Friday, October 13, 2006

മണ്ടത്തരങ്ങള്‍ - പാചകമണ്ടത്തരം

URL:http://mandatharangal.blogspot.com/2006/10/blog-post_13.htmlPublished: 10/13/2006 1:46 AM
 Author: ശ്രീജിത്ത്‌ കെ
വീട്ടില്‍ നിന്ന് മാറി അന്യദേശങ്ങളില്‍ ജോലിക്കായും മറ്റും പോകുന്നവരെ കൂടുതലായി അലട്ടുന്ന ഒരു പ്രശ്നം നല്ല ഭക്ഷണത്തിന്റെ ലഭ്യതയാണ്. ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പറിച്ച് നട്ട എന്നേയും ഈ വിഷയം വല്ലാ‍തെ അലട്ടി. കര്‍ണ്ണാടകയുടെ പരമ്പരാഗത ഭക്ഷണങ്ങളായ ബിസിബെല്ലെ ബാത്ത്, ഘാര ബാത്ത്, കേസരി ബാത്ത് എന്നീ പ്രാതല്‍ വിഭവങ്ങളും തക്കാളി റ്റൊമാറ്റോ റൈസ്, ലെമണ്‍ റൈസ്, പുളിയോഗരെ എന്നീ ഊണ് വിഭവങ്ങളും മധുരത്തില്‍ കുളിച്ച് നില്‍ക്കുന്ന സാമ്പാറ്, മല്ലിയിലയില്‍ കുളിച്ച് നില്‍ക്കുന്ന മറ്റ് കറികള്‍ എന്നിവയൊന്നും കഴിക്കാനുള്ള മാനസികാവസ്ഥയോ ശാരീരികമായോ ഉള്ള സഹനശേഷിയോ ഇല്ലാത്തതിനാല്‍ തുടക്കക്കാലത്ത് ഞാന്‍ ഏറെ കഷ്ടപ്പെട്ടു. എന്റെ സഹമുറിയനും ഇതേ പ്രശ്നത്തില്‍ സമാനമായ ദുരിതം അനുഭവിച്ച് മടുത്ത ഒരു അവസ്ഥയിലാണ് ഞങ്ങള്‍ വീട്ടില്‍ പാചകം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

തുടക്കത്തില്‍ വെള്ളം തിളപ്പിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം തിളപ്പിക്കാ‍ന്‍ വച്ച് അപ്പുറത്ത് പോയി ടി.വി കാണാന്‍ തുടങ്ങിയാല്‍ അവിടെ അതില്‍ മുഴുകി ഇരിക്കും, അടുപ്പത്ത് വച്ച് വെള്ളത്തിന്റെ കാര്യം മറക്കും. അങ്ങിനെ എത്രയോ തവണ ഞങ്ങള്‍ മേഘങ്ങള്‍ക്ക് നീരാവി ദാനം കൊടുത്തിരിക്കുന്നു. വെള്ളം തിളപ്പിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ ചോറ്‌ വയ്ക്കാനുള്ള ബുദ്ധിമുട്ട് പറയണോ. പ്രഷര്‍ കുക്കറിന്റെ വിസിലടിയുടെ എണ്ണം എന്നും ഒരു തലവേദന ആയിരുന്നു. എണ്ണം കൃത്യമായാല്‍ തന്നെ ഒഴിച്ച വെള്ളത്തിന്റെ അളവ് കൃത്യമായില്ലെങ്കില്‍ വേവ് ശരിയാകില്ല. നാട്ടില്‍ അമ്മ ചെയ്യാറുള്ളത് പോലെ കലത്തില്‍ ചോറ് വയ്ക്കുന്ന എന്ന ഏര്‍പ്പാട് നോക്കാം എന്ന് ഒരിക്കലേ ശ്രമിച്ചിട്ടുള്ളൂ, അന്ന് കഞ്ഞിവെള്ളം കലം ചെരിച്ച് വച്ച് കളയാന്‍ ശ്രമിച്ചിട്ട് പൊള്ളിയത് രണ്ടാള്‍ക്കും നീറുന്ന ഓര്‍മ്മയായി എന്നും മനസ്സില്‍ തങ്ങി നിന്നു. പരിപ്പ് വേവിക്കാന്‍ വയ്ക്കുമ്പോള്‍ വിസില്‍ ഒന്നോ രണ്ടോ കൂടിയാല്‍ തന്നെ കുഴപ്പമില്ല എന്നതിനാലും ബാക്കി ഇടേണ്ട സാധനങ്ങളെല്ലാം കവറിലാക്കി വാങ്ങാന്‍‍ കിട്ടുമെന്നതിനാലും സമ്പാര്‍ മാത്രം വൃത്തിയായി വച്ചു കൊണ്ടിരുന്നു രണ്ട് ബാച്ചിലര്‍ കുക്കുകളും.

