Sunday, September 17, 2006

കലേഷിന്റെ ലോകം :: Kalesh's World - “കലേഷേ സത്യം പറ, നീ എവിടാ?“

“കലേഷേ സത്യം പറ, നീ എവിടാ?“

അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. കാരണം അമ്മ എന്നെ “മോനേ”ന്ന് വിളിക്കുന്നതിനു പകരം “കലേഷേ“ എന്ന് വിളിക്കണമെങ്കില്‍ അമ്മയ്ക്ക് എന്നോട് നല്ല ദേഷ്യമുണ്ട് എന്നര്‍ത്ഥം.

“ഞാനിവിടെ ഉം അല്‍ കുവൈനില്‍. എന്താ അമ്മേ പ്രശ്നം?”


രാവിലെ ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പഴാ, നാട്ടീന്ന് അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല, ഞാനത്യാവശ്യമായിട്ട് നാ‍ട്ടിലോട്ട് തിരിച്ച് വിളിക്കണമെന്ന് എന്റെ പെങ്ങള്‍ അബുദാബിയിലുള്ള ശശി അളിയനെ വിളിച്ച് പറഞ്ഞ വിവരം ശശി അളിയന്‍ എന്നെ വിളിച്ച് പറഞ്ഞത്.

യു.ഏ.ഈയില്‍ വന്നിട്ട് പുതിയ ജോലിക്ക് ചേര്‍ന്നതേയുള്ളു. കൈയ്യിലും മൊബൈലിലും കാശൊന്നുമില്ല. ആദ്യ ശമ്പളം ഇതുവരെ കിട്ടിയില്ല. അത്യാവശ്യം തെറ്റില്ലാത്ത പണിയാണ് എനിക്ക് കിട്ടിയതെന്ന് മനസ്സിലാ‍ക്കിയ ഗ്രോസറിക്കാരന്‍ അയൂബ് “കലേശേ, എന്ത് സാധനം മേണേലും വന്ന് മാങ്ങിച്ചോ, സമ്പളം കിട്ടീട്ട് പറ്റ് തീര്‍ത്താ മതി” എന്ന് സ്നേഹപൂര്‍വ്വം പറഞ്ഞതോര്‍ത്ത് ഞാ‍ന്‍ നേരെ “താഹിറ“ ഗ്രോസറിയില്‍ ചെന്നു.

അയൂബ് ഗ്രോസറി തുറക്കുന്നതേയുള്ളു. കൈനീട്ടമായിട്ട് ടെലിഫോണ്‍ കാര്‍ഡ് കടം പറയുന്നതെങ്ങിനെ? ടെലിഫോണ്‍ കാര്‍ഡ് കടം കൊടുക്കത്തില്ലെന്ന് അയാള്‍ പറഞ്ഞ് കേട്ടിട്ടുമുണ്ട്. എന്തേലും അത്യാവശ്യമില്ലാതെ വീട്ടീന്ന് ഒട്ട് വിളിക്കത്തുമില്ല. കടം ചോദിച്ചുനോക്കാം. കിട്ടിയില്ലേല്‍ ഓഫീസീന്ന് ആരോടേലും കാശ് കടം മേടിച്ച് കാര്‍ഡ് മേടിക്കാം.

കട തുറന്ന ഉടന്‍ തന്നെ ഏതാ‍യാലും ഒരു പട്ടാണി പെട്ടന്ന് തന്നെ കയറി വന്ന് കുബൂസും ഒരു കിലോ പഞ്ചസാരയും മേടിച്ചോണ്ട് പോയി. അത് കണ്ട് എനിക്ക് ആശ്വാസമായി. കൈനീട്ടപ്രശ്നം തീര്‍ന്നു. ഇനി അറിയണ്ടത് ടെലിഫോണ്‍ കാര്‍ഡ് കടം കിട്ടുമോ എന്നാ.

