Tuesday, September 26, 2006

എന്റെ നാലുകെട്ടും തോണിയും - ഉല്‍പ്പത്തിയും പിന്നീ‍ടും...

ഡിസ്ക്ലെയിമര്‍: ഇതൊരു ആധികാരിക ലേഖനമല്ല. എനിക്ക് പലപ്പോഴായി വായിച്ചും ജോലിസംബന്ധമായി ഉപയോഗിച്ചും മറ്റും അറിയാവുന്ന കാര്യങ്ങള്‍ കുറിക്കുന്നു എന്നേ ഉള്ളൂ. ഇത് വായിച്ച് ബുദ്ധിജീവികള്‍ക്ക് പുച്ഛം തോന്നുന്നെങ്കില്‍ അതിന് ഉത്തരവാദി ഞാനല്ല എന്ന് താഴ്മയായി പറഞ്ഞ് കൊള്ളട്ടെ.


കാക്കത്തൊള്ളായിരം ഡിജിറ്റല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരുപാട് കമ്പ്യൂട്ടറുകളില്‍ അങ്ങിങ്ങായി കിടന്നിരുന്ന ബിറ്റ്സുകളേയും ബൈറ്റ്സുകളേയും കണ്ടപ്പോള്‍ ദൈവത്തിന് ഒരു കൌതുകം. എന്നാല്‍ ഇവര്‍ക്ക് കൂട്ടുകാരെ കൊടുത്താലൊ, ദൈവം ചിന്തയിലാണ്ടു.

ഈമെയിലുകള്‍ ഉണ്ടാവട്ടെ! ദൈവത്തിന്റെ ഗര്‍ജ്ജനം കേട്ടു കമ്പ്യൂട്ടര്‍ ഡിസ്ക്കുകള്‍ കിടുങ്ങി. അങ്ങിനെ ആദ്യത്തെ ഈമെയില്‍ പോലെയൊരു മെസേജ് 1965 യില്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ചീറിപ്പാഞ്ഞു. ഒരു കമ്പ്യൂട്ടറില്‍ അനവധി കമ്പ്യൂട്ടറുകള്‍ ഘടിപ്പിച്ച, ആല്‍മരത്തില്‍ നിന്ന് വേരുകള്‍ ഇറങ്ങി വരുന്ന പോലെ ഒരു അതികായന്‍ കമ്പ്യൂട്ടര്‍ ആയിരുന്നു മെയിന്‍ഫ്രേമുകള്‍. ഈ മെയിന്‍ഫ്രേമുകള്‍ ബുദ്ധി സ്വന്തമാക്കി വെച്ചിരുന്നു. അതില്‍ ഘടിപ്പിച്ച ബുദ്ധിയില്ലാ കമ്പ്യൂട്ടറുകള്‍ (dumb terminals), കുറച്ച് വിവരം തരുമോ എന്ന് ചോദിച്ച് അയച്ച സന്ദേശങ്ങള്‍ ആണത്രെ ആദ്യത്തെ ഈമെയില്‍ സന്ദേശങ്ങള്‍.

ഈ അതികായന്റെ വേരുകള്‍ നിങ്ങള്‍ കണ്ട് കാണും. പച്ച നിറത്തില്‍ അക്കങ്ങള്‍ കാണുന്ന യാതൊരു ഭംഗിയുമില്ലാത്ത, എയര്‍പ്പോര്‍ട്ടിലും റെയില്‍വേ റിസര്‍വേഷന്‍ കൌണ്ടറുകളിലും കാണപ്പെടുന്നവയാണ് ഇത്. ഇവയിലാ‍ണിപ്പോഴും ഈ ലോകത്തിന്റെ നാടിമിടുപ്പായ പല രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥകള്‍ വരെ തീരുമാനിക്കപ്പെടുന്ന വിവരങ്ങള്‍ (data) എണ്‍പതു ശതമാനവും ശേഖരിച്ച് വെക്കപ്പെട്ടിരിക്കുന്നത്.

