Tuesday, November 28, 2006

മഴനൂലുകള്‍... - കോളാമ്പിപൂക്കള്‍...

URL:http://mazhanoolukal.blogspot.com/2006/11/blog-post.htmlPublished: 11/27/2006 3:28 PM
 Author: മഴനൂലുകള്‍...

രാത്രി ഏറെ വൈകിയിട്ടുണ്ട്‌... ജാലകവിരികള്‍ കാറ്റിലുലയുന്നത്‌ നേര്‍ത്ത നിലാവില്‍ കാണാം. യമന്‍ കല്യാണില്‍ പതിഞ്ഞൊഴുകുന്ന ജുഗല്‍ബന്ദിയ്ക്കും മീതെയായ്‌ അവളുടെ നനുത്ത ശബ്ദം ഏറെ നേരമായ്‌ അവന്‍ കേള്‍ക്കുന്നു, മടുപ്പൊന്നും കൂടാതെ...

അവള്‍ തുടര്‍ന്നു-
'അധികമൊന്നും മാറ്റം സംഭവിച്ചിട്ടില്ലാത്ത ആ പഴയ ഇടവഴിയിലേയ്ക്കു കയറുമ്പോള്‍ അകലെയെങ്ങോ നേര്‍ത്ത ഇടിമുഴക്കങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. മുന്‍പില്‍ ഒരച്ഛനും മകളും നടന്നു പോകുന്നത്‌ ഞാന്‍ കണ്ടു. അച്ഛന്റെ കൈകളില്‍ തൂങ്ങി അവള്‍ നടക്കയാണ്‌... അതു നോക്കി, മഴ പെയ്തു തുടങ്ങിയതറിയാതെ, ഞാന്‍ ഏറെ നേരമവിടെ നിന്നു. അച്ഛന്റെ വിരലുകള്‍... അവയെനിക്കിന്ന് എന്റെ സ്വപ്നങ്ങള്‍ പോലെ... വളരെ അകലെ... എനിയ്ക്കു കൈയ്യെത്തിപ്പിടിക്കാവുന്നതിനുമപ്പുറം...'

അവളുടെ നിശ്വാസം ദൂരങ്ങള്‍ താണ്ടി തന്റെ കവിളുകളില്‍ പതിക്കും പോലെ തോന്നിയവന്‌.
ഇടയ്ക്കൊന്നു വിതുമ്പിയോ? പുറത്തു വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദത്തില്‍ താനത്‌ കേള്‍ക്കാതെ പോയതാണോ?
അവന്‍ കണ്ണുകളടച്ചു.
സിത്താറിലാണിപ്പോള്‍ രാത്രിയുടെ രാഗങ്ങള്‍ പെയ്യുന്നത്‌...

....................

മഞ്ഞ കോളാമ്പി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ അച്ഛന്റെ കൈകളില്‍ തൂങ്ങി നടന്നുപോകുന്ന ഒരു കൊച്ചു പാവടക്കാരി... ഓരോ വിരലിലും മാറിമാറിപ്പിടിച്ച്‌, അച്ഛന്റെ കാല്‍ചുവടുകളിലേയ്ക്കുറ്റുനോക്കിയാണ്‌ അവള്‍ നടക്കുന്നത്‌. കാണെക്കാണെ അവള്‍ക്കു തോന്നിയോ അച്ഛന്റെ കാലുകള്‍ പിന്നിലേയ്ക്കാണ്‌ നടക്കുന്നതെന്ന്? അതാണോ അവള്‍ ഇടക്കിടെ മുഖമുയര്‍ത്തി അച്ഛനെ നോക്കിയത്‌...?

....................

