Thursday, November 09, 2006

എന്റെ ലോകം - വിമര്‍ശനം - സാധ്യതകളും, അപചയങ്ങളും.

ഏതൊരു മാധ്യമവും അതിന്റെ പരിണാമത്തിന്റെ ദശാസന്ധിയില്‍ നേരിടുന്ന അപചയമാണു മൂല്യശോഷണം. ക്രിയാത്മകതയിലൂടെ പ്രസ്തുതമാധ്യമം വെളിപ്പെടുത്തിയിരുന്ന വളര്‍ച്ചാസാധ്യതകള്‍ മുരടിച്ചുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥാവിശേഷം. വിമര്‍ശനം കലയാകുന്നതു ഇത്തരം ദശാസന്ധികളെ തരണം ചെയ്യുവാന്‍ ഉപകരണമാകുമ്പോഴാണു്.

ബൂലോഗത്തില്‍ വിമര്‍ശനത്തിന്റെ സാധ്യതകള്‍

വെബ്‌ലോഗുകള്‍ അതിലെഴുതുന്ന എഴുത്തുകാരുടെ സ്വകാര്യതയുടേയും, മാധ്യമമെന്ന നിലയില്‍ അതു നല്‍കുന്ന സ്വാതന്ത്ര്യത്തിന്റേയും പേരില്‍ ഏറെ സ്വീകരിക്കപ്പെട്ട മാധ്യമമാണു്. അവനവന്റെ സ്വാതന്ത്ര്യം ഒറ്റയായ് ആഘോഷിക്കുമ്പോള്‍ വെബ്‌ലോഗുകള്‍ സ്വകാര്യസ്വത്തായി മാറുകയാണു്, അന്യോനം ആകര്‍ഷിച്ചും വികര്‍ഷിച്ചും നിലനിന്നു പോരുന്ന ബ്ലോഗുകളെ മാത്രമേ മാധ്യമം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവൂ. ഈ മാധ്യമം ആന്തരികമായി നടത്തുന്ന രാസപ്രക്രിയകളിലൊന്നാണു വിമര്‍ശനവും. ബ്ലോഗുകള്‍ അതിനെ ഉള്‍ക്കൊള്ളുന്ന ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതു് ഇത്തരം ആന്തരികപ്രക്രിയകളിലെ റിസല്‍ട്ട് സെറ്റിനെയാണു്. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കേണ്ടതു മാധ്യമമെന്ന നിലയില്‍ ബ്ലോഗുകളുടെ നിലനില്പിന്റെ ഭാഗംകൂടിയാണു്.

കുറ്റവും കുറവും

ഭാഷാ ഉപയോഗങ്ങള്‍ക്കിടെ മിക്കപ്പോഴും ദ്വിത്വമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളാണു കുറ്റവും കുറവും. എങ്കിലും ഈ വാക്കുകള്‍ പ്രതിനിധാനം ചെയ്യുന്ന ക്രിയാവിശേഷണങ്ങള്‍ വ്യത്യസ്ഥമാണു്. ഒരു കാല്‍ മാത്രമുള്ളവന്റെ നടത്തത്തില്‍ കുറ്റങ്ങളുണ്ടു്, ഇരുകാലിയായ ഒരുവന്‍ ഒറ്റക്കാലില്‍ നടക്കുമ്പോള്‍ അയാളുടെ നടത്തത്തില്‍ കുറവുകളുമുണ്ടു് (നടത്തം എന്ന ക്രിയ ചര്‍ച്ച ചെയ്യപ്പെടേണ്ട സംഗതിയാകുന്ന അവസരങ്ങളില്‍). ഒരു കാലുള്ളവന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ക്കു മാത്രമാണു് അവന്റെ നടത്തത്തില്‍ കുറ്റം ആരോപിക്കുവാന്‍ കഴിയുന്നതു്, അവനെ സംബന്ധിച്ചിടത്തോളം ഒരുകാലിലുള്ള അവന്റെ നടത്തം ശരിയാണു്. ഒരു കാലില്‍ മാത്രമേ നടക്കുന്നുള്ളൂ എന്നുള്ളതു അവനില്‍ പ്രകൃത്യായുള്ള ഭാവമാണു്.

