Tuesday, September 05, 2006

Ente Malayalam - പരാജിതന്‍

പാത്രം കലമ്പുന്ന ശബ്ദമുയര്‍ന്നു. നേരം വെളുത്തിരിക്കുന്നു, അയാള്‍ കണ്ണുകള്‍ മെല്ലെ തുറന്നു നോക്കി.

ലീല എഴുന്നേറ്റ് പോയിരിക്കുന്നു. താനറിഞ്ഞതേയില്ല.

എപ്പോഴാവും അവള്‍ പോയത്? ആവോ..

അയാളെഴുന്നേറ്റിരുന്നു. ഇനി, കിടന്നാല്‍ ശരിയാകില്ല. നേരം വൈകിയെങ്കില്‍ ഇന്നത്തെ കാര്യവും കുഴഞ്ഞതു തന്നെ.

അടുക്കളയില്‍, വിറകുണങ്ങാനടുക്കിയിരിക്കുന്ന ചേരിയിലെ മണ്‍കലത്തില്‍ നിന്നും ഒരു പിടി ഉമിക്കരിയും വാരി പുറത്തേക്ക് നടന്നു.

“എഴുന്നേറ്റോ..?” അവള്‍ കുന്തിച്ചിരുന്ന്‌ പാത്രങ്ങള്‍ മെഴുകുകയാണ്.

“ങും..”

കിഴക്കോട്ട് ചെരിഞ്ഞു നില്‍ക്കുന്ന പൂവന്‍ വാഴയുടെ ചുവട്ടില്‍ മൂത്രശങ്ക തീര്‍ത്ത ശേഷം, കൈക്കുമ്പിളിലെ ഉമിക്കരി വാരി പല്ലു തേയ്ക്കാന്‍ തുടങ്ങി.



മുണ്ടു ചുറ്റുന്നതിനിടയില്‍ വണ്ടിയുടെ ഇരമ്പം. തത്രപ്പെട്ട് പുറത്തേക്ക് പായുന്നതിനിടയില്‍, വാട്ടിയ കോഴിമുട്ടയുമായി അവളോടിയെത്തി.

“ഇന്നാ...! ഉപ്പും കുരുമുളകും ഞാനിട്ടിട്ടുണ്ട്...!”

കുടയും, കറുത്ത തുകല്‍ ബാഗും ഒരു കൈയ്യിലും, മറുകൈയ്യില്‍ മുട്ടയും പിടിച്ചു കൊണ്ട് റോഡിലേക്ക് ഓടിക്കയറി.

ഓട്ടത്തിനിടയില്‍ ഒരു വിധത്തില്‍ ഒറ്റ വലിക്ക് മുട്ട കുടിച്ചു തീര്‍ത്തു.

മുട്ടയ്ക്ക് നല്ല സ്വാദ്..! ഇന്നല്പം വൈകിപ്പോയി.. അല്ലെങ്കില്,‍ മുട്ടയ്ക്കൊപ്പം അര ഗ്ലാസ്സ് പാലും കൂടിയുള്ളതാണ്.




ഒരു ദിവസം കൂടി അങ്ങിനെ തീരുന്നു. സമയത്തിനു വണ്ടിയും വന്നു. ഹാവൂ, ഇനിയധികം ദൂരമില്ല വീട്ടിലേക്ക്.

എങ്കിലും, ക്ഷീണിച്ചു പോയിരിക്കുന്നു. ഉച്ചയ്ക്കൂണു കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണൊരു തലവേദന. എവിടെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായിരുന്നു.

എവിടെ കിടക്കാന്‍? ആ സ്വാമിയുടെ ചില നേരത്തെ ഇടപെടലുകള്‍ കണ്ടാല്‍, സര്‍ക്കാരാപ്പീസല്ല, അയാള്‍ടെ വീട്ടുവേലക്കാരനാണ് താനെന്നു തോന്നിപ്പോകും.

“പാണ്ടിക്കഴുവേറി..!” അയാള്‍ മനസ്സാ സ്വാമിയെ ഭര്‍ത്സിച്ചു,.




“പങ്കജാ..!”

വണ്ടിയിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള് പിന്നില്‍ നിന്നൊരു വിളി.

നളിനിയമ്മായിയാണ്, അമ്പലത്തിലേക്കാവും.

“വേണ്ടാടാ.. നില്‍ക്കണ്ടാ.. വേഗം വീട്ടിലെത്തുക്കോളൂ..”

അമ്മായിയുടെ വാതം പിടിച്ച കാലുകളുടെ മന്ദഗതിയ്ക്കൊപ്പം താന്‍ എപ്പോഴും നില്‍ക്കാറുള്ളതാണല്ലോ?

