Friday, January 26, 2007

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 4

ഫ്ലാന്‍സിന്റെ മണ്ണില്‍ കാല്‍കുത്തി, അവിടുത്തെ ഗന്ധം ആസ്വദിച്ചു ഇനിയെന്തു ചെയ്യണം എന്നാലോചിച്ചങ്ങനെ നില്‍ക്കുമ്പോള്‍, ഒരു തണുത്തു വിറങ്ങലിച്ച കാറ്റ്‌ വീശി. അയ്യോ, എന്തൊരു കുളിര്‌. അടിച്ച ബിയറുകളെല്ലാം, മദാമ്മ തിരിച്ചു വാങ്ങികൊണ്ടുപോയ ഒരു പ്രതീതി. ഫിറ്റൊക്കെ ഇറങ്ങി ഞാന്‍ ഫ്രഷ്‌ ആയി. തലച്ചോര്‍ മാനം മര്യാദക്ക്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോഴാണോര്‍മ്മ വന്നത്‌ കയ്യിലിരിക്കുന്നത്‌ അമേരിക്കന്‍ ഡോളര്‍ ആണെന്നും, ഇവിടെ ഉപയോഗിക്കേണ്ടത്‌ ഫ്രെഞ്ച്‌ ഫ്രാങ്ക്‌ ആണെന്നും. ദൈവമേ, ഡോളര്‍ മാറ്റാന്‍ ഞാന്‍ എന്തു ചെയ്യും?

എയര്‍പോര്‍ട്ടില്‍ വാതിലിന്റെ ഹാന്‍ഡില്‍ തപ്പി നടന്നപ്പോള്‍ മണി എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ എവിടേയോ കണ്ടിരുന്ന പോലെ ഒരു തോന്നല്‍?

രണ്ടും കല്‍പ്പിച്ച്‌, തിരിച്ചു നടന്നു എയര്‍പോര്‍ട്ടിന്റെ ഉള്ളിലേക്കു തന്നെ. ഉള്ളിലേക്കു കയറിയപ്പോള്‍ അവിടെ ഒരു മൂലയില്‍ മണി എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഞാന്നു കിടക്കുന്നു. അവിടെയൊന്നും ഒരാളേ പോലും കണ്ടെത്താനായില്ല പകരം അതിന്റെ കീഴെ രണ്ടു ഫ്രിഡ്ജ്‌ പോലെ എന്തോ ഇരിക്കുന്നു. ഫ്രിഡ്ജല്ല കാരണം അതിനു പിടിയില്ല, പകരം, പല തരം നോട്ടുകളുടെ പടവും, ഡോളര്‍, ഫ്രാങ്ക്‌, മാര്‍ക്‌, എന്നെല്ലാം എഴുതിയിരിക്കുന്നുമുണ്ട്‌. ഒരു കാര്യം മനസ്സിലായി. ഈ മെഷീന്‍ തന്നെ നമ്മുടെ കറന്‍സി എക്സ്ചേഞ്ച്‌ ചെയ്യുന്നവന്‍.

കയ്യില്‍ ആകെ ഇരിപ്പുള്ളത്‌, 520 ഡോളര്‍. അതു വച്ച്‌ എനിക്ക്‌ റിസ്കെടുക്കാന്‍ താത്പര്യം തോന്നാതിരുന്നതിനാല്‍, ഹെല്‍പ്‌ ബട്ടന്‍ വേണോ, അതോ, അറിയാവുന്നവരുടെ സഹായം വേണോ എന്നൊന്ന് ചിന്തിച്ചതിനു ശേഷം, അറിയാവുന്ന ആരുടേയെങ്കിലും സഹായം തേടാം എന്നു കരുതി ഇടം വലം നോക്കി. ഓ, ദാ ആ ഇടത്തേ മുക്കില്‍ മൂന്നാല്‌ സായിപ്പന്മാര്‍ ഇരിക്കുന്നുണ്ട്‌ അവരോട്‌ ചോദിക്കാം എന്നു കരുതി നടക്കും വഴി ഒരു മദാമ്മ മുന്നില്‍ വന്നു പെട്ടു.

എക്സ്ക്യുസ്മി. ഐ വാണ്ട്‌ ടു ചേഞ്ച്‌ ഡോളര്‍ ടു ഫ്രെഞ്ച്‌ ഫ്രാങ്ക്‌. ക്യാന്‍ യു ഹെല്‍പ്‌ മി?

വൈ നോട്‌ എന്നും പറഞ്ഞു കൊണ്ട്‌ ആ കണ്മണി, എന്റെ കൂടെ ഫ്രിഡ്ജിന്റെ അരികിലേക്കു വന്നു. എത്ര ഡോള്ളര്‍ മാറ്റണം? 200 മതിയെന്നു പറഞ്ഞുകൊണ്ട്‌ ഞാന്‍ അവര്‍ക്ക്‌ 100ന്റെ രണ്ടു പച്ച നോട്ട്‌ കൈമാറി. ദൈവമേ, ആ മദാമ്മയെങ്ങാന്‍ ആ നൂറും കൊണ്ടോടുമോ എന്നെന്റെ ഉള്ളിലുണ്ടായ ഭീതിയെ തോല്‍പ്പിച്ചുകൊണ്ട്‌ അവര്‍ 200 ഡോളര്‍ ഫ്രിഡ്ജിലിട്ട്‌ ഫ്രീസ്‌ ചെയ്ത്‌ എനിക്ക്‌ എത്രയോ ഫ്രെഞ്ച്‌ ഫ്രാങ്ക്‌ തന്നു. (സത്യം, അന്നെത്ര കിട്ടി എന്നാലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല). അവര്‍ക്കൊരു നന്ദി പറഞ്ഞു കൊണ്ട് വീണ്ടും എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക്‌ തുറക്കുന്ന വാതിലിന്റെ അവിടേക്ക്‌ ചെന്നു (തിരിച്ചു എയര്‍പോര്‍ട്ടില്‍ കയറിയപ്പോള്‍ തന്നെ ഗ്ലാസ്സിന്റെ മുകളില്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയുടെ അടയാളം ഞാന്‍ ഓര്‍ത്തു വച്ചു. ഞാനാരാ മോന്‍?). വാതില്‍പാളികള്‍ നിശബ്ദമായി തുറന്നു. ഞാന്‍ വീണ്ടും ഫ്രാന്‍സിന്റെ മണ്ണിലേക്കിറങ്ങി.

ഇനി എന്തു ചെയ്യണം? എങ്ങോട്ട്‌ പോകണം? മണി നാലര കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ്‌ വീശികൊണ്ടേ ഇരിക്കുന്നു. ബാഗ്‌ തുറന്ന് ജാക്കറ്റ്‌ എടുത്ത്‌ ധരിച്ചു. തണുപ്പിനൊരു ശാന്തി.

കഴിഞ്ഞ കൊല്ലം ദില്ലിയില്‍ വച്ചു പരിചയപെട്ട, പൈലറ്റായ, എന്റെ വീട്ടില്‍ രണ്ടു മൂന്നു തവണ വന്ന, അനവധി ബാറില്‍ ഒരുമിച്ചു പോയ ഒരു വിക്ടറുടെ നമ്പര്‍ കയ്യിലുണ്ട്‌. ജീവിതത്തില്‍ എപ്പോഴെങ്കിലും ഫ്രാന്‍സില്‍ വന്നാല്‍ എന്റെ വീട്ടിലേക്കു വരിക എന്നു പറഞ്ഞു തന്ന വിലാസവും ഡയറിയിലുണ്ട്‌. എനിക്ക്‌ ഫ്രാന്‍സില്‍ വരാന്‍ വേണ്ടി അദ്ദേഹവും വിസക്കു ട്രൈ ചെയ്ത്‌ റിജക്റ്റ്‌ ചെയ്തതാണ്‌. ബാഗു തുറന്ന് ഡയറി പുറത്തെടുത്തു. വിക്ടറിന്റെ വിലാസം തപ്പി. വിട്രി എന്ന സ്ഥലത്താണ്‌. പോകാം, ഈഫിള്‍ ടവര്‍ കാണലെല്ലാം അദ്ദേഹത്തിന്റെ കൂടെയാകാം. എന്തിനു പരിചയമില്ലത്ത സ്ഥലത്ത്‌ സായം സന്ധ്യക്കു, വിളക്കു വക്കാറാവുന്ന നേരത്ത്‌ തന്നെ കറങ്ങണം?

