Wednesday, November 22, 2006

കല്ലേച്ചി - ചന്ദ്രികയിലെഴുതുമ്പോള്‍

URL:http://kallechi.blogspot.com/2006/11/blog-post_22.htmlPublished: 11/22/2006 11:50 PM
 Author: കല്ലേച്ചി|kallechi
ചന്ദ്രികയിലെഴുതുമ്പോള്‍ "ചന്ദ്രികാ"ന്തം
മാധ്യമത്തിലെഴുതുമ്പോള്‍ മതസൌഹാര്‍ദ്ദം
മാതൃഭൂമീലെഴുതുമ്പോള്‍ മാന്യമായീ
മാതൃഭാഷ മാറ്റിടും ശ്രീ ഓ അബ്ദുള്ളാ
പെ..പേ..പേ.........
എന്ന്‌ മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പണ്ടു പാടിയതുപോലെ കിരണ്‍ തോമസും മൈനാഗനും മറ്റും കമന്റിയത്‌ കണ്ടപ്പോള്‍ അതേപ്പറ്റി ചില തുടര്‍ച്ചകളെഴുതണമെന്നുതോന്നി. കാരണം ദേശീയതയും മതേതരത്വവും ജനാധിപത്യവുമൊന്നും അങ്ങനെ അവസാനിപ്പിക്കാവുന്നവയല്ല എന്നത്‌ സത്യമാണ്‌. അവ തുടര്‍ചലനങ്ങളുണ്ടാക്കണം.
ഇന്ന്‌ ജമാഅത്തെ ഇസ്ലാമി ഒരു മധുരഗുളികയാണ്‌. അതിനുള്ളിലാണ്‌ കയ്പുകഷായം. അവര്‍ ദേശീയതയെപ്പറ്റിയും മറ്റും ഓ. അബ്ദുറഹിമാനെപ്പോലെ സാധുക്കളായ ആളുകളെക്കൊണ്ട്‌ കഥാപ്രസംഗം നടത്തിക്കും. ഇവയില്‍ മതേതരത്വത്തോട്‌ വളരെയധികം അടുത്ത്‌ നില്‍ക്കുന്ന, പൂര്‍ണമായല്ല, കാഴ്ച്ചപ്പാടുകള്‍ ഭംഗിയായി അവതരിപ്പിക്കും. ഹിന്ദു, ക്രൈസ്തവ സഹോദരന്‍മാരോട്‌ വളരെ മാന്യമായി പെരുമാറും. ബ്രദര്‍ എന്ന്‌ അവരെ സംബോധനചെയ്യും. -ഇത്‌ ക്രിസ്ത്യാനികളുടെ കോപ്പിയാണ്‌- ഇഫ്ത്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോള്‍ ജനസംഖ്യാനുപാധികമായ സംവരണം ഉറപ്പു വരുത്തും. പൊരിച്ചപത്തിരിയും കോഴിയും അവരുടെ പ്ലേറ്റുകളില്‍ അധികരിപ്പിക്കും. തങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളില്‍ അന്യമതസമുദായസഹോദരങ്ങളുടെ കൃതികള്‍ ഈ സംവരണാനുകൂല്യത്തില്‍, കലാമേന്‍മയിലുപരി, പ്രസിദ്ധീകരിക്കും. വേദികളില്‍ അന്യമതപേരുകള്‍ പേറുന്ന പണ്‍ഡിതന്‍മാരെ കൂടുതല്‍ ഉള്‍പ്പെടുത്തും. അവരുടെ സംശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കും.
