ജിഹ്വ - അഫ്‌സലിനെ കുറിച്ച് ഇനിയും ചിലത്
URL:http://jihwa.blogspot.com/2006/11/blog-post.html | Published: 11/8/2006 8:39 PM |
Author: ഡ്രിസില്‍ |
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമായ ഇന്ത്യന്‍ പാര്‍ലമന്റ് അക്രമണകേസിലെ 'സൂത്രധാരന്‍' മുഹമ്മദ് അഫ്‌സലിനു വേണ്ടിയുള്ള ദയാഹരജിയില്‍, രാഷ്‌ട്രപതിയുടെ തീരുമാനവും കാത്തിരിക്കുകയാണ് ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും. മുഴുവന്‍ കോടതികളും വധശിക്ഷക്ക് വിധിച്ച ഈ 'ഭീകരനു' വേണ്ടിയുള്ള ദയാഹരജിയില്‍ രാഷ്‌ട്രപതിക്കും ഗവണ്‍മെന്റിനും ഒരു തീരുമാനമെടുക്കാന്‍ എന്തേ ഇത്ര കാലതാമസം? ഇനി അഥവാ രാഷ്‌ട്രപതിയെങ്ങാനും ആ ദയാഹരജി സ്വീകരിച്ചാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും കോളമിസ്‌റ്റുകള്‍ക്കും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിയുടെ കാരുണ്യത്തിന്റെ മാഹാത്മത്യത്തെക്കുറിച്ചെഴുതാന്‍ പുതിയൊരു വിഷയം കൂടി ലഭിച്ചു.
പാര്‍ലമന്റ് അക്രമണത്തെ കുറിച്ച് ഇനിയൊരു മുഖവുര ആവര്‍ത്തന വിരസതക്ക് കാരണമാകും. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ച സംഭവം. മറ്റൊരു ഇന്ത്യ-പാക്ക് യുദ്ധ-സാധ്യതയുടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവം.. അത് കൊണ്ട് തന്നെ, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കണമെന്നതും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നതും ഏതൊരു ഇന്ത്യന്‍ പൌരനും ആഗ്രഹിക്കുന്നതാണ്. അന്വേഷണ സംഘം പ്രതിയെ കണ്ടെത്തി. പ്രതിക്കു നല്‍കിയ വധശിക്ഷ, ഹൈകോടതി, സുപ്രീം കോടതി എന്നീ മുതിര്‍ന്ന നീതിപീഠങ്ങളും ശരിവെച്ചു. സമാനതകളില്ലാത്ത ഇത്തരമൊരു അക്രമണകേസിലെ പ്രതിയെ കയ്യില്‍ കിട്ടുമ്പോള്‍ മുഖം നോക്കാതെ കല്ലെറിയുക എന്നത് ഏതൊരു രാജ്യസ്‌നേഹിയുടേയും വികാരത്തിന്റെ ഭാഗമാണ്. ബ്ലോഗുകളിലും കണ്ടു ഇങ്ങനെ കുറെ വികാരാധീനമായ പോസ്‌റ്റുകള്‍. ആ വികാരത്തള്ളിച്ചയില്‍ പല സത്യങ്ങളും, ചര്‍ച്ച ചെയ്യപ്പെടേണ്ട യാഥാര്‍ഥ്യങ്ങളും ചവിട്ടിയരക്കപ്പെടുന്നു എന്നത് സ്വാഭാവികം. അത് കൊണ്ട് തന്നെ നമ്മുടെ ചര്‍ച്ചകള്‍, പ്രതിക്കു വധശിക്ഷ വിധിക്കണോ, ജീവപര്യന്തം വിധിക്കണോ എന്നിവിടങ്ങളില്‍ ഒതുങ്ങി. അഫ്‌സലിനോട് യാതൊരു കരുണയും