ഡയറിയും തുറന്ന് പിടിച്ച്‌ മുന്നോട്ട്‌ നടന്നു. മുന്നില്‍ കണ്ട മൂന്ന് നാലു സായിപ്പു-മദാമ്മമാരോടു ചോദിച്ചപ്പോഴും എന്റെ ഇംഗ്ലീഷ്‌ അവര്‍ക്ക്‌ മനസ്സിലാവാതേയും, അവരുടേ ഫ്രെഞ്ച്‌ എനിക്കു മനസ്സിലാവാതേയും സമയം വേസ്റ്റായി.

സമയം അഞ്ചു കഴിഞ്ഞു. ദാ വരുന്നു ഒരു മദാമ്മ, അവസാന ശ്രമം. ഡയറി നീട്ടി ഞാന്‍ പറഞ്ഞു. എക്സ്ക്യ്സ്‌ മി. എന്നെ ഒന്നു സഹായിക്കൂ. എനിക്ക്‌ വിട്രിയില്‍ പോകണം.

ഓകെ. റിലാക്സ്. ദാ ഇവിടുന്നു രണ്ട്‌ മിനിട്ട്‌ മുന്നോട്ട്‌ നടന്നാല്‍, ഇടത്തോട്ട്‌ തിരിയുന്ന വഴിയുടേ വലത്തോട്ട്‌ തിരിഞ്ഞ്‌, പിന്നേം ഇടവും,വലവും തിരിഞ്ഞ്‌, എങ്ങോട്ടെങ്കിലും നടക്കാതെ മര്യാദക്കു നടന്നാല്‍ മെട്രോ സ്റ്റേഷന്‍ കാണാം. അവിടെ ചെന്നാല്‍ വിട്രിയിലേക്കു ട്രെയിന്‍ കിട്ടും.

പറഞ്ഞ പാതയിലൂടെ തണുത്ത കാറ്റുമേറ്റ്‌, ഇലകൊഴിഞ്ഞ മരങ്ങളും, മഞ്ഞ ഇലകളോടുകൂടിയ മരങ്ങളും ഉള്ള മുറുക്കി തുപ്പല്‍ ഇല്ലാത്ത, സിഗററ്റിന്റെ ഒഴി‍ഞ്ഞ കൂടില്ലാത്ത, വൃത്തിയേറിയ പാതയിലൂടെ ഞാന്‍ നടന്നു. അതാ കാണുന്നു ഒരു ബോര്‍ഡ്‌, മെട്രോ റെയിലിന്റെ തന്നെ. കോവണിപടികള്‍ ഇറങ്ങി ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.

അവിടേയും, ഫ്രിഡ്ജുകള്‍ നിരവധി. മനുഷ്യന്മാരിരിക്കുന്ന ഒരു കൗണ്ടര്‍ പോലുമില്ല ഒരു ടിക്കറ്റ്‌ എടുക്കുവാന്‍.

വീണ്ടും പരസഹായം, തപ്പി ഞാന്‍ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. പലരോടും ചോദിച്ചു, പഴയതുപോലെ ഞാന്‍ പറഞ്ഞതവര്‍ക്കും, അവര്‍ പറഞ്ഞത്‌ എനിക്കും മനസ്സിലാവാത്തതിനാല്‍ സമയം പിന്നേയും നഷ്ടം. രണ്ടാന്‍ മുട്ടുന്നവന്റെ മുഖഭാവം രണ്ടാന്‍ മുട്ടുന്നവനറിയാം എന്ന പോലെ, ഒരു ഇന്ത്യക്കാരന്‍ അതും ഒരു സര്‍ദാര്‍ എന്റെ രക്ഷക്കെത്തി!

സശ്രിയകാല്‍. കിത്തെ ജാനാ ഹെ തെനു?

സശ്രിയകാല്‍ ജീ. വിട്രി ജാനാഹേഗാ (ആവൂ എട്ട്‌ കൊല്ലത്തെ ദില്ലി വാസത്തില്‍ പഞ്ചാബി കുറച്ചെങ്കിലും പഠിച്ചത്‌ ഭാഗ്യം).

കോയി ഗള്‍ നഹീ ഹെ. പൈസ ദോ തുസി, അസി റ്റിക്കറ്റ്‌ നിക്കാല്‍ കെ ദേന്തീ തെനു.

ജീവിതത്തില്‍ ഫ്രെഞ്ച്‌ ഫ്രാങ്ക്‌ ആദ്യമായ്‌ കാണുന്ന കാരണം എത്ര കൊടുക്കണം എന്നറിയില്ലല്ലോ? ഒരു നൂറു ഫ്രാങ്കിന്റെ ചുമന്ന നോട്ട്‌ ഞാന്‍ സര്‍ദാര്‍ജിക്കു കൊടുത്തു.

സര്‍ദാര്‍ജി പൈസ ഫ്രിഡ്ജിലോട്ടിട്ടു. എന്തൊക്കേയോ ഞെക്കി. പുറത്തു വന്ന ടിക്കറ്റ്‌ എനിക്കു നല്‍കി, ഭാക്കി പൈസയും.

പ്ലേറ്റ്‌ ഫോം നമ്പര്‍ ദോ മേം ജാനാ തുസി. പഞ്ച്‌ മിനിറ്റ്‌ മേം ഗഡ്ഡി ആവേംഗേ, തുസി ഉസ്മേം ചട്‌ ജാനാ. ഫിര്‍ മിലേംഗേ, സശ്രിയകാല്‍.

സശ്രിയകാല്‍ ഞാന്‍ ആ നല്ല മനുഷ്യനു കൈ നല്‍കി. ആ മനുഷ്യന്‍ നടന്നു നീങ്ങിയതിനൊപ്പം ഞാന്‍ പ്ലാറ്റ്‌ ഫോം നമ്പര്‍ രണ്ടിലേക്കും നീങ്ങി.

തൃശൂര്‍, കല്ലേറ്റുങ്കര, ചെന്നൈ, മുംബൈ, എത്രയോ റെയില്‍ വേ സ്റ്റേഷന്‍ ഞാന്‍ കണ്ടിരിക്കുന്നു, ഇതു പോലെ ഞാനും കുറച്ചു ബഞ്ചും, പിന്നെ നാലഞ്ചു മദാമ്മ സായിപ്പന്മാര്‍ അവിടേയും ഇവിടേയും ആയി കുത്തിയിരിക്കുന്ന റെയില്‍ വേ സ്റ്റേഷന്‍ ഞാന്‍ ആദ്യമായി കാണുകയാണ്‌! ചായ്‌, ചായ്‌, ചായ്‌, കാപ്പി, കാപ്പി, കാപ്പി, വടൈ, വടൈ, അലുവ, അലുവ എന്നു പറഞ്ഞ്‌
വില്‍ക്കുന്ന ഒരാളു പോലുമില്ല. ഛായ്‌. എന്തൊരു റെയില്‍ വേ സ്റ്റേഷന്‍, എന്നാലോചിച്ചെ നില്‍ക്കെ, ആറാപ്പും, കൂവലും, എന്തിനു, ഉച്ചത്തിലുള്ള ഒരു കടാ കടക്‌, കടാ കടക്‌ എന്ന ശബ്ദം പോലും ഇല്ലാതെ ട്രെയിന്‍ പ്ലാറ്റ്‌ ഫോം നമ്പര്‍ രണ്ടില്‍ വന്നു നിന്നു.

എനിക്കു മുന്‍പേ രണ്ടു മൂന്നു സായിപ്പു മദാമ്മമാര്‍ കയറിയതിനാല്‍ അവരുടെ പിന്നാലെ കയറാന്‍ എനിക്ക്‌ തീരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കയറിയതും കണ്മുന്നില്‍ കണ്ട സീറ്റില്‍ തന്നെ ഞാന്‍ ഇരുന്നു.