എന്തായാലും അന്നത്തെ ഈമെയില്‍ ഈ വമ്പന്‍ അതികായനില്‍ നിന്ന് അവനില്‍ ഘടിപ്പിച്ചിരിക്കുന്ന ബുദ്ധിയില്ലാ ചെറിയ കമ്പ്യൂട്ടറുകള്‍ക്ക് മാത്രം അങ്ങോട്ടുമിങ്ങോട്ടും കൈമാറാവുന്നത് മാത്രമായിരുന്നു. ഇത് കണ്ട് ദൈവം ദു:ഖിച്ചു. ഇന്റര്‍ നെറ്റ്വര്‍ക്കുകള്‍ (network) ഉണ്ടാവട്ടെ, പല പല അതികായന്മാരും കൈ കോര്‍ക്കട്ടേ! എന്നുള്ള, അടുത്ത ഗര്‍ജ്ജനം പുറപ്പെടുവിക്കാന്‍ ഒരു ഈമെയില്‍ സെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന നേരം പോലുമെടുത്തില്ലാന്ന് മൈക്കിള്‍, പേര്‍ളി സ്റ്റുഡിയോവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ ഈ ഗര്‍ജ്ജനം താഴെ അമേരിക്കയുടെ തലസ്ഥനത്ത് കേട്ടത് അര്‍പ്പാനെറ്റ് എന്നാണ്. 1969-ല്‍ പെന്റഗണില്‍ അര്‍പ്പാനെറ്റ് ഒരു പരീക്ഷാടിസ്ഥാനത്തില്‍, എന്ന് വെച്ചാല്‍ പല പല കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങള്‍ ഒരു അണുവായുധ യുദ്ധം ഉണ്ടായാല്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ ആയിരുന്നത്രെ ഉണ്ടാക്കിയത്. പക്ഷെ റഷ്യക്കാര്‍ അമേരിക്കക്കാരേക്കാളും സാമാന്യബുദ്ധിയുള്ളവരാണെന്ന് നിങ്ങള്‍ കേട്ടുകാണും (കേട്ടിട്ടില്ലെ, ശ്യൂന്യാകാശത്തെ പെന്‍സിലിന്റെ കഥ).

എന്തായാലും നിങ്ങള്‍ കേട്ടത് ശരി തന്നെ. അവര്‍ അമേരിക്കയിലേക്ക് ഒരു അണുവായുധം പോയിട്ട് അണു പോലും കയറ്റി അയക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് യുദ്ധകാലത്തിന് കരുതി വെച്ചിരുന്ന ഈ പരീക്ഷണം പതിയെ അമേരിക്കന്‍ ഗവണ്‍ന്മെന്റ് സാധാരണ ജനത്തിനും കൊടുത്തു തുടങ്ങി (ഇപ്പോള്‍ എല്ലാ കവലയിലും കാണപ്പെടുന്ന ഹമ്മറുകളും അങ്ങിനെയാണത്രെ ജനത്തിലേക്ക് ഇറങ്ങി ചെന്നത്‌).

പക്ഷെ, അതിനിടയില്‍, ദൈവം പോലുമറിയാതെ ഒരു തമാശ ഉണ്ടായി. സോഡാ കണ്ണാടി വെച്ച, സ്കൂളില്‍ നിന്ന് ഓടിപ്പോന്ന, ബുദ്ധിയും ബിസിനസ്സും ഒരുമിച്ച് സ്പൂണില്‍ വാരിത്തിന്ന ഒരു ചെക്കന്‍ അവന്റെ ഗരാജില്‍ സോഫറ്റ് വേര്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

