Sunday, October 01, 2006

ശേഷം ചിന്ത്യം - ഭാര്യാഗൃഹേ പരമ സുഖം

കുട്ടികളായിരിക്കുമ്പോള്‍, അമ്മൂമ്മയും അച്ഛനും ഞങ്ങള്‍ക്ക്—അനിയന്മാര്‍ക്കും എനിക്കും—കഥകള്‍ പറഞ്ഞു തരുമായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആണ് വീട്ടില്‍ വരാറുള്ളത് എന്നതു കൊണ്ട്, ദിവസവും കഥ പറഞ്ഞു തരുന്ന അമ്മൂമ്മയെ കഥകളുടെ എണ്ണത്തിലോ അവയുടെ “വൌ ഫാക്ടറിലോ” തോല്പിക്കാന്‍ സാധ്യമല്ല എന്ന് ഞങ്ങള്‍ തര്‍ക്കത്തിനിടയില്ലാത്ത വിധം അച്ഛനെ ധരിപ്പിച്ചു പോന്നു.

അങ്ങനെയാണ് മറ്റേമ്മ (എന്നു ഞങ്ങള്‍ വിളിക്കുന്ന അമ്മൂമ്മ) യോട് പിടിച്ചു നില്‍ക്കാന്‍ അച്ഛന്‍ പുതിയ തന്ത്രം മെനഞ്ഞത്. അന്ന് നടന്നതോ നടക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ള പുരാണ/സാരോപദേശ കഥകള്‍ ആയിരിക്കും അച്ഛന്‍ പറയുക. കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ വിനോദം ആ കഥയും അന്നു നടന്ന സംഭവവുമായി ബന്ധപ്പെടുത്തുക എന്നതായിരുന്നു. കഥയുടെ നാടകീയ അവതരണത്തില്‍ മറ്റേമ്മയോട് ഒപ്പത്തിനൊപ്പമോ ഒരു പടി പിന്നിലോ ആയിരുന്ന അച്ഛന്‍, ഈ തന്ത്രത്തിലൂടെ മുന്നിലെത്തി. അച്ഛന്‍റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി.

“മറ്റേമ്മാ, ചങ്കരന്‍ തുറുകൂട്ടിയപ്പം താഴെ വലുപ്പം കൂടുതലും മോളിലോട്ട് കൂര്‍ത്തും വച്ചില്ലേ? അങ്ങനെ വച്ചാല് അത് താഴപ്പോവൂലാന്ന്, പണ്ട് ഹനുമാന്‍ രാവണന്‍റെ മുമ്പില് വാലു ചുരുട്ടിയതീന്ന് ചങ്കരന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍ പഠിച്ചതാത്രേ.”

ഒരു ദിവസം അത്താഴം കഴിഞ്ഞ് ഏതോ കഥ കേട്ട് കേട്ട് പകുതിയായപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. അന്ന് അനിയന് അഭിമന്യുവിന്‍റെ കഥ കൂടി കേള്‍ക്കാന്‍ സാധിച്ചു.

രണ്ടു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അമ്മ വീട്ടില്‍ അച്ഛന്‍ നിന്ന ഓര്‍മയെനിക്കില്ല. വിശാലമായ പറമ്പും ധാരാളം കളിക്കൂട്ടുകാരുമുള്ള അമ്മവീടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പഥ്യം. അച്ഛന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടുദിവസം കൂടി അച്ഛന്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കും. ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് കവി ഭാരവിയെക്കുറിച്ചുള്ള കഥയാണ്.

ഭാരവി കല്യാണം കഴിഞ്ഞ് കുറേ നാള്‍ ഭാര്യവീട്ടില്‍ പൊറുത്താലോ എന്ന് വിചാരിച്ച് താമസം അവിടേയ്ക്കു മാറ്റി. നല്ല സുഖം. സമയത്ത് ഭക്ഷണം. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. രാജകീയ റ്റ്രീറ്റ്മെന്‍റ്. കവിതയെഴുത്തിന്‍റെ അസുഖമുണ്ടായിരുന്ന ഭാരവി തന്‍റെ സന്തോഷം അടക്കിവച്ചില്ല. വീടിന്‍റെ പുറകിലുള്ള ഭിത്തിയില്‍ അദ്ദേഹം കരിക്കട്ടകൊണ്ട് ഇങ്ങനെ എഴുതിവച്ചു:

“ഭാര്യാ ഗൃഹേ പരമ സുഖം!”

പിറ്റേന്ന് ഭാരവിയുടെ അമ്മായിയപ്പന്‍ ഈ ലിഖിതം കണ്ടു. മരുമകന്‍റെ മനസ്സില്‍ ആവശ്യമില്ലാത്ത ആശയങ്ങളൊന്നും വരുത്തേണ്ട എന്നു വച്ച് അമ്മായിയപ്പന്‍ അടിയില്‍ കരിക്കട്ടകൊണ്ടു തന്നെ ഇങ്ങനെ എഴുതി:

“തവ രണ്ടു ദിനം.”

ഭാരവിക്ക് ഇതത്ര രുചിച്ചില്ല. എന്നാലും അതൃപ്തി പുറത്തു കാണിക്കാതെ, രാജതുല്യനായിത്തന്നെ, അദ്ദേഹത്തിന്‍റെ ഭാര്യവീട്ടിലെ പൊറുതി നാലാം ദിവസത്തിലേയ്ക്ക് കടന്നു. അമ്മായിയപ്പനു തെറ്റിയല്ലോ എന്നാഹ്ലാദിച്ച് ഭാരവി മൂന്നാം വരി കുറിച്ചു:

“മമ നാലു ദിനം...”

പിറ്റേന്ന് അതിരാവിലെ ഭാരവി കെട്ടും ഭാണ്ഡവുമെടുത്ത് സ്ഥലം കാലിയാക്കിയത്രേ. അതിനു കാരണം, നാലാം വരിയായി അമ്മായിയപ്പന്‍ ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതാണെന്ന് അന്നാട്ടുകാര്‍ വിശ്വസിച്ചു പോന്നു:

“ശ്വാനനു സമം!”

പിന്നീട് ഞായറാഴ്ചകളില്‍ “അച്ഛന്‍ പോണില്ലേ?” എന്ന് ഞങ്ങള്‍ ചോദിച്ചു തുടങ്ങി.

[വിവാഹിതരുടെ ചില വീരകഥകള്‍ വായിച്ചപ്പോള്‍ ഓര്‍മ വന്നത്. എന്നെ ശല്യരാക്കിയ ഉമേഷിന്‍റെ ഭാവനയോട് കൂറു പുലര്‍ത്തണമല്ലോ.]

posted by സ്വാര്‍ത്ഥന്‍ at 8:16 PM

0 Comments:

Post a Comment

<< Home