കാണിക്കരുതെന്ന് മറ്റു ചില രാജ്യസ്‌നേഹികള്‍. മേധാ പട്‌കറും, അരുന്ധതീ റോയിയും, നിര്‍മലാ ദേശ് പാണ്‍ഠെയും, ജമാ-അത്തെ ഇസ്‌ലാമിയും മറ്റും അഫ്‌സലിന്റെ വധശിക്ഷക്കെതിരെ ഒത്തു ചേരുകയും, ഈ കേസിന്റെ അന്വേഷണത്തെയും കോടതി വിധിയേയും ശക്തമായി സംശയിക്കുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ക്കു മേല്‍ കണ്ണടച്ചു രാജ്യദ്രോഹീ സ്‌റ്റാമ്പ് പതിക്കുകയല്ല വേണ്ടത്. കുറഞ്ഞ പക്ഷം അവര്‍ എന്തിനിത്ര മാത്രം പ്രക്ഷോഭങ്ങള്‍ നടത്തുന്നു എന്നെങ്കിലും അറിയാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഇവിടെ ആവര്‍ത്തിക്കേണ്ടതില്ലാത്ത ഒരു കാര്യം, കോടതി വിധിയിലെ വാക്കുകള്‍. അഫ്‌സലിനെതിരില്‍ നേരിട്ടുള്ള യാതൊരു തെളിവുമില്ലെന്നും ഈ വിധി സാഹചര്യ തെളിവുകളുടെ അടിസ്‌ഥനത്തിലാണെന്നും നാമെല്ലാം കോടതി വിധിയുടെ പകര്‍പ്പില്‍ വായിച്ചതാണ്. കോടതിയില്‍ ഹാജരാക്കപ്പെട്ട 80 സാക്ഷികളില്‍ ഒരാള്‍ പോലും അഫ്‌സലിനു ഏതെങ്കിലും ടെററിസ്‌റ്റ് ഗ്രൂപുകളുമായി ബന്ധമുള്ളതായി അറിവുണ്ടെന്ന് പറഞ്ഞിട്ടില്ല. അത് കോടതിയും വിധിന്യായത്തില്‍ വ്യക്തമാക്കി. ജൈഷെ മുഹമ്മദ് മിലിട്ടന്റ്, മുഹമ്മദിനെ കാഷ്‌മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത് താനാണെന്ന് അഫ്‌സല്‍ കോടതിയില്‍ വെച്ചു തന്നെ സമ്മതിച്ചിരുന്നു. പക്ഷെ, മുഹമ്മദുമായി അഫ്‌സലിന്റെ ബന്ധം തുടങ്ങിയതെപ്പോള്‍, അഫ്‌സല്‍ മുഹമ്മദിനെ പരിചയപ്പെടുന്നതെവിടെ എന്നിത്യാതി കാര്യങ്ങളൊന്നും ആരും അന്വേഷിക്കാന്‍ തരപ്പെട്ടില്ല. എസ്.ടി.എഫ്-ലെ ഒരു ഓഫീസറാണ് തനിക്ക് മുഹമ്മദിനെ പരിചയപ്പെടുത്തിയതെന്നും തന്നോട് മുഹമ്മദിനെ ഡല്‍ഹിയിലേക്ക് കൊണ്ട് പോകാനും, ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്‌ത് കൊടുക്കാനും ആവശ്യപ്പെട്ടതെന്നുമുള്ള അഫ്‌സലിന്റെ വാദങ്ങള്‍ ഒരു കുറ്റവാളിയുടെ ഒഴിഞ്ഞുമാറല്‍ എന്ന അര്‍ത്ഥത്തില്‍ നമുക്ക് തള്ളിക്കളയാം. അഫ്‌സല്‍ ഒന്നു കൂടി പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ വ്യക്തമായി പരിശോധിച്ചിരുന്നെങ്കില്‍ എസ്.ടി.എഫ്-ഇല്‍ നിന്നുള്ള നമ്പറുകള്‍ കാണാമായിരുന്നു. ആ നമ്പറുകളില്‍ നിന്നും വന്ന കോളുകളുടെ സമയവും മറ്റും പരിശോധിച്ചാല്‍ തന്നെ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരാവുന്നതേയുള്ളൂ.