അവളുടെ പതറുന്ന സ്വരം അവനെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. അവള്‍ തുടര്‍ന്നു-

'നേര്‍ത്ത മഴയില്‍ നനഞ്ഞ്‌ ഞാന്‍ പതുക്കെ നടന്നു... കൈതോടും കടന്ന്, വിജനമായ പാടത്തിന്റെ വരമ്പിലൂടെ... എത്തി നിന്നത്‌, വളരെക്കാലമായ്‌ ഉപേക്ഷിയ്ക്കപ്പെട്ട എന്റെ തറവാട്ടുമുറ്റത്തായിരുന്നു. തിണ്ണയില്‍ അച്ഛന്റെ കാല്‍പാടുകളിപ്പോഴുമുണ്ട്‌.
പണ്ടെന്നോ ചാന്തുതേച്ചതുണങ്ങും മുന്‍പേ ചവിട്ടിയതുകൊണ്ടു പതിഞ്ഞു പോയത്‌.
ഞാന്‍ അവയില്‍ കയറി നിന്നു. എന്റെ കാലുകള്‍ ഏറെ ചെറുതായിരുന്നു. ആ കാല്‍പ്പാടുകള്‍ എന്നെ മുഴുവനായി മൂടുന്നതു പോലെ തോന്നിയെനിയ്ക്ക്‌. അച്ഛന്റെ മടിയില്‍ കിടക്കുന്നതു പോലെ...
പിന്നെ പതുക്കെ കുനിഞ്ഞ്‌ അവിടുത്തെ മണ്ണ്‌ എന്റെ നെറ്റിയില്‍ ചേര്‍ത്തു.'

അല്‍പനേരം അവളുടെ തേങ്ങലുകള്‍മാത്രമാണവന്റെ കാതില്‍ നിറഞ്ഞത്‌. അവനവളെ നെഞ്ചോടടക്കിപ്പിടിക്കുവാനാണ്‌ തോന്നിയതപ്പോള്‍.
ഏങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

'അന്ന്, ചാന്തുണങ്ങിക്കഴിഞ്ഞാണ്‌ അച്ഛന്‍ ചവിട്ടിയിരുന്നെങ്കില്‍ എനിയ്ക്കതും നഷ്ടമായേനെ; എന്നെന്നേയ്ക്കും. ഞാന്‍ ഏറെ ഭാഗ്യവതിയാണ്‌, അല്ലേ...?'

ഏറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ പറഞ്ഞുനിര്‍ത്തി-

'ഇനി എന്നെങ്കിലും അവിടെ പോകുമ്പോള്‍ ആ നിലം ഉണ്ടാകുമോ അവിടെ? ചിലപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ്‌ അതവിടെത്തന്നെ കാണും. ചിലപ്പോള്‍...
ഇല്ല. എനിക്കു കാണാന്‍, എനിക്കു തൊട്ടറിയാന്‍ അച്ഛന്‍ നല്‍കിയിട്ടു പോയ ആ നിലം, എന്നും അതവിടെ കാണും. ഇനിയൊരിക്കലും ഞാനാവഴികളിലൂടെ നടക്കില്ല. അതെങ്കിലുമവിടെ ബാക്കിയുണ്ട്‌ എന്ന വിശ്വാസത്തിലെങ്കിലും ജീവിയ്ക്കണമെനിയ്ക്ക്‌...'

ഇപ്പോള്‍ വിതുമ്പിയതവനായിരുന്നു. അവന്റെ മനസ്സില്‍ തനിയ്ക്കു നഷ്ടമായ കോളാമ്പിപൂക്കളുടെ മഞ്ഞ നിറമായിരുന്നു... പിന്നെ ആ കൈവിരലുകളും...

....................

അവളുടെ തേങ്ങലുകള്‍ ഏറെ നേരം മുന്‍പു നിലച്ചിരുന്നു. വീശിയടിക്കുന്ന കാറ്റില്‍ പറന്നുയരുന്ന ജാലകവിരികളില്‍ നോക്കി, ഷഹ്‌നായി തേങ്ങുന്നത്‌ കേള്‍ക്കാതെ അവന്‍ എറെനേരംകൂടി കിടന്നു... സ്വപ്നങ്ങളില്‍ വിരിയുന്ന കോളാമ്പിപ്പൂക്കളേയും കാത്ത്‌...

posted by സ്വാര്‍ത്ഥന്‍ at 3:26 PM

0 Comments:

Post a Comment

<< Home