ദൈവമേ, എന്തൂട്ടാ ട്രെയിന്‍! മൊത്തം കണ്ണാടി മയം! പൊതുവെ പുറത്തേക്ക്‌ തള്ളിയിരിക്കുന്ന കണ്ണുകള്‍ ഒന്നുകൂടെ പുറത്തേക്ക്‌ തള്ളി. ട്രെയിന്‍ കാഴ്ച കാരണം മാത്രമല്ല. ഈ തണുപ്പ്‌ കാലത്തും കൂടി ഫ്രെഞ്ച്‌ മദാമ്മമാര്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍, ഹാവൂ, അതൊരു കാഴ്ച തന്നെ. ഏഴു വര്‍ഷം ദില്ലിയില്‍ താമസിച്ചിട്ടും കാണാത്ത കാശ്ചകള്‍.

ട്രെയിനിലെ ഡിസ്പ്ലേ ബോര്‍ഡില്‍ സ്റ്റോപ്പുകള്‍ മാറി മാറി വന്നു. എല്ലാം ഫ്രെഞ്ചില്‍. മയ്യഴിയിലോ, എന്തിന്നു മാഹിയിലോ അല്ലല്ലോ ഞാന്‍ ജനിച്ചത്‌, അതിനാല്‍ എനിക്ക്‌ ഒന്നും മനസ്സിലായില്ല. ഒരു കാര്യം മനസ്സിലായി, പരസഹായമില്ലെങ്കില്‍ എന്റെ ഗതി അതോഗതി!

സ്റ്റോപ്പുകള്‍ അടിക്കടി വന്നു, ചിലര്‍ കയറുന്നു, ഇറങ്ങുന്നു. ഞാന്‍ മാത്രം “വി“ എന്ന അക്ഷരം ഡിസ്പ്ലേ ബോര്‍ഡില്‍ വരുന്നതും നോക്കി ഇരിക്കുന്നു. അവസാനം ക്ഷമ കെട്ട്‌ ആരോടെങ്കിലും ചോദിക്കാം എന്നു തന്നെ കരുതി ചുറ്റുപാടും നോക്കി. ചോ‍ദിക്കണമെങ്കില്‍ ഏതെങ്കിലും സുന്ദരി മദാമ്മയോടു തന്നെ ആകാം. ഉള്ളതില്‍ സുന്ദരി, മൈക്രോ മിനി സ്കര്‍ട്ടണിഞ്ഞ്‌ എന്നേക്കാളും നന്നായി കാലാട്ടുന്ന ഒരു മദാമ്മയോട്‌ ഞാന്‍ ചോദിച്ചു. എക്സ്യ്കുസ്മി. ഐ വുഡ്‌ ലൈക്‌ ടു ഗെറ്റ്‌ ഡൗണ്‍ ഇന്‍ വിട്രി. വുഡ്‌ യു പ്ലീസ്‌ ലെറ്റ്‌ മി ക്നോ, വെന്‍ വിറ്റ്രി സ്റ്റേഷന്‍ കം?

ഓഹ്‌ ഷോര്‍. നെക്സ്റ്റ്‌ സ്റ്റോപ്‌ യു ഗെറ്റ്‌ ഡൗണ്‍.

ദൈവമേ, നല്ല സമയത്തു തന്നെ ചോദിക്കാന്‍ തോന്നിച്ചു അല്ലെങ്കില്‍, ഞാന്‍ വിട്രി കഴിഞ്ഞുള്ള വല്ല സ്റ്റേഷനിലും ഇറങ്ങേണ്ടി വന്നേനെ. മദാമ്മക്കൊരൊന്നൊന്നര നന്ദി പറഞ്ഞുകൊണ്ട്‌ ഞാന്‍ ബാഗുമെടുത്ത്‌ തോളിലിട്ട്‌ വാതിലിന്നരികിലേക്ക്‌ നടന്നു. സ്റ്റേഷന്‍ വന്നു, വിസിലടിയും, കൂക്കു വിളിയുമില്ലാതെ ട്രെയില്‍ മന്ദം മന്ദം, സ്റ്റേഷനില്‍ നിന്നു. ഞാന്‍ ഇറങ്ങി, പിന്നാലെ ചിലരും.

എന്റെ പിന്നില്‍ ഇറങ്ങിയവര്‍ പലവഴിക്കു പോയി. ഞാന്‍ ഏതു വഴിക്കു പോകും? എന്റെ ബാഗ്‌ ഞാന്‍ നിലത്തു വച്ചു. പിന്നെ പല ദിശയിലേക്കും നല്‍കിയിരിക്കുന്ന ഉമേഷിന്റെ പസിലു പോലുള്ള ബോര്‍ഡും നോക്കി അന്തിച്ചു നിന്നു. നില്‍ക്കുന്നത്‌ ഒരു അണ്ടര്‍ ഗ്രൗണ്ട്‌ ടണലിലാണ്‌. മൂന്നു വശത്തേക്കല്ല, നാലു വശത്തേക്കു വഴികളുണ്ട്‌, അല്ലെങ്കില്‍ ഒരു കൈ
നോക്കാമായിരുന്നു!

ബാഗ്‌ ഒരു സൈഡില്‍ വച്ച്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. ആരോടെങ്കിലും ചോദിക്കണമല്ലോ? രണ്ടു മൂന്നു പേര്‍ എന്നെ വിലങ്ങനേയും, കുറുകനേയും കടന്നു പോയി, അവരോടു ഞാന്‍ എക്സ്ക്യ്സ്മി പറഞ്ഞെങ്കിലും, മര്യാദ തൊട്ടു തീണ്ടിയിട്ടില്ലാത്ത അവര്‍ എനിക്കറിയാത്ത കാറി തുപ്പുന്ന പോലെയുള്ള ഏതോ ഭാഷ, ഫ്രെഞ്ചൊ മറ്റോ ആയിരിക്കണം, പറഞ്ഞ്‌ മണ്‍ മറഞ്ഞ്‌ പോയി, സോറി, നടന്നു നീങ്ങി പോയി.

ഞാന്‍ വീണ്ടും മുന്നോട്ട്‌ നടന്നു. ദാ ഒരു സായിപ്പ്‌ അതാ എതിര്‍ദിശയില്‍ നിന്നും നടന്നു വരുന്നു. അദ്ദേഹത്തോട്‌ ചോദിക്കാം.

എക്സ്ക്യുസ്‌ മി. കയ്യിലുള്ള ഡയറി ഞാന്‍ നീട്ടി പിടിച്ചു. ഐ വാണ്ട്‌ റ്റു ഗോ ടു ദിസ്‌ പ്ലേസ്‌. കേന്‍ യു പ്ലീസ്‌ ഹെല്‍പ്‌ മി.

ഓഹ്‌. വൈ നോട്‌ മൈ സണ്‍. ആള്‍ എന്നെ മൊത്തമായൊന്നു നോക്കി, പിന്നെ ചുറ്റുപാടും നോക്കി. ആരുമില്ല. ദൈവമേ, ചതിക്കുമോ?

കൈ അകലേക്ക്‌ ചൂണ്ടി അയാള്‍ ചോദിച്ചു. ഈസ്‌ ദാറ്റ്‌ ബാഗ്‌ ഈസ്‌ യുവേഴ്സ്‌?

യെസ്‌, ഇറ്റ്‌ സ്‌ മൈ ന്‍.

ഓകെ, പ്ലീസ്‌ ഡോന്റ്‌ ലീവ്‌ യുവര്‍ ബിലോങ്ങിങ്ങ്സ്‌ എനിവെയര്‍. ലോട്‌ ഒഫ്‌ തീവ്സ്‌ ഹിയര്‍. എനി റ്റൈം ദെ വില്‍ കം ആന്‍ഡ്‌ ഫെച്ച്‌ ഇറ്റ്‌.

യൂറോപ്പിലെ ആദ്യ പാഠം. കള്ളന്മാര്‍ നാട്ടില്‍ മാത്രമല്ല, ഫ്രാന്‍സിലുമുണ്ട്‌.