എസ്.ടി.എഫ്-ന്റെ നിരീക്ഷണത്തിലുള്ള ഒരു സറണ്ടേര്‍ഡ് മിലിട്ടന്റായ അഫ്‌സല്‍, കുറെ 'പാക് ഭീകരരുമായി' ചേര്‍ന്ന് ഇത്തരമൊരു വലിയ ആക്രമണം പ്ലാന്‍ ചെയ്‌തിട്ടും, ഒരു ആര്‍മിയും അതിനെ കുറിച്ച് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതിനെ എസ്.ടി.എഫ്-ന്റെ ഭാഗത്ത് നിന്നുള്ള വീഴ്‌ചയായി ആണോ കാണേണ്ടത്? ജെ.കെ.എല്‍.എഫ്-ന്റെ സറണ്ടേര്‍ഡ് മിലിട്ടന്റായ താന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും, പക്ഷെ എസ്.ടി.എഫ്, ബി.എസ്.എഫ് തുടങ്ങീ സേനകളിലെ ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരമായി പീഡനങ്ങളനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും, അവര്‍ പിടിച്ചു കൊണ്ടു പോയ 6000-ലധികം യുവാക്കളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ലെന്നുമുള്ള അഫ്‌സലിന്റെ വെളിപ്പെടുത്തലുകള്‍ നമുക്ക് ചിരിച്ചു കൊണ്ട് തള്ളാം. കാരണം, അഫ്‌സല്‍ പാക്ക് ഭീകരനാണ്, അഫ്‌സല്‍ രാജ്യദ്രോഹിയാണ്. അവന്റെ വാക്കുകള്‍ വിശ്വസിക്കരുത്. പക്ഷെ, 'അപ്രത്യക്ഷരായ' തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി കാഷ്‌മീരില്‍ ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത് നാം ദിനങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ വായിച്ചതും നമുക്ക് ചിരിച്ചു കൊണ്ട് തള്ളാന്‍ സാധിക്കുമോ? ഇന്ത്യന്‍ സേന കാശ്‌മീരികള്‍ക്ക് അധിനിവേശ സേനയായി മാറുന്നു എന്നാരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ രാജ്യസ്നേഹത്തിന്റെ ബൂട്ടിട്ടു ചവിട്ടിയിട്ടു കാര്യമില്ല. പാര്‍ലമന്റ് ആക്രമണത്തില്‍ മരിച്ച ഒരു ഭീകരന്റെ മൃതദേഹവും താന്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അവര്‍ തന്നെ കൊണ്ട് ചില പേരുകള്‍ നിര്‍ബന്ധപൂര്‍വം പറയിക്കുകയായിരുന്നെന്നും അഫ്‌സല്‍ ആരോപിച്ചതും, മുകളില്‍ പ്രതിപാദിച്ച കാര്യങ്ങളും ചേര്‍ത്തു വായിച്ചാല്‍..?? നേരത്തെ ഹൈകോടതി തന്നെ ഒബ്‌സേര്‍വ് ചെയ്‌തതായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖകള്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ടെന്ന്. സുപ്രീം കോടതിയും അഫ്‌സലിന്റെ കൊണ്‍ഫഷണല്‍ സ്‌റ്റേറ്റ്‌മെന്റിനെ സംശയിച്ചു. ആ സ്റ്റേറ്റ്‌മന്റ് ബലം പ്രയോഗിച്ച് ചെയ്യിച്ചതാണെന്നതിനു വ്യക്തമായ സൂചനകളുണ്ടായിരുന്നു. എന്നിട്ടും, സുപ്രീം കോടതി അഫ്‌സലിന്റെ വധ ശിക്ഷ ശരിവെച്ചു. സമൂഹ മനസ്സാക്ഷിയുടെ തൃപ്‌തിക്കു വേണ്ടി... മീഡിയകള്‍ സമൂഹത്തില്‍ രൂപപ്പെടുത്തിയ മനസ്സാക്ഷിയുടെ തൃപ്‌തിക്ക്...
