതിയ കവിതയുടെ, പുതിയ കലയുടെ തന്നെ ഭാവന ഒരേസമയം യാദൃശ്ചികമായി നാം തിരിച്ചറിഞ്ഞ ഈ
സുനിശ്ചിതത്വത്തിന്റേതാണെന്നു വരുന്നു, അനില്‍കുമാറും, മറ്റു പല എഴുത്തുകാരെയും പോലെ ഈ യാദൃശ്ചികത നിര്‍മ്മിക്കുന്ന ഭാവനാപരിധിയിലാണ്‌ തങ്ങളുടെ ഭാഷയേയും
മാധ്യമത്തെയും അഭിമുഖീകരിക്കുന്നത്‌.

അങ്ങനെകൂടിയാണ്‌ അവര്‍ തങ്ങളുടെ തൊട്ട തലമുറയിലെ കവികളില്‍ നിന്നും വ്യത്യസ്തരാകുന്നത്‌. 'ദാഹിക്കുന്നുവെന്ന് വിരലുകള്‍ പറയുമെന്ന്' മനസിലാക്കുന്ന, മിനുസങ്ങള്‍ അതിവേഗം പരിശോധിക്കപ്പെടുകയും ഓരോ ഉത്തരവാദിത്വങ്ങളിലെത്തുകയും ചെയ്യുന്നുവെന്നതാണ്‌, സ്വന്തം സ്വത്വത്തെ നിര്‍വചിക്കുകയോ അസ്ഥാനത്താക്കുകയോ ചെയ്യുന്നുവെന്നതാണ്‌ ഈ യാദൃശ്ചികതയുടെ ഒരു പ്രധാന സ്വഭാവപ്രകടനം. തന്റെ
ശരീരത്തില്‍ പിടിച്ച്‌ തന്റെ തന്നെ ആത്മാവിനെ മോന്താന്‍ തുടങ്ങുന്ന, തന്നില്‍
തന്നെ പാര്‍ക്കുന്ന അയാളെ ഉപേക്ഷിക്കാന്‍ പിന്നെ വീട്ടുരുചികള്‍ പാലിക്കുകയോ ഓര്‍മ്മിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ. അതാണ്‌ ആ വൈഷമ്യം. തീണ്ടിയ ആത്മാവു പോലെയാണത്‌. 'സ്റ്റാലിനുമായി
ഒരഭിമുഖം' എന്ന കവിതയില്‍ ഒരാളുടെ സ്വകാര്യ വാസം ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്‌. നമുക്ക്‌ സാധാരണയില്‍ കവിഞ്ഞ പരിചയമുള്ള ആ നാമം, സ്റ്റാലിന്‍, അതിനേക്കാള്‍ പരിചയമുള്ള വേറൊരാളോട്‌ (പ്രേം നസീര്‍) മുട്ടിച്ചത്‌ നമ്മെയും സ്പര്‍ശിക്കുന്നുവെങ്കിലും അ രണ്ടു പേരുകളുടെയും ഭൂതത്തെ കവിത നേരിടുന്നില്ല. എങ്കിലും തീണ്ടിയ ആത്മാവ്‌ വരികളില്‍ അഴികള്‍ക്കു പിന്നില്‍ നിന്നെന്ന പോലെ വിങ്ങുന്നു. ഈ സമാഹാരത്തിലെ
മിക്ക കവിതകളും അങ്ങനെ ഒറ്റയ്ക്കു വന്നു നില്‍ക്കുന്ന ഒരാളെപ്പോലെയാണ്‌.
അകളങ്കമായ ഒന്നിനെക്കുറിച്ചുള്ള ധരണകളോ സ്വപ്നങ്ങളോ ആണ്‌ ഒരു പക്ഷേ അപവിത്രമായി എല്ലാ നീക്കങ്ങളേയും സാധൂകരിക്കുന്നത്‌ എന്നത്‌ ഒരു പഴയ വിശ്വാസമാണ്‌. എന്നാല്‍ എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഇതു മൂല്യങ്ങളുടെ, രുചികളുടെ, അവരുടെ ഭാവനയുടെ തന്നെ ഒരു പകര്‍പ്പും എടുക്കുന്നു. അങ്ങനെയാണ്‌ അവരുടെ കുറേ പ്രമേയങ്ങള്‍ വിവിധ സമയങ്ങളില്‍ വിവിധങ്ങളായ കല്‍പനകളോടെ പലതുമായത്‌. അവരുടെ
വംശത്തിന്റെ പാഠാവലിയിലെ കുതിച്ചുചാട്ടങ്ങള്‍, പിന്മടക്കങ്ങള്‍ എല്ലാം ആ
ബ്ലൂപ്രിന്റിലുണ്ടാകും. അപ്പോഴും അയാള്‍ തന്റെ തന്നെ സ്വത്വത്തിന്റെ
ഏകാന്തതയിലൂടെ അതിന്റെ സ്നേഹത്തോടും ഉപേക്ഷിക്കലോടും കൂടി ആ പ്രമേയങ്ങളുടെയെല്ലാം ഒരു തുടര്‍ച്ചയും ഉണ്ടാക്കുന്നു. ഒരു ഭാഷയുടെ, ഭാവനയുടെ കൂടി തുടര്‍ച്ച.