“രാവിലെ എന്താ കലേശേ, ഇന്ന് ജോലിക്ക് മോണ്ടേ?“

“വീട്ടീന്ന് ഒരു കോള്‍ വന്നിക്കാ, ഒന്ന് നാട്ടിലോട്ട് വിളിക്കണം. കാശില്ല”

“അയിനെന്താ, ഇന്നാ, കാര്‍ഡ് പിടി. ഇങ്ങള്‌ മിളി.” മാലപോലെ കിടക്കുന്ന ടെലിഫോണ്‍ കാര്‍ഡുകളില്‍ നിന്ന് ഒരെണ്ണം പൊട്ടിച്ച് ഒരു 25 ഫില്‍‌സ് നാണയവും കൂടെ അയൂബിക്ക എടുത്തു തന്നു.

ഞാ‍നാ 25 ഫില്‍‌സ് നാണയം കൊണ്ട് കാര്‍ഡിന്റെ മറുവശത്തെ നമ്പരിനു മുകളിലെ അലുമിനിയം നിറത്തിലുള്ള കോട്ടിംഗ് ചുരണ്ടിക്കളഞ്ഞ് നമ്പരെടുത്ത് മൊബൈല്‍ ഫോണില്‍ ഫീഡ് ചെയ്ത് വീട്ടിലേക്ക് വിളിച്ചു.

ഫോണ്‍ എടുത്തത് അനിയത്തി.

“അണ്ണാണ്ണി എന്തൊക്കെയാ ഒപ്പിച്ച് വച്ചിരിക്കുന്നത്?“

“എന്താ മോളെ?” എന്ന് ഞാന്‍ തിരിച്ച് ചോദിച്ചതും അമ്മ ഫോണ്‍ അനിയത്തിയുടെ കൈയ്യീന്ന് മേടിച്ചു.

“കലേഷേ സത്യം പറ, നീ എവിടാ?“ അമ്മച്ചി ചൂടിലാ.

“ഞാനിവിടെ ഉം അല്‍ കുവൈനില്‍. എന്താ അമ്മേ പ്രശ്നം?“

“സത്യം പറ. നീ കൊടൈക്കനാലിലല്ലേ?”

“എന്താ അമ്മേ പ്രശ്നമെന്ന് തെളിച്ച് പറ. രാവിലെ വിളിച്ചിട്ട് ഞാനെവിടെയാന്ന് ചോദിക്കുന്നതെന്താ?”

“നീ സത്യം പറയെടാ. നീ കൊടൈക്കനാലിലില്ലേ?”

എനിക്ക് ദേഷ്യം വന്നു. “ആ ഞാന്‍ കൊടൈക്കനാലില്‍ തന്നെ. എന്ത് വേണം?”

“എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നെടാ. നിന്നെ എന്ത് ഓമനിച്ചാടാ ഞങ്ങള്‍ വളര്‍ത്തിയത്?” അമ്മയുടെ ടോണ്‍ മാറി. കരച്ചിലായി.

എനിക്ക് തലപെരുത്തു. “എന്താ‍ അമ്മേ പ്രശ്നം. ദൈവത്തെയോര്‍ത്ത് എന്താ കാര്യമെന്നൊന്ന് തെളിച്ച് പറ. എനിക്കൊന്നും മനസ്സിലാകുന്നില്ല”

“നിനക്കൊന്നും മനസ്സിലാകില്ല. നീ കൊച്ച് കുഞ്ഞല്ലേ. എന്നാലും നീ ഇത് ചെയ്തല്ലോടാ” അമ്മച്ചിയുടെ ടോണ്‍ വീണ്ടും ദേഷ്യത്തിലേക്ക് മാറി.

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്താ സംഭവിച്ചതെന്ന് യാതൊരു ഐഡിയയും ഇല്ല. ഞാന്‍ കൊടൈക്കനാല്‍ വിട്ട് യു.ഏ.ഈയില്‍ എത്തീട്ട് മൂന്ന് മാ‍സമാകാന്‍ പോകുന്നു. കൊടൈക്കനാലില്‍ ഇനി എന്തേലും പ്രശ്നങ്ങളുണ്ടാകുമോ? എന്റെ കൂട്ടുകാരെങ്ങാനും എന്റെ പേരും പറഞ്ഞ് അവിടെ എന്തേലും ഒപ്പിച്ചിട്ടുണ്ടാകുമോ?