പല പല അതികായകന്മാരും ആ കൊച്ചു ചെറുക്കനെ പുച്ഛിച്ചു തള്ളി. ഇന്നത്തെപോലെയല്ല, അന്ന് ബുദ്ധിജീവിത്തരം ഒരു ഫാഷന്‍ ആയിരുന്നു. നീ ഉണ്ട ഉണ്ടാക്കും, വിവരമുള്ളവര്‍ക്ക് മാത്രമാണ് കമ്പ്യൂട്ടറുകള്‍ എന്ന് പറഞ്ഞ് ആ ചെക്കനേയും അവന്റെ കൂട്ടുകാരെയും അതികായകന്മാര്‍ കളിയാക്കി. പക്ഷെ, ചെറുപ്പക്കാരുണ്ടോ വിടുന്നു. തിളക്കുന്ന യുവരക്തമല്ലെ? കാണിച്ചു തരാം! എന്ന് അവര്‍. ഓരോ ഡെസ്കിലും, സാധാരണക്കാരന്റെ ഡെസ്കിലും ഞങ്ങള്‍ ഈ പി.സി വെക്കും എന്ന് അവര്‍ വെല്ലുവിളിച്ചു.

ആ വെല്ലുവിളിയുടെ അനന്തര ഫലം ആണിന്ന് നമ്മള്‍ യാതൊരു ബഹുമാനവും കൊടുക്കാതെ, ചുമ്മാ ബൂ‍ട്ട് ചെയ്തും ഓള്‍ട്ട്+കണ്ട്രോള്‍+ഡിലീറ്റ് ചെയ്തു കളിക്കുന്ന ഈ പി.സിക്കുഞ്ഞുങ്ങള്‍. അതോടെ പഴഞ്ചന്‍ അര്‍പ്പാനെറ്റൊക്കെ മാറി അത് ഇന്റെര്‍‍നെറ്റുകള്‍ ആവാന്‍ ദൈവം കണ്ണടച്ചു തുറക്കുന്ന സമയം മതിയായിരുന്നു.

അങ്ങിനെ സാധാരണ ജനങ്ങള്‍ ഇന്റെര്‍‍നെറ്റും ഈമെയിലും ഒക്കെ ഉപയോഗിക്കുവാന്‍ തുടങ്ങി. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും വളരെ അകലെയുള്ളവര്‍ വരെ സല്ലപിക്കുവാന്‍ തുടങ്ങി. ഇതില്‍ ഒരുപാട് സമയമുള്ളവര്‍ അല്ലെങ്കില്‍ എഴുത്ത് എഴുതാന്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ കഥകളും തമാശകളും ചമയ്ക്കുവാന്‍ തുടങ്ങി. ഇതു എപ്പോഴും കിട്ടിക്കൊണ്ടിരുന്നവര്‍, ഇവന്റെ കത്തി ഞാന്‍ മാത്രം സഹിച്ചാല്‍ ‍പറ്റൂലല്ലൊ എന്ന് കരുതി, soc.culture എന്ന് പൊലെയുള്ള ഈമെയില്‍ ഗ്രൂപ്പുകളിലേക്ക് അവ അയച്ചു തുടങ്ങി. വെബ് പേജുകളും ഇതിനിടയില്‍ ഒരവസാനമില്ലാത്ത പോലെ ഉണ്ടാ‍യിക്കൊണ്ടിരുന്നു.

ദൈവം സന്തോഷിച്ചു. സ്നേഹം എങ്ങും പടരുന്നത് കണ്ട് ദൈവം ഒരുപാട് സന്തോഷിച്ചു. ഒരു പാട് സന്തോഷിച്ചാല്‍ പെട്ടെന്ന് തന്നെ ദു:ഖിക്കേണ്ടി വരുമെന്ന് അന്ധവിശ്വാസിയല്ലാതിരുന്ന ദൈവത്തിന് അറിയില്ലായിരുന്നു. അടുത്ത ദിവസം കണ്ണ് തുറന്ന് നോക്കിയ ദൈവം കണ്ടതെന്തു?