എഴുപതുകളിലേയും എണ്‍പതുകളിലേയും പ്രധാനപ്പെട്ട കവിതകളില്‍ എല്ലാം ഇങ്ങനെയൊരു തലമുണ്ട്‌. പ്രമേയം എന്ന അര്‍ത്ഥത്തില്‍ ഏകാന്തതയെ ഒരോ കവിയും എങ്ങനെ നേരിട്ടെന്ന രീതികള്‍, ഒരു സമയം അതിന്റെ വേറൊരു വിധിയില്‍ വെച്ച്‌ സാമാന്യമായ
പ്രസ്താവം മാത്രമാകുകയും ചെയ്യുന്നു. ഈ രീതിയില്‍ ഏറ്റവും പ്രസസ്തനായ അവതാരകന്‍ എന്ന നിലയില്‍ എ.അയ്യപ്പന്റെ കവിതകള്‍ ശ്രദ്ധിച്ചാല്‍ ഈ നിരീക്ഷണത്തെ നമുക്ക്‌ കുറെക്കൂടി മുമ്പോട്ട്‌ കൊണ്ടുപോകാനാകും. അയ്യപ്പന്‍ തന്റെ രചനകളെ സാമൂഹികമായ പരിക്കുകളോടെ അവതരിപ്പിച്ച രീതിയെ, കവിതയെത്തന്നെ ക്രമാനുഗതമായി ഒരു തരം വിസ്‌മൃതിയിലേക്കും
അടുപ്പിച്ചിരുന്നു. അങ്ങനെ ഏകാന്തതയുടെ ഉപേക്ഷിക്കലിലേക്കും. ആ കവിതകളിലെ ഹതാശമായ ചിത്രപ്പണികള്‍ പോലും എത്ര വാചാലമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ.
അതോടെ യാദൃശ്ചികതയുടേതെന്ന് നാം കണ്ടെത്തുന്ന സര്‍ഗ്ഗാത്മകഭാവന അഴിഞ്ഞ്‌ മാനത്തേക്ക്‌ തുറന്നുവെച്ച ഒരു കൂടുപോലെ ചിറകൊച്ചകള്‍കൊണ്ട്‌ ശബ്ദായമാനമാകുന്നു. അയ്യപ്പന്റെ കവിതകളില്‍ ഏകാന്തത പ്രമേയമാകുന്നത്‌ അന്യനില്‍ നിന്നുള്ള വേര്‍പെടലിനേക്കാള്‍, ആ വേര്‍പെടലില്‍പോലും അയാളുണ്ടെങ്കിലും, അന്യനോടുള്ള രാഗദ്വേഷ കല്‍പനയായാണ്‌.
അതിനാല്‍ അയ്യപ്പനെ ഇനിയും അതേപോലെ പിന്തുടരുക വയ്യ. എന്നാല്‍ ആ കവിതകള്‍ പാര്‍ക്കുന്ന ഇടം, അലയുന്നതല്ല, സന്ദര്‍ശിക്കാതിരിക്കാനും വയ്യ. എന്തെന്നാല്‍, ആ സ്ഥലത്താണ്‌ നമ്മുടെ പുതിയ കവിതയുടെ നല്ല സമയവും ചെലവഴിക്കപ്പെടുന്നത്‌. അനില്‍കുമാറിന്റെ ചില കവിതകളെങ്കിലും ഇങ്ങനെ ചില സന്ദര്‍ഭങ്ങള്‍ ഇയാളുടെ മറ്റു പല സമകാലികരായ
