Tuesday, November 28, 2006

ഉദയസൂര്യന്റെ നാട്ടില്‍ - പോക്രിത്തരം

URL:http://nilavathekozhi.blogspot.com/2006/11/blog-post_22.htmlPublished: 11/21/2006 11:15 PM
 Author: വക്കാരിമഷ്ടാ
ഒരു ശുഭാപ്‌തി വിശ്വാസക്കാരനാകാന്‍ വല്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം കലങ്ങിത്തെളിയുമെന്നും നല്ല കാലം വരുമെന്നുമൊക്കെ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആശയ്‌ക്ക് വകയില്ല എന്നുതന്നെ തോന്നുന്നു.

പറഞ്ഞ് വരുന്നത് നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസരംഗം. കഴിഞ്ഞ മൂന്നു തവണയും സെന്‍‌ട്രല്‍ യൂണിവേഴ്‌സിറ്റിയാക്കാന്‍ തുടങ്ങിയ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് പാരവെച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ വീരന്മാര്‍ ഇതാ നാലാം തവണയും വിജയകരമായി പാര പണിതിരിക്കുന്നു. ഇത്തവണ കേന്ദ്രമന്ത്രിയുടെ പ്രത്യേക താത്‌പര്യപ്രകാരമൊക്കെയാണത്രേ, ഇന്ത്യന്‍ ഇന്‍‌സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‍നോളജിയോ മറ്റോ ആക്കാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെ തിരഞ്ഞെടുത്തു എന്ന മോഹിപ്പിക്കുന്ന പത്രവാര്‍ത്തകളൊക്കെ കണ്ട് കോരിത്തരിച്ചിരിക്കുകയായിരുന്നു. അഞ്ഞൂറുകോടിയോ മറ്റോ കിട്ടുമായിരുന്നത്രേ യൂണിവേഴ്‌സിറ്റി പ്രസ്തുത നിലവാരത്തിലേക്കുയര്‍ത്തുവാന്‍. വേണ്ടത് നമ്മുടെ കേരള സര്‍ക്കാര്‍ ഒന്ന് യെസ് മൂളണം, ഒന്ന് ഒപ്പിടണം. ബാക്കിയൊക്കെ കേന്ദ്രം ചെയ്‌തുകൊള്ളും. ഏറ്റവും വലിയ ഗുണമെന്താണെന്ന് വെച്ചാല്‍ ചുമട്ട് തൊഴിലാളി പ്രതിനിധി, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ കേരള രാഷ്ട്രീയ ചന്തക്കളികളൊന്നും കാണില്ല എന്നതുതന്നെ.

പക്ഷേ കഴിഞ്ഞ മൂന്നു തവണയും ആ കാണലില്ലായ്‌മ തന്നെയായിരുന്നു പാരയായി വന്നത്. കേന്ദ്രസ്ഥാപനമായാല്‍ പിന്നെ സംസ്ഥാനക്കളികളൊന്നും നടക്കില്ലല്ലോ. ഇപ്രാവശ്യം കാറ്റ് മാറി വീശി; ഉന്നതവിദ്യാഭ്യാസ രംഗത്ത് നാടിന്റെ അധോഗതിയെപ്പറ്റിയൊക്കെ പുതിയ ഇടത് സര്‍ക്കാരിനും ബോധ്യമായി; പണ്ടത്തെപ്പോലെ കാശ് നിങ്ങള് താ, ബാക്കി ഞങ്ങള് നോക്കിക്കൊള്ളാം വാദവുമായി നടന്നാല്‍ കാര്യം നടക്കില്ല എന്നൊക്കെ മന്ത്രിമാര്‍ക്കും അണികള്‍ക്കും മനസ്സിലായി; പാരപണിയുന്ന ഐയ്യേയ്യെസ്സ്-ഐപ്പീയെസ്സ്-അടിസെക്രട്ടറിമാര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാനും അവരെയൊക്കെ കണ്ണുരുട്ടിക്കാണിക്കാനും യെമ്മേ ബീയ്യെഡ് ബേബിസാറിനും മറ്റും കഴിയും എന്നൊക്കെ ശുഭാപ്തത്തില്‍ വിശ്വസിച്ചുപോയി.