സുപ്രീം കോടതി തന്നെ ഉന്നയിച്ച ഒരു ആരോപണമുണ്ടായിരുന്നു. അറസ്‌റ്റ് ചെയ്‌ത്, പ്രതിയുടെ മൊഴിയെടുക്കാന്‍ നിയമപ്രകാരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാത്തതിനു വ്യക്തമായ യാതൊരു കാരണവും കാണിച്ചില്ല എന്നത് മറ്റൊരു വശം. പോട്ടോ അനുസരിച്ചുള്ള കേസുകള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണെങ്കില്‍, സുപ്രീം കോടതിയുടെ വിധിയില്‍ ഇങ്ങനെ ഒരു വാക്യം വരേണ്ടതില്ലായിരുന്നു.
എന്ത് കൊണ്ട് അഫ്‌സലിനു വ്യക്തമായ നിയമസഹായം ലഭിച്ചില്ല എന്നത് വെറും പൊള്ളവാദമെന്ന് പറയുന്നവരുണ്ട്. പക്ഷെ, ഇവിടെ കാണേണ്ട ചില സത്യങ്ങളുണ്ട്. ട്രയല്‍ കോര്‍ട്ടില്‍ അഫ്‌സലിനു വേണ്ടി നിയോഗിക്കപ്പെട്ട അമേകസ് ക്യൂരെ ആയിരുന്നു സീമ ഗുലാതി. പക്ഷെ, രണ്ട് മാസങ്ങള്‍ കൊണ്ട് സീമ അതില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന്, സീമയുടെ ജൂനിയര്‍, നീരജ് അമേകസായി ചാര്‍ജേറ്റുത്തു. അഫ്‌സല്‍ അതില്‍ അതൃപ്‌തി രേഖപ്പെടുത്തുകയും വേറെ നാലു അഡ്വകേറ്റുകളെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പക്ഷെ, നാലു പേരും ചാര്‍ജെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നീരജ് തന്നെ അമേകസ് ആയി തുടരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സാക്ഷികളെ ക്രോസ്-ചെക്ക് ചെയ്‌തില്ല എന്ന് മാത്രമല്ല, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരിക്കല്‍ പോലും അഫ്‌സലിനെ അദ്ദേഹം കാണാന്‍ ശ്രമിച്ചതുമില്ല. പിന്നീടീയടുത്ത്, പ്രശസ്‌ത അഭിഭാഷകന്‍ രാം ജത്‌മലാനി അഫ്‌സലിനു വേണ്ടി വാദിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍, അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ക്കാനും ഉണ്ടായിരുന്നു ഒരു കൂട്ടം 'രാജ്യസ്നേഹികള്‍'. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, 'സമൂഹത്തിന്റെ വിദ്വേഷം ഏറ്റു വാങ്ങിയ പ്രതികള്‍ക്ക് വേണ്ടി (സമൂഹത്തില്‍ ഇഞ്ചക്‍ട് ചെയ്‌ത വിദ്വേഷം എന്നും വായിക്കാവുന്നതാണ്) വാദിക്കാന്‍ ആരും മടി കാണിക്കും. അവര്‍ക്കു സംരക്ഷണം നല്‍കേണ്ടത് ഗവണ്‍മെന്റാണ്'.' വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം ഗുണ്ടകളുണ്ടെങ്കില്‍ ആരുടേയും നാവടപ്പിക്കാം എന്നര്‍ത്ഥം.