ഇത്രയും സൌഹാര്‍ദ്ദകേളികൊട്ടുകള്‍ക്കുപരി പ്രസംഗങ്ങളില്‍ വര്‍ഗീയതയെ നഖശിഖാന്തം എതിര്‍ക്കുകയും സ്വസമുദായങ്ങളില്‍ നിന്ന്‌ ഭീകരവാദികളും വര്‍ഗീയവാദികളുമായവരെ മറ്റാരും അക്രമിക്കാത്തത്രയും ഭംഗിയായി ഖുര്‍ആനും സുന്നത്തും എടുത്തുദ്ധരിച്ച്‌ ആക്രമിച്ച്‌ കീഴടക്കും. ഈ ശൈലിയില്‍ മാന്യമായി സംസാരിക്കുന്ന ആളാണ്‌ അബ്ദുറഹിമാന്‍. മഹാ പണ്‍ഡിതന്‍, പത്രപ്രവര്‍ത്തകന്‍ സര്‍വോപരി നല്ലമനുഷ്യന്‍. ഇടയ്ക്ക്‌ ഒരിക്കല്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു സദസ്സിനു മുന്‍പില്‍ അടിയന്‍ ഒരു ചോദ്യം ചോദിച്ചു. നമ്മുടെ ക്ലാസ്സിക്ക്‌ ചോദ്യം തന്നെ. "ഇന്ത്യയില്‍ ഭൂരിഭാഗം മുസ്ലിംഗളായിരിക്കുകയും അവരിലൂടെ ഇന്ത്യ സ്വതന്ത്രയാവുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ മതേതരത്വത്തിന്റേയും സ്വാതന്ത്രത്തിന്റേയും ജനാധിപത്യത്തിന്റേയും അവസ്ഥയെന്തായിരിക്കും? ഇന്ന്‌ നിങ്ങളനുഭവിക്കുന്നത്‌ അതേ പോലെ നല്‍കുമോ?"
വളരെ സാങ്കല്‍പികമായ ചോദ്യം എന്നു പറഞ്ഞ്‌ "നിസ്സാരീകരിക്കാന്‍" ശ്രമിച്ചെങ്കിലും അദ്ദേഹം അതിന്‌ ഉത്തരം പറഞ്ഞു. ഞാന്‍ മേല്‍പറഞ്ഞ അതേ അളവില്‍ തങ്ങളുടെ സൌഹാര്‍ദ്ദമേന്‍പൊടിയൊക്കെ ചേര്‍ത്തു. പാക്കിസ്ഥാനില്‍ പണ്ട്‌ ഭരണം ശരീഅത്തിന്റെ മാര്‍ഗത്തില്‍ ഇസ്ലാമികമാവണം എന്ന്‌ ശഠിച്ചവരില്‍ മറ്റുമതക്കാരുമുണ്ടായിരുന്നു. ഏതോ ഒരു ജസ്റ്റിസിന്റെ പേരും പറഞ്ഞു. കേട്ടപ്പോള്‍ ഞാനും വിചാരിച്ചു. ഇങ്ങനെയാണ്‌ ഇവരുടെ ഭരണമെങ്കില്‍ വലിയ കുഴപ്പമില്ല. ഇന്ത്യയിലിന്നുള്ള സ്വാതന്ത്ര്യം അതേ മാതൃകയില്‍ തുടരുമായിരിക്കും. അവസാനം കണ്‍ക്ലൂഷനില്‍ അബ്ദുറഹിമാന്‍ പണി പറ്റിച്ചു. "ആ ഭരണത്തില്‍ ഭരണാധികാരി ഒരു ഇസ്ലാം മതവിശ്വാസിയായിരിക്കണം എന്ന്‌ നിര്‍ബന്ധമാണ്‌. ഓര്‍ക്കുക ഇസ്ലാം മതവിശ്വാസി". ദേ കിടക്കുന്നു. മതസൌഹാര്‍ദ്ദ മതേതരത്വാദി ആഭരണങ്ങളെല്ലാമഴിഞ്ഞ്‌ "വീണിതല്ലോ കിടക്കുന്നു ധരണിയില്‍, ശോണിതവുമണിഞ്ഞയ്യോ ശിവശിവ" നമ്മുടെ ഭരണം.
"തള്ളേ ഇതു തന്നല്ലെ നമ്മുടെ ആറെസ്‌ എസ്സ്‌ അണ്ണന്‍മാരും പറേണത്‌?""മൊട്ടെ അത്‌ പിന്നെ പറയാനുണ്ടോ ആറെസ്സസ്സിന്റെ ഇസ്ലാമിക വേര്‍ഷനാണിത്‌. സാങ്കല്‍പികമെന്നൊക്കെ അബ്ദുറഹിമാന്‍ പറയുമെങ്കിലും നമ്മുടെ ചരിത്രത്തില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ട്‌. അത്‌ സാങ്കല്‍പികമല്ല. വളരെ വിദൂര ചരിത്രത്തിലുമല്ല. ഈ അടുത്ത കാലത്ത്‌. ശ്രീമാന്‍ ഓ. അബ്ദുറഹിമാനൊക്കെ ഒരുപക്ഷെ അന്ന്‌ ജനിച്ചിട്ടുണ്ടാവണം. നമുക്ക്‌ സ്വാതന്ത്ര്യദാനം ആറ്റ്‌ലി സായ്‌പ്‌ കൊടുത്തയക്കുന്ന സമയം. അന്ന്‌ നമ്മുടെ സ്വാതന്ത്ര്യം ഈ ആറെസ്സെസ്സ്‌ അണ്ണന്‍മാരുടെ കയ്യിലായിരുന്നു കൊടുത്തതെങ്കില്‍ കാണാമായിരുന്നു ഇസ്ലാമിക പൂരവും ക്രിസ്ത്യന്‍ കച്ചകെട്ടും."