പൊരിഞ്ഞ അടി! നീ കാക്കി നിക്കര്‍ ഇട്ട ബി.ജെ.പി. നീയൊരു സ്യൂഡോ സെക്കുലര്‍. മനുഷ്യന്മാരല്ലെ, അടിയില്ലാതെ പറ്റുമൊ? അങ്ങിനെ soc.culture.* പോലെയുള്ള ഗ്രൂപ്പുകളില്‍ പൊരിഞ്ഞ യുദ്ധം തന്നെ നടക്കുന്നു. ഇതു ഭാഷാ രാജ്യ ഭേദമന്യേ നടന്നുകൊണ്ടിരുന്നു. വെളുത്തവരും കറുത്തവരും, ജൂതന്മാരും അല്ലാത്തവരും അങ്ങിനെ അടിയുണ്ടാക്കുന്നവരുടെ ലിസ്റ്റ് നീണ്ട് നീണ്ട് പോയി.

പലപ്പോഴായി യുദ്ധങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നതൊക്കെ പടച്ചു വിട്ട് അത് കണ്ട് പൊട്ടിപ്പൊട്ടിച്ചിരിച്ച് മനുഷ്യന്മാരെ വടി ആക്കാറുണ്ടെങ്കിലും പൊതുവെ സമാധാനപ്രിയന്‍ എന്ന് ഇമേജ് കാത്ത് സൂക്ഷിക്കാന്‍ വേണ്ടിയും, നാളെയെങ്ങാനും സമാധാന നോബല്‍ നോമിനേഷന്‍ ഉണ്ടെങ്കിലൊ എന്ന് ദൈവം ആകുലതപ്പെട്ടതിനാലും, പെട്ടെന്ന് തന്നെ ഒരു സെകന്റ് പോലും ആലോചിക്കാതെ അടുത്ത ഓര്‍ഡര്‍ കൊടുത്തു. പോര്‍ട്ടലുകള്‍ ഉണ്ടാവട്ടെ, പിന്നേയും ദൈവം ഗര്‍ജ്ജിച്ചു!

അങ്ങിനെ പല സ്ഥലത്തായി കിടന്നിരുന്ന അറിവുകള്‍ ഒരൊറ്റ വെബ്പേജില്‍ കൊണ്ട് വരാമെന്ന് മനുഷ്യന് ബുദ്ധി ഉദിച്ചു. അന്നും ഈ ഈമെയിലുകളും പ്രത്യേക പ്രത്യേക വെബ്പേജുകളും ഓടിനടന്ന് വായിക്കാന്‍ സമയമില്ലാത്തവര്‍ ഉണ്ടായിരുന്നത്രെ. എന്തായാലും പോര്‍ട്ടുലുകള്‍ അവരുടെ ശ്രദ്ധ ഹഠാദാകര്‍ഷിച്ചു. പോര്‍ട്ടലുകള്‍ ഉണ്ടാക്കിയവരാകട്ടെ, വളരെ ഇടുങ്ങിയ ചിന്താഗതിക്കാരായി കാണപ്പെട്ടു.

അങ്ങിനെ കണ്ട അവനും ഇവനും വന്ന് നിരങ്ങാന്‍ ഉള്ളതല്ല, ഇതൊരു വഴിയമ്പലമല്ല, എന്നൊക്കെ അവര്‍ നിബന്ധനകള്‍ വെച്ചു. എന്ന് വെച്ചാല്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം, അല്ലെങ്കില്‍ അവര്‍ക്ക് പ്രയോജനമുള്ളതു മാത്രം അവര്‍ ഉള്‍പ്പെടുത്തുവാന്‍ തുടങ്ങി. പലതും വളരെ വിജ്ഞാനപ്രദം ആയിരുന്നെവെങ്കിലും, വളരെ ഗുണമുള്ളതായിരുന്നെങ്കിലും അവരുടെ ചിറ്റമ്മനയത്തില്‍ പ്രതിഷേധിക്കുവാന്‍ സാധാരണ ജനങ്ങള്‍ക്ക് ഈമെയിലുകളിലും വെബ്പേജുകളിലും മാത്രമായി ഒതുങ്ങി കൂടേണ്ടി വന്നു.

