Friday, October 27, 2006

Suryagayatri സൂര്യഗായത്രി - ഒരു നട്ടുച്ചയ്ക്ക്

സൂര്യന്‍ ഭൂമിയുടെ തലയ്ക്കു നേരെ മുകളില്‍ നില്‍ക്കുമ്പോഴാണ്, ഞങ്ങള്‍ - ഞാന്‍, ചിറ്റമ്മ, കസിന്‍- ടൌണിലേക്കിറങ്ങിയത്‌. ജോലിയില്ലാത്ത ചെറുപ്പക്കാരന്‍ പുറത്തിറങ്ങുന്നതുപോലെ അനേകം ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഇറങ്ങിയപ്പോള്‍ത്തന്നെ ഓട്ടോറിക്ഷ കിട്ടി. ജീവന്‍ ടോണിന്റെ, കഴിച്ചതിനുശേഷം പരസ്യത്തിലെ നായകനെപ്പോലെയുള്ള ഞങ്ങളെ കണ്ടിട്ട്‌, ഓട്ടോറിക്ഷക്കാരന്റെ മനസ്സില്‍ വര്‍ക്ക് ഷോപ്പുകാരന്റെ ബോര്‍ഡ്‌ തൂങ്ങിയാടുന്നത്‌, അയാളുടെ കണ്ണില്‍ ഞങ്ങള്‍ വായിച്ചെടുത്തു.

"എങ്ങോട്ടാ?" മൂന്നാളും മൂന്ന് സ്ഥലം പറഞ്ഞു. ഓട്ടോക്കാരന്‍ ഒന്ന് ഞെട്ടിയപ്പോള്‍ ഞങ്ങള്‍ കൃത്യമായിട്ട്‌ സ്ഥലം പറഞ്ഞു.

വെയിലല്ലേ, ഒരു ഐസ്ക്രീം കഴിച്ച്‌ കളയാം എന്ന് തോന്നി. എലിമാളത്തിലേക്ക്‌ കയറുന്ന പൂച്ചയെപ്പോലെ, ഞങ്ങള്‍ സന്തോഷത്തില്‍ കടയിലേക്ക്‌ കയറി. മൂന്ന് ഫലൂദയ്ക്ക് പറഞ്ഞു. മൂന്ന് വീതം ആണോയെന്ന മട്ടില്‍ അവന്‍ ഒന്ന് പരുങ്ങിനിന്നു. പിന്നെ പോയി. സൈഡില്‍ യുവമിഥുനങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. വഴിവക്കിലെ പോസ്റ്ററുപോലെ, ആരു കണ്ടാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന രീതിയില്‍ ആണിരിപ്പ്‌. അതും ഫെവിക്കോളിന്റെ പരസ്യത്തിലെപ്പോലെ ഒട്ടിപ്പിടിച്ച്‌. ആ നല്ലകാലം അയവിറക്കി ഞങ്ങള്‍ അവരെ ഇടം കണ്ണും വലം കണ്ണും എന്നൊരു ഭേദമില്ലാതെ നോക്കി. കാത്തിരിപ്പിന്റെ ഒടുവില്‍ ഫലൂദ വന്നു. അടുപ്പിലെ തീ ഊതിയിരുന്നെങ്കില്‍, ഈ സമയം കൊണ്ട്‌ ഒരു സദ്യ ഉണ്ണാമായിരുന്നു എന്ന് ചിന്തിച്ച്‌ ഞങ്ങള്‍ ഫലൂദ അകത്താക്കി. ബില്ലും കൊടുത്ത്‌ ഇറങ്ങി.

പിന്നെ, വെള്ളി ആഭരണക്കടയില്‍ക്കയറി. അവിടെയുള്ള എല്ലാ പാദസരങ്ങളും ഞങ്ങളുടെ അളവില്‍ ടെസ്റ്റ്‌ ചെയ്തതിനുശേഷം, ഒരു കിലോ വെള്ളി, ദാ, ഇപ്പോ ചെലവാകും എന്ന് മനക്കോട്ട കെട്ടിയ കടക്കാരന്റെ മുന്നിലേക്ക്‌, പേഴ്സില്‍ നിന്ന് ഒരു കുഞ്ഞുപാദസരം, ചിറ്റമ്മ എടുത്ത്‌ നീട്ടി. ഈ അളവിനുള്ളത്‌ തരൂ, എന്ന് പറഞ്ഞപ്പോള്‍, കള്ളവണ്ടിക്കാരനെക്കണ്ട ടി. ടി. ഇ. യെപ്പോലെ, അയാളുടെ ഭാവം മാറി.