"മീശേ അതാണവരിന്നും പറഞ്ഞുകൊണ്ടും ശ്രമിച്ചുകൊണ്ടുമിരിക്കുന്നതും. ഇന്ത്യയില്‍ ഭൂരിഭാഗം വരുന്നവര്‍ ഹിന്ദുക്കളായിട്ടും അവരുടെ രാജ്യത്ത്‌ ഭരണം അവരെ ഏല്‍പിക്കുന്നതിനു പകരം ഈ മതവും വിശ്വാസവുമില്ലാത്ത നഹ്രുവിനേപോലുള്ള മതേതരത്വക്കാരെ ഏല്‍പിച്ചത്‌ ബ്രിട്ടീഷുകാരന്‍ കാണിച്ച ചതിയാണെന്നും അതിനാലാണ്‌ ഈ ഹാജ്യാരുടെ ജാതിക്കാരും പള്ളീലച്ചന്റെ ജാതിക്കാരും ആയ മാംസാഹാരികള്‍ ഹിന്ദുസ്ഥാനില്‍ കേറി നെരങ്ങുന്നതെന്നും അവര്‍ പ്രചരിപ്പിക്കുന്നു. മാത്രമല്ല, മറ്റേപകുതി അതായത്‌ പാക്കിസ്ഥാന്‌ ഭരണം കൊടുത്തപ്പോള്‍ അത്‌ അവിടെ ഭൂരിഭാഗമായ മുസ്ലിംഗള്‍ക്ക്‌ കൊടുക്കുകയും അതുവഴി ഇസ്ലാമിക റിപ്പബ്ലിക്കാവുകയും ചെയ്തു."
ഇതൊന്നും സാങ്കല്‍പികമല്ല സാഹബ്‌. പച്ചയായ യാതാര്‍ഥ്യം. ഈ യാതാര്‍ഥ്യത്തില്‍ നിന്നായിരുന്നു അടിയന്റെ ആഗ്നേയം. അബ്ദുറഹിമാന്‍ പുളഞ്ഞുപോയി. പൂച്ച്‌ പുറത്താകുകയും ചെയ്തു.ഇസ്ലാം മതവിശ്വാസിയായിരിക്കണം ആ ഭരണാധികാരി. ഇത്‌ മുസ്ലിമാവണമെന്നുപോലും നിര്‍ബന്‍ധമില്ല. ഇത്രയും ഔദാര്യം വേറെയാരു നല്‍കും? ഇനിയങ്ങോട്ട്‌ ചോദ്യങ്ങളുടെ ശരവര്‍ഷം തന്നെ നേരിടണം ശരിയായ യുദ്ധമാണ്‌ നടക്കുന്നതെങ്കില്‍ അബ്ദുറഹിമാന്‍. എന്നാല്‍ അത്‌ മാഡ്‌ലിന്‍ ആള്‍ബ്രൈറ്റ്‌ പണ്ട്‌ അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലൊന്നില്‍ വിദ്യാര്‍ഥികളോടു പറഞ്ഞതുപോലെ "വെറും സൈനിക ഇടപെടല്‍" മാത്രമായിരുന്നു. അതായത്‌ ഒരു തര്‍ക്കത്തിന്‌ സാധ്യതയില്ല.