ഞാന്‍ വീണ്ടും വീട്ടിലേക്ക് വിളിച്ചു. ഇത്തവണയും അനിയത്തി തന്നെയാണെടുത്തത്.

“അണ്ണാണ്ണീ, സത്യം പറ. അണ്ണാണ്ണി എവിടെയാ?”

“എന്താ പെണ്ണേ നിങ്ങള്‍ക്കെല്ലാവര്‍ക്കും വട്ട് പിടിച്ചോ? നീ കൂടെ വന്നല്ലേ എന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കയറ്റി വിട്ടത്? അപ്പം പിന്നെ ഞാ‍ന്‍ എവിടായിരിക്കും? അമ്മച്ചിക്ക് എന്ത് പറ്റി? എന്തിനാ അച്ഛന്‍ രാവിലെ ശശി അളിയനെ വിളിച്ചത്?”

“അണ്ണാണ്ണി ഉം അല്‍ കുവൈനിലാന്ന് സത്യം ചെയ്യ്”

“നിന്നാണെ, അമ്മച്ചിയാ‍ണെ സത്യം ഞാന്‍ ഉം അല്‍ കുവൈനിലാ. അമ്മച്ചിയെക്കൊണ്ട് ഞാന്‍ കള്ളയാണയിടത്തില്ലെന്ന് അറിയാമല്ലോ”

“അണ്ണാണ്ണി സത്യം തന്നെയാണല്ലോ പറയുന്നത്? ഇവിടെ എല്ലാ‍വരും അണ്ണാണ്ണി കൊടൈക്കനാലിലാണെന്നും പറഞ്ഞ് ഇരിക്കുകയാ”.

“എന്താ കാര്യം? എന്താ നടന്നതെന്ന് നീ ഒന്ന് തെളിച്ച് പറ”

“തിരുവനന്തപുരത്തെ ചിന്നുവില്ലേ? അവളെയും കൊണ്ട് അണ്ണാണ്ണി ഒളിച്ചോടിയെന്നും പറഞ്ഞിരിക്കുവാ ഇവിടെ എല്ലാ‍വരും!“

“ഈശ്വരാ!“ഞാന്‍ ഞെട്ടി!

“അണ്ണാണ്ണി ആരെയും അറിയിക്കാതെ നാട്ടില്‍ വന്നിട്ട് അവളെയും കൊണ്ട് കൊടൈക്കനാലിന് ഒളിച്ചോടി എന്ന് ഇവിടെ എല്ലാവരും വിശ്വസിച്ചിരിക്കുകയാ. ഇന്ന് വെളുപ്പിനെ ചിന്നൂന്റെ അച്ഛന്‍ ഇവിടെ പോലീസിനെയും കൊണ്ട് വന്നിരുന്നു വീട് റെയ്‌ഡ് ചെയ്ത് അണ്ണാണിയെ അറസ്റ്റ് ചെയ്യാന്‍. അണ്ണാണ്ണിയെ തപ്പി അവര്‍ കൊടൈക്കനാലില്‍ പോയേക്കുവാ!“

