Friday, January 26, 2007

കുറുമാന്റെ കഥകള്‍ - ഒരു പിറന്നാള്‍ സ്മരണ

കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തില്‍ നാട്ടില്‍ വെക്കേഷന്‍ ആര്‍മാദിച്ചുല്ലസിച്ചു ചിലവിടുന്നതിന്നിടയിലെ ഒരു സാധാരണ ദിവസം.

മഴ ചാറുന്നതിന്റെ ശബ്ദം, ചാരിയിട്ടിരുന്ന ജനലിന്റെ ഇടയില്‍ കൂടി മുറിക്കകത്തേക്ക്‌ വന്നു. കുട്ടി കുറുമികള്‍ രണ്ടും നല്ല ഉറക്കത്തിലാണ്‌. കുറുമിയെ മുറിയിലൊന്നും കാണാനുണ്ടായിരുന്നില്ല. ബാത്‌ റൂമിന്റെ വാതിലും തുറന്നു തന്നെയാണ്‌ കിടക്കുന്നത്‌. താഴെ നിന്നു അമ്മയുടേയും, കുറുമിയുടേയും ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. എന്തു പറ്റിയാവോ, കുറുമി ഇന്ന് രാവിലെ തന്നെ എഴുന്നേറ്റിരിക്കുന്നു. തലക്കു മുകളിലൂടെ പുതപ്പ്‌ വലിച്ചിട്ട്‌ ഞാന്‍ വീണ്ടും തിരിഞ്ഞുകിടന്നു.

ഇന്നെന്താ, എഴുന്നേല്‍ക്കുന്നില്ലേന്നുള്ള കുറുമിയുടെ ചോദ്യമാണ്‌ എന്നെ ഉറക്കത്തില്‍ നിന്നും വീണ്ടും ഉണര്‍ത്തിയത്‌.

കണ്ണു തിരുമ്മി ഞാന്‍ എഴുന്നേറ്റപ്പോള്‍ കാണുന്നത്‌, സെറ്റുമുണ്ടുടുത്ത്‌, തലയില്‍ തുളസിയും, ചെത്തിപ്പൂവും ചൂടി, ചന്ദനം തൊട്ട്‌ ഐശ്വര്യത്തോടെ ഒരു ഗ്ലാസ്‌ ചായയുമായി എന്റെ മുന്‍പില്‍ നില്‍ക്കുന്ന കുറുമിയേയാണ്‌.

അഞ്ചാറു വര്‍ഷത്തിന്റെ ദാമ്പത്യ ജീവിതത്തിന്നിടയില്‍, പ്രത്യേകിച്ചൊരു വിശേഷവുമില്ലാത്ത ദിവസങ്ങളില്‍, അതും ഇത്രയും രാവിലെ കുളിച്ച്‌ സെറ്റുമുണ്ടുമുടുത്ത്‌ കുറുമിയെ കണ്ടപ്പോള്‍, കണ്ണിന്റെ കാഴ്ചക്ക്‌ വല്ല കേടുപാടും സംഭവിച്ചോ എന്നറിയാതെ, ഞാന്‍ കണ്ണുകള്‍ വീണ്ടും വീണ്ടും അടച്ചു തുറക്കുകയും, തിരുമ്മി നോക്കുകയും ചെയ്തു. ഇല്ല, കണ്ണിന്റെ കാഴ്ചക്ക്‌ കുഴപ്പമൊന്നുമില്ല.

എന്താ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്‌, എന്ന ഒരു ചോദ്യത്തോടെ കയ്യിലിരുന്ന ചായ കപ്പ്‌ കുറുമി എനിക്ക്‌ കൈമാറി. പിന്നെ ഞാന്‍ ചായകുടിച്ച്‌ കഴിയുന്നതു വരെ മുറിയില്‍ ചുറ്റി പറ്റി നിന്നു, ചായകുടിച്ചതും, ചായകപ്പ്‌ വാങ്ങി തലയൊന്നു വെട്ടിച്ച്‌, കോണിപടികള്‍ അമര്‍ത്തി ചവിട്ടി താഴോട്ടിറങ്ങി പോയി.

കുളി കഴിഞ്ഞ്‌,അമ്മ ചൂടോടെ വിളമ്പിയ, ആറേ, ആറു ദോശയും, ഒരു പുഴുങ്ങിയ നേന്ത്ര പഴവും, വാട്ടിയ ഒരു മുട്ടയും കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞത്‌ പോലെ തോന്നിയതു കാരണം, ഒരു ദോശയും കൂടി തിന്നാലോ എന്ന ആശ ഞാന്‍ മുളയിലേ തന്നെ നുള്ളികളഞ്ഞു.