അഫ്‌സലിനെതിരെ പറഞ്ഞ വലിയൊരു തെളിവായിരുന്നു, കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കണ്ടെടുത്ത അഫ്‌സലിന്റെ മൊബൈല്‍ നമ്പര്‍. സംഭവ സ്ഥലത്ത് ആദ്യമെത്തിയ പോലീസിലെ അംഗമായിരുന്ന അശ്വിനി കുമാറിന്റെ ഓര്‍മയില്‍ അങ്ങനെയൊരു നമ്പര്‍ സെഷറില്‍ എഴുതിയതായി ഇല്ലെന്നാണ്. കൊല്ലപ്പെട്ട അക്രമികളില്‍ നിന്നും കണ്ടെടുത്ത, ഫോണ്‍ നമ്പറുകള്‍ എഴുതിയ സ്ലിപ്പും, ഐ-കാര്‍ഡും സംഭവസ്ഥലത്ത് വെച്ച് സീല്‍ ചെയ്‌തില്ല്ല എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇവിടെ രസകരമായ മറ്റൊരു സംഭവമുണ്ട്. പോലീസ്, കാള്‍ റെകോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് എയര്‍ടെല്‍ 17/12/2001-നു എഴുതിയ മറുപടിയില്‍, പോട്ടോയുടെ റഫറന്‍സ് വെച്ചിരുന്നു. പക്ഷെ, ഈ കേസില്‍ പോട്ടോ ചാര്‍ജ്ജ് ചെയ്‌തത് 19/12/2006-നു മാത്രമാണ്. കേസില്‍ പോട്ടോ ചാര്‍ജ്ജ് ചെയ്യുന്നതിനു മുന്നേ തന്നെ എയര്‍ടെല്ലിനു പോട്ടോയുടെ റഫറന്‍സ് കിട്ടിയോ? ഇതെല്ലാം ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നതിനു വഴി വെക്കുകയാണ്.
പ്രതിയെ തൂക്കിലേറ്റിയാല്‍, കാശ്‌മീരികള്‍ അടങ്ങിയിരിക്കില്ല, പാകിസ്ഥാന്‍ വിടില്ല, ഭീകരവാദ സംഘങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നിത്യാതി 'തീപ്പൊരി'വാദങ്ങളൊക്കെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും, അഫ്‌സല്‍ കുറ്റവാളി തന്നെ എന്ന ചിന്ത ജനമനസ്സുകളില്‍ ഉറപ്പിക്കാനുമുള്ള തന്ത്രങ്ങളായി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. പക്ഷെ, ഇന്ത്യയില്‍ കാഷ്‌മീരടക്കം വിവിധ സ്ഥലങ്ങളില്‍ അഫ്‌സലിന്റെ വധശിക്ഷക്കെതിരെ ആരെങ്കിലും ശബ്‌ദമുയര്‍ത്തുന്നുണ്ടെങ്കില്‍, അഫ്‌സല്‍ ഒരു മുസ്ലിമായതു കൊണ്ടോ, വധശിക്ഷ കിരാതശിക്ഷയായതു കൊണ്ടോ അല്ല എന്ന് മനസ്സിലാക്കുക. ഒരു നിരപരാധി പോലും ഇന്ത്യയില്‍ ശിക്ഷിക്കപ്പെടരുത് എന്ന ആഗ്രഹം ചില രാജ്യസ്‌നേഹികളിലെങ്കിലും അവശേഷിക്കുന്നത് കൊണ്ടാണ്.
ഇന്ത്യയില്‍ ഭീകരവിരുദ്ധ നിയമങ്ങളും, പോലീസടക്കം ഇന്ത്യന്‍ സേനക്ക് നല്‍കുന്ന അമിതാധികാരങ്ങളും നിരപരാധികള്‍ക്ക് നേരെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത്, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണമാണ്. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും എതിരെ 'ജനമനസ്സാക്ഷിയുടെ' വിദ്വേഷമുന തറക്കാതിരിക്കാന്‍, ഇത്തരം ഭീകരരുടേയും ഭീകരാക്രമണങ്ങളുടേയും പരിചകള്‍ നിര്‍മിക്കാനും, സംവിധാനിക്കാനും പ്രയാസമേതുമില്ലാത്തതാണ്. അതിനു വേണ്ട അസംസ്‌കൃത വസ്‌തുക്കളായി ഇനിയും ഒരു പാട് 'ഭീകരര്‍' അവരുടെ തോക്കിന്‍ മുനമ്പിലുണ്ട് എന്നതും മറക്കാതിരിക്കുക. ഇന്ത്യന്‍ വംശജരായ ഭീകരര്‍.