പക്ഷേ വെറുതെ...

കേന്ദ്രം പറഞ്ഞ അവസാന തീയതിയും കഴിഞ്ഞ് ഒരു മാസംകൂടി സമയം ചോദിച്ച് വാങ്ങി നമ്മുടെ സര്‍ക്കാര്‍ അവസാനം ഗംഭീരന്‍ മറുപടിതന്നെ കൊടുത്തു. സംഗതി വികസിപ്പിച്ചോ, പക്ഷേ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ എഴുപത് ശതമാനം വിദ്യാര്‍ത്ഥികളും കേരളത്തില്‍നിന്നുള്ളവരായിരിക്കണം. ഭരണസമതിയില്‍ അമ്പത് ശതമാ‍നം പേര്‍ സംസ്ഥാനസര്‍ക്കാര്‍ നിയമിക്കുന്നവരായിരിക്കണം. ഡയറക്‍ടര്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി സമ്മതിക്കുന്ന ആളായിരിക്കണം.

എന്തൊരു സംസ്ഥാന സ്നേഹം അല്ലേ. പക്ഷേ ഒന്നാലോചിച്ചേ.

കാലാകാലങ്ങളായി ഐ.ഐ.റ്റി ജെയീയീ പരീക്ഷ പാസ്സായി ഐ.ഐ.റ്റിയില്‍ പ്രവേശനം കിട്ടുന്ന മലയാളികള്‍ എഴുപത് ശതമാനം പോയിട്ട് എഴുപത് പേര്‍ പോലും വരുമോ എന്ന് സംശയം (കണക്ക് ശരിക്കറിയില്ല കേട്ടോ). ചില ഐ.ഐ.റ്റികളില്‍ ചില കൊല്ലങ്ങളില്‍ പ്രവേശനം കിട്ടി വരുന്ന മലയാളികള്‍ ഒന്നോ രണ്ടോ മാത്രം. അങ്ങിനെയുള്ള ഒരു സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജേയീയീ പോലുള്ള പരീക്ഷവഴി എഴുപത് ശതമാനം മലയാളികളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത്. ഐ.ഐ. റ്റി നിലവാരത്തിലുള്ള ഒരു സ്ഥാപനമാക്കുന്നത് ഉന്നത നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിനും കൂടിയാണെന്ന് ഓര്‍ക്കണം. പ്രവേശനപ്പരീക്ഷ എഴുതുന്ന മലയാളികള്‍ എഴുപത് ശതമാനത്തിനും അതിനും മുകളിലും ഐ.ഐ.റ്റി പോലുള്ള ഉന്നത നിലവാര സ്ഥാപനങ്ങളില്‍ നേരായ രീതിയില്‍ അഭിമാനപൂര്‍വ്വം പ്രവേശനം ലഭിക്കത്തക്ക രീതിയിലുള്ള വിദ്യാഭ്യാസ രീതിയും പഠിക്കാനുള്ള അന്തരീക്ഷവും നവീകരിച്ച സിലബസ്സും ഒന്നും കൊണ്ടുവരാനല്ല നോക്കുന്നത്. നിങ്ങള്‍ അഞ്ഞൂറു കോടി താ, എന്നിട്ട് എഴുപത് ശതമാനം മലയാളികളെ ചുമ്മാ അങ്ങെടുത്തോ എന്നതാണ് രീതി. മറ്റെല്ലാ നാട്ടുകാരെയും തോല്‍പ്പിച്ച് ജേയീയിയൊക്കെ എഴുതുന്ന മലയാളികളൊക്കെ പഠിക്കാന്‍ സ്ഥാപനമില്ലാതെ നില്‍‌ക്കുന്ന സ്ഥിതിവിശേഷമായിരുന്നെങ്കില്‍ ആ വാദത്തില്‍ കഴമ്പുണ്ടായിരുന്നു. പക്ഷേ അതാണോ ഇപ്പോഴത്തെ സ്ഥിതി? ആ സ്ഥിതി വരണമെങ്കില്‍ നാട്ടിലെ പഠന-പഠിപ്പിക്കല്‍ രീതിമുതല്‍ ഒത്തിരി കാര്യങ്ങള്‍ അടിമുടി മാറണം-പിള്ളേരെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുള്‍പ്പടെ. പക്ഷേ അതൊന്നും മാറ്റൂല്ലല്ലോ.