ഒരു വിമര്‍ശകന്‍ ആരെയാവും വിമര്‍ശിക്കുക? വിമര്‍ശിക്കേണ്ടതു കുറവുകളെയാണു്, കുറ്റങ്ങളെയല്ല (അതു കുറ്റം പറച്ചിലേ ആവുകയുള്ളൂ).

അമ്പതു വാക്കില്‍ കഥയെഴുതുന്നവനെ വിമര്‍ശിക്കേണ്ടതു് ആ അമ്പതു വാക്കില്‍ കഥയില്ലാതാകുമ്പോഴോ, വാക്കുകള്‍ അമ്പതു എന്ന നിയന്ത്രണം പാലിക്കാതിരിക്കുമ്പോഴോ ആകണം. അമ്പതുവാക്കുള്ള കഥ, കഥയല്ലെന്നു പറയുന്നതു കുറ്റമാകുന്നേയുള്ളൂ, അതു വിമര്‍ശനത്തില്‍ അപ്രസക്തവുമാണു്.

വിമര്‍ശിക്കപ്പെടേണ്ടതു്

ചിലര്‍ മദ്യം കഴിച്ചാല്‍ രണ്ടുകാലിനൊപ്പം രണ്ടു കൈയും ഉപയോഗിച്ചേ നടക്കുക പതിവുള്ളൂ (നാലുകാലില്‍). ഈ നടത്തത്തില്‍ കുറവുകളുണ്ടു്, കാരണം ഒരുവന്‍ നടക്കേണ്ടതു ഇരുകാലിലാണു്. മദ്യപാനിയുടെ മദ്യാസക്തിയെ വിമര്‍ശിക്കാം എന്നല്ലാതെ അയാള്‍ നാലുകാലില്‍ നടക്കുന്നതിനെ ‘നിന്റെ നടത്തത്തില്‍ ഒട്ടും ചാരുതയില്ല’ എന്നു വിമര്‍ശിച്ചിട്ടു വല്ലകാര്യവുമുണ്ടോ?

വിമര്‍ശനങ്ങള്‍ വ്യക്തിഹത്യകളാകുമ്പോള്‍

കുറവുകള്‍ക്കെതിരെയുള്ള വിമര്‍ശനദണ്ഡനങ്ങള്‍ക്കു പകരം കുറ്റങ്ങള്‍ക്കെതിരെ വിമര്‍ശകന്‍ തിരിയുമ്പോഴാണു വിമര്‍ശനങ്ങള്‍ വ്യക്തിഹത്യകളാകുന്നതു്. ആദ്യമേ നല്‍കിയ ഉദാഹരണത്തില്‍ ഒറ്റക്കാലനോടു ‘നീ വളരെ മോശമായി നടക്കുന്നു’ എന്നു പറയുന്നതു വ്യക്തിഹത്യയും, ഇരുകാലുള്ളവനും ഒറ്റക്കാലില്‍ നടക്കുന്നവനുമായ മനുഷ്യനോടു അതേകാര്യം പറയുന്നതു വിമര്‍ശനവുമാകുന്നു.

ബൂലോഗത്തില്‍ ഈയിടെ വിമര്‍ശനത്തിനു കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഭൂരിപക്ഷവും അന്യന്റെ കുറ്റം പറച്ചിലില്‍ ആനന്ദം കണ്ടെത്തുന്നവര്‍ മാത്രമായി അധഃപതിക്കുന്നു. കുറ്റം പറച്ചിലുകളിലും വ്യക്തിഹത്യകളിലും നിര്‍വൃതി കണ്ടെത്തുന്ന കപട-വിമര്‍ശകരല്ലാതെ ബൂലോകത്തില്‍ യഥാര്‍ഥ വിമര്‍ശകരാണു വേണ്ടതു്, മാധ്യമമെന്ന നിലയില്‍ അതിന്റെ പരിണാമത്തിലെ ദശാസന്ധികള്‍ ഒഴിവാക്കുവാന്‍ വിമര്‍ശകര്‍ കൂടിയേ തീരൂ.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:26 PM

0 Comments:

Post a Comment

<< Home