കവികളെക്കാള്‍ ഏറെ കണ്ടുമുട്ടുന്നു. എന്തുകൊണ്ടായിരിക്കുമിത്‌? തീര്‍ച്ചയായും കേരളത്തില്‍ നിന്നുള്ള വേറിട്ടുപാര്‍ക്കല്‍ ഈ കവിക്കും അങ്ങനെയൊരു കാരണമാവില്ല.
മലയാള കവിതയുടെ ഏറ്റവും പുതിയ ഒരു കാലത്തെ, അതിന്റെ സര്‍ഗ്ഗവൈഭവത്തോടെ തന്നെ എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക്‌ അനില്‍കുമാര്‍ നമ്മുടെ ശ്രദ്ധ നേരത്തേ തന്നെ വാങ്ങിയ ഒരാളാണ്‌. ഇയാള്‍ക്കും കവിത തന്റെ സ്വത്വത്തിന്റെ തീര്‍ച്ചയും
ആ തീര്‍ച്ചയുടെ തന്നെ യാദൃശ്ചികതകളുമാണ്‌. അയ്യപ്പന്റെ രചനകളില്‍ നാം
പരിചയപ്പെട്ട ഏകാന്തത ഏറെയും ഈശ്വരസങ്കല്‍പം പോലെ പവിത്രമായൊരു സ്ഥലമാണ്‌. തന്റെ കവിതകളിലെ ഏറ്റവും ദു:ഖഭരിതമായ വരികള്‍ ആ സ്ഥലത്ത്‌ ഒരു പ്രാര്‍ത്ഥനയുടെ സ്വരച്ചിട്ടയോടെ കേള്‍പ്പിക്കുക എന്ന ഒരു കര്‍മ്മം, പുരോഹിതനോ ഭക്തനോ ആയി അയ്യപ്പന്‍ ഏറ്റെടുത്തുവെന്നാകും ആ കവിതയെക്കുറിച്ചുള്ള ഒരു വിമര്‍ശം. എന്നാല്‍,
അനില്‍കുമാറിന്റെ കവിതകളില്‍ നാം മറ്റൊന്നാണ്‌ കാണുക. ഏകാന്തതയുടെ രാവണന്‍ കോട്ടകളില്‍ ഈ കവിതകള്‍ അവയുടെ ജീവിതത്തെ തേടി നടക്കുന്നില്ലെങ്കിലും അതേ നിര്‍മ്മിതികളുടെ ഒച്ചയും പെരുമാറ്റവും കേള്‍പ്പിക്കുന്നു. ആ അന്വേഷണത്തിന്റെ നിശ്രയമായ ഇടനാഴികളില്‍ ചെന്നു പെടുന്നില്ലെങ്കിലും ആ വഴിയൊച്ചകളില്‍ തന്നെ ഏകാന്തത മുറിയുന്നത്‌ ശ്രദ്ധിക്കുന്നു. അപവിത്രമായ വരികളോടെ തന്റെ ശ്രദ്ധയെ വിഷ്‌കരിക്കാന്‍
ശ്രമിക്കുന്നു.