ഇനി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷമോ? പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഇപ്പോള്‍ ഉത്തരേന്ത്യക്കാരാണ് കൂടുതല്‍ വരുന്നത്.

അടുത്ത രണ്ട് വ്യവസ്ഥകളെപ്പറ്റി പറയാതിരിക്കുന്നതാണ് ഭേദം. ഭരണസമതിയില്‍ പകുതിപോയിട്ട് മുഴുവനും മലയാളികള്‍ മാത്രമായി ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ നിലവാരത്തെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ. എത്രയെത്ര കൊല്ലങ്ങളായി എത്രയെത്ര ഭരണാധികാരികള്‍ എത്രയെത്ര രീതികളില്‍ ഭരിച്ചു? എന്നിട്ട് എന്തായി നിലവാരമഹിമ? ഇനി ഈ പകുതി പ്രാതിനിധ്യവാദം നല്ല ഉദ്ദേശത്തോടു കൂടിയാണെന്ന് ഇത് വാദിച്ചവര്‍ക്ക് നെഞ്ചത്ത് കൈവെച്ച് പറയാന്‍ സാധിക്കുമോ? വേണ്ടപ്പെട്ടവരെ തിരുകാനും തോന്ന്യവാസങ്ങള്‍ കാണിക്കാനും വേണ്ടത്ര സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ഇല്ല എന്ന് പരിതപിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ഒരു സ്ഥാപനം മൊത്തത്തിലങ്ങ് കൈവിട്ട് പോവുക എന്നത് ഏതെങ്കിലും ആദര്‍ശ ധീര രാഷ്ട്രീയക്കാരന് സഹിക്കാന്‍ പറ്റുമോ? അതുപോലെ ഞാനാരാണെന്ന് കാണിച്ചുതരാനുള്ള ഏതെങ്കിലും മുഹൂര്‍ത്തമുണ്ടെങ്കില്‍ അത് ഒരു രീതിയിലും നഷ്ടപ്പെടുത്താത്ത ഏതെങ്കിലും ഐയ്യേ യെസ്സുകാരനും സെക്രട്ടറിയും ഈ പ്രസ്ഥാനം മുഴുവന്‍ കേന്ദ്രത്തിന് വിട്ടുകൊടുക്കുക എന്ന മണ്ടത്തരം ഏതെങ്കിലും രീതിയില്‍ ചെയ്യുമോ?