ഞാന്‍ ദോശ കഴിക്കുന്നതിന്റെ ഇടയില്‍, ശ്രീകോവിലിന്നു വലം വയ്ക്കുന്നതുപോലെ, കുറുമി പല തവണ ഡൈനിങ്ങ്‌ ടേബിളിനെ വലം വച്ചു പോയിയെങ്കിലും, പ്രത്യേകിച്ച്‌ എന്നോട്‌ എന്തെങ്കിലും പറയുകയുണ്ടായില്ല മറിച്ച്‌, ഞാന്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്ന ഒരു ആകാംഷയും മുഖത്തു നിഴലിച്ചിരുന്നു.

ഭക്ഷണം കഴിച്ച്‌ കയ്യും കഴുകി, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതിനാല്‍, വസ്ത്രം മാറി ഞാന്‍ പുറത്തേക്ക്‌ പോകുകയാണെന്ന് പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചക്ക്‌ ഭക്ഷണം കഴിക്കാന്‍ വരില്ലേ എന്ന അമ്മയുടേ ചോദ്യം ഗേറ്റ്‌ കടന്നു പുറത്തിറങ്ങുന്നതിന്നു മുന്‍പേ തന്നെ പിന്‍പില്‍ നിന്നും കേട്ടപ്പോള്‍, വരില്ലെങ്കില്‍ വിളിച്ച്‌ പറയാം എന്നും പറഞ്ഞ്‌ ഞാന്‍ ഗേറ്റും തുറന്ന് പുറത്തിറങ്ങി.

വാരത്തിന്റെ തുടക്കമായ തിങ്കളാഴ്ചയായതിനാലും, മാസാവസാനമായതിനാലും, ജോലിയുള്ള കൂട്ടുകാരൊക്കെ അവനവന്റെ ജോലി സ്ഥലത്തേക്ക്‌ തെറിച്ചിരുന്നെങ്കിലും, ജോലിയുള്ളവരേക്കാള്‍ കൂടുതല്‍ കൂട്ടുകാര്‍ക്ക്‌ ജോലിയില്ലാതിരുന്നതിനാല്‍, കമ്പനിയടിക്കാന്‍, അല്ലെങ്കില്‍ കമ്പനിക്ക്‌ അടിക്കാന്‍ തോന്നിയാല്‍ അഡ്വാന്‍സ്‌ ബുക്കിങ്ങില്ലാതെ തന്നെ, 24/7 സമയത്തും ഒരു വിളിക്ക്‌ തന്നെ സ്പോട്ടില്‍ എത്തിചേരാം എന്ന് അടിക്കടി എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളില്‍ ഒന്നു രണ്ടാള്‍ക്കാരെ ചേര്‍ത്ത്‌ കമ്പനിയടിച്ചിരുന്നു സമയം രണ്ടര കഴിഞ്ഞപ്പോള്‍, പതുക്കെ വീട്ടിലേക്ക്‌ നീങ്ങി.

വീട്ടിലെത്തി ബെല്ലടിച്ച്‌, അഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴാണ്‌ അമ്മ വന്ന് വാതില്‍ തുറന്നത്‌. ഊണു കഴിച്ച്‌ കിടന്നപ്പോള്‍, ഞാന്‍ ഒന്നു മയങ്ങിപോയി, നീ വല്ലതും കഴിച്ചോ എന്നുള്ള ചോദ്യത്തിന്നു ഇല്ല ചോറു വിളമ്പികൊള്ളൂ എന്നും പറഞ്ഞ്‌, വസ്ത്രം മാറാനായി മുകളിലെ മുറിയിലേക്ക്‌ ഞാന്‍ പോയി.

പതിവിന്നു വിപരീതമായി മുകളിലെ മുറി അകത്തു നിന്നും കുറുമി കുറ്റിയിട്ടിരിക്കുന്നു. എത്ര മുട്ടിയിട്ടും തുറക്കുന്നില്ല. ഉറക്കമായിരിക്കും, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി, പുറത്തെ അഴയില്‍ തന്നെ പാന്റും ഷര്‍ട്ടും അഴിച്ചിട്ട്‌, മുണ്ടെടുത്തുടുത്തു. പിന്നെ ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി.

അവളൊന്നും ഉച്ചക്ക്‌ കഴിച്ചില്ലല്ലോടാ, വയറിന്നു നല്ല സുഖമില്ല എന്ന് പറഞ്ഞ്‌ നീ പോയതിന്നു തൊട്ടു പുറകില്‍ തന്നെ പോയി കിടന്നതാ. നിങ്ങള്‍ തമ്മില്‍ വഴക്കൊന്നും ഉണ്ടായില്ലല്ലോ? രാവിലെ എന്തൊരു ഉഷാറാടു കൂടി എന്റെ കൂടെ അമ്പലത്തില്‍ വന്നതാ, തിരിച്ചു വന്നപ്പോള്‍ മുതല്‍ അവള്‍ക്കൊരു മൂഡോഫ്‌. ചോദിച്ചിട്ടും കാര്യമെന്താണെന്നു പറയുന്നില്ല.

