ViswamBlogs... വിശ്വബൂലോഗം - നേതി...നേതി...
URL:http://viswaprabha.blogspot.com/2006/09/blog-post.html | Published: 9/11/2006 5:46 AM |
Author: viswaprabha വിശ്വപ്രഭ |
ജ്യോതീ, ഡാലീ,
തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല!
അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്?
അതിനക്കരെ പ്രപഞ്ചങ്ങളുണ്ടായിരിക്കാം. അവിടെ നിന്നും, ആ കൊച്ചുപൊത്തിനപ്പുറത്തുനിന്നും നമ്മെപ്പോലെത്തന്നെയുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ ഇപ്പുറത്തേക്ക്, നമുക്കെതിരെ, ഇരുളിലേക്കു സാകൂതം നോക്കിക്കൊണ്ടു നില്‍ക്കുന്നുണ്ടാവാം. ഒരു പക്ഷേ നമുക്കു കേള്‍ക്കില്ലെങ്കിലും, അവര്‍ പറയുന്നുണ്ടാവാം:
“നോക്കൂ, ഇരുട്ട്! വെളിച്ചം പായചുരുട്ടി വെക്കുന്ന പൊത്ത്! കണ്ടില്ലേ, നമ്മുടെ വാക്കു പോലും ഒരു പ്രതിദ്ധ്വനിപോലുമില്ലാതെ ഈ അന്ധകൂപത്തിലേക്കു മുങ്ങിപ്പോകുന്നത്! തൊടണ്ട, അറിയുക പോലും ചെയ്യണ്ട! നമ്മെക്കൂടി നമുക്കു നഷ്ടപ്പെടണ്ട!”
ഇരുട്ടു ചുരത്തുന്ന ദ്വാരങ്ങള്‍ക്കപ്പുറവുമിപ്പുറവും നിന്ന്,
കേള്‍ക്കുന്ന ചെവിയേയും തേടി വാക്കു തെണ്ടുന്നു...
കാണുന്ന കണ്ണുകളും തിരഞ്ഞ് വെളിച്ചം അലയുന്നു...
*** *** ***
"The opposite of a correct statement is a false statement. But the
opposite of a profound truth may well be another profound truth."
—Niels Bohr
ഒരു ദിവസം ഞാന്‍ ആ കിണറ്റില്‍ വീണു. നേരങ്ങളും അകലങ്ങളും എന്നില്‍നിന്നും വഴുതിക്കയറിപ്പോയി. വെളിച്ചം എനിക്കു പിന്നില്‍ എന്നെ ഉപേക്ഷിച്ചു പിന്‍വാങ്ങി.
തലക്കുമുകളില്‍ വൃത്താകാരത്തില്‍ ഇരുട്ട് അങ്ങുയരെ എനിക്കൊരു കൂടാരം പണിഞ്ഞു. പ്രപഞ്ചം മുഴുവന്‍ ആ കൂടാരത്തിന്റെ ഉച്ചിയില്‍ ഒറ്റയൊരു ചെറുവട്ടമായി, വെളിച്ചത്തിന്റെ ഒരു ദ്വാരമായി മാറി. ദ്വാരകേന്ദ്രത്തിനുചുറ്റും ഫോട്ടോണുകള്‍ ഭീഷണമായ വേഗത്തില്‍ ഭ്രമണം ചെയ്തുചുരുങ്ങിക്കൊണ്ടിരുന്നു. അവയുടെ അപകേന്ദ്രബലം കൂടിക്കൂടിവന്ന് ഒടുവില്‍ സമസ്തലോകങ്ങളും ഒരു ത്രുടിക്കുള്ളില്‍ പൊട്ടിച്ചുരുങ്ങി!
മറ്റൊരു ത്രുടിപോലുമായില്ല, വീണ്ടും ഭ്രമം! വിഭ്രമം!
ഇപ്പോള്‍ ശ്രീകോവിലിലാണ്! വിഗ്രഹത്തിനുള്ളില്‍...
സംപൂജ്യം!
നിര്‍ഗുണം!നിരാമയം!