“നീ എല്ലാം വിശദമായിട്ട് എനിക്ക് ഈ-മെയില്‍ ചെയ്യ്. മൊബൈലില്‍ കാശിപ്പം തീരും. നീ അമ്മച്ചിയെ സമാധാനമാ‍യിട്ട് പറഞ്ഞ് മനസ്സിലാക്ക് ഞാ‍ന്‍ അമ്മച്ചിയെ അറീച്ചിട്ടേ പെണ്ണുകെട്ടു എന്നും, ഞാന്‍ രാവിലെ വിളിച്ചത് ഉം അല്‍ കുവൈനീന്നാ എന്നും” എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ എന്റെ ഓര്‍മ്മകള്‍ റീവൈന്‍ഡ് ചെയ്തു. ഞാനും എന്റെ അളിയന്‍ ട്വിങ്കിളും ഒക്കെ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് കഥാ‍നായിക ചിന്നു. ഞാന്‍ ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോള്‍ ചിന്നു നാലാം ക്ലാസ്സിലോ മറ്റോ ആയിരുന്നു. ചിന്നുവും അനിയത്തിമാരായ,പാര്‍വതിയും നടന്നുതുടങ്ങിയ അമ്മുവും ഒക്കെ പല്ലുപോയ അവരുടെ മുത്തശ്ശിയോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളും താമസിച്ചിരുന്ന വാടക വീട്ടില്‍ എപ്പഴും വരുമായിരുന്നു. ചിന്നുവിന്റെ അമ്മയും അച്ഛനുമായും കുഞ്ഞമമാരും മുത്തശ്ശിയുമായി ഒക്കെ ഞങ്ങള്‍ വളരെ നല്ല സൌഹൃദത്തിലുമായിരുന്നു. വായാടിയും വഴക്കാളിയുമായിരുന്ന ചിന്നുവിനെ അമ്മ തല്ലാന്‍ ഓടിക്കുമ്പോള്‍ അവള്‍ ഓടി വരുന്നത് ഞങ്ങള്‍ താ‍മസിച്ചിരുന്ന വീട്ടിലേക്കായിരുന്നു. ചിന്നുവിന്റെ അമ്മയും കുഞ്ഞമ്മമാരും എന്റെ മൂത്ത സഹോദരിമാരെപ്പോലെയായിരുന്നു. എനിക്ക് പനി വല്ലതും വന്നാല്‍ അവര്‍ പൊടിയരികഞ്ഞിയൊക്കെ വച്ചുകൊണ്ട് വരുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തുക്കള്‍ പിരിഞ്ഞ് പലവഴിക്ക് പോയി. അതിനു ശേഷം ചിന്നുവിന്റെ കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

പല വര്‍ഷങ്ങള്‍ക്ക് ശേഷം കൊടൈക്കനാലില്‍ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് മഞ്ഞപ്പിത്തം പിടിച്ചു. ചികിത്സയ്ക്കായിട്ട് തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ എനിക്ക് കൂട്ടിരിക്കാന്‍ വന്ന എന്റെ അളിയന്‍ ട്വിങ്കിള്‍ ചിന്നുവിന്റെ അച്ഛനെ ആശുപത്രിയില്‍ വച്ച് കണ്ടു. ചിന്നുവും അച്ഛനും ആ ആശുപത്രിയില്‍ ഒരു ചെക്കപ്പിനു വേണ്ടി വന്നതായിരുന്നു. അവള്‍ക്ക് ഒരു ഓപ്പറേഷന്‍ വേണ്ടി വരുമെന്ന് അവളുടെ അച്ഛന്‍ എന്നോട് പറഞ്ഞു. കാ‍ല്‍മുട്ടിന് ബലക്ഷയം വന്നതുകാരണം ഏതോ ആയൂര്‍വേദ വൈദ്യന്റെയടുത്ത് കൊണ്ടുപോയി അയാള്‍ അത് തിരുമ്മി കുളമാക്കിയത്രേ. അവളുടെ ഓപ്പറേഷന്‍ ഞാന്‍ ഡിസ്‌ചാര്‍ജ്ജായതിനു ശേഷമായിരുന്നു.

ഞാന്‍ എന്നെ ചികിത്സിച്ച ഡോക്ടറെ വീണ്ടും കാണാന്‍ ചെന്നപ്പോള്‍ ചിന്നുവിന്റെ വീട്ടിലും ചെന്നു. ചിന്നുവിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. പന്ത്രണ്ടാം ക്ലാസ്സിലെ റിസള്‍ട്ടും കാത്തിരിക്കുന്ന ചിന്നുവിനെക്കണ്ട് ഞാന്‍ അന്തം വിട്ടു . പണ്ടൊക്കെ കാണുമ്പോള്‍ “കലേഷേട്ടാ“ എന്നും വിളിച്ച് ഓടി വന്നിരുന്ന നിഷ്കളങ്കയായ ആ കൊച്ച് ചിന്നുവല്ല. അവളുടെ വായാടിത്തരമൊഴിച്ച് ബാക്കിയെല്ലാം അടിമുടി മാറിയിരിക്കുന്നു. ചിന്നു വല്യ പെണ്ണായിരിക്കുന്നു! ചിന്നുവിന്റെ അമ്മ വിളമ്പി തന്ന ചോറും ഉണ്ട് ഞാന്‍ വീണ്ടും വരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയപ്പം ചിന്നുവിന്റെ അനിയത്തി പാറു വന്ന് എന്റെ വീട്ടിലെ ഫോണ്‍ നമ്പരും എന്റെ ഈ-മെയില്‍ അഡ്രസ്സും ചോദിച്ചു. നമ്പരും ഈ-മെയില്‍ അഡ്രസ്സും കൊടുത്ത് തിരിച്ചിറങ്ങിയ ഞാന്‍ അതിനടുത്ത വീടുകളിലൊക്കെ കയറി സൌഹൃദം പുതുക്കിയ ശേഷം തിരിച്ചു പോന്നു.

