കല്ലേച്ചി - ദേശീയത ഒരു വികാരം
URL:http://kallechi.blogspot.com/2006/11/blog-post_08.html | Published: 11/8/2006 11:23 PM |
Author: കല്ലേച്ചി|kallechi |
1990 കളുടെ പകുതിയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് കുറേ ബംഗാളികളുടെ ഇടയിലായിരുന്നു. ഞങ്ങളുടെ "അയല്‍റൂമി"യായി താമസിച്ചിരുന്ന ഒരു ബംഗാളി സമയം കിട്ടുമ്പോഴൊക്കെ റൂമില്‍ വരും, സംസാരിച്ചുകൊണ്ടിരിക്കും. തരം കിട്ടിയാല്‍ ഇന്ത്യക്കാരെ ഒന്നുകൊച്ചാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായും ഇത്തരം സന്ദര്‍ഭങ്ങളിലാണ് അയാള്‍ റൂമില്‍ വരാറുള്ളതെന്നും കൂടെതാമസിക്കുന്നവര്‍ സംശയിക്കാന്‍ തുടങ്ങി. ബംഗാളികളെ ഇന്ത്യക്കാര്‍ താഴ്‌ത്തിക്കെട്ടിയാണ് കാണുന്നത് എന്ന ധാരണയില്‍ നിന്നുണ്ടായ "അപകര്‍ഷതാ ബോധമാവണം" അയാളില്‍ ഇങ്ങനെ ചില പെരുമറ്റങ്ങള്‍ രൂപപ്പെടാന്‍ കാരണം. ഇത് ഞങ്ങള്‍ ഇന്ത്യക്കാരേയും ബാധിച്ചിട്ടുണ്ട്. ഒരുതരം സൂപ്പീരിയോറിറ്റി കോംപ്ലക്സ്. എനിക്ക് അയാളുമായി അങ്ങനെ അടുത്ത് ഇടപഴകേണ്ടിവന്നിരുന്നില്ല. എന്റെ ജോലിയുടെ സ്വഭാവമനുസരിച്ചും എന്റെ സ്വഭാവമനുസരിച്ചും റൂമില്‍ സമയത്തിനെത്താന്‍ എനിക്ക് കഴിയാറില്ല.
ഒരിക്കല്‍ ഞാന്‍ റൂമിലേക്ക് കയറുമ്പോള്‍ ഇയാള്‍ പുറത്തേക്കുള്ള വഴിയിലാണ്. അയാള്‍ എന്നെ പിടിച്ചു നിര്‍ത്തി അതുവരെ എന്താണ് ചര്‍ച്ചചെയ്തു കൊണ്ടിരുന്നത് എന്നതിന്റെ ഒരു സംക്ഷിപ്ത രൂപം പറഞ്ഞു കേള്‍പ്പിച്ചു. എന്നെ കൂടി "ചെക്‌ക്‍മേറ്റാ"ക്കുകയാണ് ഉദ്ദേശം. "ദേഖിയേ അഖ്ബോര്‍ മേ ക്യാ ആയാ?" ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ വിദേശങ്ങളിലേക്ക് അയയക്കുന്നു എന്ന്. ഞങ്ങളുടെ ഖാലിദാ സിയ പറഞ്ഞിരിക്കുന്നത് ഒരു കാരണവശാലും സ്ത്രീകളെ വിദേശത്തയച്ച് പണമുണ്ടാക്കില്ല എന്നാണ്. ബായ് സാബ് സ്ത്രീകളെ അയച്ച് പണമുണ്ടാക്കുക എന്നു പറയുന്നത് ഒരു "ഭൊംഗി"യായ കാര്യമല്ല."