ഇനി നമുക്ക് മണ്ടന്മാരായ മറ്റ് സംസ്ഥാനങ്ങളെ നോക്കാം. ഇങ്ങിനെയൊരു പ്രസ്ഥാനം കേന്ദ്രം തുടങ്ങിയേക്കുമെന്ന് ആരോ എങ്ങോ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ മൊത്തം പ്ലാനും പദ്ധതിയും സ്ഥലവും എല്ലാമായി അന്ധ്രാ പ്രദേശും മറ്റും കേന്ദ്രത്തെ സമീപിച്ചത്രേ. പ്രസ്തുത യോഗത്തില്‍ കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ചോദിച്ചിട്ട് വരാം എന്ന രീതിയിലുള്ള മറുപടിയായിരുന്നത്രേ കേരളത്തെ പ്രതിനിധീകരിച്ചവര്‍ കൊടുത്തത്. കാരണം സംസ്ഥനത്തിന് പലരീതിയിലും ഗുണമുള്ള ഒരു പരിപാടി അഞ്ചുപൈസാ മുടക്കില്ലാതെ പ്രത്യേകിച്ച് സ്ഥലമോ മറ്റോ വേണ്ടാതെ തന്നെ നമുക്ക് കിട്ടുന്നതാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും നമ്മുടെ യജമാനന്മാരെ നല്ലവണ്ണം അറിയാവുന്നവരായിരുന്നു ആ മീറ്റിംഗില്‍ പങ്കെടുത്തിരുന്നതെന്നതിനാല്‍ അവര്‍ക്ക് നാട്ടില്‍ തിരിച്ച് ചെന്ന് ചോദിച്ചിട്ട് മാത്രമേ എന്തെങ്കിലും പറയാന്‍ പറ്റുമായിരുന്നുള്ളൂ. അവരുടെ ആ ദീര്‍ഘവീക്ഷണം എത്രമാത്രം ശരിയായിരുന്നുവെന്ന് നോക്കിക്കേ. അവരെങ്ങാനും യെസ് എന്ന് അപ്പോള്‍ മൂളിയിരുന്നെങ്കില്‍ അവരുടെയൊക്കെ കസേര ഇപ്പോള്‍ തെറിച്ചേനെ. അതാണ് നമ്മള്‍ മലയാളികള്‍.

ഈ ഐ.ഐ.റ്റിയൊക്കെ പണ്ട് ഓരോരോ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മണ്ടന്മാരായ അവിടുത്തെ മുഖ്യ മണ്‍‌തിരിമാരും വിദ്യാഭ്യാസ മണ്‍‌തിരിമാരും സെക്രട്ടറിമാരുമൊക്കെ ഭരണസമതിയില്‍ പങ്കാളിത്തം, എഴുപത് ശതമാനം നാട്ടുകാര്‍ എന്നൊക്കെ പറയാത്തതുകാരണം ആ നാടിനൊക്കെ സംഭവിച്ച നികത്താന്‍ പറ്റാത്ത നഷ്ടങ്ങളൊക്കെ ഒന്ന് ഓര്‍ത്ത് നോക്കിക്കേ. നമ്മള്‍ മലയാളികളെ അങ്ങിനെയൊന്നും പറ്റിക്കാന്‍ പറ്റൂല്ല. നമ്മുടെ നാട്ടില്‍ എന്തെങ്കിലും വരണമെങ്കില്‍ നമ്മള്‍ പറയുന്നത് പോലെ ചെയ്യണം. അല്ലെങ്കില്‍ പൊന്ന് മോനേ അഞ്ഞൂറു കോടിയല്ല, അയ്യായിരം കോടി തരാമെന്ന് പറഞ്ഞാലും ഭരണസമതിയില്‍ നമ്മുടെ ആള്‍ക്കാരില്ലെങ്കില്‍, നമ്മള്‍ പറയുന്ന ഡയറക്‍ടറില്ലെങ്കില്‍, നമുക്ക് വേണ്ട-അത്ര തന്നെ. ചുമ്മാ ഒരൊപ്പിട്ട് കൊടുത്താല്‍ മതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ‌ടെക്‍നോളജി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാക്കിക്കൊള്ളാം, കാശ് വാരിയെറിയാം എന്നൊക്കെ കേന്ദ്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും നമ്മള്‍ ഒപ്പിട്ട് കൊടുത്തോ-ഇല്ല. പക്ഷേ എന്താണ് അച്യുതാനന്ദസഖാവ് സാര്‍ പറഞ്ഞത്? അത് നമ്മള്‍ സംസ്ഥാനത്തിന്റെ കണ്ട്രോളില്‍ സെന്റര്‍ ഫോര്‍ എക്‍സലന്‍സ് ആക്കും എന്ന്. സംസ്ഥാനത്തിന്റെ കണ്‍‌ട്രോളില്‍ അങ്ങിനെ എത്രയെത്ര എക്സലന്റ് സ്ഥാപനങ്ങളാണ് ഇപ്പോളുള്ളത്- ആ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി (അച്യുതാനന്ദന്‍ സാറിന്റെ ആരോ അവിടെ ജോലിചെയ്യുന്നുണ്ടെന്ന് തോന്നുന്നു-അങ്ങിനെയാണെങ്കില്‍ കുറെ കോണ്‍‌സ്പിരസി തിയറിക്കുള്ള വകുപ്പുണ്ട്).