പലപ്പോഴും മടി കാരണം ചോറും സാമ്പാറും മാത്രമാക്കും അത്താഴത്തിന്. അച്ചാര്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ രക്ഷകനാകും. ഇതിനുപുറമേ ചിലപ്പോള്‍ ഓം‌ലെറ്റ്, ക്യാബേജ്, വെണ്ടയ്ക്ക, പാവയ്ക്ക, പയര്‍ എന്നിവയുടെ തോരന്‍ വരെ ഉണ്ടാക്കിയ ചരിത്രവുമുണ്ട്. ബ്ലോഗുകളും വിക്കിയും എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിനുമുന്‍പായിരുന്നു ഈ പരീക്ഷണങ്ങള്‍ എന്നതിനാല്‍ അവിടങ്ങളില്‍ പാചകക്കുറി അന്വേഷിക്കുന്നതിനുപകരം അന്നൊക്കെ ചെയ്തിരുന്നത് കറി വയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അമ്മയെ ഫോണ്‍ വിളിച്ച് കറി വച്ച് തീരുന്നത് വരെ ലൈവ് കമന്ററി അങ്ങോട്ട് കൊടുത്ത് നിര്‍ദ്ദേശങ്ങള്‍ ഇങ്ങോട്ട് മേടിക്കുക എന്നതായിരുന്നു. ഒരേ കറി തന്നെ ദിവസവും വയ്ക്കുകയാണെങ്കില്‍ തന്നെയും അമ്മയെ വിളിച്ച് സംശയനിവാരണം വരുത്തിത്തന്നെയായിരുന്നു പാചകം. കുറേ നാളുകള്‍ക്ക് ശേഷം കറികള്‍ മോശമില്ല്ലാതെ വയ്ക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം കൈവരിച്ചിട്ടേ ഈ കോള്‍ കോണ്‍ഫറന്‍സ് നിന്നുള്ളൂ.

ആത്മവിശ്വാസം അമിതവിശ്വാസം ആവാന്‍ അധികനേരം വേണ്ടി വന്നില്ല. എന്ത് പരീക്ഷണം നടത്താനും ധൈര്യം വന്നതോട് കൂടി ആ അടുക്കളയില്‍ പല പുതിയ കറികളും ജനനം കൊണ്ടു. മുട്ട സാമ്പാര്‍, വെണ്ടയ്ക്കാ ക്വാളിസ് (ടൊയോട്ട ക്വാളിസ് വണ്ടിയുടെ പരസ്യം ഉള്ള ഒരു പേപ്പറിലാണ് ഈ കറിക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ മുറിച്ചിട്ടത്), തക്കാളി തട്ടിമുട്ടി (ഒരു നഗരപദക്ഷിണം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ സാമ്പാര്‍ വയ്ക്കാന്‍ ആവശ്യമായ ഒന്നും ഉണ്ടായിരുന്നില്ല, ഉള്ളത് കൊണ്ട് തട്ടിമുട്ടി ഒരു കറിയുണ്ടാക്കി), സ്ക്രാംബിള്‍ഡ് ക്യാബേജ് എന്നിങ്ങനെയുള്ള പുതുവിഭവങ്ങള്‍‍ ഞങ്ങളുടെ അടുക്കളയ്ക്ക് പേരും പെരുമയും നേടിത്തന്നു.