“ഉം.., അവിടൊരു വിശേഷമുണ്ടിന്ന്, വേഗം ചെല്ലൂ കുട്ടീ...!”

“എന്തു വിശേഷം..?” അയാള്‍ക്കൊന്നും മനസ്സിലായില്ല.

അമ്മായിയുടെ മുഖത്തൊരു ചിരി വിടര്‍ന്നു: “വേഗം ചെല്ലെടാ...! അവളു പറയും നിന്നോട്... ഇനി ഞാ‍നായിട്ട് ഒന്നും അറിയിക്കുന്നില്ലേ..!”

അയാള്‍ക്ക് തമാശ തോന്നി.

ആങ്ഹ്.. എന്തുമാകട്ടെ. വീട്ടിലേക്ക് വലിച്ചു നടന്നു.



ലീലയുടെ അമ്മ ഉമ്മറത്തിരിക്കുന്നു. ഓഹ്, ഇതാണോ വല്യ വിശേഷം..!!? ഒന്നരക്കാതം നടന്നാലവരുടെ വീടെത്തും.

അവരുടെ മുഖവും വിടര്‍ന്നിരിക്കുന്നു, ആഹ്ലാദത്താല്‍.

ഇതെന്തു പുകില്‍?

അയാള്‍ക്ക് പിന്നാലെ, ഒരു മന്ദസ്മിതത്തോടെ, അവരും കിടപ്പുമുറിയിലെത്തി.

“ലീലേ..! ഇതാ പങ്കജനെത്തി..!”

ലീല ‍ കിടക്കുകയാണ്, കട്ടിലില്‍ നിന്നും അവള്‍ ആയാസപ്പെട്ട് എഴുന്നേല്‍ക്കാനാഞ്ഞു.

“പങ്കജാ, അവള്‍ക്ക് വിശേഷം ആയിരിക്കുന്നൂ, മോനേ...!!”

ങ്ഹേ..? നേരോ..?

മറുപടിയെന്നോണം, അവളുടെ സ്വതവേ ചുവന്ന മുഖം കൂടുതല്‍ ചുവക്കുന്നു.




“വേണ്ട, എഴുന്നേല്‍ക്കണ്ടാ.., കിടന്നോളൂ... ഞാനിപ്പോ വരാം...”




കൈയ്യിലിരുന്ന സാമഗ്രികള്‍ താഴെയിട്ടിട്ട്, ധിടുതിയില്‍ അയാള്‍ വായനാ മുറിയിലേക്കോടി.

നിരനിരയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍. അക്കൂട്ടത്തിലെ വലിയൊരു പുസ്തകത്തില്‍ നിന്നും അയാളൊരു കവറ് പുറത്തെടുത്തു.

അതും തെരുപ്പിടിച്ച് ശൂന്യതയിലേക്ക് നോക്കി നില്‍ക്കവേ, ചായയുമായ് വാതില്‍ കടന്ന്‌ അമ്മയെത്തി.

അമ്മ..! അമ്മ ഇവിടുണ്ടായിരുന്നോ..?

“ങ്ഹാ... നീ വന്നോ..!? ദാ, ചായ...”

“ഈശ്വരന്‍ കാത്തു..!! നീയറിഞ്ഞില്ലേ മോനേ, വിശേഷം....!!?” അമ്മയുടെ മുഖത്തും സന്തോഷം തിരതല്ലുന്നു...



ഒരു നിമിഷം തരിച്ചു നിന്ന ശേഷം, അയാള്‍ മന്ദഹസിച്ചു.

“ഉവ്വമ്മേ, അറിഞ്ഞു...!”

“എല്ലാരും എത്ര വര്‍ഷങ്ങളായി കൊതിച്ചതാ.., മക്കളേയിത്...!?” അമ്മ തുടരുകയാണ്.

അയാള്‍ കൈയ്യിലിരുന്ന കടലാസ്സുകള്‍ പുസ്തകത്തിനുള്ളിലേക്ക് തിരികെ വെച്ചു്, ചായ ഊതിക്കുടിച്ചു കൊണ്ട് അമ്മയോടൊപ്പം ലീലയുടെ അടുത്തേക്ക് നടന്നു.



ഭിഷഗ്വരന്മാര്‍ സ്ഥിരീകരിച്ച ഷണ്ഡത്വത്തിന്റെ വിധിവിഹിതം‍ ആ വലിയ പുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു, ആരും കാണാതെ...!

posted by സ്വാര്‍ത്ഥന്‍ at 12:28 PM

0 Comments:

Post a Comment

<< Home