Tuesday, September 05, 2006

Gurukulam | ഗുരുകുലം - പക്ഷിമൃഗങ്ങളില്‍ നിന്നു പഠിക്കേണ്ടതു്

പക്ഷിമൃഗാദികളില്‍ നിന്നു മനുഷ്യനു് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണു് ഒരു പ്രാചീനാചാര്യന്‍ പറയുന്നതു്. അത്തരം ഇരുപതു ഗുണങ്ങളാണു താഴെ.

സിംഹാദേകം ബകാദേകം
ശിക്ഷേച്ചത്വാരി കുക്കുടാത്
വായസാത് പഞ്ചശിക്ഷേ ച
ഷഡ്‌ശുനസ്ത്രീണി ഗര്‍ദ്ദഭാത്

അര്‍ത്ഥം:

സിംഹാത് ഏകം : സിംഹത്തില്‍ നിന്നു് ഒന്നും
ബകാത് ഏകം : കൊക്കില്‍ നിന്നു് ഒന്നും
കുക്കുടാത് ചത്വാരി : കോഴിയില്‍ നിന്നു നാലും
വായസാത് പഞ്ചശിക്ഷേ : കാക്കയില്‍ നിന്നു് അഞ്ചും
ശുനഃ ഷട് : പട്ടിയില്‍ നിന്നു് ആറും
ഗര്‍ദ്ദഭാത് ത്രീണി ച : കഴുതയില്‍ നിന്നു മൂന്നും (ഗുണങ്ങള്‍)
ശിക്ഷേത് : പഠിക്കണം

ഓന്തു്, കുറുക്കന്‍, മുതല, കാണ്ടാമൃഗം തുടങ്ങിയവയില്‍ നിന്നും ചിലതൊക്കെ പഠിക്കാനുണ്ടു് എന്നാണു് ആധുനികമനുഷ്യന്റെ കണ്ടുപിടിത്തം.

പ്രവൃത്തം കാര്യമല്പം വാ
യോ നരഃ കര്‍ത്തുമിച്ഛതി
സര്‍വ്വാരംഭേണ തത്‌കാര്യം
സിംഹാദേകം പ്രചക്ഷതേ

അര്‍ത്ഥം:

കാര്യം അല്പം വാ പ്രവൃത്തം വാ : ഒരു കാര്യം ചെറുതായാലും വലുതായാലും
യഃ നരഃ കര്‍ത്തും ഇച്ഛതി : ചെയ്യാന്‍ ആഗ്രഹിക്കുന്നവന്‍
സര്‍വ്വാരംഭേണ തത്‌കാര്യം : മൊത്തം ശ്രമത്തോടെയും ചെയ്യണമെന്ന കാര്യം
സിംഹാത് ഏകം പ്രചക്ഷതേ : സിംഹത്തില്‍ നിന്നു പഠിക്കേണ്ട ഗുണമാണു്.

തര്‍ക്കിക്കുന്ന കാര്യമാണെങ്കില്‍ നമ്മളെല്ലാം സിംഹത്തെപ്പോലെ തന്നെ. ചെറുതായാലും വലുതായാലും പൂര്‍ണ്ണശക്തിയും ഉപയോഗിച്ചാണു വാദം!

ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ
സര്‍വ്വകാര്യാണി സാധയേത്

അര്‍ത്ഥം:

പണ്ഡിതഃ നരഃ : പണ്ഡിതനായ മനുഷ്യന്‍
ബക-വത് ഇന്ദ്രിയാണി സംയമ്യ : കൊക്കിനെപ്പോലെ ഇന്ദ്രിയങ്ങളെ അടക്കി
ദേശ-കാല-ബലം ജ്ഞാത്വാ : സ്ഥലവും സമയവും നോക്കി
സര്‍വ്വ-കാര്യാണി സാധയേത് : എല്ലാ കാര്യവും സാധിക്കണം.

എന്തു ചെയ്യാന്‍, ഇങ്ങനെ ആയിപ്പോയി-അനീതിയും അക്രമവും കാണുമ്പോഴാണെന്നു മാത്രം. സ്ഥലവും കാലവും നോക്കി, ഇന്ദ്രിയങ്ങളെ അടക്കി, വാലും ചുരുട്ടി വീട്ടില്‍ പോകും നമ്മള്‍!

പ്രാഗുത്ഥാനഞ്ച യുദ്ധഞ്ച
സംവിഭാഗഞ്ച ബന്ധുഷു
സ്വയമാക്രമ്യഭുക്തഞ്ച
ശിക്ഷേച്ചത്വാരി കുക്കുടാത്

അര്‍ത്ഥം:

പ്രാക് ഉത്ഥാനം ച : നേരത്തേ ഉണരുകയും
യുദ്ധം ച : യുദ്ധം ചെയ്യുകയും
ബന്ധുഷു സംവിഭാഗം ച : കിട്ടിയതു ബന്ധുക്കളുമായി പങ്കുവയ്ക്കുകയും
സ്വയം ആക്രമ്യ ഭുക്തം ച : സ്വയം ജോലി ചെയ്തു ഭക്ഷിക്കാനുണ്ടാക്കുകയും
ചത്വാരി : എന്നു നാലു കാര്യങ്ങള്‍
കുക്കുടാത് ശിക്ഷേത് : കോഴിയില്‍ നിന്നു പഠിക്കണം.

വക്കാരി വെറുതേ നിലാവത്തെ കോഴിയാണെന്നു പറഞ്ഞു നടക്കുന്നു. ഈ ഗുണങ്ങളില്‍ ഏതെങ്കിലും വക്കാരിക്കുണ്ടോ?