'ഇടിച്ച കാറുകളുടെ
അസ്ഥി വില്‍ക്കും
തെരുവില്‍
ഒറ്റയ്ക്കു നടക്കുമ്പോള്‍
തുരുമ്പന്‍ സൈക്കിളിലൊരു
ബംഗാളി പോകുന്നു
പിന്നിലെക്കൊട്ടയില്‍
പണിയിടങ്ങളിലേക്കുള്ള
റൊട്ടിയും മീനും
ധൃതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്‌ ആരെക്കുറിച്ചാവും?' ( ഇടിഞ്ഞു വീഴാത്ത വഴി )

ആ ധൃതിപ്പെടും ഉടല്‍ ആരെക്കുറിച്ചു പാടി? ആരെക്കുറിച്ചു പാടി? തന്നെ?
അല്ലെങ്കില്‍ മറ്റൊരാളെപ്പറ്റി? ആരെക്കുറിച്ചാവുമ്പോഴും പാട്ട്‌ അയാളുടെ തളര്‍ച്ചയകറ്റുമെങ്കില്‍ ആ പാട്ടെന്താണ്‌? ഈ ആലോചനകള്‍ തന്നെ നമ്മെ മുമ്പോട്ട്‌ കൊണ്ടു പോകുന്നു. കവിതയുടെ ചില വരികള്‍ അയാളുടെ പൂര്‍ണ്ണങ്ങളെന്നു തോന്നുന്ന ജീവിതത്തെ,
വിച്ഛിന്നമായ ജീവിതസന്ദര്‍ഭങ്ങളിലേക്ക്‌ പടര്‍ത്തി വിടുന്നു. സ്വന്തം കഥയിലെ ഏകാകിയായ തിമിംഗലത്തെ കാണിച്ചു തരുന്നു. അങ്ങനെ ഏകാന്തത, വേറൊരു ധൈര്യത്തോടെ ദൈവത്തെ ചെളിയിലേക്ക്‌ താഴ്‌ത്തും എന്നു കാത്തു നില്‍ക്കുന്നു.

എന്നാല്‍ വേറൊരു സന്ദര്‍ഭത്തില്‍ അതേ എകാന്തത തന്നെ ദൈവത്തോട്‌ സംസാരിക്കാന്‍ ശ്രമിക്കുന്നു.
'NOKIA 3210' എന്ന കവിതയിലേതു പോലെ.

'ദൈവമേ എനിക്കു
മിണ്ടുവാനാവുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തയുടെ കടലില്‍
നഷ്‌ടപ്പെട്ട എന്നെ
വീണ്ടെടുത്തിരുന്നെങ്കില്‍
ചിപ്പിന്റേയും ബാറ്ററിയുടേയും
ഭാരത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നെങ്കില്‍..'

സംവാദങ്ങള്‍, കാത്തിരിപ്പുകള്‍ അവയുടെ അതേ നിമിഷങ്ങളില്‍ ഏകാന്തയുടെ
ഉറുമ്പുവരികള്‍ പോലെ നിശ്ശബ്‌ദം നീങ്ങുന്നു എന്നാകുമോ ഈ വരികള്‍ അവ എഴുതിയപ്പോള്‍ കണ്ടുമുട്ടിയത്‌?

എനിക്കു പരിചയമുള്ള ഒരെഴുത്ത്‌ അതേ സംവാദങ്ങളെ, അതേ കാത്തിരിപ്പുകളെ, അതേ നിമിഷങ്ങളെത്തന്നെ അസംബന്ധമാക്കുന്നു.
എന്നാല്‍, അനിലിന്റെ കവിതകള്‍ ഏകാന്തതയെ അര്‍ത്ഥപൂര്‍ണ്ണമായ ചില വിനിമയങ്ങളുടെ സാദ്ധ്യത ആരായുന്നതിലേക്കും നയിക്കുന്നു.ഇതാകാം നമ്മുടെ പുതിയ കവിതയുടെ ഒരു സന്ദര്‍ഭം. നഗര കേന്ദ്രീകൃതമായ ഒരു വികസനമാതൃക ലക്ഷ്യമാക്കിക്കൊണ്ട്‌ ഓരോ ഭാഷാദേശീയതകളും അവയുടെ ഗ്രാമങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങുന്ന അതേ കാലത്താണ്‌
നമ്മുടെ കലയും സാഹിത്യവും ആധുനികതയെ പരിചയപ്പെടുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