ഞങ്ങള്‍ ഒരുമിച്ച്‌ നടന്നു ബാഗിന്റെ അരികിലേക്ക്‌, ബാഗെടുത്ത്‌ തോളില്‍ ഇട്ടു. അദ്ദേഹം എന്റെ ഡയറി വാങ്ങി വായിച്ചു നോക്കി എന്നിട്ടു പറഞ്ഞു. ഒന്നാമത്തെ കാര്യം, ഇത്‌ വിട്രി അല്ല. രണ്ടാമത്തെ കാര്യം, വിട്രിക്ക്‌ പോകണമെങ്കില്‍ ഇനിയും അര മണിക്കുറിലധികം ട്രെയിനില്‍ ഇരിക്കണം. മൂന്നാമത്തെ കാര്യം, ഈ അഡ്രസ്‌ വിട്രി സിറ്റിയിലെ അല്ല, ആയതിനാല്‍ വിട്രി എത്തിയാലും എത്തി പെടാന്‍ വളരെ കഷ്ടപെടണം.

ആദ്യം തന്നെ വിട്രി ഇതാണെന്നു പറഞ്ഞ മദാമ്മക്ക്‌ ഞാന്‍ മനസ്സില്‍ നന്ദി നേര്‍ന്നു. ഉറക്കെ നന്ദി പറയാന്‍ പറ്റില്ലല്ലോ! പിന്നെ ഞാന്‍ സ്വന്തം മനസ്സില്‍ വിട്രിയില്‍ പോയി വിക്ടറെ കാണുന്നില്ല, പിന്നീട്‌ ഫോണ്‍ ചെയ്ത്‌ സംസാരിക്കാം എന്ന തീരുമാനം എടുത്തു.

സമയം സന്ധ്യയാകുന്നു. വിദേശത്തെ ആദ്യരാത്രിയല്ലെ? കയ്യില്‍ കാശ്‌ അതികമൊന്നുമില്ലെങ്കിലും, ഇന്നത്തെ രാത്രി ഏതെങ്കിലും, ഹോട്ടലില്‍ തന്നെ തങ്ങാം എന്നു ഞാന്‍ ഉറപ്പിച്ചു.

ഇവിടെ താമസിക്കാന്‍ പറ്റിയ ഹോട്ടല്‍ കിട്ടുമോ?

പിന്നെന്താ, പാരിസില്‍, വീടുകളില്‍ കൂടുതല്‍ ഹോട്ടലുകളാണ്‌. ഏത്‌ റേഞ്ചുള്ള ഹോട്ടല്‍ വേണം?

ഏറ്റവും ചീപ്പായത്‌. എന്നെ പോലെ.

ഇങ്ങനേയും ഒരു ടൂറിസ്റ്റോ എന്ന് അദ്ദേഹം ഉള്ളില്‍ കരുതിയിട്ടുണ്ടാകണം, എന്നാലും പുറത്ത്‌ കാട്ടിയില്ല.

ദാ, ഈ കോണിയിലൂടെ മുകളിലോട്ട്‌ കയറിപോയാല്‍, ഒരു മെയിന്‍ റോഡില്‍ എത്തും. അവിടെ നിന്ന് നേരെ നടന്നാല്‍ ഒരു സിഗ്നല്‍ കിട്ടും, അവിടെ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞു ഒരു അഞ്ചു മിനിട്ടു നടന്നാല്‍ ഒരു നാല്‍ക്കവലയെത്തും. അവിടെ മൂന്നു നാലു ലോഡ്ജുകള്‍ ഉണ്ട്‌. വളരെ ചീപ്പാണ്‌. പിന്നെ, ഒരിക്കലും, നിങ്ങളുടെ ലഗ്ഗേജ്‌ അണ്‍ അറ്റെന്റ്‌ഡായി വക്കരുത്‌. ആരെങ്കിലും അടിച്ചു മാറ്റും. ശുഭ യാത്ര.

ആ നല്ല മനുഷ്യന്‍ എനിക്കു കൈ തന്നു പിരിഞ്ഞു. ദൈവമേ, ഇതുപോലെ നല്ല മന്‍ഷ്യന്മാരെ ഇനിയും കാണാന്‍ ഇടവരുത്തണേ, ഞാന്‍ ഉള്ളില്‍ തട്ടി പ്രാര്‍ത്ഥിച്ചു.

മുന്നില്‍ കണ്ട ടെലഫോണിന്റെ പടമുള്ള ഒരു പബ്ലിക്‌ ടെലഫോണ്‍ കണ്ടപ്പോള്‍, എന്തിന്നും ഫിന്‍ലാന്റില്‍ ഫോണ്‍ ചെയ്ത്‌ ആദികുറുമാനോട്‌ ഫ്രാന്‍സില്‍ ലാന്റു ചെയ്ത വിവരം അറിയിക്കാം എന്ന് മനസ്സില്‍ കരുതി, ഫോണ്‍ ചെയ്യേണ്ടതെങ്ങിനെ എന്ന് കണ്ടുപിടിക്കുവാനുള്ള ശ്രമം തുടങ്ങി.

പട്ടി നമ്പര്‍ വണ്ണിനു പോകുന്നതിന്നു മുന്‍പ്‌ ചെയ്യുന്നത്‌ പോലെ, ആദ്യം തന്നെ ഫോണ്‍ ബൂത്തിന്നു ചുറ്റും ഞാന്‍ രണ്ടു റൗണ്ട്‌ നടന്നു. പിന്നെ റിസീവര്‍ എടുത്ത്‌ തിരിച്ചും മറിച്ചും നോക്കി. നാണയം ഇടാനുള്ള ദ്വാരമൊന്നും കാണാതെ ഞാന്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍, എന്റെ പിന്നില്‍ ഒരാള്‍ വന്നു നിന്നു. റിസീവര്‍ താഴെ വച്ചു ഞാന്‍ മാറി നിന്നു. അയാള്‍ പോക്കറ്റില്‍ നിന്നും വിസിറ്റിംഗ്‌ കാര്‍ഡിന്റെ വലുപ്പമുള്ള ഒരു കാര്‍ഡെടുത്ത്‌ ഫോണിലിടുകയും, ശേഷം, നമ്പര്‍ ഡയല്‍ ചെയ്ത്‌ സംസാരിക്കുകയും ചെയ്തു. യൂറേക്കാ, എന്നൊന്നും പറഞ്ഞ്‌ ഞാന്‍ ഓടിയില്ലെങ്കിലും, ഒരു കാര്യം മനസ്സിലായി, ഫോണ്‍ ചെയ്യണമെങ്കില്‍ കാശു ചിലവാക്കി കാര്‍ഡ്‌ സംഘടിപ്പിക്കണം. ദ്രോണാചാര്യര്‍ ഫോണ്‍ ചെയ്തിറങ്ങിയപ്പോള്‍, പതുക്കെ ഞാന്‍ അദ്ദേഹത്തോട്‌ കാര്‍ഡ്‌ എങ്ങിനെ കിട്ടും എന്നു ചോദിച്ചു, ഭാഗ്യം അയാള്‍ ഇംഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞു. ഏത്‌ ഗ്രോസറി ഷോപ്പിലും കിട്ടുമെന്ന്.

അതികം അകലെയല്ലാതെ കാണുന്നുണ്ടായിരുന്ന ഒരു ഗ്രോസറി ഷോപ്പിലേക്ക്‌ ഞാന്‍ ബാഗും തൂക്കി നടന്നു. ഒരു ഫോണ്‍ കാര്‍ഡ്‌ വേണം.

എത്ര ഫ്രാങ്കിന്റെ വേണം?

ഏറ്റവും കുറഞ്ഞ വിലയുടേത്‌ മതി.

ഇരുപത്തഞ്ചു ഫ്രാങ്കിന്റെ ഒരു ടെലഫോണ്‍ കാര്‍ഡ്‌ കടയുടമ എനിക്കു കൈമാറിയതിന്നു പ്രതിഫലമായി ഇരുപത്തഞ്ചു ഫ്രാങ്ക്‌ ഞാന്‍ കടയുടമക്കും കൈമാറി.