ചിന്നു പിന്നെ ഇടയ്ക്കൊക്കെ എന്റെ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്നു.ഇടയ്ക്ക് അവളുടെ അമ്മയും ഫോണ്‍ ചെയ്യുമായിരുന്നു. ഞാ‍ന്‍ കൊടൈക്കനാലീന്ന് ലീവിനെത്തുമ്പം അമ്മച്ചി “മെസ്സേജ്” തരും - “ചിന്നു വിളിച്ചിരുന്നു“ എന്ന്. ഞാന്‍ വര്‍ക്കലയുള്ളപ്പോള്‍ അവളുടെ വീട്ടിലേക്ക് തിരികെ വിളിക്കും. അവളില്ലെങ്കില്‍ അവളുടെ അച്ഛനോടോ അമ്മയോടോ ഒക്കെ സംസാരിക്കും. ചിന്നൂന്റെ ഈ സ്ഥിരമായുള്ള ഫോണ്‍ വിളികാരണം ഇതു വല്ല പ്രേമവും ആണോന്ന് അനിയത്തിക്കും അമ്മച്ചിക്കും സ്വാഭാവികമായി സംശയം അടിച്ചു. “ഏതാ അണ്ണാ‍ണ്ണീ ഈ പുതിയ വാഴകൃഷി ?” എന്നും ചോദിച്ചോണ്ട് അനിയത്തി എന്നെ കളിയാക്കാന്‍ തുടങ്ങി. “അത് ചിന്നുവാ, അവള്‍ കൊച്ച് കൊച്ചാടീ “എന്നൊക്കെ പറഞ്ഞിട്ടൊന്നും അനിയത്തിക്ക് മനസ്സിലായില്ല.

കുറേ നാള്‍ കഴിഞ്ഞ് ഒരു ജനുവരിയില്‍ കൊടൈക്കനാലിലെ പണി വിട്ട് എന്റെ അളിയന്‍ എടുത്തുതന്ന ഒരു വിസിറ്റ് വിസയില്‍ ഞാന്‍ യൂ.ഏ.ഈയിലെത്തി. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഒരു ജോലി കിട്ടി.

അങ്ങനെയിരിക്കുമ്പഴാ ഈ സംഭവം നടന്നത്.അനിയത്തീടെ ഈ-മെയില്‍ വന്നപ്പം സംഭവങ്ങള്‍ ഒന്നൂടെ വ്യക്തമായി.

ചിന്നുവിനെ ഒരു സുപ്രഭാതത്തില്‍ കാണ്മാനില്ല.

ചിന്നു എന്റെ കൂടെ ഒളിച്ചോടിയെന്ന സംശയത്തില്‍ ചിന്നുവിന്റെ അച്ഛന്‍ കൊച്ചുവെളുപ്പാങ്കാലത്ത് പോലീസിനെയും കൊണ്ട് എന്റെ വീട് റെയ്‌ഡ് ചെയ്ത് എന്നെ പൊക്കാ‍ന്‍ വന്നു. സിനിമയില്‍ അഭിനയിക്കുന്ന സര്‍ക്കിള്‍ റാങ്കിലുള്ള ഒരു പോലീസുകാരനും കൂടെയുണ്ടായിരുന്നു. എല്ലാവരും മഫ്ടിയില്‍.