മലയാളത്തില്‍ ആദ്യത്തെ പോര്‍ട്ടല്‍ kerala.com(or kerala.org) ആയിരുന്നു. (*) പണ്ടുണ്ടായിരുന്ന keral.com ആണ് ഇന്നത്തെ malayalavedhi.com എന്ന് എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കരുതുന്നു. ആദ്യത്തെ ഇന്ത്യന്‍ പോര്‍ട്ടലുകളില്‍ ഒന്നായിരുന്നു samachar.com. പക്ഷെ, ഇന്ന് അതൊന്നും ആ പഴയ സ്ഥിതിയില്‍ അല്ല. പല പല പോര്‍ട്ടലുകളും ഉണ്ടായത്, അന്നത്തെ കാലത്ത് സ്വര്‍ണ്ണത്തേക്കാളും വിലപിടിപ്പായിരുന്ന സെര്‍വര്‍ സ്പേസും ബാന്റ് വിഡത്തും എടുത്ത്, മൂന്നോ നാലോ പേരുടെ അദ്ധ്വാനവും, അവരുടെ കാശു മുടക്കും കൊണ്ട് മാത്രമായിരുന്നു. മാത്രമല്ല, എല്ലാ പോര്‍ട്ടലുകളും ഏതൊ അഘിലിത നിയമം അനുസരിച്ചു, അവരുടെ കണ്‍ന്റെന്റ് (content) ഫ്രീ ആയിട്ട് വെക്കുകയും ചെയ്യണമായിരുന്നു. എത്ര ലോയല്‍ യൂസേര്‍സ് ഉണ്ടോ, അല്ലെങ്കില്‍ എത്ര പേര്‍ അവരുടെ ഈമെയില്‍ ഐഡികള്‍ പോര്‍ട്ടലിന് ‍കൊടുത്ത് അവരുടെ കൂറ് പ്രഖ്യാപിക്കുന്നുവൊ, അതിലാണ് പോര്‍ട്ടലുകള്‍ അവരുടെ നിലനില്‍പ്പിനാവശ്യമായ പരസ്യങ്ങള്‍ പിടിച്ചുകൊണ്ടിരുന്നത്. പ്രജകളില്ലെങ്കില്‍ രാജ്യമില്ലല്ലൊ, രാജാവില്ലല്ലൊ!

അതില്‍ ഏറ്റവും വിജയം കണ്ട ഒരു പോര്‍ട്ടല്‍ ആണ് yahoo.com. ഇന്ത്യന്‍ പോര്‍ട്ടലുകളില്‍ sulekha.com-ഉം. പക്ഷെ, ലാഭമുണ്ടാക്കാതെയുള്ള ബിസിനസ്സ് മോഡലുകള്‍ ആയിരുന്ന പല പോര്‍ട്ടലുകളും തകര്‍ന്ന് വീണു. ആറാം തമ്പുരാനു ശേഷം മോഹന്‍ലാലിന്റെ സിനിമകള്‍ പലതും തകര്‍ന്ന് വീണതിനേക്കാളും വേഗത്തില്‍.

പക്ഷെ, എങ്കിലും ഇവരിലും കേള്‍ക്കാതെ പോയ ഒത്തിരി ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ദൈവത്തിന്റെ ചെവിയില്‍ വീണു. ആ ശബ്ദങ്ങള്‍ കൂടി കൂടി ചെവി വേദന വന്ന് രണ്ട് പാരാസെറ്റമോള്‍ അടിച്ചിട്ടും മാറാതെ വന്നപ്പോള്‍ നിവൃത്തിയില്ലാതെ ദൈവം, ഗര്‍ജ്ജനം അടിക്കടി അടിച്ച് ക്ഷീണിതനായിരുന്നുവെങ്കിലും, ഉള്ള ശബ്ദത്തില്‍ തൊണ്ട ഒന്ന് ക്ലിയര്‍ ആക്കി പിന്നെയും ഒരു ഓര്‍ഡര്‍ കൊടുത്തു.