അതുകൊണ്ടു തന്നെ, ആ കാലത്തെ പല രചനകളിലും പൗരജീവിതത്തിലെ അത്തരം പിളര്‍പ്പുകള്‍ പ്രമേയങ്ങളാവുന്നുണ്ടായിരുന്നു. 'നഗരത്തിലെ യക്ഷന്‍' എന്ന കവിത മുറ്റുന്ന ഒരു സങ്കല്‍പം തന്നെ നമുക്കു കിട്ടുന്നത്‌ ആ കാലത്താണ്‌. എന്നാല്‍ അതേ ഗ്രാമങ്ങളില്‍ നിന്ന് എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുടെ പുറത്തേക്ക്‌ ഗള്‍ഫിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും മറ്റും കുടിയേറുന്ന മലയാളികളില്‍ ഇന്ത്യന്‍
എന്ന അവസ്ഥയോട്‌ എന്നതിനേക്കാള്‍ തനിക്കേറ്റവും അപരിചിതമായ വേറൊരു ദേശസ്വത്വത്തോടാണ്‌ കൂടുതല്‍ ഇടപഴകുന്നത്‌.അവരുടെ കൂട്ടത്തിലെ എഴുത്തുകാര്‍ തങ്ങളുടെ മലയാളി സ്വത്വത്തെ ഏറെയും ഗൃഹാതുരത്വത്തോടെയാണ്‌ നോക്കിക്കണ്ടത്‌ എന്നത്‌ ശ്രദ്ധേയമായിരുന്നു. ഇത്‌ അവരെ തൊട്ടുമുമ്പത്തെ തലമുറയിലെ എഴുത്തുകാരില്‍ നിന്നും വേര്‍പെടുത്താന്‍ പോന്നതുമായിരുന്നു. അതുകൊണ്ടു തന്നെ ധുനികതയോടൊപ്പം തന്നെ പ്രശസ്തമായ പ്രവാസം എന്ന അകാല്‍പനികവും രാഷ്ട്രീയവുമായ ഒരു സാമൂഹ്യസന്ദര്‍ഭത്തെ തങ്ങളുടെ കുടിയേറ്റ ജീവിതത്തിലെ വിരഹവ്യാപ്തികൊണ്ട്‌ പൂരിപ്പിക്കാനുള്ള ശ്രമവും
നടന്നു.തൊണ്ണൂറുകള്‍ക്കൊടുവില്‍ ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ
സാംസ്കാരികരൂപീകരണങ്ങളിലെ പ്രധാന സ്ഥാപനങ്ങളായതോടെ ഈ ശ്രമം തന്നെ ഏറെയും ഔദ്യോഗികമായി. ഇത്‌ വിശേഷിച്ചും നമ്മുടെ കവിതയിലേക്ക്‌ പുതിയൊരു അനുഭവക്രമത്തെ പ്രകടിപ്പിക്കാന്‍ പോന്നതായിരുന്നു. സര്‍ജു, രാം മോഹന്‍, കമറുദ്ദീന്‍, ലാസര്‍
ഡിസില്‌വ, മുസഫര്‍ അഹമ്മദ്‌, ടി.പി. അനില്‍കുമാര്‍ തുടങ്ങിയവരുടെ ഒരു നിര വേറെ വേറെ കാവ്യരുചികളോടെ നമ്മുടെ പുതിയ കവിതയുടെ സ്വരപ്പകര്‍ച്ചയില്‍ പങ്കുചേര്‍ന്നു.
നാട്ടിലും നാടിനു പുറത്തും അലയുന്ന വേറൊരു യക്ഷന്‍ ഈ കവിതകളിലും വന്നു. 'വിപണി' പോലുള്ള കവിതകളില്‍ ഗ്രാമം, വിട്ടുജീവിതം ഒക്കെക്കൊണ്ടാണ്‌ ഈ അന്യം നിന്ന ജീവിതത്തെ നേരിടുന്നതു തന്നെ.
വേറിട്ടു പാര്‍ക്കല്‍ എന്ന അവസ്ഥ, സ്വയം നിര്‍മ്മിക്കുന്ന പ്രതിരോധങ്ങള്‍,
അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ വിലാപങ്ങളുടെ നേര്‍ത്ത ശബ്ദവും കേള്‍പ്പിക്കുന്നു.
നഷ്ടപ്പെടുന്ന എന്തിനോടുമുള്ള ആഭിമുഖ്യം തന്നെ വിഫലമായ തിരച്ചിലാകുന്നുവെന്ന അറിവാണ്‌ വേറിട്ടു പാര്‍ക്കലിന്റെ സ്ഥായിയായ ഭാവം തന്നെ. അങ്ങനെ നഷ്ടമാകുന്ന പ്രകൃതിയോടും കാലത്തോടും സംവദിക്കാന്‍ പിന്നെ ബാക്കിയാവുന്നത്‌ ഓര്‍മ്മയാണ്‌.