അഖിലവുമുള്ളിലേക്കു വലിച്ചെടുക്കുന്ന ഒരൊറ്റ വിലയബിന്ദു! ഞാന്‍ അതിലാണ്. അതുതന്നെയാണ് ഞാന്‍! അഹം തദ് സത്!
അന്യതയുള്ള ഒന്നുമില്ല ഇപ്പോള്‍... ഉള്ളതു ഞാന്‍ മാത്രം! മറ്റൊന്നില്ലാത്തപ്പോള്‍ ഞാനെവിടെ? ബോധചക്രവാളത്തിനുമപ്പുറത്തെത്തിയപ്പോള്‍ ആ അഹംകാരവുമില്ലാതായി.
ഇരുട്ടില്ല! വെളിച്ചം മാത്രം! അതെനിക്കുചുറ്റും അലകളുയര്‍ത്തിക്കൊണ്ടു നാലുപാടുനിന്നും വീശി!
അവയ്ക്കുള്ളിലൂടെ ഞാന്‍ കണ്ടു, സ്വര്‍ഗ്ഗലോകങ്ങള്‍... ഒന്നിനുള്ളിലൊന്നായി ഈരേഴുപതിനാലോ? അല്ല.. കണ്ണെത്താത്തിടത്തോളം പ്രകാശവലയങ്ങള്‍... സ്വര്‍ഗ്ഗകൂപങ്ങള്‍...
സമയസോപാനങ്ങള്‍... ആറെണ്ണമോ? അല്ല, ജഠരകാരാഗൃഹങ്ങള്‍..ഗര്‍ഭപാത്രത്തിനുള്ളില്‍ ഗര്‍ഭപാത്രങ്ങളായി ഓര്‍മ്മയെത്താത്തിടത്തോളം നീളെ ജന്മജന്മാന്തരങ്ങള്‍...
അവയ്ക്കെല്ലാം മുകളിലൂടെ സദ്ചിദാനന്ദമായ നീലനീലംതുടുത്ത ആകാശത്തിലൂടെ വാക്കുകള്‍, ജ്ഞാനസ്നാനം കഴിഞ്ഞ പ്രാവുകള്‍, ശാന്തമായി പറന്നുനീങ്ങി...
"...ആയിരത്താണ്ടുകളായി ഹൂഹു എന്റ്റെ കാലില്‍ കടിച്ചുപിടിച്ചിരിക്കുന്നു, അമ്മേ ഒരു വാക്ക്, ഒരൊറ്റ വാക്കു തരൂ, എനിക്കിന്ദ്രദ്യുമ്നനാകാം..."
"...മയക്കത്തിലാണ്, ഉണര്‍ത്തേണ്ട..”
"...in search of the great universal single equation..."
"...മോനേ, എന്റെ പൊന്നുമോനേ, എന്റെ പുന്നാരമുത്തേ....”
"...everything attrraacts....."
"...oh my gosh! arrhythmia... again!..."
"...നേതി, നേതി!..."
"...എന്റെ കുട്ടി...”
"...സ്വര്‍ഗ്ഗസ്ഥനായ അങ്ങയുടെ രാജ്യം വരേണമേ...”
“I told you! gravity is just geometry!"
"പരമകാരുണികനും സര്‍വ്വശക്തനും...”
".... .... ...."
"..."
".."
""
ഈ കുഴിയില്‍ വീണുകിടന്ന് ഉയരത്തില്‍ നിന്നും ഞാനിപ്പോളൊരു രഹസ്യം പറയാം: എനിക്കീ സുവിശേഷം നിങ്ങളെ അറിയിക്കാന്‍ പറ്റില്ലയിനി. വാക്ക്, നമുക്കിടയിലെ പൊക്കിള്‍ക്കൊടി, അറ്റുപൊയിരിക്കുന്നു ഇപ്പോള്‍!
ഇവിടെനിന്നും പുറത്തേക്ക് സന്ദേശങ്ങള്‍ പോവില്ല!

0 Comments:
Post a Comment
<< Home