Wednesday, November 29, 2006

കുട്ട്യേടത്തി - “നളചരിതം” പാതിരാക്കഥ

പതിവുപോലെ രാവിലെ ആറുമണിക്ക് മൊബൈലിലെ വേയ്ക്കപ് കോള്‍ ഓഫു ചെയ്തു, കണ്ണും തിരുമ്മി അടുക്കള വാതില്ക്കലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. തലേന്നു വൈകിട്ട്, അത്താഴം കഴിഞ്ഞ്, പാത്രങ്ങളെല്ലാം കഴുകി , സിങ്കും വെടിപ്പാക്കി, അടുക്കള അടിച്ചു തുടച്ചിട്ടു പോയതാണ്. ഇപ്പോള്‍ കാണുന്നതോ ? ആന കരിമ്പിന്‍ കാട്ടില്‍ കേറിയ മാതിരി.

സിങ്കില്‍ ഒരു കുന്നു പാത്രങ്ങള്‍. സ്റ്റൌവിന്റെ മുകളില്‍, എന്തോക്കെയോ ഉണ്ടാക്കിയിട്ടു കഴുകാതെ വച്ചിരിക്കുന്ന ഫ്രയിങ്ങ് പാനുകള്‍. പാന്‍ കേയ്ക്കും മറ്റും മിക്സ് ചെയ്യാന്‍ ഞാനുപയോഗിക്കുന്ന ഹാന്‍ഡ് മിക്സര്‍ പ്ലഗ്ഗില്‍ കുത്തിയപടി. തവിയായ തവികളും വീട്ടിലുള്ള മുഴുവന്‍ സ്പൂണുകളും സിങ്കിലും അല്ലാതെയും നിരന്നു കിടക്കുന്നു. കുക്കിങ്ങിന്റെ ഇടയിന്‍ ഞാന്‍ കൈ തുടയ്ക്കാന്‍ മാത്രമായിട്ടിരിക്കുന്ന വെള്ള ടവല്‍, എന്തൊക്കെയോ ഒക്കെ തൂത്തു വൃത്തികേടാക്കി, വളരെ കളര്ഫുള്ളായി സിങ്കില്‍ കുഴഞ്ഞു കിടക്കുന്നു.

ഈശ്വരാ എന്താണു സംഭവം? വീട്ടില്‍ കള്ളന്‍ കയറിയോ? എന്നാലും, കള്ളന്‍ അടുക്കളയില്‍ കയറി ഇത്രയ്ക്കും പാചകമൊക്കെ ചെയ്യുമോ?

അതോ ഞാനിനി തുടര്‍ച്ചയായി രണ്ടു ദിവസത്തെയ്ക്കുറങ്ങിപ്പോയോ? മിനിയാന്നു രാത്രി ആയിരിക്കുമോ ഞാന് ..? എന്നാലും ഈ പാത്രങ്ങള്‍ മുഴുവന്‍ എവിടുന്നു സിങ്കില്‍ വന്നു? അടുക്കളയില്‍ എന്തെങ്കിലും അരിയാനൊക്കെ സഹായിക്കുമെന്നല്ലാതെ ഒന്നും ഒറ്റയ്ക്കു ചെയ്യാറില്ലല്ലോ മനു.

എട്ടുമണിക്കത്താഴം കഴിഞ്ഞു പുലര്‍ച്ചെ മൂന്നുമണി വരെ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാറുള്ള മനു, പാതിരായാവുമ്പോള്‍, വിശപ്പ് തീര്‍ക്കാന്‍, അടുക്കളയില്‍ കേറി കുക്കിയോ, മിക്സ്ചറോ ഒക്കെ ഏടുത്തടിക്കുന്ന പതിവുണ്ട്. അതിനു പക്ഷേ, ഇത്രയധികം അടുക്കള മെസ്സാക്കാറില്ലല്ലോ..

അതോ, ഇനി ഞാന്‍ ഇന്നലെ രാത്രി, പാത്രങ്ങളൊക്കെ കഴുകുന്നതിനു മുന്‍പു തല ചുറ്റി വീഴുകയോ, ബോധം കെടുകയോ മറ്റോ? ഒരെത്തും പിടിയും കിട്ടണില്ല. തലേന്നു രാത്രിയിലെ സംഭവങ്ങള്‍ മുഴുവനായും ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.

