Sunday, January 21, 2007

എന്റെ ലോകം - പ്രസിദ്ധീകരണത്തിന്റെ ജനാധിപത്യം

ടോം ജെ മങ്ങാടിന്റെ ‘സക്കറിയ രണ്ടാമന്‍’ എന്ന കഥ ഓര്‍മ്മ വരുന്നു. സാഹിത്യപ്രസിദ്ധീകരണങ്ങള്‍ക്കും സാഹിത്യപ്രഭുത്വികള്‍ക്കും ഒരു രണ്ടാമന്‍ സക്കറിയേയോ മേതിലിനേയോ ഉപജാപങ്ങളിലൂടെ മെനഞ്ഞെടുക്കാമെന്നു്, ടോം സൂചിപ്പിക്കുന്നതിനെ പഴി പറയാന്‍ കഴിയില്ല. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ചട്ടക്കൂടുകള്‍ അപ്രകാരമാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു്.

കൈപ്പള്ളിയോടൊപ്പം വേദിയില്‍ സാഹിത്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇത്തരം ഉപജാപങ്ങള്‍ സാധ്യമാകുന്നതു്. പരമ്പരാഗത മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കുക. മുന്നണിഭേദമന്യേ രാഷ്ട്രീയകക്ഷികള്‍ നടത്തിവരുന്ന രാഷ്ട്രീയ ഇടപെടലുകളെ ജനങ്ങളില്‍ ചൂടോടെ എത്തിക്കുന്ന political ad services ആയി മാറിയിരിക്കുന്നു ഇന്നത്തെ മാധ്യമങ്ങള്‍. രാഷ്ട്രീയസന്ദര്‍ഭങ്ങളെ കുറിച്ചു സാ‍മാന്യജനത്തെ ബോധവല്‍ക്കരിക്കുന്നതിനു പകരം political issues -നെ തുടര്‍ച്ചയായി പരസ്യപ്പെടുത്തുവാനാണു മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുന്നതു് (contraceptives -നെ കുറിച്ചുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പരസ്യം ക്രിക്കറ്റ് കളി തുടങ്ങുന്നതിനു മുമ്പും അവസാനിച്ചതിനു ശേഷവും ഒരു തവണ വീതം പ്രക്ഷേപണം ചെയ്യുമ്പോള്‍ കൊക്കൊ-കോള ഓരോ ഓവറിനു ശേഷവും പരസ്യം സം‌പ്രേക്ഷണം ചെയ്യുന്നതോര്‍ക്കുക).

ജനവിധിയെ നേരിട്ടു ബാധിക്കുന്ന ഇടപെടലുകള്‍ മാധ്യമങ്ങള്‍ക്കു സാധ്യമായതോടെ ഇത്തരം പരസ്യങ്ങളില്‍ തന്നെയാണു രാഷ്ട്രീയക്കാരുടെ കണ്ണും (കേരളം നേരിടുന്ന ഹര്‍ത്താലുകള്‍ക്കും പണിമുടക്കുകള്‍ക്കും ബോധവല്‍ക്കരണത്തേക്കാള്‍ ഉപരി കക്ഷിരാഷ്ട്രീയത്തിന്റെ പരസ്യപ്പലകയാവുക എന്നതാണു ധര്‍മ്മം എന്നും ഇതോടൊപ്പം കൂട്ടിവായിക്കാ‍വുന്നതാണു്).