വെളുപ്പിനെ ഗെയ്റ്റിലുള്ള അടിയും പട്ടിയുടെ നിര്‍ത്താത്ത കുരയും കേട്ട് എന്റെ അച്ഛന്‍ ഞെട്ടിയുണര്‍ന്നു. അച്ഛന്‍ ചെന്ന് നോക്കിയപ്പോള്‍ സര്‍ക്കിള്‍ അച്ഛനോട് പറഞ്ഞു , “ഞാന്‍ തിരുവനന്തപുരം റൂറല്‍ സി.ഐ ആണ്. ഇത് കലേഷിന്റെ വീടല്ലേ?”

“ഇത് കലേഷിന്റെ വീടല്ല, കലേഷിന്റെ അച്ഛന്റെ വീടാണ്. ഞാന്‍ ക്യാപ്റ്റന്‍ ഗോപിനാഥന്‍, കലേഷിന്റെ അച്ഛന്‍”, അച്ഛന്‍ സര്‍ക്കിളിനോട് പറഞ്ഞു.

“ഈ നില്‍ക്കുന്നയാളിന്റെ മകള്‍ ചിന്നുവും നിങ്ങളുടെ മകനും തമ്മില്‍ പ്രേമമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?“ സര്‍ക്കിള്‍ ചോദിച്ചു.

“ഇല്ല” അച്ഛന്‍ പറഞ്ഞു.

“ദിവസവും വൈകിട്ട് കലേഷ് ചിന്നുവിന് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു.ചിന്നുവിനെ കാണ്മാനില്ല, കലേഷ് അവളെ തട്ടിക്കൊണ്ട് പോയി എന്ന് ദാ ഈ നില്‍ക്കുന്ന ചിന്നുവിന്റച്ഛന്‍ എനിക്ക് പരാതി തന്നു.അതിന്റെ അടിസ്ഥാനത്തില്‍ വീട് റെയ്‌ഡ് ചെയ്ത് കലേഷിനെ അറസ്റ്റ് ചെയ്യാ‍നാണ് ഞങ്ങള്‍ വന്നിരിക്കുന്നത്“,സര്‍ക്കിള്‍ കട്ടിക്ക് പറഞ്ഞു.

“കലേഷ് ഇവിടെ ഇല്ലല്ലോ. അവന്‍ യു.ഏ.ഈയിലാണ്”, അച്ഛന്‍ പറഞ്ഞു.

“ഞങ്ങള്‍ക്കത് വിശ്വാസമില്ല. ഞങ്ങള്‍ക്ക് വീട് റെയ്‌ഡ് ചെയ്യണം”, അവര്‍ പറഞ്ഞു.

“ഇവിടെ ഞാനും എന്റെ ഭാര്യയും വിവാഹപ്രായമെത്തിയ മകളും മാത്രമാണുള്ളത്. കലേഷ് ഇവിടെ ഇല്ല” എന്ന് അച്ഛന്‍ താഴ്‌മയായി പറഞ്ഞു.

“അതൊന്നും പറഞ്ഞാല്‍ പറ്റില്ല.ഞങ്ങള്‍ക്ക് വീട് റെയ്‌ഡ് ചെയ്തേ പറ്റൂ”. എന്നായി സര്‍ക്കിളേമ്മാന്‍.

അച്ഛന്റെ മട്ട് മാറി. അച്ഛനിലെ കപ്പിത്താന്‍ പുറത്തുവന്നു. “ കലേഷ് ഇവിടെയില്ലെന്ന് ഞാന്‍ മര്യാ‍ദയ്ക്ക് പറഞ്ഞു. വെളുപ്പാങ്കാലത്താണോ വീട് സെര്‍ച്ച് ചെയ്യുന്നത്? സെര്‍ച്ച് ചെയ്യാന്‍ വാറന്റുണ്ടോ? എന്റെ മോനെന്താ വല്ല കൊലപാതകവും നടത്തിയോ? വാറന്റില്ലാതെ ഒന്ന് റെയ്‌ഡ് ചെയ്ത് നോക്ക്. നിങ്ങളെ ഞാന്‍ കോടതി കയറ്റും” അച്ഛന്‍ ദേഷ്യത്തില്‍ പറഞ്ഞു. ഇതിനകം തന്നെ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവരൊക്കെ ബഹളവും പട്ടിയുടെ നിര്‍ത്താതെയുള്ള കുരയും കേട്ട് ഇവര്‍ക്കു ചുറ്റും കൂടി.