ഇല്ലാ, എല്ലാം പതിവു പോലെ തന്നെയായിരുന്നല്ലോ . ദൈവമേ, ഇനി ഇങ്ങേരിവിടെ ഞാന്‍ ഉറങ്ങിയ തക്കത്തിനു വല്ല തണ്ണി പാര്‍ട്ടിയും നടത്തിയോ? പെട്ടെന്നാണോര്‍മ്മ വന്നത്. ഇന്നലെ രാത്രി കൌച്ചില്‍ കിടന്നുറങ്ങിയ എന്നെ കുത്തിപ്പൊക്കി നിര്‍ബന്ധിച്ചെഴുന്നെല്പ്പിച്ചു ബെഡ് റൂമില്‍ പറഞ്ഞു വിട്ടു!!! രാത്രി പത്രവും ബ്ലോഗും കണ്ട ചവറുമൊക്കെ വായിച്ചിരുന്ന്, ലാപ്റ്റോപ്പ് ഹെഡ്ടോപ്പാക്കി, പന്ത്രണ്ടരയോടെ കൌച്ചില്‍ തന്നെ ചുരുണ്ടു കൂടി ഉറങ്ങുന്നതെനിക്കു പതിവാണ്. ഹാന ഇടയ്ക്കുണര്‍ന്നു മമ്മായെ വിളിച്ചില്ലെങ്കില്‍ മൂന്നു മണിക്കു മനു ഉറങ്ങാന്‍ പോകുന്നതുവരെ കൌച്ചില്‍ തന്നെ കിടക്കുവാണല്ലോ പതിവ്. പിന്നെന്തേ ഇന്നലെ അങ്ങനെ നിര്‍ബന്ധിച്ചു ബെഡ്റൂമില്‍ തള്ളി വിടാന്‍? എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ..

ഓവനില്‍ വച്ചു ബേയ്ക്കു ചെയ്യാന്‍ മാത്രം ഞാനുപയോഗിക്കുന്ന പാത്രം, എന്തോ ഉണ്ടാക്കി കഴുകാതെ സിങ്കില്‍ കിടക്കുന്നു. അത്താഴത്തിനു ലസാനിയ ബേയ്ക് ചെയ്തു ശേഷം ഞാനിതു കഴുകി വച്ചതാണല്ലോ. രാത്രി ഉറക്കത്തിലെപ്പോളോ എന്നെ വിളിച്ചുണര്‍ത്തി, 'എടോ, ലസാനിയായുടെ ബാക്കി വല്ലതുമുണ്ടോ ' എന്നു ചൊദിച്ചതപ്പോളാണോര്‍മ്മ വന്നത്.

"എന്തേ വിശക്കുന്നോ ?, അതപ്പോളേ തീര്‍ന്നല്ലോ, പാത്രവും കഴുകി വച്ചല്ലോ. വെശക്കുന്നെങ്കില്‍ അവിടെ... "

"എവിടെയാ അതു കഴുകി വച്ചതു ? "

" ഡിഷ് വാഷറില്‍...അല്ലാതെവിടെ ? "... പാതി മയക്കത്തില്‍ ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ട്.

" എടോ ഡിഷ് വാഷറിലില്ല... താനൊന്നൂടെ ഓര്‍ത്തു നോക്കിക്കേ".

"ശെടാ, ഇതു വല്യ ശല്യമായല്ലൊ... എന്നാല്‍ പിന്നെ ഡിഷ് വാഷര്‍ നെറഞ്ഞിട്ടു ഞാന്‍ ബേയ്ക്കിങ്ങ് ഓവന്റെ അടിയിലെ ട്രേയിലിട്ടു കാണും.."

ഓഹോ... അപ്പോള്‍ എന്തിനായിരുന്നു, പാതിരായ്ക്കെന്നെ വിളിച്ചുണര്‍ത്തി എന്നോടീ പാത്രം അന്വേഷിച്ചത്? ആകപ്പാടെ ടോട്ടലി മൊത്തമൊരു കള്ളത്തരത്തിന്റെ മണം.

വീണ്ടുമൊന്നു കൂടി റീവൈന്റു ചെയ്തപ്പോള്‍ " എടോ ആദ്യത്തെ അലാമിനു തന്നെ എന്നെ വിളിക്കണം ". എന്നു പറഞ്ഞതോര്‍മ്മ വന്നു. രാവിലെ ബ്രെയ്ക് ഫാസ്റ്റൊക്കെ റെഡിയായി കഴിഞ്ഞു വിളിക്കുന്നതാണു പതിവ്.
"എന്തേ, എന്തേലും ......??"
"എടോ , രാവിലെ ആറു മണിക്കു ഏഷ്യാനെറ്റില്‍, വിക്കിയെക്കുറിച്ചൊരു പ്രോഗ്രാം"
"ഉവ്വോ... സിബൂന്റെയാ ??"

"അല്ലാ, ഇതവരു തന്നെ സുപ്രഭാതത്തില്‍ .."
"അതിനവര്‍ക്കെന്തറിയാം, വിക്കിയെ പറ്റി.. ചുമ്മാ പോ പുളുവടിക്കാതെ "
"അല്ലെടോ, അവരെന്തൊക്കെ വിഡ്ഡിത്തരങ്ങളാ വിളിച്ചു പറയാന് പോണതെന്നറിയാമല്ലോ ... മറക്കാതെ വിളിക്കണേ... താനുണര്‍ന്ന് അടുക്കളയിലെയ്ക്കു പോകുന്നതിനു മുന്‍പുതന്നെ വിളിക്കണം. ആദ്യത്തെ അലാമിനു തന്നെ. മറക്കല്ലേ.."

