Monday, November 13, 2006

Suryagayatri സൂര്യഗായത്രി - കീഴടങ്ങല്‍

ചുവപ്പ്‌. കോപത്തിന്റെ, രക്തത്തിന്റെ, മരണത്തിന്റെ ചുവപ്പ്‌.

കൈയിലേക്ക്‌ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി അയാള്‍. ഓരോ കൈരേഖയിലൂടേയും കുതിച്ചൊഴുകുകയാണ്‌‍ രക്തം. കണ്ണിലും അതല്ലേ നിറഞ്ഞ്‌ നില്‍ക്കുന്നത്‌? അതിന്റെ ചൂടല്ലേ ഹൃദയത്തിലും. പൊള്ളുന്നുണ്ടോ മനസ്സ്‌?

"എന്താ ഇത്‌? കുറേ ദിവസം ആയല്ലോ, എവിടെ ഇരുന്നാലും നിന്നാലും കൈ നോക്കി ഇരിപ്പ്‌? എന്താ പറ്റിയത്‌?"

ഭാര്യയാണ്‌. വെള്ള വേഷവും ഇട്ട്‌ അവളെ സങ്കല്‍പ്പിക്കണോ? വേണ്ട. സഹിക്കാന്‍ പറ്റില്ല. പിന്നെങ്ങനെ വേറൊരാളുടെ സ്വപ്നങ്ങള്‍ക്കു മീതെ നോവിന്റെ, ദുഃഖത്തിന്റെ വസ്ത്രം പുതപ്പിക്കാന്‍ കഴിഞ്ഞു? എങ്ങോട്ട്‌ ഓടിയൊളിക്കും? വാസ്തവങ്ങള്‍ ചുറ്റും നില്‍ക്കുന്നുണ്ടല്ലോ.

കൈകളിലേക്ക്‌ തന്നെ നോക്കാം. മറ്റു ചിന്തകള്‍ക്ക്‌ ശമനം ഉണ്ടാകും.

"കഴിക്കുന്നില്ലേ? ഒക്കെ തണുത്തു."

മുന്നിലെ പ്ലേറ്റിലേക്ക്‌ നോക്കി അയാള്‍. ചോറിനും കറിക്കും ഇടയില്‍ എന്തൊക്കെയോ രൂപങ്ങള്‍ തെളിഞ്ഞുവരുന്നുണ്ടോ? മുഖമൊന്ന് കുടഞ്ഞു. പിന്നെയും നോട്ടം, നിവര്‍ത്തിപ്പിടിച്ച‌ കൈകളിലേക്കായി.

അവള്‍ ഒന്നും പറയാതെ എഴുന്നേറ്റു പോയി. ചോറിലേക്ക്‌ കൈ വെച്ചതും അവന്റെ മുഖം ഓര്‍മ്മയില്‍ വന്നു. കൂട്ടുകാരന്‍. കുട്ടിക്കാലം മുതല്‍ ഒരുമിച്ച്‌ കളിച്ച്‌, പഠിച്ച്, വളര്‍ന്നവര്‍. എവിടെയാണു തെറ്റിയത്‌?

ആരോ, എപ്പോഴോ, എഴുതിവെച്ച നീതിശാസ്ത്രങ്ങള്‍ക്കു മുന്നിലാണു മനസ്സുകള്‍ തമ്മില്‍ അകലാന്‍ തുടങ്ങിയത്‌. നമ്മുടേത്, നിന്റേതും എന്റേതും ആയി.

ആദ്യത്തെ വഴക്ക്‌ "നിന്റെ ആള്‍ക്കാര്‍ക്ക്‌ വെറും പറയുന്നിടത്തേ ഉള്ളൂ. നടപ്പിലാക്കുന്നിടത്ത്‌ ഒന്നുമില്ല." എന്ന അവന്റെ സ്വരമായിരുന്നു. "ഞങ്ങളെ നോക്കൂ, വിജയം, അല്ലെങ്കില്‍ വിപ്ലവം. നീതി നേടാനാണ്‌‍ ഞങ്ങളുടെ ശ്രമം. എല്ലാവര്‍ക്കും സമത്വം. വേറൊന്നുമില്ല."

"എന്നിട്ട്‌ പാവം, മനുഷ്യരെ ബലിയാടാക്കുന്നില്ലേ?"

വിട്ടുകൊടുക്കാന്‍ തോന്നിയില്ല.

"അതിനെന്താ? അവരൊക്കെ സ്മരിക്കപ്പെടുന്നില്ലേ? രക്തസാക്ഷികള്‍ കൂടുതല്‍ ഉണ്ടായാല്‍, നീതിയും, വിജയവും അത്രത്തോളം അധികമാവും."

പൊള്ളയായ വാക്കുകള്‍. പറയുന്നവനും, കേള്‍ക്കുന്നവനും, തിരിച്ചറിയപ്പെടാതെ പോകുന്ന വാക്കുകള്‍.