നമ്മളെ അത്രയെളുപ്പത്തിലൊന്നും പറ്റിക്കാന്‍ പറ്റൂല്ല എന്നതിന്റെ ഉത്തമോദാഹരണമാണല്ലോ മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും മുല്ലപ്പെരിയാര്‍.

ഐ.ഐ.റ്റി ഖരഗ്‌പൂര്‍ എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ട് മാത്രം പി.എച്ച്.ഡിയും മറ്റുമെടുത്ത് രക്ഷപെട്ട എത്രയെത്ര ബംഗാളികളും ഒറീസ്സക്കാരുമുണ്ടെന്നോ. ആ ഐ.ഐ.റ്റിയുടെ ഗുണഭോക്താക്കളില്‍ നല്ലൊരു ശതമാനം വരും അവര്‍. ഐ.ഐ.റ്റിയോ, ഐ.ഐ.റ്റി നിലവാരത്തിലുള്ള സ്ഥാപനങ്ങളോ ബി.ടെക്കോ അതുപോലുള്ള കോഴ്‌സുകളോ കൊണ്ട് മാത്രം ഒതുങ്ങുന്നവയല്ല. കേരളത്തില്‍ അതുപോലെയൊരു പ്രസ്ഥാനമുണ്ടായാല്‍ ആ ഒരു കാരണംകൊണ്ടു മാത്രം ഗവേഷിച്ചേക്കാം എന്ന് കരുതുന്ന നല്ലൊരു ശതമാനം ആള്‍ക്കാര്‍ കാണും-അവരില്‍ നല്ലൊരു ശതമാനം ചിലപ്പോള്‍ പെണ്‍‌കുട്ടികളാകാനും മതി. അവരൊന്നും സര്‍ക്കാര്‍ പറഞ്ഞ ആ എഴുപത് ശതമാനത്തില്‍ പെടുന്നവരല്ല. പക്ഷേ അങ്ങിനെയുള്ള പ്രയോജനങ്ങളെപ്പറ്റിയൊന്നും സര്‍ക്കാരിനറിയേണ്ടല്ലോ. ദൂരദേശങ്ങളിലുള്ള ഐ.ഐ.റ്റികളിലും മറ്റും ഗവേഷണത്തിനും മറ്റും പ്രവേശനം കിട്ടിയിട്ടും ദൂരെയാണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് പോകാതിരുന്ന പല മലയാളികളെയും അറിയാം. അവരില്‍ ഗവേഷണത്തില്‍ അതീവ താത്‌പര്യമുള്ളവര്‍ അവസാനം നമ്മുടെ അച്യുതാനന്ദന്‍ സാറിന്റെ പല പല സെന്റര്‍ ഫോര്‍ എക്‍സലന്‍‌സുകളില്‍ ഏതെങ്കിലും ഒന്നില്‍ ചേര്‍ന്ന് അവസാനം മൈക്രോസ്കോപ്പ് വേണ്ടിടത്ത് കണ്ണ് മിഴിച്ചും ഇം‌പാക്‍റ്റ് സ്ട്രെങ്‌ത് വേണ്ടിടത്ത് കാലുകൊണ്ട് തൊഴിച്ചും മറ്റും ഗവേഷിച്ച്, വേണ്ടസമയത്ത് ഫെല്ലോഷിപ്പും കിട്ടാതെ, കെമിക്കല്‍ വാങ്ങിക്കാന്‍ കാശില്ലാതെ, ഏറ്റവും പുതിയ ജേണലുകള്‍ പലതും കാണുക പോലും ചെയ്യാതെ വളരെ ആസ്വദിച്ച് ദിവസങ്ങള്‍ തള്ളിനീക്കി....അതേ സമയം മണ്ടന്മാരായ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ഒരു ഐ.ഐ.റ്റി, കേന്ദ്രം പറഞ്ഞ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച്, സ്ഥാപിക്കാന്‍ സമ്മതിച്ചതുകാരണം ബംഗാളികളും ഒറീസ്സക്കാരുമൊക്കെ ഏറ്റവും പുതിയ മെഷീനുകള്‍ ഉപയോഗിച്ച് ഗവേഷണങ്ങള്‍ ചെയ്‌ത് നല്ല നിലവാരത്തിലുള്ള പ്രബന്ധങ്ങള്‍ ഉണ്ടാക്കി രക്ഷപെടുന്നു. ഗോഹട്ടിയില്‍ ഐ.ഐ.റ്റി വന്നത് കാരണം ആസ്സാംകാരും രക്ഷപെടും ഇനി. പക്ഷേ നമ്മള്‍ അവരെക്കാളൊക്കെ വളരെ മിടുക്കന്മാരാണല്ലോ. നമ്മളെ അത്രവേഗമൊന്നും പറ്റിക്കാന്‍ പറ്റൂല്ലല്ലോ.