ഓര്‍മ്മയെ വസ്തുക്കള്‍ കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും തന്റെ തന്നെ ഏകാന്തത കൊണ്ടും അഭിമുഖീകരിക്കുക, അങ്ങനെ അതേ നഷ്ടപ്രദേശത്തിന്റെ ബദല്‍ രൂപങ്ങള്‍ നിര്‍മ്മിക്കുക,
ഗൃഹാതുരത്വം എന്ന മനോനിലയുടെ കരണീയമായ പ്രവൃത്തിപോലും പിന്നീട്‌ അതാണ്‌ എന്നു തോന്നും. ആ നഷ്ടപ്പെടലില്‍ നിന്ന് അപ്പോഴും വേറിടുന്നുമില്ല. 'വിരല്‍ത്തുമ്പു വിട്ടുപോകുന്നു', ഇങ്ങനെയൊക്കെയാണ്‌ ഉറപ്പുവരുത്തുന്നത്‌' എന്നീ കവിതകളിലേതുപോലുള്ള അനുഭവത്തിലൂടെ ആ വേറിടല്‍, അതിന്റെ ദൂരം, ദൂരമില്ലായ്മ, ഒപ്പം സഞ്ചരിക്കുന്നു. തന്നെ മോഹിപ്പിക്കുന്നതെന്തും, മോഹിപ്പിച്ചതും എല്ലാം മറ്റൊരാളിലൂടെ കൂടിയാകുന്നുവെന്ന് തോന്നുന്നതുതന്നെ ഏകാന്തതയുടെ ഒരു രൂപഭേദം ആണ്‌.
തന്റെ തന്നെ സ്വത്വത്തിലേക്ക്‌ ചേര്‍ത്തു നിര്‍ത്തുന്ന മറ്റൊരാള്‍. എങ്കിലും
ഏകാകിയാണ്‌ എന്ന നിശ്ചയം, മനുഷ്യാവസ്ഥയുടെ ഈ നിശ്ചയം മറ്റെന്തിനേക്കാളും സര്‍ഗ്ഗാത്മകതയുടെ വിഷയമാകുന്നത്‌ ആധുനികതയുടെ കാലത്താണ്‌. അനില്‍കുമാറിന്റെ കവിതകളുടെ ആന്തരിക
ഭാവം ഇത്തരമൊരു സൂക്ഷ്‌മാനുഭവത്തിന്റേതുകൂടിയാണ്‌.അതേ സമയം അതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ അവസരത്തോട്‌ വിമുഖമാവുന്ന ഭാവന അതേ ഏകാന്തതയെ വൈകാരികമായ ഒരഭയം
പോലെ, കുടിയൊഴിപ്പിക്കപെട്ടവര്‍ ചെന്നു പാര്‍ക്കുന്ന മറ്റൊരിടത്തെ, മറ്റൊരു
സമയത്തെ ക്യാമ്പു പോലെ അവതരിപ്പിക്കുന്നു: ചുവന്ന സാരിയുടുത്ത്‌ കണ്ണെഴുതി കനകാംബരം ചൂടി കുടയെടുക്കാതെ പോയവള്‍ മഴയില്‍ അലിഞ്ഞു പോയെന്ന് തോന്നുന്നു എന്നു ഒരേ സമയം ആകുലപ്പെടുകയും ശാന്തമാകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ അഭയം തന്റെ
തന്നെ സ്വത്വത്തില്‍ അലിഞ്ഞ്‌ അഭയം അല്ലാതാവുന്നു. ആ ക്യാമ്പിലെ ഏകാകിയായ ഒരാള്‍ക്കു വേണ്ടി അയാള്‍ തന്നെത്തന്നെ ഓര്‍മ്മിക്കുന്നു. കവിതയിലെ ഈ ഭാവുകത്വം നമ്മുടെ കാലത്തിന്റെ കൂടി ഒരു സ്വഭാവമാകുന്നു. പ്രണയമാണ്‌ ഏകാന്തതയുടെ വേറൊരു അഭയം:
നിറയും കണ്ണുകളില്‍ പ്രണയം മാന്‌കൂട്ടമായ്‌ വന്ന് കണ്ണാടി നോക്കുന്നു. പിന്നെ ഉമ്മവയ്ക്കില്ലൊരിക്കലും നിന്നെ ഞാനെന്ന് ചിരിച്ച്‌ തോരും മഴയ്ക്കൊപ്പം പുറത്തു പോകുന്നു. (ഇടത്തോട്ടെഴുതുന്നത്‌) വേറിട്ടു പാര്‍ക്കലിലെ ഖേദകരമായ ഒരവസ്ഥയായി വിരഹം കടന്നു വരുന്നു. ചിത്ര സദൃശ്യങ്ങളായ ബിംബങ്ങള്‍, അവയുടെ പശ്ചാത്തലത്തില്‍ അത്രയും ദൃഷ്ടിപഥത്തിലല്ലാത്ത ഋതുഭേദങ്ങള്‍ എല്ലാം വീണ്ടും അയാളെ ഏകാകിയും വിരഹിയുമായി ഉപേക്ഷിക്കുന്നു.