അങ്ങിനെയിരിക്കെ ഒരുനാളില്‍ എനിക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിനായി എറണാകുളത്ത് പോകേണ്ടി വന്നു. തിരിച്ച് വന്നത് ട്രെയിനിലായിരുന്നു. ട്രെയിനില്‍ സാധാരണ കാണാറുള്ള പുസ്തകവില്‍പ്പനക്കാരുടെ കയ്യില്‍ കണ്ട ഒരു പുസ്തകത്തില്‍ ആദ്യമായി എന്റെ കണ്ണുകളുടക്കി. സ്വാഭാവികമായും അതൊരു പാചകപുസ്തകമായിരുന്നു. പാചകം എനിക്കൊരു ഹരമായി മാറിക്കൊണ്ടിരിക്കുന്ന സമയം. പത്ത് രൂപയ്ക്ക് ഈ പുസ്തകം ഒന്നുമാലോചിക്കാതെ തന്നെ ഞാന്‍ വാങ്ങി. പത്താം ക്ലാസ്സ് പാസ്സാക്കാന്‍ പഠിച്ചതിലും ആത്മാര്‍ത്ഥമായി വായിച്ച് പഠിച്ച് ഈ പുസ്തകം തിരിച്ച് ഞാന്‍ ബാംഗ്ലൂരിലെത്തുമ്പോഴേക്കും ഹൃദിസ്ഥമാക്കിയിരുന്നു.

ജീവിതത്തിലാദ്യമായി വീട്ടിലെ അടുക്കളയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ വേദന അന്ന് ഞാന്‍ അനുഭവിച്ചു. അടുക്കളയിലെ പാത്രങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന ശബ്ദവും, കുക്കറിന്റെ വിസിലും പച്ചക്കറികള്‍ അറിയുന്നതിന്റെ സുഖവും ഒക്കെ ഞാന്‍ ആദ്യമായി മിസ്സ് ചെയ്തു തുടങ്ങി. വീട്ടിലെത്തി ആ അടുക്കള കാണുന്നതു വരെ ഞാന്‍ അനുഭവിച്ച ആകാംഷ, ജോലിക്കുള്ള കൂടിക്കഴ്ച കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരുന്നപ്പോള്‍ ഉണ്ടായിരുന്നതിലും എത്രയോ ഇരട്ടിയായിരുന്നു. വാങ്ങിയ പുസ്തകം സഹമുറിയനെക്കാണിച്ച് ഇനി പുതുതായി ഉണ്ടാക്കാനായി കണ്ട് വച്ചിരിക്കുന്ന വിഭവങ്ങളെക്കുറിച്ച് വിവരിച്ച ശേഷമേ ഞാന്‍ യാത്രയ്ക്ക് കൊണ്ട് പോയ ചുമല്‍ ബാഗ് പോലും ഊരി വയ്ച്ചുള്ളൂ.

അന്നുതന്നെ പുതിയ പരീക്ഷണങ്ങള്‍ക്കായി ഞാന്‍ തയ്യാറെടുക്കുമ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന എന്റെ മറ്റ് സഹപാഠികളെ വിളിച്ച് കൊണ്ടു വന്നു എന്റെ സഹമുറിയന്‍. നമ്മുടെ കഴിവുകള്‍ അങ്ങിനെ അടുക്കളയുടെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുക്കേണ്ടതല്ല എന്നതാ‍യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എനിക്കും മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ല.