അതിലുമെന്തോ ഒരു കള്ളലക്ഷണം.. ഏഷ്യാനെറ്റ്..... വിക്കിപീടിയാ.... അതും നേരം പരപരാന്നു വെളുക്കണതിനു മുന്‍പുള്ള സുപ്രഭാതത്തില്‍... യെന്തരോ ഒരു പന്തികേട്..

എന്തായാലും ഏഷ്യാനെറ്റ് വച്ചു നോക്കി. അവിടെ വിക്കി പോയിട്ടൊരു ചക്കി പോലുമില്ല. മാത്രോമല്ല, സുപ്രഭാതം തുടങ്ങാനിനിയും നേരം കുറെയുണ്ട്. രണ്ടു റ്റൈം സോണുകളുടെ അതിര്‍ത്തിയിലാണു ഞങ്ങള്‍. ഓഫീസിലിരുന്നു മൊബയില്‍ അങ്ങോട്ടു തിരിച്ചു വച്ചാല്‍, സമയം മൂന്നു മണിയെന്നും, ഇങ്ങോട്ടു തിരിച്ചു വച്ചാല്‍, നാലു മണിയെന്നും കാണാം. വീടിരിക്കുന്നതു ഈസ്റ്റേണ്‍ റ്റൈമിലാണെങ്കിലും, ഏഷ്യാനെറ്റ് കിട്ടുന്നതു, ചിക്കാഗോ റ്റൈമായ സെന്ട്രല്‍ റ്റൈമിലെയാണ്. അതുകൊണ്ടു, ആറു മണിക്കാണു, സുപ്രഭാതമെങ്കില്‍, അതേഴു മണിക്കേ ഞങ്ങള്‍ക്കു കിട്ടൂ. വൈകി കിടന്നതല്ലേ, അത്രയും കൂടി ഉറങ്ങിക്കോട്ടെയെന്നോര്‍ത്തു, ഞാന്‍ ഇഡ്ഡലിക്കുള്ളതു കുക്കറില്‍ കോരിയൊഴിച്ച് സ്റ്റൌവില്‍ കേറ്റിയിട്ട്, ബ്രഷ് ചെയ്യാന്‍ പോയി.

ബ്രഷ് ചെയ്തു കതകു തുറന്നതും...

"ഹാപ്പി ബേര്‍ത്ത് റ്റൂ യൂ... ഹാപ്പി ബേര്‍ത്ത് ഡിയര്‍ മമ്മാ.... ......"

അപ്പനും മകളും കൂടി അകത്തെ മുറിയില്‍ നിന്നു പാടുന്നു... ഈശ്വരാ... ഇന്നെത്രയാ തീയതി ? നവംബര്‍ ഇരുപത്തെട്ട്.... ന്റെ ജന്മദിനം! എന്താ ഞാനീ കാണുന്നതൊക്കെ. ബലൂണുകള്‍... മുറിയൊക്കെ ലൈറ്റിട്ടലങ്കരിച്ചിരിക്കുന്നു.. ഹാനയുടേം മനൂന്റെയും വക കാര്‍ഡുകള്‍.. മേശയുടെ നടുക്കൊരു ഒന്നാംതരം പൈനാപ്പിള്‍ കേയ്ക്ക് !!. ഇപ്പോളെനിക്കെല്ലാം മനസ്സിലായി. ഈ കേയ്ക്കുണ്ടാക്കാന്‍വേണ്ടി പാവം, അത്യധ്വാനം ചെയ്തതിന്റെ ബാക്കിപത്രമാണു ഞാന്‍ അടുക്കളയില്‍ കണ്ടത്. സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു....

എന്നാലും, വല്ലപ്പോളും എനിക്കു മടി വരുമ്പോള്‍, ഒരു ചായ ഇടുംന്നല്ലാതെ, അടുക്കളയില്‍ കാര്യമായൊന്നും ചെയ്യാത്ത ആള്‍, എങ്ങനെ ഇത്ര നല്ല കേയ്ക്കു്... ഇത്രയ്ക്കു രുചിയില്‍ ബേയ്ക്കു ചെയ്തു? ഞാനുണ്ടാക്കുന്നതിനെക്കാള്‍ എത്രയോ നന്നായിരിക്കുന്നു.

ഇതാ, ഞാന്‍ പറയാറ്, ഈ പുരുഷന്മാര്‍, വല്ലപ്പോളുമേ അടുക്കളയില്‍ കേറൂ, പക്ഷേ എന്താ രുചി, ഉണ്ടാക്കണ സാധനങ്ങള്‍ക്ക്!. ഇനിയിപ്പോ ഈ കാരണം പറഞ്ഞിദ്ദേഹത്തെ ഇടയ്ക്കിടെ അടുക്കളയില്‍ എന്തിനെങ്കിലും ഉന്തി കേറ്റാമല്ലോ :)

posted by സ്വാര്‍ത്ഥന്‍ at 2:05 AM

1 Comments:

Blogger കുഞ്ഞൂട്ടന്‍ said...

കുട്ട്യേടത്തിക്കു കുഞ്ഞൂട്ടന്റെ ഒരാരയിരം പിറാന്നാള്‍ ആശംസകള്‍

4:23 AM  

Post a Comment

<< Home