Friday, September 29, 2006

അശ്വമേധം - ചുണ്ടുകള്‍

കീബോര്‍ഡില്‍ നിന്ന് അക്ഷരക്കട്ടകള്‍ ഇളകി ഓരോന്നും ഓരോ ഈച്ചകളെപ്പോലെ പറന്നു നടക്കുന്നു. ഞാന്‍ ആറിന്റെ പുറകെ കുറച്ചു സമയമായി വിരല്‍ കൊണ്ടു നടക്കുന്നു. ഇങ്ങ് ഇടത്തേ മൂലയ്ക്ക് ഇരിയ്ക്കുന്നതു കണ്ട് എത്തിപ്പിടിയ്ക്കാനെത്തിയപ്പോഴേയ്ക്കും അവന്‍ പറന്ന എഫ് 8-ന്റെ അടുത്തു പോയി. അവിടെ നിന്ന് വീണ്ടും നംപാഡിന്റെ മധ്യത്തിലേയ്ക്ക്, പിന്നെയും ചുറ്റി മറഞ്ഞ് കറങ്ങിത്തിരിഞ്ഞു പറക്കുന്നു.

കപ്പൂച്ചീനോയുടെ ചവര്‍പ്പ് മധുരത്തിലലിയിക്കാതെ, ചൂട് ഒട്ടും കളയാതെ വിഴുങ്ങിയിട്ടും അബോധമനസ്സിനു തന്നെ ബോധത്തിനു മുകളില്‍ ആധിപത്യം. കപ്പൂച്ചീനോ എടുത്തു തന്ന സ്വര്‍ണ്ണമുടിയുള്ള സുന്ദരിയുടെ ചുവന്നു തുടുത്ത കവിളിലിരിയ്ക്കുന്നത് ഒരു റാണിത്തേനീച്ചയോ? അവളുടെ അധരങ്ങളില്‍ ആ തേനീച്ച മധു നിറയ്ക്കുന്നോ? ആ കണ്ണുകള്‍ പവിഴം പോലെ തിളങ്ങുന്നു. എന്നെയും പിന്നെ ഏഴു സാഗരങ്ങളും അവിടെ എനിക്ക് നോക്കിക്കാണാം. അവളുടെ കഴുത്തിനു താഴെയുള്ള ദേഹം വെള്ളത്തിലെ പ്രതിബിംബം പോലെ ഓളം വെട്ടുന്നു.

വീഥിയുടെ വലത്തേ അറ്റത്തുകൂടി സ്പീഡ് ലിമിറ്റുകള്‍ കാറ്റില്‍ പറത്തി വന്നിരുന്ന ഒരു ചുവപ്പ് ജാഗ്വാര്‍ ഒരു ഷാര്‍പ്പ് ടേണ്‍ എടുത്ത് പഥയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലത്തുകൂടി തെന്നിനീങ്ങി അവസാനം റോഡിനടുത്തു നില്‍ക്കുന്ന സിഗ്നല്‍ പോസ്റ്റില്‍ക്കൂടി മുകളില്‍ കയറി അതിന്റെ മുകളില്‍ നിന്ന് അനായാസേന അടുത്തുള്ള കണ്ണാടിമണിമന്ദിരത്തിന്റെ ഭിത്തിലേയ്ക്ക് ചാടി വീണു. ഭിത്തിയിലൂടെ വശം തിരിഞ്ഞ് മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി… മന്ദം മന്ദം അത് ഭിത്തിയുടെ അങ്ങേ അറ്റത്തെത്തി, തിരിവ് കഴിഞ്ഞ് അപ്രത്യക്ഷമായി.

ഒരു പബ്ബ് ഒന്നായി നൃത്തം ചവിട്ടുന്നു. അകത്തിരുന്ന് മധു നുകരുന്നവര്‍ നിശ്ചലരായിരിക്കുന്നു. ബിയര്‍ വെണ്ടറുകളും മദ്യ ഷെല്‍ഫുകളും ചുവടു വെയ്ക്കുന്ന പബ്ബിനുള്ളില്‍ വായുവില്‍ പറന്നു നടക്കുന്നു. മനോഹരമായ മദ്യ ചഷകങ്ങള്‍ താഴെ വീണ് പൊട്ടാതെ പിങ്ങ് പോങ്ങ് പന്തുകള്‍ പോലെ നിലത്തു നിന്നും കുതിച്ചുയരുന്നു.

മഴ ഭൂമിയില്‍ നിന്ന് ചുഴലിക്കാറ്റു പോലെ ഉയര്‍ന്ന് മുകളിലേയ്ക്ക് പോകുന്നു. പൊടിയുടെ ഒരു ചുഴലിയും മഴയുടെ ഒരു ചുഴലിയും ഒന്നിച്ചുയരുന്നു, പരസ്പരം വട്ടംചുറ്റിക്കറങ്ങുന്നു. ഒരു പാര്‍ട്ടി ഡാന്‍സിലെന്ന പോലെ മതിമറന്ന ചുവടുകള്‍ വെയ്ക്കുന്നു. മഴയാകുന്ന ചുഴലിയുടെ മദിച്ച അരക്കെട്ടില്‍ കൈകള്‍ ചുറ്റി പൊടിയുടെ ചുഴലി പുറകിലേയ്ക്ക് വളഞ്ഞ് ആടുന്നു.

പിന്നെയും നീളുന്നതിനു മുന്‍പെ അവള്‍ അവസാനിപ്പിച്ചു. എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.

posted by സ്വാര്‍ത്ഥന്‍ at 3:32 PM

0 Comments:

Post a Comment

<< Home