രാവിലെ അവള്‍ ഒരു ദോശ തിന്നതാ. എന്തിനും നീയൊന്നു പോയി വിളിക്ക്‌. അമ്മയിലെ മരുമകളോടുള്ള സ്നേഹം ഉണര്‍ന്നു.

ഞാന്‍ വീണ്ടും മുകളിലേക്ക്‌ ചെന്ന് പൂട്ടിയിട്ട മുറിയുടെ വാതിലില്‍ മുട്ടലോട്‌ മുട്ടല്‍, അകത്തു നിന്നും കുറുമികുട്ടികളുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. പക്ഷെ കുറുമിയുടെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. ഞാന്‍ കൂടുതല്‍ ഉച്ചത്തില്‍, കുറുമീ, വാതില്‍ തുറക്ക്‌ എന്നും പറഞ്ഞ്‌, വാതിലില്‍ മുട്ടലും തട്ടലും തുടര്‍ന്നപ്പോള്‍, മുറിക്കുള്ളില്‍ നിന്നും കുറുമിയുടെ ഏങ്ങലടിയും ഉയര്‍ന്നു.

വാതിലില്‍ തട്ടുന്ന ശബ്ദം ഉയര്‍ന്നപ്പോള്‍, എന്താണ്‌ സംഭവിച്ചതെന്നറിയുവാനായി, അമ്മയും, അച്ഛനും മുകളിലേക്ക്‌ വന്നു.

മോളെ വാതില്‍ തുറക്കെന്ന അമ്മയുടേയും, അച്ഛന്റേയും, നിര്‍ബന്ധത്തിന്നവസാനം, അകത്തു നിന്നും വാതില്‍ തുറക്കുന്ന ശബ്ദം പുറത്തേക്ക്‌ വന്നപ്പോള്‍, ഞങ്ങള്‍ മൂവരുടേയും മുഖത്ത്‌ ഒരാശ്വാസ ഭാവം വന്നു എന്നുള്ളത്‌ വാസ്തവം.

തുറന്ന വാതിലിന്നു പിന്‍പില്‍, കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണുകളുമായി കുറുമി. എന്താ സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ മൂവരും മുഖത്തോടു മുഖം നോക്കി.

എന്താ മോളേ പറ്റിയതെന്ന അമ്മയുടെ ചോദ്യം കേട്ടതും, വലിയവായില്‍ കുറുമി പൊട്ടികരയാന്‍ തുടങ്ങി. ഇങ്ങനെ കരയാന്‍ മാത്രം എന്താണു സംഭവിച്ചതെന്നറിയാതെ, ഏങ്ങിയേങ്ങി കരയുന്ന അവളെ എങ്ങിനെ സമാധാനിപ്പിക്കണം, എന്തു പറഞ്ഞു സമാധാനിപ്പിക്കണം, എന്നറിയാതെ ഞങ്ങള്‍ കണ്‍ഫൂഷ്യന്‍ തീര്‍ക്കണമേ എന്നു പാടാന്‍ കൂടി കഴിയാത്ത അവസ്ഥയില്‍ കണ്ണുകള്‍ പുറത്തേക്കുന്തി നില്‍ക്കുമ്പോള്‍, എങ്ങലടിച്ചുകൊണ്ട്‌ കുറുമി പറയാന്‍ തുടങ്ങി.