നമുക്ക്‌ ഈ ഇസ്ലാമിക ഭരണാധികാരി എന്നത്‌ ഒന്നു വിശദമായി പരിശോധിക്കാം. അങ്ങനെ ലഭിക്കുന്ന ഭരണം ഇന്നത്തെ പഞ്ചായത്തീരാജായിരിക്കണമെന്നില്ലെങ്കിലും അങ്ങനെ സങ്കല്‍പിക്കാം. എങ്കില്‍ ഭരണാധികാരി എന്നത്‌ പഞ്ചായത്ത്‌ തലം മുതല്‍ തുടങ്ങും. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇസ്ലാം മത വിശ്വാസിയായിരിക്കണം. എങ്കില്‍ അയാളെ തെരഞ്ഞെടുക്കുന്നവര്‍ അതാവണ്ടേ, വേണം. അതായത്‌ മെമ്പറന്‍മാരാവുന്നവര്‍ക്കും ഈ യോഗ്യതയുണ്ടായിരിക്കണം. അതിന്‌ ഇലക്ഷനില്‍ മത്സരിക്കാനുള്ള യോഗ്യത ഇതാവണം. മുകളിലോട്ടുള്ളതിന്റെ കാര്യം പറയാനുമില്ല. എങ്കില്‍ ഇന്ന്‌ ഇന്ത്യന്‍ ദേശീയതയുടെ തലപ്പത്തിരിക്കുന്നവരില്‍ ഒരാള്‍ പോലും ഹിന്ദുവല്ല എന്നതും അതില്‍ പ്രധാനിയായ രാഷ്ട്രപതി ഒരു മുസ്ലിമാണെന്നതും പ്രധാനമന്ത്രി ഒരു സിഖാണെന്നതും യു. പി. എ അദ്ധ്യക്ഷ സോണിയാ ഗാന്ധി ജന്‍മം കൊണ്ട്‌ കൃസ്ത്യയും കല്ല്യണം കൊണ്ട്‌ പാഴ്സി-മതരഹിത സങ്കരയുമാണെന്നതും അസാധ്യമായിതീരും. "ഞങ്ങള്‍ ഭരിക്കും ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും" എന്നതല്ല മതേതരത്വം. അത്‌ ചെയ്യാനിവിടെ നൂറുകണക്കിനാളുകളുണ്ട്‌.
ഇനി, അതാ അങ്ങോട്ടു നോക്കു. ഝീം......"മാമലകള്‍ക്കപ്പുറത്ത്‌, ശ്വേത ഹിമ പട്ടുടുത്ത, പാക്കിസ്ഥാനെന്നൊരു നാട്ടിലേക്ക്‌. ..." അവിടെ ഭരണത്തിന്റെ തലപ്പത്ത്‌ ആരാണിരിക്കുന്നത്‌? അതൊരു തൊപ്പിവെച്ചയാളല്ലേ. എന്നെങ്കിലും ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യയില്‍ ഇന്നുള്ളതു സംഭവിക്കുമോ? (ജിന്ന ഒരു മുഴുമുസ്ലിമായിരുന്നില്ല എന്നത്‌ ശരിയായിരിക്കാം. അങ്ങനെ നോക്കിയാല്‍ ആരാണ്‌ ആലേബലിലുള്ളവര്‍?)
"സാറെ, അപ്പോള്‍ ഈ ആറെസ്സസ്സ്‌ അണ്ണന്‍മാര്‌ പറയുന്നതിലും കാര്യമുണ്ട്‌."
"അതല്ലെ കൊച്ചനേ, ഈ മതേതരത്വത്തെ കാണുമ്പോള്‍ ചോപ്പുകണ്ട കാളകളെപോലെ ഡോക്ടര്‍ അശോക്‌ സിംഗാളും മറ്റും വെറളിയെടുക്കുന്നത്‌. മതേതരത്വം എന്നൊരു വാക്ക്‌ ഭരണഘടനയിലുള്ളേടത്തോളം അവരുടെ മോഹം നടക്കില്ല. അതെടുത്തു കളയുന്ന കാര്യത്തില്‍ എല്ലാ അണ്ണന്മാരും സന്തോഷമുള്ളവരാണ്‌. എന്നാല്‍, അബ്ദുറഹിമാന്റെ ആള്‍ക്കാര്‍ ഇപ്പോള്‍ ഇതിനൊരു സോഫ്റ്റ്‌ കോര്‍ണര്‍ കാണിക്കുന്നത്‌, അതായത്‌ മതേതരത്വം എന്നത്‌ എടുത്തുകളയണം എന്ന്‌ പറയാതിരിക്കുന്നത്‌ മൂന്നു കാരണങ്ങള്‍ കൊണ്ടാണ്‌. ഒന്ന്‌ നടക്കില്ല എന്ന്‌ അറിയാവുന്നത്‌കൊണ്ട്‌. രണ്ട്‌ ഭാഷയിലുള്ള ചില ലൂപ്പ്‌ഹോളുകളുപയോഗിച്ച്‌ മതേതരത്വത്തെ വിദഗ്‌ധമായി 'മതാധിപത്യ'മാക്കാന്‍ അവര്‍ക്ക്‌ കഴിയുന്നത്‌കൊണ്ട്‌. (എല്ലാമതക്കാരേയും കളിക്കാനനുവദിച്ചാല്‍ ഒരു കൈകൊട്ടിക്കളി അതില്‍ നമുക്കും ഉള്‍പെടുത്താമല്ലോ) മൂന്ന്‌. ഭൂരിഭാഗം ഹിന്ദുക്കളായ ഇന്ത്യയില്‍ ഈ മതേതരത്വം എടുത്തു കളഞ്ഞാല്‍ "ഹിന്ദു" ഭരണമാവും വരിക. (എന്നാല്‍ ഇതെടുത്തു കളഞ്ഞ്‌ പകരം "ഇസ്ലാമിക മതേതരത്വം" സ്ഥാപിക്കുന്നതില്‍ എതിര്‍പ്പു കാണുകയുമില്ല) ഇനി യതാര്‍ഥ മതേതരത്വം കൊണ്ടുവരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ന് ഇവര്‍ കാണിക്കുന്ന എല്ലാ ശത്രുതയും വെടിഞ്ഞ്‌ പൊതുശത്രുവിനെതിരായി ഒന്നിക്കുന്നതു കാണാം"
"സാറെ അപ്പോള്‍ ഇന്ത്യയില്‍ മതേതരത്വമില്ലേ?"
"കൊച്ചനെ ഇന്ത്യയില്‍ എല്ലാ സാധനങ്ങളുമങ്ങനേയാണ്‌. മാര്‍ക്കറ്റില്‍ സംഗീതം മുഴക്കാമെന്നും പറഞ്ഞു വില്‍ക്കുന്ന സാധനം വാങ്ങിച്ചാല്‍ മീന്‍ മുറിക്കാം. മധുരമുള്ള നാരങ്ങ എന്നു പറഞ്ഞ്‌ ലഭിക്കുന്ന നാരങ്ങ പുളിക്കു പകരം മത്തിക്കൊഴിക്കാം. അതുപോലൊരു പറ്റിക്കല്‍ പരിപാടിയാണ്‌ ഈ മതേതരത്വം. പേക്കറ്റിനു പുറത്തു കാണുന്ന ഒരു ഗുണവും ഉള്ളിലുള്ള സാധനത്തിനുണ്ടാവുകയില്ല. ഇതിന്റെ കുഴപ്പം ഈ ന്യൂനപക്ഷങ്ങള്‍ക്കറിയല്ല. അല്ലെങ്കില്‍ താല്‍കാലികമായുണ്ടാകുന്ന ചില സുഖങ്ങളിലാണവരുടെ ശ്രദ്ധ. ആര്‍ക്കും ദീര്‍ഘവീക്ഷണമില്ല. ഈ മതേതരത്വവും 'പകുതിയിലധികം ഒന്ന്‌ സമം ജയം' ജനാധിപത്യവും ചേര്‍ന്നാല്‍ ഏതു നിമിഷവും കാവി ഭരണം ഇന്ത്യയില്‍ വരും. ഒരു ഇസ്ലാമിക ഭരണം അതു പോലെ ജനസംഖ്യാനുപാധികമായി വരണമെങ്കില്‍ ഖിയാമം നാളുവരെ കാത്തിരിക്കേണ്ടി വരും. അതായത്‌ കാവി ഭരണം ഡെമൊക്ലിസിന്റെ വാളും ഇസ്ലാമിക ഭരണം ആകാശകുസുമവുമാണ്‌"
"ഞങ്ങളുടെ ഭരണം വന്നാല്‍ ഇന്ത്യതന്നെ ഒരു പൂണൂലിട്ടായിരിക്കും ഉപഗ്രഹ ചിത്രങ്ങളില്‍ തെളിയുക. ഗോവയുടെ പടിഞ്ഞാറുഭാഗത്ത്‌ കടലില്‍ നിന്ന്‌ തുടങ്ങി കാഷ്മീരിനും ഹിമാചലിനുമിടയില്‍ ഡല്‍ഹിയിലൂടെ അതങ്ങനെ ഞാന്നു കിടക്കും. കാഷ്മീരിന്റെ നെറ്റിയില്‍ ചോരകൊണ്ടൊരു കുങ്കുമപ്പൊട്ടും, പിന്നെ ചാരം കൊണ്ട്‌ മൂന്നുവരയും. അതായത്‌ രാജ്യത്തിനു മതമുണ്ടാകും. അവിടെ ഞങ്ങളുടെ പശുക്കളെ ഈ ഹാജ്യാരും പള്ളീലച്ചന്‍മാരും പാലിക്കും. അതല്ലേ രാമരാജ്യം."