ബൂത്തിലെത്തി, പോക്കറ്റില്‍ നിന്നും ഡയറിയെടുത്തു ആദികുറുമന്റെ നമ്പര്‍ എടുത്തു, കാര്‍ഡ്‌ ഫോണിന്റെ അണ്ണാക്കിലേക്ക്‌ കുത്തികയറ്റി, റീസീവര്‍ ചെവിടിലോട്ട്‌ ചേര്‍ത്തു. നിശബ്ദം! യാതൊരുവിധ മൂളലുകളുമില്ല. കാര്‍ഡ്‌ തിരിച്ചും മറിച്ചും കയറാവുന്ന രീതിയില്‍ എല്ലാം കയറ്റി നോക്കി. രക്ഷയില്ല. പൊട്ടനെ പോലെ ഫോണ്‍ മിണ്ടാതെ തന്നെ ഇരിക്കുന്നു.

ഒരാള്‍ നടന്നു വരുന്നുണ്ട്‌. അയാളോട്‌ സഹായം ചോദിക്കാം എന്നു കരുതി, കാര്‍ഡു പുറത്തെടുത്ത്‌ നടന്നു വരുന്ന മനുഷ്യനെ കാത്ത്‌ നിന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍ കയ്യിലെ കാര്‍ഡ്‌ നീട്ടി പിടിച്ച്‌ ഞാന്‍ അയാളോട്‌ കാര്യം പറഞ്ഞു. അയാള്‍ ഫ്രെഞ്ചില്‍ മറുപടി പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല എന്നത്‌ നൂറു തരം മാത്രമല്ല അയാള്‍ മറുപടി പറഞ്ഞത്‌
ഫ്രെഞ്ചിലാണോ എന്നും എനിക്ക്‌ മനസ്സിലായില്ല. പക്ഷെ ഞാന്‍ പറഞ്ഞത്‌ അയാള്‍ക്കു മനസ്സിലായപോലെ അയാള്‍ എന്റെ കയ്യില്‍ നിന്നും കാര്‍ഡ്‌ വാങ്ങി. ദൈവമേ, അയാള്‍ കാര്‍ഡു തിരിച്ചു തരാതെ എന്നെ പറ്റിക്കുമോ എന്നു ചിന്തിക്കുന്നതിന്നിടയില്‍, എന്റെ കണ്മുന്‍പില്‍ വച്ച്‌ തന്നെ ആ ദുഷ്ടന്‍ ആ കാര്‍ഡിന്റെ ഒരു മൂല മടക്കിയൊടിച്ച്‌ കാര്‍ഡെനിക്ക്‌ തിരിച്ചു നല്‍കി. പിന്നെ
അയാള്‍ ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ട്‌ നടന്നു പോയി.

ഇരുപത്തഞ്ചു ഫ്രാങ്ക്‌ പോയതോര്‍ത്ത്‌ എന്റെ കണ്ണു നിറഞ്ഞു. നടന്നു പോകുന്ന ആ കാലമാടനെ ഓടി ചെന്ന് പുറകില്‍ നിന്നും ചവിട്ടി വീഴ്ത്തിയാലോ എന്നു വരെ ഞാന്‍ ചിന്തിച്ചു. പിന്നെ അയാളുടെ ശരീരത്തിന്റേയും, എന്റെ ശരീരത്തിന്റേയും വലുപ്പം താരതമ്യപെടുത്തി. അരവിന്ദനും, പച്ചാളവും പോലെ. വേണ്ട, പോയത്‌ പോയി, ഇനി തടിയും കൂടി വെടക്കാക്കേണ്ട എന്ന ഒടുക്കത്തെ തീരുമാനം ഞാന്‍ കൈകൊണ്ടു.

എന്തായാലും മുക്കൊടിഞ്ഞ കാര്‍ഡുമായി അവസാന ശ്രമമെന്നോണം ഞാന്‍ വീണ്ടും ഫോണിലേക്ക്‌ കാര്‍ഡിനെ തള്ളി കയറ്റി. റിസീവര്‍ ചെവിയിലേക്ക്‌ ചേര്‍ത്തു വച്ചു. അതാ ഡയല്‍ടോണ്‍ കേള്‍ക്കുന്നു. അതുശരി, ഇതെന്തു സമ്പ്രദായം. മര്യാദക്കിരിക്കണ കാര്‍ഡിന്റെ മുക്കൊടിച്ചാലേ വര്‍ക്കു ചെയ്യുകയുള്ളൂ.

ഞാന്‍ ആദികുറുമാന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണടിക്കുന്നുണ്ട്‌. പഹയന്‍ എടുക്കുമോ എന്തോ?

ഹലോ, ചേട്ടാ ഞാനാ.

നീയെവിടെ നിന്നാ? ഫ്രാങ്ക്‌ ഫര്‍ട്ട്‌ എയര്‍പോര്‍ട്ടില്‍ നിന്നെ പിടിച്ചു വച്ചോ?

ഏയ്‌, ഞാനിപ്പോള്‍ പാരിസിലാ. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത്‌ കടന്നു. വിട്രിയിലുള്ള വിക്ടറെ കാണാം എന്നു കരുതി യാത്ര തിരിച്ചതാ, എങ്ങുമെത്തിയില്ല. സ്ഥലം തെറ്റി എങ്ങോ ഇറങ്ങി.

അതൊക്കെ പോട്ടെ, പാരിസ്‌ എങ്ങിനെയുണ്ട്‌?

ചേട്ടാ, വിവരിക്കാന്‍ വാക്കുകളില്ല. മഞ്ഞയും, ചുവപ്പും കലര്‍ന്ന ഇലകളോട്‌ കൂടിയ മരങ്ങളും, തെളിഞ്ഞ ആകാശവും, ഹാ ശ്വസിക്കുന്ന വായു വരെ വളരെ ഫ്രഷ്‌.

നീ അതികം വിവരിക്കേണ്ട. ഞാന്‍ വര്‍ഷങ്ങളായി യൂറോപ്പില്‍ തന്നേയാ. ഫ്ലാങ്ക്‌ ഫര്‍ട്ടിലേക്ക്‌ ടിക്കറ്റ്‌ എടുത്ത നീ എന്തിനാ പാരിസില്‍ ഇറങ്ങിയത്‌?

ഓ, അതിപ്പോ, പ്രത്യേകിച്ച്‌ പോകാന്‍ സ്ഥലവും, ലക്ഷ്യവുമൊന്നുമില്ലാത്തതിനാല്‍, ജെര്‍മ്മനിയും, ഫ്രാന്‍സും, ബെല്‍ജിയവും എല്ലാം ഒരു പോലെ തന്നെ.

എന്താ നിന്റെ അടുത്ത പ്ലാന്‍?

ഒന്നും തീരുമാനിച്ചിട്ടില്ല ഇതു വരെ. ഫ്ലൈറ്റില്‍ നിന്നിറങ്ങിയിട്ട്‌ അതികസമയം ആയിട്ടില്ല.

അവിടെ ഇപ്പോള്‍ സന്ധ്യയായില്ലേ, നീ ഒരു കാര്യം ചെയ്യ്‌. ഇന്ന് ഏതെങ്കിലും, മോട്ടലിലോ, ഹോട്ടലിലോ തങ്ങ്‌. എന്നിട്ട്‌ ഫ്രാന്‍സ്‌ ബോര്‍ഡര്‍ വഴി എങ്ങിനേയെങ്കിലും സ്വിറ്റ്‌സര്‍ലന്റിലേക്ക്‌ കയറിപറ്റാന്‍ പറ്റുമോ എന്നു നോക്ക്‌. പിന്നെ ഇടക്കിടക്ക്‌ എന്നെ വിളിച്ച്‌ നിന്റെ സ്ഥിതിഗതികള്‍ അറിയിക്കന്‍ മറക്കണ്ട. ആള്‍ ദി ബെസ്റ്റ്‌.

ചേട്ടനോട്‌ സംസാരിച്ചതില്‍ നിന്നും കിട്ടിയ ഊര്‍ജം കയ്യില്‍ വച്ച്‌ ഞാന്‍ വിലകുറഞ്ഞ ഒരു ഹോട്ടല്‍ തപ്പി മാന്യനായ സായിപ്പ്‌ പറഞ്ഞു തന്ന വഴിയിലൂടെ നടന്നു.