ഒരു മുങ്ങാംകുഴിയില്‍
പുഴയെനിക്കെല്ലാം
മണലില്
‍കാല്‍കുത്തിക്കുതിക്കലില്‍
പുഴയെനിയ്ക്കന്യം. (ജലമോടുന്ന ചില സിരകള്‍)

മറ്റൊരു കവിതയില്‍ (നനഞ്ഞ ആകാശം) തന്റെ
പ്രമേയങ്ങള്‍, ഏകാന്തത, വിശപ്പ്‌, കാമം, പ്രണയം, തിരസ്കാരം ആര്‍ക്ക്‌ സമര്‍പ്പിക്കും എന്നു ചോദിക്കുന്നു. തന്റെ ഓര്‍മ്മയെ, ഹതാശമായ ചെന്നു ചേര്‍ന്ന അപരത്വത്തോട്‌, അതിന്റെ രൂപകങ്ങളോട്‌ എല്ലാം ആരായുന്നു. നനഞ്ഞ ആകാശത്തിലേക്കു തന്നെ വീണ്ടും അഴിയുന്നു.

തൊണ്ടയടഞ്ഞ
കടല്‍ദൈവത്തിന്‍
കൈയ്യിലെ കറയില്‍
കുഴഞ്ഞ തിരകള്‍ (ഒഴിവുകാലം)

നീയാണെന്നു
കരുതിതിരകള്‍
എന്നെത്തൊടും
എന്നെയെന്നു
കരുതി ഞാന്‍
നനഞ്ഞു നില്‍ക്കും. (പ്രണയം)

ഈ കുറിപ്പ്‌ അവസാനിപ്പിക്കുമ്പോള്‍ എപ്പോഴോ ഞാന്‍ അയാളെയും പരിചയപ്പെട്ടതുപോലെ തോന്നുന്നു. അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി കോണിപ്പടിയില്‍ ഒറ്റയ്ക്ക്‌
ഇരിക്കുന്ന ആള്‍: ഓര്‍മ്മകളിലേക്ക്‌ തന്റെ തന്നെ ജീവിതം വാങ്ങാന്‍ പോയ ഒരാള്‍, തൊട്ടപ്പുറത്ത്‌ ഒരാള്‍ക്ക്‌ കൂടി സ്ഥലമിട്ട്‌ നീങ്ങി ഇരുന്ന ആള്‍, ദൂരത്തെയും സമയത്തെയും തന്റെ തന്നെ ദൈനംദിന ജീവിതചര്യയിലെ പ്രവൃത്തിപദങ്ങള്‍ കൊണ്ട്‌ പരിചയപ്പെട്ട ഒരാള്‍- കവി. ആ ഒഴിച്ചിട്ട സ്ഥലത്ത്‌ അയാളോടൊപ്പമിരിക്കാന്‍ ആരാണ്‌ വന്നിരിക്കുക? അയാള്‍ പാര്‍ത്ത ഭാഷയല്ലാതെ , സമയമല്ലാതെ, ഭാവനയല്ലാതെ?

ആ കാഴ്ചയായിരുന്നു അന്നും, ഇപ്പോഴും അനില്‍കുമാറിന്റെ
കവിതകള്‍ എനിക്കു തന്നുകൊണ്ടിരിക്കുന്ന ആഹ്ലാദം.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | bug tracking | scrum | software project management | help desk

posted by സ്വാര്‍ത്ഥന്‍ at 1:50 AM

0 Comments:

Post a Comment

<< Home