ഇതൊക്കെ ഫുള്‍ കേന്ദ്രകണ്ട്രോളായാല്‍ ഹിന്ദിക്കാരുടെ ആധിപത്യമായിരിക്കുമെന്നാണ് സംസ്ഥാന സ്നേഹികള്‍ ഇപ്പോള്‍ നമ്മളെ പറഞ്ഞ് പഠിപ്പിക്കുന്നത്. നമുക്ക് നല്ല സ്വാധീനമുള്ള മറുനാട് മേഖലകളിലെ ആള്‍ക്കാര്‍ നമ്മള്‍ അവിടെ ചെന്ന കാലത്തൊന്നും അങ്ങിനെ ചിന്തിക്കാതിരുന്നത് അവര്‍ നമ്മളെക്കാളൊക്കെ മണ്ടന്മാരായതുകൊണ്ടായിരിക്കുമല്ലോ. ഇവിടെയും ആധിപത്യത്തെപ്പറ്റി വേണമെങ്കില്‍ കേന്ദ്ര കണ്ട്രോള്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളോട് നമുക്ക് വല്ലപ്പോഴുമൊക്കെ ചോദിക്കാം. സഹിക്കാന്‍ വയ്യാത്തതായ ഏതൊക്കെ ആധിപത്യങ്ങളാണെന്ന് ഒന്നറിഞ്ഞിരിക്കാമല്ലോ. അറിഞ്ഞിട്ടും കാര്യമൊന്നുമില്ല. കാരണം ആധിപത്യം ഉറപ്പിക്കാന്‍ ഒരു കേന്ദ്രകണ്ട്രോള്‍ സ്ഥാപനവും ഇനി നമ്മള്‍ നമ്മുടെ നാട്ടില്‍ അനുവദിക്കില്ലല്ലോ.