രാഷ്ട്രീയ, സാഹിത്യ അഭിപ്രായരൂപീകരണങ്ങള്‍ക്കുള്ള സാമൂഹികജ്ഞാനം ലഭ്യമാക്കുന്നതു്, ഒരു തരത്തില്‍ സ്വയംഭരണാവകാശമുള്ള മാധ്യമ കുത്തകകളാണു്. ഈ കുത്തകകളെ കൈയാളുന്ന കൂട്ടര്‍ക്കു സമര്‍ഥമായി വഴിതിരിച്ചെടുക്കാവുന്നതാണു ദൌര്‍ഭാഗ്യവശാല്‍ ഇന്നത്തെ രാഷ്ട്രീയപ്രബുദ്ധത. ഈ പ്രബുദ്ധതയെ കാവല്‍ നിര്‍ത്തിയും കൂട്ടുപിടിച്ചുമാണു ജനത്തിനു വേണ്ടിയുള്ള നിയമനിര്‍മ്മാണസഭകളിലേയ്ക്കു പൌരോഹിത്യത്തിലേയ്ക്കെന്ന പോലെ ജനപ്രതിനിധികള്‍ കാലെടുത്തു വയ്ക്കുന്നതു്. ഇപ്രകാരമുള്ള മാധ്യമ ഇടപെടലുകള്‍ ഒരു campaigned propaganda ആയിരുന്നാല്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നവരുടെ ആശയങ്ങള്‍ വിശ്വാസ്യയോഗ്യമായ രീതിയില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നുള്ളതിനു യാതൊരു ഉറപ്പുമില്ല. രാഷ്ട്രീയ പ്രബുദ്ധത സൃഷ്ടിച്ചെടുക്കുന്നതു തികച്ചും ഏകപക്ഷീയവും സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്നതുമായ മാധ്യമലോകമെന്നിരിക്കെ ജനാധിപത്യ അധികാരഘടനയിലേയ്ക്കുള്ള ജനപങ്കാളിത്തം ജനാധിപത്യ വിരുദ്ധതയോടെ ആണെന്നുള്ളതാണു സത്യം.

ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കൈമുതലായിട്ടുള്ള ബ്ലോഗുകള്‍ പരമ്പരാഗത മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടുവാനുള്ള ഏത് സാങ്കേതികമാണു കാഴ്ചവയ്ക്കുന്നതെന്നു പരിശോധിക്കാം. ഒരു ഉദാഹരണത്തിനു്, ഏതെങ്കിലും തരത്തിലുള്ള ‘രാഷ്ട്രീയചിന്ത’ (ഏതൊരു ചിന്തയ്ക്കും പുറകിലൊരു രാഷ്ട്രീയമുണ്ടെന്നു മറക്കുന്നില്ല) ഉള്‍ക്കൊള്ളുന്ന വിജ്ഞാനശകലം ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നിരിക്കട്ടെ, ബ്ലോഗ് സമൂഹം ഈ അറിവിനോടു പ്രതികരിക്കുന്നതു രണ്ടു രീതിയിലാണു്. ആദ്യത്തേതില്‍ ‘പിന്മൊഴികള്‍’ എന്ന കമന്റുകള്‍ രേഖപ്പെടുത്തി വളരെ പരമ്പരാഗതമായ രീതിയില്‍ തന്നെ ബ്ലോഗ് സമൂഹത്തിനു പ്രതികരിക്കാം. ഏതെങ്കിലും പത്രത്തിലോ മാസികയിലോ പ്രസിദ്ധീകരിക്കപ്പെട്ട വിവരത്തിനെ കുറിച്ചു വായനക്കാരന്‍ എഡിറ്റര്‍ക്കെഴുതി പ്രതികരിക്കുന്നതിനു സമാനമായൊന്നാണു് ഇതും. ഇലക്ട്രോണിക് യുഗം ഈ പ്രതികരണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചുണ്ടാകാം എങ്കിലും വായനക്കാരന്റെ പ്രതികരണം പ്രസിദ്ധീകരിക്കപ്പെടാനുള്ള സാധ്യത, പരമ്പരാഗത മാധ്യമങ്ങളിലെന്നോണം ക്ലിഷ്ടമാണു്. ബ്ലോഗെഴുത്തുകാരന്‍ തനിക്കു സ്വീകാര്യമാകുന്ന കമന്റുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ, അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെട്ടേയ്ക്കാം.