തപ്പി തപ്പി അവസാനം ഒരെണ്ണം കണ്ടു പിടിച്ചു. നമ്മുടെ നാട്ടിലെ ഒരു ചെറിയ ലോഡ്ജ്‌ പോലത്തെ ഒന്ന്.

സിംഗിള്‍ റൂമിന്റേയും, ഡബ്ബിള്‍ റൂമിന്റേയും മറ്റും വാടക ഒരു ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട്‌. എന്റമ്മേ, തപ്പി തപ്പി ചീപ്പായ ഒരു ഹോട്ടലില്‍ എത്തിയിട്ട്‌ വാടക ചീപ്പൊന്നുമല്ലല്ലോ? ഇവിടെ ഒരു ദിവസം കൊടുക്കേണ്ട വാടക ഉണ്ടെങ്കില്‍, നാട്ടിലെ കൃഷ്ണവിലാസം ലോഡ്ജില്‍ ഒരു മാസം താമസിക്കാം!

എന്തായാലും ഇന്നത്തെ ഒരു രാത്രി താമസിച്ചല്ലേ മതിയാവൂ. കൗണ്ടറില്‍ ഇരുന്ന മദാമ്മയമ്മായിയോട്‌ ഞാന്‍ പറഞ്ഞു.

ഐ വാന്റ്‌ എ സിംഗിള്‍ റൂം.

ക്വേ?

ഐ വാന്റ്‌ എ സിംഗിള്‍ റൂം.

ക്വേ, ക്വേ, കൊക്കര ക്കോ, മുട്ടയിട്ടെഴുന്നേറ്റതും, കോഴി കരയുന്നതുപോലെ എന്തൊക്കേയോ അവര്‍ പറഞ്ഞു.

പണ്ടാര തള്ളക്ക്‌ ഇംഗ്ലീഷിന്റെ ഒരു അക്ഷരം പോലും അറിയില്ല എന്ന നഗ്നസത്യം ഭീതിയോടുകൂടി ആ തൃസന്ധ്യാ നേരത്ത്‌ ഞാന്‍ മനസ്സിലാക്കി.

പണ്ട്‌ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഏകാങ്ക നാടകത്തിനു അഭിനയിച്ചതിന്റെ ഓര്‍‍മ്മ, എവിടുന്നാ വന്നേന്ന് ഓര്‍മ്മയില്ല, പക്ഷെ ഓര്‍മ്മ വന്നതുമാത്രം ഓര്‍മ്മയുണ്ട്‌.

പോക്കറ്റില്‍ നിന്നും ഒരു നൂറിന്റെ രണ്ടു മൂന്നു ഫ്രാങ്ക്‌ പുറത്തെടുത്തു. പിന്നെ അഞ്ചുമിനിറ്റ്‌ നേരം അവിടെ ഞാനൊരു മൈം ഷോ നടത്തി.

മദാമ്മക്കു കാര്യം പിടികിട്ടി. റെജിസ്റ്റര്‍ എടുത്തു കയ്യില്‍ തന്നു. കാശെണ്ണി വാങ്ങി പണപെട്ടിയില്‍ നിക്ഷേപിച്ച ശേഷം, എന്നേയും കൂട്ടി കോണിപടികള്‍ കയറി മുകളിലെ നിലയിലുള്ള ഒരു മുറി തുറന്നു തന്നു. പിന്നെ എന്തോ പറഞ്ഞു, ചിരിച്ചു. പിന്നെ കോണിയിറങ്ങി പോയി.

ബാഗ്‌ നിലത്ത്‌ വച്ച്‌ മുറി ഞാന്‍ മൊത്തമായൊന്നു വീക്ഷിച്ചു. ഒരു കട്ടില്‍, ഒരു മേശ, ഒരു കസേര, അത്രയുമേയുള്ളൂ. മതിലിന്നരികില്‍ അരയാള്‍ ഉയരത്തില്‍, ഒരാള്‍ നീളത്തില്‍, അരയിഞ്ചു വണ്ണത്തില്‍, വെളുത്ത പെയിന്റടിച്ച ആസബസ്റ്റോസ്‌ ഷീറ്റ്‌ പോലെയുള്ള ഒരു സാധനം ഫിറ്റ്‌ ചെയ്തിരിക്കുന്നു. തൊട്ടു നോക്കിയപ്പോള്‍ ചെറിയ ചൂട്‌. ഓ ഇതായിരിക്കും റൂം ഹീറ്റര്‍. ദില്ലിയിലെ കോയില്‍ പിടിപ്പിച്ച, ചൂടു കാറ്റു വരുന്ന ഹീറ്റര്‍ കണ്ടു പരിചയിച്ച എനിക്ക്‌ അതൊരു കൗതുകം തന്നെയായിരുന്നു.

വസ്ത്രമൊന്നും മാറാന്‍ നിന്നില്ല, നഗരമൊന്നു ചുറ്റികാണുവാന്‍ മുറിപൂട്ടി പുറത്തിറങ്ങി.

നഗരമാകെ വൈദ്യുതി വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്നു. കോണ്‍ക്രീറ്റ്‌ ഇഷ്ടികകള്‍ പാവിയ നിരത്തിലൂടെ വെറുതെ നടന്നു. ചരിച്ചുകെട്ടിയ മേല്‍ക്കൂരകളോടു കൂടിയ കെട്ടിടങ്ങള്‍. എല്ലാ കെട്ടിടങ്ങള്‍ക്കും ഏതാണ്ടൊരേ രൂപം. എല്ലാ വീടില്‍ നിന്നും പുറത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന പുകകുഴലുകള്‍. ഓരോ കവലയിലും ചെറിയ ഗ്രോസറികളും, ഹോട്ടലുകളും. ഇടക്കിടെ ശരീരത്തെ മൊത്തം മരവിപ്പിക്കുന്ന തരത്തിലുള്ള തണുത്ത കാറ്റ്‌ അടിക്കുന്നു. നന്നായൊന്നുറങ്ങണം. യാത്രാക്ഷീണവും, ഉറക്ക ക്ഷീണവുമുള്ളതല്ലെ, മാത്രമല്ല, നാളെ മുതല്‍ ഹോട്ടലില്‍ മുറിയെടുത്ത്‌ തങ്ങാനുള്ള സാധ്യതയും വിരളം, കാരണം അതിനു മാത്രമുള്ള പൈസ കയ്യിലില്ലത്തതു തന്നെ കാരണം.

നടന്നു വന്ന വഴിയേ തിരിച്ചു നടന്നു. ഒരു ചെറിയ ഗ്രോസറിയില്‍ കയറി ഒന്നു പരതി. രണ്ട്‌ ബണ്ണും, സലാമിയുടെ ഒരു ചെറിയ പായ്ക്കറ്റും വാങ്ങി. ബില്‍ കണ്ടപ്പോള്‍ വിശപ്പെല്ലാം ആവിയായി പോയി. സലാമിയുടെ പായ്കറ്റ്‌ തിരികെ വച്ചു. ബണ്ണിന്റെ കാശു കൊടുത്ത്‌ ഹോട്ടലിലേക്ക്‌ നടന്നു.

മുറി തുറന്നുള്ളില്‍ കയറി. ബാഗു തുറന്നു അച്ഛന്‍ തന്ന ബാഗ്പൈപ്പര്‍ കുപ്പിയെടുത്ത്‌ മേശയില്‍ വച്ചു. മേശപ്പുറത്ത്‌ ഒരു ജഗ്ഗും, ഗ്ലാസ്സും ഇരിക്കുന്നുണ്ട്‌. ജഗ്ഗ്‌ കാലി. ബാത്രൂമില്‍ കയറി പൈപ്പ്‌ തുറന്ന് ഒരു ജഗ്ഗ്‌ വെള്ളം പിടിച്ചു. ഗ്ലാസില്‍ കുറച്ചൊഴിച്ചു കുടിച്ചു നോക്കി. ഭയങ്കര കനം. ചെറുതായി ഉപ്പു ചുവക്കുന്നുമുണ്ട്‌. മിനറല്‍ വാട്ടര്‍ വാങ്ങാമായിരുന്നു (വെറുതെ സ്വന്തം മനസ്സിനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാ. മിനറല്‍ വാട്ടറിന്റെ ഒരു കുപ്പി വാങ്ങുന്ന കാശുണ്ടായിരുന്നേല്‍ രണ്ടു പായ്ക്കറ്റ്‌ സലാമി വാങ്ങാം).