ഗൂഢമൈഥുനധീരത്വം
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമവിശ്വാസം
പഞ്ചശിക്ഷേച്ച വായസാത്

അര്‍ത്ഥം:

ഗൂഢമൈഥുനധീരത്വം : രഹസ്യമായി മാത്രം മൈഥുനം ചെയ്യുന്നതും ധൈര്യവും
കാലേ കാലേ ച സംഗ്രഹം : സമയം നോക്കി ഗ്രഹിക്കുന്നതും
അപ്രമത്വം : ശ്രദ്ധയോടിരിക്കുന്നതും
അവിശ്വാസം : ആരെയും വിശ്വസിക്കാതിരിക്കുന്നതും
പഞ്ച വായസാത് ശിക്ഷേത് : (ഇങ്ങനെ) അഞ്ചു കാര്യം കാക്കയില്‍ നിന്നു പഠിക്കണം.

ആദ്യത്തേതും അവസാനത്തേതും നമുക്കുണ്ടെന്നു തോന്നുന്നു. ആദ്യത്തേതു തല്ലു കൊള്ളുമെന്നു പേടിയുള്ളതു കൊണ്ടു്, അവസാനത്തേതു പാര കേറുമെന്നു പേടിയുള്ളതു കൊണ്ടും.

ബഹ്വാശീ സ്വല്പസന്തുഷ്ടഃ
സുനിദ്രോ ലഘുചേതനഃ
സ്വാമിഭക്തീ ച ശൂരത്വം
ഷഡേതേ ശ്വാനതോ ഗുണഃ

അര്‍ത്ഥം:

ബഹു-ആശീ : (കിട്ടിയാല്‍) വളരെ ഭക്ഷിക്കുന്നതും
സ്വല്പ-സന്തുഷ്ടഃ : (അതേ സമയം) കുറച്ചു കിട്ടിയാല്‍ അതില്‍ സന്തോഷിക്കുന്നതും,
സു-നിദ്രഃ : നല്ല പോലെ ഉറങ്ങുകയും,
ലഘു-ചേതനഃ : (അതേ സമയം) “ഉറക്കബോധം” ഉണ്ടായിരിക്കുകയും
സ്വാമി-ഭക്തീ : യജമാനനോടുള്ള ഭക്തിയും
ശൂരത്വം : ശൂരത്വവും
ഏതേ ഷട് ശ്വാനതഃ : ഈ ആറു കാര്യങ്ങള്‍ പട്ടിയില്‍ നിന്നും (പഠിക്കണം).

“സുനിദ്രഃ” എന്നതിനു “സൂവിനെപ്പോലെ ഉറങ്ങുകയും” എന്നും, “ലഘുചേതനഃ” എന്നതിനു “പെരിങ്ങോടനെപ്പോലെ ലഘുചിത്തനായിരിക്കുകയും” എന്നു് ആര്‍ക്കെങ്കിലും അര്‍ത്ഥം തോന്നിയാല്‍ ബ്ലോഗുവായന കുറയ്ക്കണം എന്നു മനസ്സിലാക്കാം :)

“സ്വാമിഭക്തി”യുടെ മലയാളമാണു “മണിയടി”.

സുശ്രാന്തോऽപി വഹേദ് ഭാരം
ശീതോഷ്ണൌ ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രീണി ശിക്ഷേച്ച ഗര്‍ദ്ദഭാത്

അര്‍ത്ഥം:

സുശ്രാതഃ അപി ഭാരം വഹേത് : ക്ഷീണിച്ചാലും ഭാരം ചുമക്കുന്നതും
ശീത-ഉഷ്ണൌ ന പശ്യതി : ചൂടും തണുപ്പും കണക്കാക്കാത്തതും
നിത്യം സന്തുഷ്ടഃ ചരതേ : എന്നും സന്തോഷത്തോടുകൂടി നടക്കുന്നതും
ത്രീണി ഗര്‍ദ്ദഭാത് ശിക്ഷേത് : (എന്നിങ്ങനെ) മൂന്നു കാര്യങ്ങള്‍ കഴുതയില്‍ നിന്നു പഠിക്കണം.

ഈ ഗുണമൊന്നും നമുക്കില്ല. അതിനു നമ്മള്‍ കഴുതകളല്ലല്ലോ!

യ ഏതാന്‍ വിംശതി ഗുണാന്‍
ആചരിഷ്യതി മാ‍നവഃ
കാര്യാവസ്ഥാസു സര്‍വ്വാസു
വിജയീ സംഭവിഷ്യതി

അര്‍ത്ഥം:

ഏതാന്‍ വിംശതി ഗുണാന്‍ : ഈ ഇരുപതു ഗുണങ്ങള്‍
യഃ മാനവഃ ആചരിഷ്യതു : ആചരിക്കുന്ന മനുഷ്യന്‍
സര്‍വ്വാസു കാര്യ-അവസ്ഥാസു : എല്ലാ കാര്യങ്ങളിലും അവസ്ഥകളിലും
വിജയീ സംഭവിഷ്യതി : വിജയിയായി ഭവിക്കും.

എണ്ണി നോക്കിയിട്ടു് ഇതില്‍ എത്ര ഗുണമുണ്ടെന്നു പറയൂ. ജീവിതത്തില്‍ എത്ര വിജയിക്കും എന്നു നമുക്കു കണ്ടുപിടിക്കാം :)

എല്ലാവര്‍ക്കും ഓണാശംസകള്‍!

posted by സ്വാര്‍ത്ഥന്‍ at 12:28 PM

0 Comments:

Post a Comment

<< Home