ബ്ലോഗിനു സവിശേഷമായുള്ളതും നവീനമായതുമായ ബാക്ക്‍ലിങ്കിങ് എന്ന പ്രതികരണ ഉപാധി ജനാധിപത്യത്തിനുള്ള സാധ്യതകള്‍ തുറന്നു തരുന്നതു് ഈ സന്ദര്‍ഭത്തിലാണു്. പ്രസിദ്ധീകരിക്കപ്പെട്ട ഏതൊരു ബ്ലോഗ് എന്‍‌ട്രിയെ കുറിച്ചും (എളുപ്പത്തിനായി story എന്നു സൂചിപ്പിക്കട്ടെ) മറ്റേതൊരാള്‍ക്കും പുതിയൊരു story സൃഷ്ടിക്കുവാന്‍ സാധിക്കുന്നതാണു്. തദവസരത്തില്‍ original story -യിലേയ്ക്കൊരു ലിങ്ക് നല്‍കുവാന്‍ ശ്രദ്ധിച്ചാല്‍ ബ്ലോഗ് സേവന/തിരയല്‍ ദാതാക്കള്‍ (blog tool or search providers) ഈ ഇലക്ട്രോണിക് ഡോക്യുമെന്റ് ലിങ്കുകളെ കുറിച്ചുള്ള വിവരം ശേഖരിച്ചുവയ്ക്കുകയും ബ്ലോഗുകളിലും സേര്‍ച്ച് പേജുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇപ്രകാരം ഏറ്റവും അധികം ബാക്ക്‍ലിങ്കുകളുള്ള (ലിങ്ക് ചെയ്യപ്പെട്ട/സൂചിപ്പിക്കപ്പെട്ട എന്നര്‍ഥം) ബ്ലോഗ് എന്‍‌ട്രികളാവും ഏറ്റവും പ്രസിദ്ധവും വിശ്വാസയോഗ്യവുമായ ബ്ലോഗ് കുറിപ്പുകള്‍. ഏതെങ്കിലും കീവേര്‍ഡിനായി ബ്ലോഗില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും പ്രസിദ്ധമായതിനെ ആദ്യം പ്രദര്‍ശിപ്പിക്കുവാന്‍ സേവനദാതാക്കള്‍ ഉത്സാഹിക്കുന്നതോടെ, അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നവനേ ആ സ്വാതന്ത്ര്യം ഉപയോഗിക്കുവാനും അര്‍ഹതയുണ്ടാവൂ എന്ന ജനാധിപത്യ രീതി പാലിക്കപ്പെടുന്നു.

ബാക്ക്‍ലിങ്കുകളും കമന്റുകളും അനുവദിക്കാത്ത ബ്ലോഗുകളിലെ ആശയങ്ങളേയും ബ്ലോഗുകളെ തന്നെയും അവഗണിക്കുവാന്‍ ശീലിക്കുന്നതോടെ, മാധ്യമസംസ്കാരം വളര്‍ത്തിയെടുക്കുന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ പ്രബുദ്ധയെ വെല്ലുവിളിക്കുവാനും അധികാര കേന്ദ്രങ്ങളില്‍ യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കപ്പെട്ടെന്നു ഉറപ്പുവരുത്തുവാനും കഴിഞ്ഞെന്നിരിക്കും. Ease of publishing, freedom to express എന്നീ സ്ലോഗനുകളേക്കാള്‍ ബ്ലോഗുകളെ ഭാവിയിലെ മാധ്യമമാക്കുന്നതു് അഭിപ്രാ‍യ രൂപീകരണത്തിനു് ആ മാധ്യമം സ്വീകരിക്കുന്ന ജനാധിപത്യ രീതികളാണു്. അതിനെ സ്വാഗതം ചെയ്യുക.

(അബുദാബി കേരള സോഷ്യല്‍ സെന്ററും എമിരേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഇന്തോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ ‘നവമാധ്യമങ്ങളും ഇ-എഴുത്തും’ എന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രസംഗം. സഭാകമ്പവും സമയക്കുറവും കാരണം സത്യത്തില്‍ അവതരിക്കപ്പെട്ടതു്‌ ഈ ലേഖനത്തിന്റെ ഏറെക്കുറെ ചെറിയൊരു ഭാഗമാണു്. സെമിനാറിനാല്‍ സക്കറിയയെ പോലെയുള്ള ഒരു എഴുത്തുകാരന്‍ ബ്ലോഗിന്റെ സാധ്യതകളെ എളുപ്പം തിരിച്ചറിഞ്ഞുവെന്നതും, ഒരു ബ്ലോഗ് തുടങ്ങുവാന്‍ താല്പര്യപ്പെടുകയും അതിലേയ്ക്കു വേണ്ടുന്ന സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നുള്ളതു് ഈ പോരായ്മയിലും എന്നെ കൃതാര്‍ഥനാക്കുന്നു.)

posted by സ്വാര്‍ത്ഥന്‍ at 12:08 AM

0 Comments:

Post a Comment

<< Home