(ഈ വാചകങ്ങള്‍ കേട്ടപ്പോള്‍ എനിക്കും തോന്നി ഇയാള്‍ ഇന്ത്യക്കാരെ കൊച്ചാക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നതില്‍ കഴമ്പുണ്ടെന്ന്. എന്റെ ദേശീയബോധം അതിന്റെ പരമാവധിയിലായി. ദേശീയ ബോധം, ദേശീയത എന്നത് തന്നെ ഒരു സങ്കല്‍പമാണ്. അത് നിര്‍വചിക്കുക അത്ര എളുപ്പമല്ല. കാരണം അത് ബോധ്യമായതാണ്. അമ്മ എന്നത് നമുക്ക് ബോധ്യമായതാണ്. അത് എന്താണ് എന്ന് നിര്‍വചിക്കുന്നതുപോലെ വ്യര്‍ഥമായരിക്കും ഇതും. എന്തല്ല എന്നതാണ് പ്രധാനം. എന്നിട്ടും പലരും ദേശീയതയെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട് "ഓരോരുത്തരും അവരവരുടെ ആവശ്യമനുസരിച്ചാ"ണ് അത് ചെയ്തതെന്നുമാത്രം. ഇതില്‍ ആര്‍. എസ്. എസ് സര്‍സംഗ് ചാലകായിരുന്ന സവര്‍ക്കറുടെ നിര്‍വചനം ശ്രദ്ധേയമാണ്. തന്റെ കുപ്രസിദ്ധമായ "നാമും നമ്മുടെ ദേശീയതയും" (We or our National hood defined) എന്ന പുസ്തകത്തില്‍ ദേശീയതയുടെ നാല് പ്രധാന സ്തംഭങ്ങളെ അദ്ദേഹം വിവരിക്കുന്നു. മതം, സംസ്കാരം, ഭാഷ, അതിര്‍ത്തി ഇവയാണവ. അവയില്‍ പ്രധാനം മതം തന്നെ. ഇങ്ങനെ നിര്‍വചിക്കുന്നത് ഇതില്‍ പെടാത്തവരായി ചിലരെ കണക്കാക്കി ഒതുക്കാനാണ്. അങ്ങനെ നോക്കുമ്പോള്‍ മറ്റു പലമതക്കാരേയും ദേശീയതയ്ക്കു പുറത്തു നിര്‍ത്താം. അതങ്ങനെ തന്നെ അദ്ദേഹം പറയുന്നുമുണ്ട്.
ഈ നിര്‍വചനത്തില്‍ നിന്ന് നമുക്ക് അറേബ്യന്‍ രാജ്യങ്ങളെ ഒന്നു വിലയിരുത്തിനോക്കാം. മതമായിരുന്നു ദേശീയതയ്ക്ക് ആധാരമെങ്കില്‍, സംസ്കാരമായിരുന്നു, ഭാഷയായിരുന്നു ദേശീയതയ്ക്ക് ആധാരമെങ്കില്‍ സവര്‍ക്കറുടെ കാഴ്ചപ്പാടില്‍ അത്ര പ്രാധാന്യമില്ലാത്ത ഭൂമിശാസ്ത്രപരമായ കേവലം അതിര്‍വരമ്പുകളില്‍ മാത്രം ഈ അറേബ്യന്‍ രാജ്യങ്ങളെങ്ങിനെ ഭിന്നിച്ചു നില്‍ക്കുന്നു? സൌദി അറേബ്യയുടെ കണ്ണില്‍ നിന്നടര്‍ന്നു നില്‍ക്കുന്ന തുള്ളിപോലൊരു രാജ്യം, ബഹറിന്‍, സവര്‍ക്കര്‍ പറഞ്ഞ പ്രധാനപ്പെട്ട മൂന്നു സ്തംഭങ്ങളേയും സൌദിയുമായി പങ്കുവെയ്ക്കുന്നുണ്ട്. എങ്കിലും മറ്റൊരു രാജ്യമാണ്. യു. എ. ഇ, ഖത്തര്‍, എന്തിന് മിഡില്‍ ഈസ്റ്റ് മുഴുക്കെ അനവധി രാജ്യങ്ങള്‍ ഭാഷയും മതവും ചിലതൊക്കെ സംസ്കാരവും ഏറെകുറേ സമാനമായിരിക്കെ വേറെ വേറെ രാജ്യങ്ങളായി തുടരുന്നു. എങ്ങനെ? എന്നാല്‍ ദേശീയതയ്ക്ക് ഒരു രാജ്യം തന്നെ ആവശ്യമില്ല എന്നു തെളിയിച്ചവരാണ് പാലസ്ഥീനികള്‍. ഒരര്‍ഥത്തില്‍ പ്രവാസികളായ നാമും. ഇതാണ് ഞാന്‍ പറഞ്ഞത് ദേശീയത ഒരു സങ്കല്‍പമാണ്, വികാരമാണ്.
ഇനി ഇന്ത്യയെ നോക്കൂ. ഇന്ത്യ ഒരു അദ്ഭുതമാണ്. കിലോമീറ്ററുകള്‍ക്കുള്ളില്‍ മാറുന്ന ഭാഷയും മതവും സംസ്കാരവും ഉള്ള നൂറുകോടി ജനതയെ അതായത് ലോകത്തിലെ ആറിലൊന്ന് ജനതയെ, എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കേവലം നാലതിരുകള്‍ക്കുള്ളില്‍ നിലനിര്‍ത്തുന്നത്, പരമാവധി സ്വാതന്ത്ര്യം നല്‍കി പോറ്റിവളര്‍ത്തുന്നത് എങ്ങനെയാണെന്ന് സവര്‍ക്കര്‍ക്ക് മനസ്സിലാവുകയില്ല.