മത്സരങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുകയായിരുന്നു. കൊടിയുടെ മറവില്‍, പരസ്പരം കണ്ടില്ലെന്ന് നടിക്കപ്പെട്ട സൌഹൃദം. ഒടുവില്‍, സ്വയരക്ഷയ്ക്ക്‌, അവനെയാണ്‌‍ ഇല്ലാതാക്കേണ്ടതെന്ന, തന്റെ ആളുകളുടെ ന്യായം.

അവനെ, ഓടിച്ചിട്ട്‌, കീഴടക്കിയപ്പോള്‍, കുട്ടിക്കാലത്ത്‌, മുറ്റത്ത് ഓടിക്കളിച്ചത്‌ ഓര്‍മ്മ വന്നില്ല. കൈയിലുള്ള ആയുധം തലങ്ങും വിലങ്ങും വീശുമ്പോള്‍, പണ്ട്‌ കളിക്കാറുണ്ടായിരുന്ന, രാജാക്കന്മാരുടെ യുദ്ധം ഉണ്ടായിരുന്നില്ല. ഇവിടെ ഒരാള്‍ മാത്രം രാജാവ്‌. മറ്റേത്‌ ശത്രു.

ഒടുവില്‍, ഞരക്കങ്ങള്‍ക്കിടയില്‍, അവനെ വിട്ട്, മറ്റുള്ളവരുടെ കൂടെ പിന്‍വാങ്ങല്‍. പത്രങ്ങളില്‍ ഓരോ ദിവസവും ഓരോ വാര്‍ത്തകള്‍. അവന്റെ വീട്ടില്‍ പോയതേ ഇല്ല. ആ സ്നേഹക്കൂടാരം, തകര്‍ത്ത്, അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ എങ്ങനെ നടക്കും?

കൂടെയുള്ളവരൊക്കെ നിയമത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു. ആരേയും തെറ്റിദ്ധരിപ്പിക്കാതെ പിടിച്ച്‌ നിന്നത്‌ സൌഹൃദം കാരണം. പക്ഷെ മനസ്സാക്ഷിക്കു മുമ്പില്‍ എന്നേ കീഴടങ്ങേണ്ടി വന്നു. ഇനി കൈയില്‍ വിലങ്ങ്‌ വീഴുകയേ രക്ഷയുള്ളൂ എന്ന് ഓര്‍മ്മിപ്പിച്ച്‌ പിന്നാലെ നടക്കുന്നു മനസ്സ്‌. അവനെ‍ ഇല്ലാതാക്കിയ അന്നു മുതല്‍, എവിടെയും നിറഞ്ഞുനില്‍ക്കുകയാണ്‌‍. കൈകള്‍ തുറന്നാല്‍ ചോരയാണ്‌‍.

പ്രതിക്കൂട്ടില്‍ മറ്റുള്ളവരോടൊത്ത്‌ നില്‍ക്കുമ്പോള്‍, അയാള്‍, ആരും കാണാതെ കൈകള്‍ രണ്ടും വിടര്‍ത്തി നോക്കി. ചോരയ്ക്ക്‌ അല്‍പ്പമൊരു മങ്ങല്‍ ഉണ്ടോ? തനിക്ക്‌ തോന്നുന്നതോ?


നിയമത്തിനും, വിധിയ്ക്കും കീഴടങ്ങി, അവസാനം, ജയിലിലെ ഭക്ഷണപ്പാത്രത്തിനു മുന്നില്‍ അവശനായി ഇരിക്കുമ്പോള്‍ അയാള്‍, നിര്‍വികാരതയോടെ, കൈകള്‍ രണ്ടും നിവര്‍ത്തി നോക്കി. അത്ഭുതത്തോടൊപ്പം ആശ്വാസവും അയാള്‍ക്ക് വന്നുചേര്‍ന്നു. കൈകള്‍. രേഖകള്‍ മാത്രം. രക്തമില്ല. ഭക്ഷണപ്പാത്രത്തിലേക്ക്‌ നോക്കി. അവന്റെ മുഖമില്ല. എത്രയോ ദിവസങ്ങള്‍ക്ക്‌ ശേഷം, അയാള്‍, ഭക്ഷണം, വാരിവാരിക്കഴിച്ചു. അപ്പോള്‍ കണ്ണില്‍ നിന്നും പൊടിഞ്ഞതും കണ്ണീരായിരുന്നു. രക്തമായിരുന്നില്ല.

മനസ്സില്‍ മാത്രം, അയാളുടെ കുട്ടിക്കാലം പതുക്കെ കടന്നുവരികയായിരുന്നു, അവനും. അയാള്‍ മനസ്സിനെ ആ വര്‍ണ്ണസ്വപ്നങ്ങള്‍ക്ക് കീഴടങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 2:13 PM

0 Comments:

Post a Comment

<< Home