സംഗതി പന്തിയാകില്ലെന്ന് കണ്ട സര്‍ക്കിള്‍ പറഞ്ഞു, “ശരി, കലേഷ് ഇവിടെയില്ലെന്ന് എനിക്ക് എഴുതി ഒപ്പിട്ട് തരണം”. അച്ഛന്‍ കടലാസ്സില്‍ എഴുതി ഒപ്പിട്ടുകൊടുത്തു.

“അവനിവിടെയില്ലെങ്കില്‍ കൊടൈക്കനാലിലായിരിക്കും” ചിന്നുവിന്റെ അച്ഛന്‍ അവരോട് പറഞ്ഞു. “ശരി, അന്വേഷിക്കാം. എന്തായാലും അവനെ ഞങ്ങള്‍ പൊക്കും” എന്നും പറഞ്ഞ് അവരെല്ലാം വന്ന കാറില്‍ കയറി തിരികെ പോയി.

അച്ഛന് ആകെ ടെന്‍ഷനായി. അച്ഛന്റെ സ്പെക്കുലേറ്റീവ് മനസ്സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

അച്ഛന്‍ അമ്മയോട് പറഞ്ഞു, “നിന്റെ മോനല്ലേ, അവന്‍ ആരെയും അറിയിക്കാതെ നാട്ടില്‍ വന്നിട്ട് ആ പെണ്ണിനെയും വിളിച്ചോണ്ട് കൊടൈക്കനാലില്‍ പോയിട്ടുണ്ടാകും”

അമ്മ അത് ആദ്യം വിശ്വസിച്ചില്ല. പാവം അമ്മച്ചി. അച്ഛനെനെന്നെക്കുറിച്ച് നല്ല മതിപ്പാണ്!

“എടീ, അവന്‍ അവളെ ദിവസവും വൈകിട്ട് ഫോണ്‍ ചെയ്യുമായിരുന്നത്രേ! ആ ചിന്നുവെന്ന് പറഞ്ഞവള്‍ അവനെ വിളിക്കുന്ന കാര്യം നീ തന്നെയല്ലേ എന്നോട് പറഞ്ഞത്? സ്വന്തം അച്ഛനെയും അമ്മയേയും വിളിക്കാതെ കണ്ട തേവടിശ്ശികളെ വിളിക്കാന്‍ എങ്ങനെ തോന്നിയെടീ നിന്റെ മോന്?”അച്ഛന്‍ അമ്മച്ചിയെ കണ്‍‌വിന്‍സ് ചെയ്യാന്‍ തുടങ്ങി. അമ്മ എങ്ങനെയോ അവസാനം കണ്‍‌വിന്‍സ്‌ഡ് ആയി.

അങ്ങനെയാണ് അമ്മച്ചി എന്നോട് ദേഷ്യപ്പെട്ട് ചോദിച്ചത് - “സത്യം പറ, നീ എവിടാ?” എന്ന്.

പിറ്റേ ദിവസം രാവിലെ നോക്കിയപ്പം അബുദാബിയില്‍ നിന്ന് എന്റെ അപ്പച്ചിയുടെ മകന്‍ ശശി അളിയന്‍ ലീവുമെടുത്ത് എന്നെ തിരക്കി ഉം അല്‍ കുവൈനില്‍ എത്തി - ചാരപ്രവര്‍ത്തനത്തിന് അച്ഛന്‍ പറഞ്ഞയച്ചിട്ട്. അളിയന്‍ ഇവിടെ വന്ന ശേഷം ഞാന്‍ അച്ഛനെ വിളിച്ച് “ഫിസിക്കലി & മെന്റലി“ ഞാന്‍ ഉം അല്‍ കുവൈനില്‍ തന്നെയുണ്ടെന്ന് ഉറപ്പു കൊടുത്തു. ഒപ്പം അത് അളിയനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി. അപ്പഴാ എന്റെ വീട്ടുകാര്‍ക്ക് സമാധാനമായത്!