ഇതെന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്താണ് എന്നത്. എന്തു ശക്തിയാണ് ഇന്ത്യയെ ഭിന്നിച്ചു പോകാതിരിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള ഘനാകര്‍ഷണം നല്‍കുന്നത് എന്ന്. ഇതൊരു പക്ഷെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തന്നെയാവണം. പരമാവധി സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ആളുകള്‍ സ്വയം അസ്വതന്ത്രരാകുന്നു. അവര്‍ക്ക് രക്ഷപ്പെടാന്‍, തകര്‍ക്കാന്‍ ഒരു മതിലോ ചങ്ങലയോ ഇല്ല. ഈ ചിന്തകളത്രയും എന്റെയുള്ളില്‍ പെട്ടെന്ന് മിന്നിമറഞ്ഞു ഇങ്ങനെയുള്ള ഇന്ത്യ "പെണ്ണുങ്ങളെ അയച്ച് പണമുണ്ടാക്കുന്നു" എന്ന പ്രയോഗം അപ്പോള്‍ എനിക്ക് ചീത്തയായി അനുഭവപ്പെട്ടു. നൂറുകോടി ഇന്ത്യക്കാരുടെ അഭിമാനം എന്റെ കയ്യിലാണെന്ന തോന്നല്‍. വെറും ഒരു "ബൊംഗാളി" അതിനെ വെച്ചു വിലപേശുമ്പോലെ. അതങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ല. ഇവനെയൊന്ന് കൊട്ടിയിട്ടു തന്നെ കാര്യം. അങ്ങനെ തോന്നാന്‍ പാടില്ലാത്തതാണ്. എന്തുചെയ്യാം "കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം, എത്രയായാലും മനുഷ്യരല്ലേ")
"ബൊന്ധൂ,"
അതുവരെ ഞാന്‍ ബായ്‌സാബ് എന്നാണ് വിളിച്ചിരുന്നത്. ബൊന്ധു എന്നതില്‍ തെറ്റുണ്ടെന്നല്ല.
"താന്‍ കുവൈറ്റ് എന്നൊരു രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ?"
താന്‍ എന്ന വിളിയും കുവൈറ്റിനേ പറ്റി കേട്ടിട്ടുണ്ടോ എന്ന പരസ്പര ബന്ധമില്ലാത്ത ചോദ്യവും എന്റെ ഭാവവും കണ്ട് ഇവനെന്തിനുള്ള പുറപ്പാടാണെന്ന് റൂമിലുള്ള എല്ലാവരും അത്ഭുതപ്പെട്ടുനോക്കിക്കൊണ്ടിരിക്കുകയാണ്. ബംഗാളി ഒരു കറുത്ത ചിരിചിരിച്ചു
"അതെന്ത്?"
"അവിടെ അടുത്ത കാലത്ത് ഇറാഖ് അക്രമണം നടത്തിയിരുന്നു. കേട്ടിട്ടുണ്ടോ?"
"പിന്നല്ലാതെ, ഇയാളാര്?"
"ഇറാക്ക് കുവൈറ്റില്‍ ധാരാളം മയിന്‍ വിതറിയിരുന്നു."
"അതിന്?"
"അമേരിക്ക പിന്നീട് ഇറാഖിനെ തുരത്തി കുവൈറ്റ് വീണ്ടെടുത്തു 1991. അവിടെ മയിന്‍ സെര്‍ച്ച് ചെയ്യുന്നതിന് ബംഗാളികളെ ഉപയോഗിച്ചിരുന്നു. അരയില്‍ കയര്‍കെട്ടി ബംഗാളികള്‍ മുന്നില്‍ പിന്നില്‍ അമേരിക്കന്‍ പട്ടാളക്കാര്‍. താന്‍ "അഖ്ബാര്‍മെ പഠേഹോഗേ"
"അ..അതെ"
"ഇപ്പണി ഞങ്ങളുടെ നാട്ടില്‍ നായ്ക്കളാണ് ചെയ്യുന്നത്."
മുറിയിലുള്ളവര്‍ ഈ വാചകം നന്നായി ആഘോഷിച്ചു.
ഫലിതം
കല്ലേച്ചീസ് കമന്റ്
"ലീഗിന്റെ ശൈലി മാറ്റും" കുഞ്ഞാലിക്കുടി
(ആരൊക്കെയോ ജാഗ്രതൈ)
Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home