Monday, September 11, 2006

Suryagayatri സൂര്യഗായത്രി - ഓണം 2006

URL:http://suryagayatri.blogspot.com/2006/09/2006.htmlPublished: 9/11/2006 3:57 PM
 Author: സു | Su
അങ്ങനെ ഒരു ഓണവും കൂടെ ഉണ്ടു.

ഉത്രാടത്തിന് നേരം പുലര്‍ന്നപ്പോള്‍ എണീറ്റു. ഓട്ട‌ന്‍‌തുള്ളല്‍ ഉണ്ട് എന്ന് മുന്‍‌കൂട്ടി അറിഞ്ഞതുകൊണ്ട് എണീറ്റയുടനെ ടി.വി. ഓണ്‍ ചെയ്തു.

“നിനക്കൊന്നുമറിയില്ല, കാരണം നീ
കുട്ടിയാണ് ”.


ലാലേട്ടന്റെ ഡയലോഗ് വന്നു. ഞെട്ടിപ്പോയി. ഓട്ടന്‍‌തുള്ളലിനു
പകരം നാട്ടുരാജാവിന്റെ പരസ്യം!

“കുട്ടിയോ? ഞാനോ? അമ്മേ...” എന്ന്
വിളിച്ചു.

ചേട്ടന്‍ എണീറ്റ് ഓടിവന്നു.

“എന്താ അമ്മയെ വിളിച്ചലറിയത്?”

ഭാഗ്യം. ലാലേട്ടന്റെ ഡയലോഗ് രക്ഷിച്ചു. ചേട്ടനെ വിളിക്കാനുള്ള
സമയം ലാഭിച്ചു.

ഓട്ടന്‍‌തുള്ളല്‍ തീര്‍ന്നുപോയെങ്കിലും ഉത്രാടത്തിന്റെ ഓട്ടവും തുള്ളലും
തുടങ്ങി. സദ്യയും വെച്ചു, ബ്ലോഗില്‍ ഒരു പോസ്റ്റും വെച്ചു. രണ്ടും
കെണികള്‍. പിന്നെ ഉണ്ടാക്കിയിട്ടും, ഇട്ടിട്ടും കാര്യമില്ലല്ലോ.
പിന്നെ പലരും വിളിച്ചു. പലരേയും വിളിച്ചു. ചിലരെ വിളിച്ചിട്ട് കിട്ടിയില്ല. കസിന്റെ കുട്ടിയുടെ ഇരുപത്തെട്ട് ആയിരുന്നു. സകലബന്ധുജനങ്ങളും അവിടെ സദ്യയടിക്കുമല്ലോന്നോര്‍ത്തപ്പോള്‍ ഇത്തിരി വിഷമം വന്നു. അവിടെ നിന്നും എല്ലാവരും ലൈവ് ആയിട്ട് പരിപാടികള്‍ അറിയിച്ചുകൊണ്ടിരുന്നു.

ഉത്രാടം നീങ്ങിപ്പോയി. ഓണം പിറന്നു. തലേന്നത്തെ സംഭവം ഓര്‍മ്മയില്‍ വന്നതുകൊണ്ട് ടി. വി ഓണ്‍ ചെയ്യാന്‍ പോയില്ല. ഓണസ്സദ്യയുടെ തിരക്കില്‍പ്പെട്ടു. ആരെങ്കിലും എന്നോട് ചേട്ടന്‍ ഓണത്തിന് സദ്യയുണ്ടാക്കാന്‍ സഹായിച്ചോന്ന് ചോദിച്ചാല്‍ പറയണമെങ്കില്‍ എന്തെങ്കിലും വേഗം സഹായിച്ചോന്ന് ചേട്ടനോട് പറഞ്ഞു. ഉണ്ടായിരുന്നത് തക്കാളിപ്പച്ചടി ആയിരുന്നു. തക്കാളി രണ്ടെണ്ണം അരിഞ്ഞിട്ട് പാത്രം അടുപ്പില്‍ വെക്കാന്‍ പറഞ്ഞു. തേങ്ങ അരയ്ക്കലും, തൈര്‍ റെഡിയാക്കി വെക്കലും കഴിഞ്ഞ് തക്കാളി വെന്തലിഞ്ഞോന്ന് നോക്കിയപ്പോള്‍ സ്റ്റൌവ് കത്തിക്കാതെ വെറുതേ പാത്രം അതിനുമുകളില്‍ ഇരിക്കുന്നു.