ഒരു പെഗ്ഗ്‌ ലൈറ്റായി ഒഴിച്ച്‌ വെള്ളം ചേര്‍ത്ത്‌ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, രണ്ടു ബെണ്ണും പെട്ടെന്നു തന്നെ ചവച്ചിറക്കി, ഒരു സ്മൂത്നെസ്സ്‌ കിട്ടാനായി ഒരു പെഗ്ഗും കൂടെ കഴിച്ചു. രണ്ട്‌ കുപ്പി വാങ്ങി എന്റെ കയ്യില്‍ തരുവാന്‍ തോന്നിയ അച്ഛനു മനസ്സില്‍ ഞാന്‍ നന്ദി നേര്‍ന്നു. പിന്നെ, കൊണ്ടു വന്നിരുന്ന വില്‍സ്‌ പായ്ക്കറ്റില്‍ നിന്നും ഒരു സിഗറട്ടെടുത്ത്‌ വലിച്ചു. ഒരു പെഗ്ഗും കൂടെ ഒഴിച്ചു ഗ്ലാസ്സ്‌ നിറച്ചു, ഗ്ലാസു കാലിയാകുന്നതിനൊപ്പം തന്നെ ചിന്തകള്‍ കാടു കയറാനും തുടങ്ങി.

ഇനിയെന്ത്‌? എങ്ങോട്ട്‌? എങ്ങിനെ?

ചിന്തകള്‍ക്കൊടുവില്‍ മനസ്സ്‌ ഒരുറച്ച തീരുമാനത്തിലെത്തി. വിസയില്ലെങ്കിലെന്ത്‌? എങ്ങിനെയെങ്കിലും സ്വിറ്റ്‌സര്‍ലന്റിലേക്ക്‌ എത്തിപെടുക. ഭാക്കി കാര്യം അവിടെ ചെന്നതിന്നു ശേഷം. പോകുന്ന വഴിക്ക്‌ ഈഫിള്‍ ടവറും കാണണം.

ബാഗു തുറന്ന് മാപ്പെടുത്തു. സ്ഥലങ്ങളുടെ പേരു വിവരങ്ങള്‍ എല്ലാം നോക്കി പഠിച്ചു, ആവശ്യമുള്ളത്‌ അടയാളപെടുത്തി. പിന്നെ അത്യാവശ്യം ഓര്‍മ്മിക്കേണ്ട സ്ഥലപേരുകള്‍ ഡയറിയില്‍ കുറിച്ചു വച്ചു. മാപ്പും ഡയറിയും, ബാഗില്‍ തിരിച്ചു വച്ചു. ഗ്ലാസില്‍ അവശേഷിച്ചിരുന്നത്‌ ഒറ്റവലിക്ക്‌ കുടിച്ചു. ടൈം പീസ്‌ എടുത്ത്‌ രാവിലെ ഒമ്പത്‌ മണിക്ക്‌ അലാം സെറ്റ്‌ ചെയ്തു. ബ്ലാങ്കറ്റിന്നുള്ളില്‍ കയറി കിടന്നതു മാത്രമേ ഓര്‍മ്മയുള്ളൂ.

അലാം അടിക്കുന്നത്‌ കേട്ടപ്പോള്‍ ഞെട്ടിയെഴുന്നേറ്റു. ദൈവമേ, പന്ത്രണ്ട്‌ മണിക്കൂറിന്നിടയില്‍ ഒന്നിനു പോകാന്‍ പോലും ഒന്ന് എഴുന്നേറ്റില്ലല്ലോ ഞാന്‍. എന്തായാലും ഇനി ഇതുപോലെ ഉറങ്ങാന്‍ അവസരം കിട്ടാന്‍ വഴിയില്ല, എന്തായാലും ഗാഢമായി ഉറങ്ങിയത്‌ നന്നായി, ശരീരത്തിനും, മനസ്സിനുമെല്ലാം നല്ലൊരുന്മേഷം.

പല്ലു തേച്ചു, ചൂടു വെള്ളത്തില്‍ നന്നായി കുളിച്ചു. വസ്ത്രം മാറി മുറി പൂട്ടി താഴേക്കിറങ്ങി. ചാവി കൗണ്ടറില്‍ ഏല്‍പ്പിച്ചു. ഹോട്ടലില്‍ താമസിക്കുന്നവര്‍ എല്ലാം താഴെ കഫേയില്‍ ഇരുന്നു ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുന്നു.

ഞാന്‍ കൗണ്ടറില്‍ ചാവി നല്‍കിയപ്പോള്‍, മദാമ്മ ബുഫെ(റ്റ്‌) ബ്രേക്ക്‌ ഫാസ്റ്റ്‌ നിരത്തി വച്ചിരിക്കുന്ന ടേബിളിലേക്ക്‌ കൈചൂണ്ടി വീണും അഞ്ച്‌ മിനിറ്റ്‌ നേരം എന്തൊക്കേയോ പറഞ്ഞു.

ഇത്രയും നിര്‍ബന്ധിച്ചപ്പോള്‍, ഒരു കാര്യം എനിക്ക്‌ മനസ്സിലായി. ബ്രേക്ക്‌ ഫാസ്റ്റ്‌ ഫ്രീയാണെന്ന്. പിന്നെ അമാന്തിച്ചില്ല, കഫേയില്‍ കയറി, ബാഗ്‌ തറയില്‍ വച്ച്‌, ഒരു പ്ലേറ്റുമെടുത്ത്‌ കഴിക്കുവാന്‍ ആരംഭിച്ചു. ബണ്ണുകള്‍, ബിസ്കറ്റുകള്‍, ചീസുകള്‍, ബ്രെഡുകള്‍, ബട്ടര്‍, ജാം, ജ്യൂസ്‌, എല്ലാം പോരാത്തത്തിന്നവസാനം ഒരു കാപ്പിയും കുടിച്ചു, ഏമ്പക്കം വിട്ടു.

ബാഗെടുത്ത്‌ കൗണ്ടറില്‍ പോയി, മദാമ്മക്കൊരു മനോഹരമായ ചിരി സമ്മാനിച്ചു. താങ്ക്യൂ പറഞ്ഞു.

കിരി കിരിം, കിരി കിരിം, മദാമ്മയുടെ മുന്‍പില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഗര്‍ജിച്ചു. ഒരു ചെറിയ ബില്‍ മദാമ്മ എനിക്കു ചിരിച്ചു കൊണ്ട്‌ നീട്ടി.

ദൈവമേ, ഇരുപത്തൊമ്പത്‌ ഫ്രാങ്ക്‌. തലേന്ന് മൊത്തം ഡിന്നറിന്നു ചിലവായത്‌ മൂന്ന് ഫ്രാങ്കായിരുന്നല്ലോ ദൈവമേ. കഴിച്ചതെല്ലാം ആവിയായി പോയി. കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയാന്‍ തുടങ്ങുന്നതിന്നു മുന്‍പ്‌, പോക്കറ്റില്‍ നിന്നും കാശെടുത്ത്‌ ഞാന്‍ മദാമ്മക്കു കൊടുത്തു. യാന്ത്രികമായി ബാക്കി ഫ്രാങ്ക്‌ വാങ്ങി പേഴ്സില്‍ വച്ച്‌, ഒരക്ഷരം ഉരിയാടാതെ ഹോട്ടലിന്റെ പടിയിറങ്ങി.