ആ പുസ്തകത്തില്‍ എനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതും ഏറ്റവും സാഹസികമായി തോന്നിയതും “മുരിങ്ങയിലത്തോരന്‍” എന്നയിനമായിരുന്നു. പുസ്തകത്തില്‍ പറഞ്ഞ പാചകവിധിപ്രകാരം വലിയ ബുദ്ധിമുട്ടില്ല ഇതുണ്ടാക്കാന്‍. ചേര്‍ക്കേണ്ട ചേരുവകള്‍ ആണെങ്കില്‍ വളരെക്കുറവും. ചുരുങ്ങിയനേരം കൊണ്ട് പേരെടുക്കാന്‍ മുരിങ്ങയിലത്തോരന്‍ ബെസ്റ്റ് തന്നെ. പിന്നീടങ്ങോട്ട് ചൂടേറിയ, പൊടിപറക്കുന്ന അങ്കമായിരുന്നു അടുക്കളയില്‍. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഞാന്‍ ആരെയും അടുപ്പിച്ചില്ല അടുക്കളയില്‍, എന്റെ പാചകസഹജസഞ്ചാരിയായ സഹമുറിയനെപ്പോലും. ഉച്ചയായപ്പോഴേക്കും കറികള്‍ തയ്യാറായി. ചോറും റെഡി. ഞാന്‍ തന്നെ മുന്‍‌കൈ എടുത്ത് വിളമ്പി വച്ച് എല്ലാവരേയും കഴിക്കാന്‍ വിളിച്ചു.

നല്ല വിശപ്പിന് പേര്‍ കേട്ടവരാണ് എന്റെ സഹപാഠികള്‍. ആര്‍ത്തിയുടെ പര്യായങ്ങള്‍. ഉത്തമമായ തീറ്റയുടേ ഉദാഹരണങ്ങള്‍. ഭക്ഷണത്തിനായി ഇവര്‍ വായ പൊളിച്ച് നില്‍ക്കുമ്പോള്‍ എന്റെ മുരിങ്ങയിലത്തോരന്‍ ഞാന്‍ പങ്ക് വച്ച് ഇവരുടെ പാത്രങ്ങളിലേയ്ക്ക് വിളമ്പിക്കൊടുത്തു. ഇവര്‍ പ്രശംസയുടെ ഭാണ്ഡം തുറന്ന് എനിക്കായി അഭിനന്ദനങ്ങള്‍ ചൊരിയുന്നത് കേള്‍ക്കാനായി ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.

ഒന്നുമുണ്ടായില്ല. അവര്‍ മിണ്ടുന്നില്ല. പാത്രത്തിലുള്ള ചോറിന്റെ അളവ് കുറയുന്നതിന് അനുപാതികമായി മുരിങ്ങയിലത്തോരന്‍ കുറയുന്നില്ല. കുറയുന്നത് പോയിട്ട് വച്ചിടത്ത് നിന്ന് അനങ്ങുന്നുപോലുമില്ല. എന്തോ എവിടെയോ പിഴച്ചിരിക്കുന്നു! “കഴിക്കുന്നില്ലേ” ഞാന്‍ ചോദിച്ചു. മറുപടി ഇല്ല. “ഒന്ന് കഴിക്കെടാ”, അതിനും മറുപടി ഇല്ല. “ഒന്ന് രുചിയെങ്കിലും നോക്കെടാ, എന്ത് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇതുണ്ടാക്കിയതെന്നറിയാ‍മോ”

സഹമുറിയന്‍ തലയൊന്നുയര്‍ത്തി എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്റെ മുരിങ്ങയിലത്തോരനെക്കുറിച്ച്.

“ഞാന്‍ പശുവും മാടുമൊന്നുമല്ല പച്ചില തിന്നാല്‍”

അന്നത്തോടെ എന്റെ പാചകം നിന്നു. അന്ന് മുതല്‍ ഞാന്‍ ഹോട്ടലില്‍ നിന്ന് മനസ്സമാധാനമായി സ്വാദുള്ള ഭക്ഷണം തന്നെ കഴിക്കാന്‍ തുടങ്ങി.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:34 AM

0 Comments:

Post a Comment

<< Home