Saturday, October 14, 2006

വായനശാല - അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിനോട്‌ കടപ്പാട്‌

ഇവിടെ സമസ്യ പൂരിപ്പിക്കുന്നവര്‍ക്കായി.. ഒരു സഹായ ഹസ്തം, ഉമേഷ് തന്നെ അക്ഷരശ്ലോകം യഹൂ ഗ്രൂപ്പിലെഴുതിയതാണ്. ഇവിടെയുണ്ടത്‌:http://chintha.com/node/786

സംസ്കൃതവൃത്തങ്ങളാണല്ലോ ശ്ലോകമെഴുതാന്‍ വേണ്ടത്‌-
ശ്ലോകങ്ങളുടെ വൃത്തം കണ്ടുപിടിയ്ക്കുന്നതെങ്ങിനെയെന്നു നോക്കാം-
സ്റ്റെപ്‌ -1.ഗണം തിരിയ്ക്കുക-ഒരു ഗണത്തില്‍ മുമ്മൂന്നക്ഷരങ്ങള്‍
ഉദാഹരണം
ഹാ പുഷ്പ/ മേയധി/കതുംഗ/ പദത്തി/ ലെത്ര
(ഈ വൃത്തം ഒരു വരിയില്‍ 14 അക്ഷരമുള്ളതാണ്‌, അതുകൊണ്ട്‌,
അവസാനത്തെ ഗണത്തില്‍ രണ്ടക്ഷരമേ കാണൂ.)

സ്റ്റെപ്‌-2. അക്ഷരങ്ങളെ ലഘു, ഗുരു എന്നിങ്ങനെ അടയാളപ്പെടുത്തുക -

ലഘു= ഒരു മാത്രകൊണ്ട്‌ ഉച്ചരിയ്ക്കുന്നവ-(അ, ഇ, ക, പ്പ,ചി... ഒരു
ലഘുവിനു തൊട്ടു പിന്നാലെ കൂട്ടക്ഷരമോ ചില്ലോ ഉണ്ടെങ്കില്‍ ലഘുവിനെ
ഗുരുവായി കണക്കാക്കണം

ഗുരു=ഒരു മാത്രകൊണ്ട്‌ ഉച്ചരിയ്ക്കാന്‍ കഴിയാത്ത അക്ഷരങ്ങള്‍(ആ, ഈ,
ഏ,ചീ, ...

'v' എന്ന അടയാളം ലഘുവിനേയും '-' എന്ന അടയാളം ഗുരുവിനേയും
കുറിയ്ക്കുന്നുവെന്നിരിക്കട്ടെ-

- - v - v v v - v v - v - v(!)
ഹാ പു ഷ്പ/ മേ യ ധി/ക തും ഗ/ പ ദ ത്തി/ ലെ ത്ര

step-3

ഓരോ ഗണത്തിനും പേരിറ്റണം
ആദിലഘു (v - -) = 'യ'ഗണം
മധ്യലഘു(- v -) = 'ര'ഗണം
അന്ത്യലഘു(- - v) = 'ത'ഗണം

അതുപോലെ,

ആദിഗുരു (- vv) = 'ഭ'ഗണം
മധ്യഗുരു (v - v) = 'ജ'ഗണം
അന്ത്യഗുരു (v v -) = 'സ'ഗണം

സര്‍വ്വലഘു (vvv) = 'ന'ഗണം
സര്‍വ്വഗുരു (- - - ) = 'മ'ഗണം

(ഇതോര്‍മ്മിയ്ക്കാനുള്ള സൂത്രം,അവസാനം കൊടുത്തിട്ടുണ്ട്‌).

ഇനി നമുക്കു പേരിടാം-

- - v - v v v - v v - v - v!
ഹാ പു ഷ്പ/ മേ യ ധി/ക തും ഗ/ പ ദ ത്തി/ ലെ ത്ര

ത ഭ ജ ജ ഗ ല(!)

(അവസാനത്തെ ലഘുവിനെ ഗുരുവായി കാണണ്‍ തയ്യാറാണെങ്കില്‍ ഉത്തരം
പെട്ടെന്നു കിട്ടും!)- 'ത ഭ ജ ജ ഗ ഗ'

step 4 . വൃത്തലക്ഷണവുമായി ഒത്തു നോക്കുക-
നമുക്കു കിട്ടിയതു വസന്തതിലകത്തിന്റെ ലക്ഷണവുമായി യോജിയ്ക്കും

"ചൊല്ലാം 'വസന്തതിലകം' ത ഭ ജാം ജ ഗം ഗം"

(അവസാനത്തെ രണ്ടക്ഷരങ്ങള്‍ ഗണമല്ലാത്തതുകൊണ്ട്‌, ലഘുവിനെ 'ല'
എന്നും ഗുരുവിനെ 'ഗ/ഗു' എന്നും വിളിയ്ക്കാം
ചിലപ്പോള്‍ അവസാനത്തെ അക്ഷരത്തിനെ ഒന്നു adjust
ചെയ്യേണ്ടിവന്നേയ്ക്കും,മേല്‍ക്കാണിച്ച ഉദാഹരണത്തിലേതുപോലെ).

ഹാ പുഷ്പമേ...., 'കണ്ണേ മടങ്ങുക...ഇവയൊക്കെ 'വസന്തതിലകം.

വരമൊഴിയിലാക്കുമ്പോള്‍ ലഘു-ഗുരുക്കളൊക്കെ അതാതിടത്തു തന്നെ
കാണുമെന്നു പ്രതീക്ഷിക്കുന്നു.

ഗണങ്ങളുടെ പേരോര്‍മ്മിയ്ക്കാന്‍, ഇതു പഠിച്ചുവെച്ചാല്‍ നന്നായിരിയ്ക്കും-

ആദി മധ്യാന്തവര്‍ണ്ണങ്ങള്‍
ലഘുക്കള്‍ 'യ"ര"ത'ങളില്‍
ഗുരുക്കള്‍ 'ഭ"ജ"സ'ങള്‍ക്കു
'മ' 'ന' ങള്‍ 'ഗ' 'ല' മാത്രമാം

posted by സ്വാര്‍ത്ഥന്‍ at 2:25 AM

0 Comments:

Post a Comment

<< Home