എന്നാലും, ഇന്നെന്റെ പിറന്നാളായിട്ട്‌, നിങ്ങളാരും ഒന്നു വിഷ്‌ പോലും ചെയ്തില്ലല്ലോ? അച്ഛനും, അമ്മയും ചെയ്തില്ലെങ്കില്‍ പോട്ടെ എന്നു കരുതാം. ഇംഗ്ലീഷ്‌ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌ അവര്‍ ഓര്‍ക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ? പക്ഷെ നിങ്ങള്‍ എന്നെ വിഷ്‌ ചെയ്തില്ലാ എന്നു പറഞ്ഞാല്‍, അതു എത്ര മോശമാണ്‌. ഞാന്‍ ഇന്നു രാവിലെ തന്നെ അമ്പലത്തിലെല്ലാം പോയി, നിങ്ങള്‍ക്കിഷടമുള്ള സെറ്റുമുണ്ടെല്ലാം ഉടുത്ത്‌, ചായയുമായി നിങ്ങളുടെ അടുത്തു വന്നപ്പോഴെങ്കിലും, നിങ്ങള്‍ ഓര്‍ക്കുമെന്നു ഞാന്‍ കരുതി. അതും പോകട്ടെ, ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുമ്പോള്‍, ഞാന്‍ എത്ര തവണ നിങ്ങളുടെ ടേബിളിന്റെ അരികില്‍ വന്നു പോയി, എന്നിട്ടും ഓര്‍ത്തില്ലം, കുറുമി ഏങ്ങലടിച്ചുകൊണ്ട്‌ തുടര്‍ന്നു. എല്ലാം പോകട്ടെ, പിറന്നാളാ, എന്നാല്‍ പുറത്ത്‌ പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍ വേണ്ട, സ്വന്തം വീട്ടില്‍ ഒരുമിച്ചിരുന്നെങ്കിലും, ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ വരുമെന്ന് ഞാന്‍ കരുതി, എന്നിട്ട്‌ മൂന്നു മണിയായപ്പോള്‍ വീട്ടില്‍ കയറി വന്നിരിക്കുന്നു,നാണമാകില്ലെ മനുഷ്യാ? അവളുടെ ന്യായമായ ആവശ്യങ്ങള്‍ കേട്ടപ്പോള്‍, അച്ഛനും, അമ്മയും അവളുടെ പങ്ക്‌ ചേര്‍ന്ന്, എന്നെ കുറ്റപെടുത്താന്‍ തുടങ്ങിയപ്പോളും, വായില്‍ നിന്നും ചിരി പുറത്തേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.

കുറുമിയുടെ കുറ്റപെടുത്തലുകള്‍ക്കൊപ്പം തന്നെ, അച്ഛനും, അമ്മയും ചേര്‍ന്ന് എന്നെ കുറ്റപെടുത്താന്‍ തുടങ്ങിയപ്പോള്‍, നടക്കലുമല്ല, ഓടലുമല്ല എന്നപോലെ, കോണിപടികള്‍ ഞാന്‍ ചാടി ചാടി ഇറങ്ങി, പിന്നെ താഴെ നിന്നും അന്നത്തെ ന്യൂസ്‌ പേപ്പര്‍ എടുത്ത്‌ മുകളിലേക്ക്‌ പാഞ്ഞു.

നീര്‍ത്തി പിടിച്ച ന്യൂസ്‌ പേപ്പറുമായി ഞാന്‍ എന്തിനുള്ള പുറപ്പാടാണെന്നറിയാതെ, കുറുമിയും, അച്ഛനും, അമ്മയും സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ഇന്നത്തെ ഡേറ്റ്‌ എന്താണെന്നു നോക്കു, എന്നു പറഞ്ഞ്‌ ഞാന്‍ ന്യൂസ്‌ പേപ്പര്‍ കുറുമിക്ക്‌ കൈമാറി.

രണ്ടു മൂന്നു തവണ വായിച്ചിട്ടും വിശ്വാസം വരാത്തതു പോലെ കുറുമി ന്യൂസ്‌ പേപ്പറിലേക്കും, എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

ഉം, ഇന്ന് ആഗസ്റ്റ്‌ ഇരുപത്തെട്ടാം തിയതി തിങ്കളാഴ്ച. നാളെയാണ്‌ ആഗസ്റ്റ്‌ ഇരുപത്തൊന്‍പതാം തിയതി,അതായത്‌ നിന്റെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌, അതെനിക്ക്‌ നല്ല ഓര്‍മ്മയുണ്ടെന്ന് പറഞ്ഞ്‌ ഞാന്‍ പൊട്ടിചിരിച്ചതിനൊപ്പം തന്നെ അമ്മയുടേയും, അച്ഛന്റേയും ചിരിയും മുഴങ്ങി.

നിമിഷങ്ങള്‍ക്കകം തന്നെ കുറുമിയും ഞങ്ങളോടൊപ്പം ചിരിയില്‍ പങ്കു ചേര്‍ന്നെന്നു മാത്രമല്ല, അതേ, രാവിലെ തൊട്ട്‌ ഒന്നും കാര്യമായി കഴിച്ചിട്ടില്ല, നല്ല വിശപ്പ്‌, വരൂ നമുക്ക്‌ വേഗം പോയി ഭക്ഷണം കഴിക്കാം എന്നു പറഞ്ഞ്‌, കോണിയിറങ്ങി താഴേക്ക്‌ മുങ്ങിയതും നിമിഷങ്ങള്‍ക്കകമായിരുന്നു.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | bug tracking | scrum | software project management | help desk

posted by സ്വാര്‍ത്ഥന്‍ at 2:27 PM

0 Comments:

Post a Comment

<< Home