Thursday, December 28, 2006

യാത്രാമൊഴി... - അന്ധത

URL:http://yathramozhi.blogspot.com/2006/12/blog-post_27.htmlPublished: 12/28/2006 12:08 AM
 Author: യാത്രാമൊഴി



മിന്നല്‍ക്കരം പിളര്‍ത്തിയ
തെങ്ങിന്‍ നെറുകയില്‍
ഒറ്റക്കണ്ണന്‍ കാക്ക
നിലവിളിക്കുമ്പോള്‍
വിരുന്നുകാരെത്തുമെന്ന്‌...

ദ്രവിക്കുമാമാശയത്തില്‍
വിശപ്പിന്റെ പൂച്ചകള്‍
മുഖം കഴുകുമ്പോള്‍
അതിഥികളാരോ വരുമെന്ന്‌...

പണിപ്പെട്ട്‌
പകലുറക്കത്തിന്‍
പടിക്കലെത്തുമ്പോള്‍
വാതില്‍ക്കലാളനക്കം!

നരച്ച പകലില്‍,
വേര്‍ത്ത കൈകളില്‍
വക്കു പൊട്ടിയ പാത്രം നീട്ടി
പിഴയ്ക്കാത്ത ശകുനമായി
കുരുടി നില്‍ക്കുന്നു.

ഒക്കത്ത്‌,
കണ്ണുള്ളവന്‍
ഇടവഴിയിലെ ഇരുട്ടില്‍
കഴുവേറ്റിയ കാമത്തിന്റെ
പാല്‍മയമില്ലാത്ത
കുരുന്നു പുഞ്ചിരി.

പാത്രത്തില്‍,
പൊള്ളിക്കിടക്കുന്നു
ചിരപുരാതനം
ദയതന്‍ ചില്ലറത്തുട്ടുകള്‍.

തരക്കേടില്ലാ
കാഴ്ചയെന്നകമേ
തുറക്കുന്നൂ,
വെറിയന്‍ കണ്ണുകള്‍!

ഒരു നൊടിയില്‍
വലിച്ചകത്താക്കി-
ക്കരുത്തു കാട്ടി-
യിരുട്ടിലാഴ്ന്ന്
സ്ഖലിച്ചു പൊങ്ങുമ്പോള്‍,
അരികിലൊരു
കുഞ്ഞിന്‍ കനത്ത
നിശബ്ദത!

‘വിശപ്പൊടുക്കി’
വിയര്‍ത്തെണീറ്റ്,
വളര്‍ത്തുനായതന്‍ കെട്ടഴിച്ച്‌,
കതകടയ്ക്കുമ്പോള്‍,
കാഴ്ച്ചയില്ലാത്ത
ദൈവങ്ങളെ പ്രാകി
പാതിജീവനെ ചേര്‍ത്ത്‌ വെച്ച്‌
കുരുടിയോടുന്നു.

പാപനാശം,
ഭക്തിമാര്‍ഗ്ഗം!
തിരുപ്പതിയും,
തീര്‍ത്ഥാടനവും കഴിഞ്ഞ്‌
രാത്രി വീടെത്തുമ്പോള്‍,
ക്ഷീണനേത്രത്തിലാഞ്ഞു കൊത്തുന്നു
കൂരിരുട്ടിന്‍ കരാളസര്‍പ്പങ്ങള്‍.

നിറമിഴികളില്‍
വിഷദന്തമൂര്‍ച്ചകള്‍.
ഇരുള്‍വഴികളില്‍
ശീത്ക്കാരവേഗങ്ങള്‍.
ഉടഞ്ഞുവീഴുന്നൂ
കാഴ്ച്ചതന്‍ സ്ഫടികം!

വെളിച്ചമെല്ലാമൊലിച്ചു
പൊയ്പ്പോയി,
പുലരിസൂര്യന്‍ വെറും
ചുടുസ്പര്‍ശമാകവെ,
തിരിച്ചറിഞ്ഞു ഞാന്‍
വിശന്നു ചുറ്റും മുരണ്ടടുക്കുന്ന
വഴികാട്ടിനായ്ക്കള്‍തന്‍
ചോരക്കിതപ്പുകള്‍.

ചെറുത്തുനില്‍ക്കാതെ
കീഴടങ്ങവേ
തിരിച്ചറിഞ്ഞില്ല ഞാന്‍
എന്റെ വളര്‍ത്തു നായതന്‍
കൂര്‍ത്ത പല്ലുകള്‍.

തമസ്സുരുകി
തളം കെട്ടി നില്‍ക്കും
നനുത്ത പാളത്തില്‍
കഴുത്ത് ചേര്‍ത്ത്
കാതൊരുക്കി
കുരുടി തേങ്ങുന്നു...

ഉരുക്കുപാളത്തില്‍
ചതഞ്ഞരഞ്ഞൊരു
കുരുന്നു പുഞ്ചിരി
പൊലിഞ്ഞുപോകുന്നു.

കെട്ട കാഴ്ച്ചയില്‍
ഉള്ളുപൊള്ളിത്തിളച്ച
ദൈവങ്ങള്‍
കൊടിയ ശാപത്തിന്‍
കെട്ടഴിച്ച് കതകടയ്ക്കുമ്പോള്‍,
വംശവൃക്ഷത്തിന്‍
പരാഗനേത്രങ്ങളില്‍
ഇരുട്ട് കൊത്തുന്നു.

വസന്തമെത്തി
മിഴിവാതില്‍
തുറന്നുവെയ്ക്കുമ്പോള്‍,
പിറവിയുടെ ചില്ലയാകെ
അന്ധതയുടെ
ജനിതകം പൂക്കുന്നു!

posted by സ്വാര്‍ത്ഥന്‍ at 11:25 AM

0 Comments:

Post a Comment

<< Home