Saturday, October 14, 2006

ശേഷം ചിന്ത്യം - ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരിക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരികയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും; ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരികയാണ്.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 2:25 AM

0 Comments:

Post a Comment

<< Home