“ചേട്ടാ......”

“എന്താ?”

“ഇതിങ്ങനെ വെച്ചാല്‍ ഓണസ്സദ്യയുടെ പച്ചടി ആകാശത്തുനിന്ന് വരുമോ?”

“നീ സ്റ്റൌവില്‍ വെക്കാനല്ലേ പറഞ്ഞത്? കത്തിക്കാന്‍
പറഞ്ഞില്ലല്ലോ.”

കത്തുന്ന നോട്ടം നോക്കി.

ഉച്ചയ്ക്ക് ഊണുകഴിഞ്ഞപ്പോള്‍
പറഞ്ഞു.

“നീ വേണമെങ്കില്‍ ഒരു പാട്ട് പാടിക്കോ. ഓണമല്ലേ.”

ഓണത്തിനും വിഷുവിനും സംക്രാന്തിക്കും കിട്ടുന്ന അവസരമായതുകൊണ്ട് ഞാന്‍ പറഞ്ഞു.

“ന്നാപ്പിന്നെ മഹാസമുദ്രംന്ന് പറഞ്ഞ പടത്തിലെ പാട്ട് പാടാം.”

“ഏതെങ്കിലും പാട്. എന്തായാലും എനിക്ക് പാടാണ്.”

“ഉം. എന്നാലിതാ.”

“കടല്‍ക്കരയില്‍ കാറ്റുകൊണ്ടിട്ടെത്ര നാളായീ. എത്ര നാളായീ...
ഏലേ... എലേ... ഏലയ്യോ.

ജൌളിക്കടയില്‍ കയറിയിറങ്ങീട്ടെത്ര നാളായീ...എത്ര നാളായീ...
ഏലേ ഏലേ ഏലയ്യോ...

ജ്വല്ലറിയില്‍ ഫാഷന്‍ നോക്കീട്ടെത്ര നാളായീ... എത്ര നാളായീ...

ടൂറിസ്റ്റ് ബസില്‍ കയറിപ്പോയിട്ടെത്ര നാളായീ... എത്ര നാളായീ...”

“മതി മതി.”

“എന്താ?”

“ഇത് ആ പാട്ടല്ലല്ലോ. പാരഡിയല്ലേ?”

“അതെ. നാദിര്‍ഷായ്ക്ക് പറ്റുമെങ്കില്‍ എനിക്കും ഉണ്ടാക്കാം പാരഡി.”

“ഒറിജിനല്‍ പാടിയാല്‍ എന്താ?”

“കണക്കായി. അതില്‍ ലാലേട്ടനും ലൈലയും വെള്ളത്തില്‍ റൊമാന്റിക് ആയിട്ട് കിടക്കുന്നത് കണ്ടില്ലേ? അതുപോലെയാണെങ്കില്‍ ഞാനും ഒറിജിനല്‍ പാടും.”

“എന്നാപ്പിന്നെ ഗോവയില്‍ പോകാം. വെള്ളത്തില്‍ കിടക്കാന്‍.”

“നല്ലത്.”

“പക്ഷെ ഒരു കണ്ടീഷന്‍. നീ ദയവായിട്ട് പാടരുത്. റൊമാന്‍സ്
മുഴുവന്‍ വെള്ളത്തിലാവും.”

ഓണം അങ്ങനെ ഡിം എന്ന് അവസാനിച്ചു.

അടുത്ത ഓണം വരെ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് സന്തോഷങ്ങളും, സ്വപ്നങ്ങളുടെ പൂക്കാലവുമായി ഓണത്തിനോട് വിട പറഞ്ഞു.

posted by സ്വാര്‍ത്ഥന്‍ at 9:50 AM

0 Comments:

Post a Comment

<< Home