പിറ്റേന്ന് വൈകിട്ട് ഞാന്‍ വീട്ടില്‍ വിളിച്ചു. അമ്മയാണെടുത്തത്. അമ്മച്ചിയോട് ഞാന്‍ അമ്മച്ചിയെ ചൂ‍ടാക്കാന്‍ വേണ്ടി പറഞ്ഞു, “അമ്മേ, എല്ലാം വളരെ പെട്ടന്നായിരുന്നു, ആരേയും അറിയിക്കാന്‍ സാധിച്ചില്ല, അറിയിച്ചാല്‍ അച്ഛനും അമ്മയും അച്ഛനും സമ്മതിക്കില്ലല്ലോ. അതുകൊണ്ട് ഞാന്‍ നാട്ടില്‍ ആരേയും അറിയിക്കാതെ വന്ന് അവളേയും , ഒരു കമ്പനിക്ക് അവളുടെ തള്ളയേയും കൂടെ തട്ടിക്കൊണ്ട് വന്ന് കൊടൈക്കനാലില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. അമ്മച്ചിക്ക് വിരോധം വല്ലോം ഉണ്ടായിരുന്നോ?“ പാവം അമ്മച്ചി ഒന്നും പറഞ്ഞില്ല. പിന്നീടൊക്കെ ഞാന്‍ അമ്മയെ വിളിക്കുമ്പം പറയുമായിരുന്നു - “ഇത് കൊടൈക്കനാലീന്ന് കലേഷാണ്, അമ്മയൂടെ മരുമകള്‍ക്ക് അമ്മയോട് സംസാരിക്കണം; അമ്മേ, അമ്മയുടെ മരുമകള്‍ 12 മാസം ഗര്‍ഭിണിയാണമ്മേ...” എന്നൊക്കെ.

ഏതാണ്ട് ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞ് എനിക്കൊരു ഈ-മെയില്‍ വന്നു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു:

പ്രിയ കലേഷേട്ടാ,

ഞാന്‍ വിവാഹിതയായി.
എല്ലാം വളരെ പെട്ടെന്നായിരുന്നു.
എന്നെ കമ്പ്യൂട്ടര്‍ പഠിപ്പിച്ച സാറുമായി ഞാന്‍ ലൈനായിരുന്നു.
പുള്ളിക്കാരനുമൊപ്പം ഒളിച്ചോടിയാണ് ഞാന്‍ കല്യാണം കഴിച്ചത്.
അതു മൂലം കലേഷേട്ടനും വീട്ടുകാര്‍ക്കും ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി എന്ന് അറിയുന്നതില്‍ വിഷമമുണ്ട്.
സോറി.

പുള്ളിക്കാരന്‍ എന്നെ ഫോണ്‍ ചെയ്യുമ്പഴ് “ആരാ‍ വിളിക്കുന്നതെന്ന്” അച്ഛനോ അമ്മയോ അമ്മൂമ്മയോ കുഞ്ഞമ്മയോ ചോദിച്ചാല്‍ കലേഷേട്ടനാണെന്ന് പറയണമെന്ന് ഞാന്‍ പുള്ളിക്കാരനോട് പറഞ്ഞിരുന്നു. കലേഷേട്ടനാണ് എന്നെ വിളിക്കുന്നത് എന്നു കരുതി ആരും വഴക്കൊന്നും പറയത്തില്ലായിരുന്നു.

മറ്റ് നിവര്‍ത്തിയില്ലാഞ്ഞിട്ടാണ്. ശപിക്കരുത്.
അനുഗ്രഹിക്കണം.

ഞങ്ങളിപ്പോള്‍ തിരുവനന്തപുരത്തുണ്ട്.
അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചു!

സ്നേഹപൂര്‍വ്വം,
അനിയത്തി ചിന്നു.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:50 AM

0 Comments:

Post a Comment

<< Home