നേരെ നടന്നു മെട്രോ സ്റ്റേഷനിലേക്ക്‌. സ്റ്റേഷനിലെത്തി, ഒരു സായിപ്പിന്റെ സഹായത്തോടെ ഈഫിള്‍ ടവറിന്നു ഏറ്റവും അടുത്തുള്ള സ്റ്റേഷനിലേക്ക്‌ ടിക്കറ്റ്‌ എടുത്തു. ട്രെയിന്‍ വന്നു, കയറി, ശ്രദ്ധാപൂര്‍വ്വം ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തുന്നുണ്ടോ എന്ന് ഡിസ്പ്ലേ ബോര്‍ഡില്‍ നോക്കി ഇരുന്നു. സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങി. വീണ്ടും പത്തു മിനിറ്റോളം നടന്നു, അകലെ അതാ ഈഫിള്‍ ടവര്‍ കാണുന്നു. കൈയിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പൂന്തോട്ടങ്ങള്‍, പുല്‍തകിടികള്‍. ഈഫിള്‍ ടവറിന്റെ ചുറ്റുവട്ടത്ത്‌ ഒരു രണ്ടു മൂന്നു മണിക്കൂറോളം ചിലവഴിച്ചു.

ലക്ഷ്യം ഇതല്ലല്ലോ? അതിനാല്‍ വീണ്ടും അടുത്ത ലക്ഷ്യമായ ഫ്രാന്‍സ്‌-സ്വിസ്‌ ബോര്‍ഡറിലുള്ള ബേസല്‍ എന്ന സ്ഥലത്തേക്കുള്ള യാത്ര തിരിച്ചു. വീണ്ടും മെട്രോ സ്റ്റേഷന്‍, ട്രെയിന്‍, അങ്ങനെ ഉച്ചതിരിഞ്ഞ്‌ ഒരു മൂന്നരയോടെ ബേസല്‍ സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിറങ്ങി.

വിസയില്ലാതെ എങ്ങിനെ സ്വിറ്റ്‌സര്‍ലന്റിലേക്കു പോകാം എന്നതിനേകുറിച്ചായി പിന്നത്തെ ചിന്ത. എന്തിനും നാലാള്‍ക്കാരോട്‌ ചോദിച്ചിട്ടാകാം അടുത്ത യാത്ര. മര്യാദക്ക്‌, വിശദമായ, മറുപടികിട്ടണമെങ്കില്‍, കുടിയന്മാരോട്‌ ചോദിക്കണം. കുടിയന്മാരെ കാണണമെങ്കില്‍ ബാറില്‍ പോണം. മുറിക്കും, ഭക്ഷണത്തിന്നും മറ്റും പിശുക്കു കാണിച്ചാലും, അന്നും ഇന്നും കുടിക്കുന്ന കാര്യത്തില്‍ എനിക്കൊരു പിശുക്കുമില്ല.

നടന്നു നടന്നു കാലു തളര്‍ന്നപ്പോള്‍ ഒരു ബസ്‌ സ്റ്റാന്‍ഡില്‍ ഇരുന്നു, ചുറ്റുപാടുമൊന്നു നോക്കി. അതാ ഒരു ബാര്‍. മനസ്സില്‍ കുളിരു കോരി.

ബാഗും തൂക്കി ബാറിലേക്ക്‌ കയറി. ഒരു തനി കണ്ട്രി ബാര്‍, മരത്തിന്റെ ഡെസ്ക്കുകളും, ബെഞ്ചുകളും. വളരെ കുറച്ച്‌ ആളുകളെ ഉള്ളൂ. എല്ലാം അമ്മൂമ്മ, അപ്പൂപ്പന്മാര്‍. എന്തിനും ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. പന്ത്രണ്ട്‌ ഫ്രാങ്ക്‌ അപ്പോള്‍ പോയികിട്ടി. ഭാഗ്യം വെള്ളത്തിലും ചീപ്പാണ്‌ ബിയര്‍.

കൗണ്ടറില്‍ ഇരുന്നു ബിയറടിക്കുന്നതിനൊപ്പം തന്നെ ഞാന്‍ ഇംഗ്ലീഷ്‌ തരക്കേടില്ലാതെ സംസാരിച്ചിരുന്ന ബാര്‍മേനോട്‌ സ്വിറ്റ്‌സര്‍ലന്റിലോട്ട്‌ എങ്ങിനെ പോകാം എന്നു തിരക്കി.

കാറിലും, ട്രെയിനിലും, ബസ്സിലും എല്ലാം പോകാം, പക്ഷെ എങ്ങോട്ടാണ്‌ പോകേണ്ടത്‌.

അതികം ആലോചിച്ചു രംഗം വഷളാക്കാതിരിക്കാനായി ഞാന്‍ പൊടുന്നനെ പറഞ്ഞു, സ്വിസ്‌ ബേസലില്‍.

അതിവിടെ നിന്നും ടാക്സിയില്‍ പോകാനുള്ള ദൂരമേയുള്ളൂ. പത്ത്‌ മിനിറ്റ്ദൂരം ഇവിടെ നിന്നു പോയാല്‍ ചെക്ക്‌ പോസ്റ്റ്‌, അതു കഴിഞ്ഞാല്‍ വീണ്ടും ഒരു പത്ത്‌ മിനിറ്റ്‌, നിങ്ങള്‍ സ്വിസ്‌ ബേസലില്‍ എത്തും.

ബിയര്‍ കുടിച്ച്‌ അദ്ദേഹത്തിനോട്‌ നന്ദി പറഞ്ഞ്‌ ഞാന്‍ പുറത്തിറങ്ങി. പത്തു പതിഞ്ചു മിനിറ്റു കാത്തിരിപ്പിന്നു ശേഷം കിട്ടിയ ടാക്സിയില്‍ കയറി. സ്വിസ്‌ ബേസല്‍.

ഓ കെ. ഇലക്റ്റ്രോണിക്‌ മീറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വണ്ടിയുടെ ചക്രങ്ങള്‍ ഉരുളാന്‍ തുടങ്ങി, അതിലും വേഗതയില്‍ കാറിലെ മീറ്ററും.

പത്തുമിനിറ്റിനകം വണ്ടി ഫ്രാന്‍സ്‌, സിസ്‌ ബോര്‍ഡറിലുള്ള പോലീസ്‌ ചെക്ക്‌ പോസ്റ്റില്‍ എത്തി.

പാസ്പോര്‍ട്ട്‌ പ്ലീസ്‌.

ഒരു ഇടിവെട്ട്‌ മദാമ്മ പോലീസ്‌ ചോദിച്ചു.

എന്റെ ചങ്കു പിടഞ്ഞു. പോക്കറ്റില്‍ നിന്നും പാസ്പോര്‍ട്ടെടുത്ത്‌ കൊടുത്തു. പാസ്പോര്‍ട്ടിന്റെ പേജുകള്‍ അവര്‍ തലങ്ങും, വിലങ്ങും മറിച്ചു.

യു ഹാവ് ഒണ്‍ലി ഷെങ്ങ്ഗന്‍ വിസ. യു ഡോന്റ്‌ ഹാവ്‌ സ്വിസ്‌ വിസ. യു കാണ്ട്‌ എന്റര്‍ റ്റു സ്വിറ്റ്‌ സര്‍ലന്റ്‌ വിതൗട്ട്‌ എ സ്വിസ് വിസാ. യു കേന്‍ ഗെറ്റ്‌ ദ വിസ ഫ്രം ഔര്‍ എംബസി ഇന്‍ ഫ്രാന്‍സ്‌.

ചമ്മിയ മുഖമായിരുന്നെങ്കിലും, ഒരു താങ്ക്യു നല്‍കാന്‍ ഞാന്‍ മറന്നില്ല.

പിന്നെ വന്ന റ്റാക്സിയില്‍ കയറി പറഞ്ഞു. ദയവുചെയ്ത്‌ എന്നെ പിക്ക്‌ ചെയ്ത അതേ സ്ഥലത്തു തന്നെ കൊണ്ടു ചെന്നു പണ്ടാരമടങ്ങൂ.

ടാക്സി എന്നേയും വഹിച്ചുകൊണ്ട് വന്ന വഴിയിലൂടെ മടങ്ങി.

posted by സ്വാര്‍ത്ഥന്‍ at 11:45 AM

0 Comments:

Post a Comment

<< Home