ഇത്തരം നീതിനിഷേധത്തിന്റെ ഒരു ബിംബം മാത്രമാണ് മുഹമ്മദ് അഫ്‌സല്‍. അഫ്‌സലിന്റെ വധശിക്ഷക്കെതിരെ മുറവിളി കൂട്ടുന്നവരുടേയും, മണിപ്പൂരിലെ ഇന്ത്യന്‍ ആര്‍മിക്ക് നല്‍കിയ അമിതാധികാരത്തിന്റെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഷര്‍മിള ചാനുവീന്റെയും സമരങ്ങളുടെ നീതിശാസ്‌ത്രം ഒന്ന് തന്നെയാണ്.
എല്ലാം അവസാനിച്ചു. ഒരു നാടകത്തിനു തിരശ്ശീല വീണു. വില്ലനെ വധിക്കുന്നതോടു കൂടി നാടകം പൂര്‍ത്തിയാകുന്നു. സദസ്സു മുഴുവന്‍ ഹര്‍ഷാരവം മുഴക്കി. പക്ഷെ, കഥയില്‍ വീണ്ടും ചോദ്യമുയരുന്നു. പാര്‍ലമന്റ് അക്രമണകേസിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കരങ്ങള്‍ ഏത്? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമന്ദിരത്തിനു നേരെ നടന്ന ഒരക്രമണത്തെ കുറിച്ച്, ഒരു പാര്‍ലമെന്ററി അന്വേഷണം എന്ത് കൊണ്ട് നടക്കാതെ പോയി? എന്ത് കൊണ്ട് പ്രതികള്‍ക്ക് നേരെ, അന്വേഷണസംഘത്തില്‍ നിന്നും ശക്തമായ ഭീഷണിയും പീഢനവും നിലനിന്നിരുന്നു എന്ന ആവര്‍ത്തിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടന്നില്ല? രാമായണം മുഴുവന്‍ വായിച്ചിട്ട്, സീത രാമനാര് എന്ന് ചോദിച്ച പോലെയായി അല്ലേ.?
രാഷ്‌ട്രബോധം നന്ന്. ആ രാഷ്‌ട്രബോധത്തിലൂടെ, രാഷ്‌ട്രത്തിന്റെ സമാധാനത്തിനും, അഖണ്‍ഠതക്കും എതിരെ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ത ശക്തികളെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്. അതിനെ, ജാതി, മത, പാര്‍ട്ടി ഭേദമന്യേ എതിര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്. രാജ്യസ്‌നേഹത്തിന്റെ വികാരങ്ങള്‍ മാറ്റി വെച്ച്, വിചാരങ്ങള്‍ക്ക് സ്ഥാനം നല്‍കാന്‍ സാധിക്കേണ്ടതുണ്ട്. പക്ഷെ, 'രാജ്യസ്‌നേഹ'ത്താല്‍ അന്ധരായവര്‍, സ്വരാജ്യത്തിനു തന്നെ ഭാരമായി മാറുന്ന ഒരവസ്ഥ സംജാതമാകുന്നുവോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ഇതെഴുതിയത് ഒരേ ഒരു പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ്. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുതിയ അറിവു ലഭിക്കുമോ എന്ന പ്രതീക്ഷ.
കൂടുതല്‍ വായനയ്‌ക്ക്: http://www.revolutionarydemocracy.org
Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home