ഇനി അടുത്തത് കേരളത്തില്‍ വരാന്‍ പോകുമായിരിക്കുമെന്ന് ആരോ പറയുകയോ മറ്റോ ചെയ്ത ഐ.ഐ.റ്റിപ്പറ്റിയാണ്. ആദ്യം ഐ.ഐ.റ്റി മദ്രാസിന്റെ എക്സ്‌റ്റന്‍ഷനായി തുടങ്ങി പിന്നെ ഫുള്‍ ഐ.ഐ.റ്റി ആകാന്‍ പോകുന്ന സ്ഥാപനമാണത്രേ പ്രസ്‌തുത സ്ഥാപനം. കേട്ടത് ആദ്യം കുറെ നല്ല സ്ഥലങ്ങള്‍ തിരുവനന്തപുരത്ത് ഐ.ഐ.റ്റിക്കാരെ കാണിച്ച് സമ്മതിപ്പിച്ച് അവസാനം കാര്യത്തോടടുത്തപ്പോള്‍ ആദ്യം പറഞ്ഞ സ്ഥലം കൊടുക്കാന്‍ പറ്റില്ലെന്നും വേറെ സ്ഥലം കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് അവര്‍ക്കിഷ്ടപ്പെട്ടില്ലെന്നുമൊക്കെയാണ് (കേട്ടുകേള്‍വി മാത്രമാണേ-ശരിക്കറിയില്ല). ഏറ്റവും പുതിയ വെടി എളമക്കരീം സാറും പൊട്ടിച്ചിട്ടുണ്ട്. പുതിയ ഐ.ഐ.റ്റി പാലക്കാടായിരിക്കുമത്രേ സ്ഥാപിക്കുന്നത്. ഇനി അത് മലബാറിന് വേണമെന്നും പോരാ വയനാടിന് വേണമെന്നും ഒക്കെ വാദിച്ച് ചായയും കുടിച്ച് നമ്മളിരിക്കും. സംഗതി അതിന്റെ പാട്ടിന് പോവുകയും ചെയ്യും. നമ്മളിതൊക്കെ എത്ര കണ്ടതാ. എയിം‌സ് നിലവാരത്തിലുള്ള സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഉയര്‍ത്താന്‍ നോക്കിയപ്പോള്‍ കോഴിക്കോട്ട് മതിയെന്ന് ശ്രീമതി ടീച്ചര്‍ ആഗ്രഹിച്ചതിന് ശേഷം ഇപ്പോള്‍ അതിന്റെ അവസ്ഥ എന്തായെന്ന് ടീച്ചര്‍ക്ക് പോലും അറിയാമോ ആവോ. ഒന്നുകില്‍ എന്റെ പഞ്ചായത്തില്‍-അല്ലെങ്കില്‍ നാട്ടിലൊരിടത്തും നമ്മള്‍ സംഗതി അനുവദിപ്പിക്കൂല്ല. ആദ്യം സംസ്ഥാന സ്നേഹം. പിന്നെ മണ്ഡല സ്നേഹം. അതിനു ശേഷം പഞ്ചായത്ത് സ്നേഹം. അവസാനം വാര്‍ഡ് സ്നേഹം. ഇതൊക്കെ ആഗ്രഹിപ്പിച്ച് തരാന്‍ കേന്ദ്രവും മറ്റും കാശും ആളുമായി കാത്തിരിക്കുന്നതു കാരണം നാട്ടില്‍ ഓരോ പഞ്ചായത്തിലും സെന്റര്‍ ഫോര്‍ എക്‍സലന്‍സുകളുടെ ബഹളമല്ലേ.

എന്നെങ്കിലും ഒരിക്കല്‍ ഇതൊക്കെ കലങ്ങിത്തെളിയുമായിരിക്കും.

(ഇനിയെങ്ങാനും ശ്രീ ഉമ്മന്‍ ചാണ്ടിയായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ രാജീവ് ഗാന്ധി ഇന്‍‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‍നോളജി കേന്ദ്രഗവണ്മെന്റ് സ്ഥാപനവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റിയും ആവുകയും ഐ.ഐ.റ്റി മദ്രാസിന്റെ എക്സ്‌റ്റന്‍ഷന്‍ തിരുവനന്തപുരത്ത് വരികയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാര സ്ഥാപനമാവുകയും ഒക്കെ ചെയ്യുമായിരുന്നോ എന്ന് ചുമ്മാ ആലോചിച്ച് പോകുന്നു-ശുഭാപ്തിവിശ്വാസം വേണമല്ലോ. പക്ഷേ നാട് ബാക്കിരീതിയില്‍ എങ്ങിനെയൊക്കെയാകുമായിരുന്നു എന്നതിനെപ്പറ്റി ആലോചിച്ചിട്ട് യാതൊരു പിടിയും കിട്ടുന്നുമില്ല).

കഷ്ടം തന്നെ.

posted by സ്വാര്‍ത്ഥന്‍ at 2:23 PM

0 Comments:

Post a Comment

<< Home