"എല്ലാവരും ഇതിനുതന്നെയാണ്‌ ശ്രമിക്കുന്നത്‌. അതായത്‌ രാജ്യത്തിനു മതമുണ്ടാക്കുക എന്ന പണി. ഉപഗ്രഹചിത്രങ്ങളില്‍ അവരവരുടെ വേഷമിട്ടാവണം രാജ്യം തെളിയുന്നത്‌ എന്നത്‌ മാത്രമാണ്‌ വ്യത്യാസം."
"പടച്ചോനെ അപ്പോ ഈശോവാസ്യത്തിലെ ആയത്തുകളൊക്കെ ഈ നമ്പൂരിശ്ശന്റെ ആളുകള്‍ എടുത്തു കുത്തിപ്പിടിക്കുന്നതു കാണാല്ലോ. 'ലോകാ സമസ്താ സുഖിനോ ബവന്ധൂ'ന്ന്‌."
"ഹാജ്യാരേ അതൊരു ജമാഅത്തീ ലൈനാണ്‌. അതിന്റെ ആദ്യഭാഗം ഈ അണ്ണന്‍മാര്‌ മിണ്ടൂല്ല. അതേതാണ്ട്‌ ഇങ്ങനെയാണ്‌. "ഗോബ്രാഹ്മണഭ്യേ ശുഭമസ്തു നിത്യം. ലോകാസമസതാ.. എന്ന്‌."
"അയിന്റെ മയന പയ്ക്കള്‍ക്കും ബ്രാഹമണര്‍ക്കും നിത്യശുഭവും സുഖവുമാണെങ്കില്‍ ലോകം നന്നായ്ക്കോട്ടെ ഞമ്മക്കയ്‌ല്‌ വിരോധല്ലാന്നല്ലേ നമ്പൂരിശ്ശാ വിവരള്ളോര്‌ പറേന്നത്‌. പയ്ക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എന്തെങ്കിലും ആപത്തുണ്ടായാല്‍ പിന്നെ ലോകം വേണ്ടാന്ന്‌. അഥവാ ഈ കുരിപ്പ്ങ്ങള്‍ക്ക്‌ ചിക്കന്‍ ഗുനിയയെങ്ങാനും വന്നാലോ?"
"സംശ്യന്താ ഇങ്ങളും കെടക്കണം. അത്‌തന്ന്യല്ലേ ഇത്‌വരെ പറഞ്ഞ അബ്ദുറഹിമാന്‍ ലൈനും. അതാണീന്റെ കുഴപ്പവും. അതായത്‌ പുറത്ത്‌ ഉച്ചത്തില്‍ വിളിച്ചു പറയുന്ന 'അശ്വഥാമാ' യ്ക്കുള്ളില്‍ പതുക്കെ പറയുന്ന ഒരു 'ഹത കുഞ്ചര'യുണ്ടായിരിക്കും"
"ഹും.ഃഉം.ഃഉം............അളമുട്ടിച്ചാല്‍ സത്യം പുറത്തു ചാടും"
(മുകളിലുദ്ധരിച്ച സംസ്കൃത ശ്ലോകം ഓര്‍മയില്‍ നിന്ന്. ഇതിന്റെ പൂര്‍ണരൂപം ആരുടേയെങ്കിലും കയ്യിലുണ്ടെങ്കില്‍ തന്നു സഹായിച്ചാല്‍ കൊള്ളാം. ഉറപ്പില്ലാത്തത്‌. 1- ഈശോവാസ്യത്തിലേതാണൊ ഇതെന്ന്. 2- കൊടുത്ത ശ്ലോകത്തില്‍ അക്ഷരത്തെറ്റുണ്ടോ എന്ന്. 3- കൊടുത്ത അര്‍ഥം പൂര്‍ണമായും ശരിയാണോ എന്ന്.)

posted by സ്വാര്‍ത്ഥന്‍ at 6:22 PM

0 Comments:

Post a Comment

<< Home