പാദസരം വാങ്ങി പുറത്തിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്യുമ്പോള്‍, തിരുവനന്തപുരത്ത്‌ നിന്ന് ഒരു ബസ്‌ പുറപ്പെട്ടു എന്ന് കേട്ടാല്‍, കണ്ണൂരില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ പേടിക്കുന്ന ഞാന്‍ ഇപ്പുറത്തും, അവര്‍ രണ്ടും അപ്പുറത്തും ആയി. ഞാന്‍ കൂടെയില്ലാത്തത്‌ അറിയാതെ ലോകസുന്ദരിമത്സരത്തില്‍ പങ്കെടുക്കുന്നവരെപ്പോലെ അവര്‍ മന്ദം മന്ദം നടക്കുന്നു. കസിന്‍ എന്തോ പറഞ്ഞ്‌ തിരിഞ്ഞ്നോക്കിയതും കൂടെ ഞാനില്ല എന്ന് കണ്ടു. അവള്‍ ഞെട്ടി. ഒളിമ്പിക്സിലെ റിലേ പോലെ ഞെട്ടല്‍ ചിറ്റമ്മയ്ക്ക്‌ കൈമാറി. രണ്ടാളും നോക്കുമ്പോഴുണ്ട്‌ തെലുങ്കുപടത്തിനു കയറിയ നോര്‍ത്തിന്ത്യനെപ്പോലെ എന്തു വേണ്ടൂ എന്നറിയാതെ ഞാന്‍ വായും പൊളിച്ച്‌ ഇപ്പുറത്ത്‌. അവര്‍ എങ്ങനെയൊക്കെയോ കൈയും കലാശവും കാട്ടി എന്നേയും അപ്പുറത്തെത്തിച്ചു.

നടന്ന് നടന്ന് ഒരു കടയിലെത്തി. തിന്ന ഫലൂദ ദഹിച്ചതിന്റെ ദേഷ്യത്തില്‍ അതിനെ കുറ്റം പറഞ്ഞാണ്‌‍ നടപ്പ്‌. കുറേ അതിഥികള്‍ ഉള്ളത് പ്രമാണിച്ച്‌, ഞങ്ങള്‍ക്ക്‌ നൂറു പൊറോട്ട വേണം. ചിറ്റമ്മ കടയില്‍ കയറിയതും പറഞ്ഞു, ‘നൂറു ഫലൂദ’. വീടുപണിക്കിടയില്‍ ലോട്ടറി അടിച്ചെന്ന് കേട്ട സാധാരണക്കാരനെപ്പോലെ, കടക്കാരന്‍, സന്തോഷത്തില്‍ ഞെട്ടിക്കാണും. ഞാന്‍, അവര്‍ പറയുന്നത്‌ കാര്യമായിട്ട്‌ ശ്രദ്ധിച്ചപ്പോള്‍ എന്തോ ഒരു പന്തികേട്‌. കടക്കാരന്‍ പറയുന്നു, "വീട്‌ അടുത്താണെങ്കില്‍ സാരമില്ല, കപ്പില്‍ തരാം, കൊണ്ടുപോയപാടേ ഫ്രിഡ്ജില്‍ വെച്ചാല്‍ മതി’ എന്നൊക്കെ. പൊറോട്ടയുമായി വല്യ ബന്ധമൊന്നുമില്ലെങ്കിലും, കപ്പില്‍ കൊണ്ടുപോകുന്ന, ഫ്രിഡ്ജില്‍ വെയ്ക്കുന്ന പൊറോട്ടയെപ്പറ്റി ഞാന്‍ ആദ്യമായിട്ടാണു കേള്‍ക്കുന്നത്‌. ‘എന്താ ചിറ്റമ്മേ’, എന്ന് ചോദിച്ചതും ചിറ്റമ്മയ്ക്ക്‌ വെളിച്ചം മിന്നി. ഫലൂദയെപ്പറ്റി കടക്കാരന്‍ പറഞ്ഞതും ചിറ്റമ്മ വേഗം പറഞ്ഞു. ‘അയ്യോ ഫലൂദയല്ല, പൊറോട്ടയാണ് ’ എന്ന്. എന്തെങ്കിലും ആവട്ടെ, എന്ന മട്ടില്‍ അയാള്‍ കുറച്ച്‌ നേരം കാത്തിരിക്കാന്‍ പറഞ്ഞു. പൊറോട്ട ഉണ്ടാക്കി അടുക്കിയടുക്കി പെട്ടിയിലാക്കുന്നതും നോക്കി, സ്കൂളിന്റെ ഉപ്പുമാവ്‌ പുരയ്ക്ക്‌ മുകളില്‍ ഇരിക്കുന്ന കാക്കയെപ്പോലെ ഞങ്ങള്‍ ആത്മാര്‍ഥമായിട്ട്‌ കാത്തിരുന്നു. കിട്ടിയപ്പോള്‍ ഉടനെ വീട്ടിലേക്ക്‌ പറന്നു.

posted by സ്വാര്‍ത്ഥന്‍ at 2:02 PM

0 Comments:

Post a Comment

<< Home