“ബ്ലോഗുകള്‍!”

പക്ഷെ, അതിനുമൊക്കെ മുന്‍പ്, രണ്ട് ചുണക്കുട്ടന്മാര്‍, സെര്‍ജിയും പേജും എന്ന് പേരുള്ള രണ്ട് പുലിക്കുട്ടികള്‍ ഇന്റെര്‍‍നെറ്റുകള്‍ വഴിതെറ്റി പോവുന്നതില്‍ മനംനൊന്ത്, എല്ലാവരും മന:പൂര്‍വ്വം മറന്നിരുന്ന ‘സേര്‍ച്ച്’ എന്ന അന്യം നിന്ന് പോവേണ്ട സാങ്കേതിക വിദ്യ, വെറുതെ കൂട്ടുകാരില്‍ നിന്നൊപ്പിച്ച പഴയ കമ്പ്യൂട്ടറുകള്‍ വെച്ച്, വളരെ മനോഹരമായി വികസിപ്പിച്ചെടുത്തു.

പെട്ടെന്ന് തന്നെ കോട്ടകള്‍ തകര്‍ന്ന് വീണു. പല പോര്‍ട്ടല്‍ രാജാക്കന്മാരുടേയും രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടം കൂട്ടമായി പുതിയ മെച്ചില്‍പ്പുറങ്ങള്‍ തിരഞ്ഞ് പോയി. അങ്ങിനെ, പോര്‍ട്ടലുകളെ ആരും ആശ്രയിക്കാതെ ആയി. ഒരു സേര്‍ച്ച് ചെയ്താല്‍ കണ്ട് പിടിക്കാ‍വുന്നവയുള്ളപ്പോള്‍ എന്തിന് പോര്‍ട്ടലുകളുടെ അനേകമായിരം ലിങ്കുകള്‍ ക്ലിക്കി പോകണം, ആളുകള്‍ ആലോചിച്ചു. മാത്രമല്ല, പോര്‍ട്ടലുകളില്‍ ഒന്നും പെടാതെ നിന്നിരുന്ന,സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ നൊമ്പരങ്ങള്‍...സോറി...വെബ്പേജുകള്‍ കണ്ട് പിടിക്കപ്പെട്ടു. അതോടെ പല നഗ്നസത്യങ്ങളും വെളിപ്പെട്ടു.

എന്നാല്‍ നിങ്ങള്‍ക്കിതാ, ഡെസേര്‍ട്ടിനു കേക്കിനു മുകളില്‍ ഐസ്ക്രീം പോലെ, ബ്ലോഗുകളെയും കൂടി തരാം എന്ന് ദൈവം അനുഗ്രഹിച്ചു. എന്തിനധികം പറയുന്നു കൂട്ടരെ? ഒരൊരുത്തര്‍ക്കും സ്വന്തമായി ഒരോ പോര്‍ട്ടലുകള്‍ പോലെ സ്വന്തം ബ്ലോഗുകള്‍ ഉണ്ടായി. html-ഉം പ്രോഗ്രാമിങ്ങും അറിയാത്തവര്‍ക്കും, ഒരോ ദിവസം എഴുതുന്നുവ എളുപ്പത്തില്‍ തരം തിരിച്ചു കാണിക്കുവാനും ബ്ലോഗുകള്‍ വഴി എളുപ്പം സാധിച്ചു. അങ്ങോട്ടുമിങ്ങോട്ടും പ്രോത്സാഹിപ്പിച്ചും, അകമഴിഞ്ഞ് അഭിനന്ദിച്ചും പല വിധത്തിലുള്ള ബ്ലോഗ് കൂട്ടയ്മ‌കള്‍ വരെ ഉണ്ടായി. ഇതിനിടയില്‍ പണ്ട് മുതലെ, soc.culture.* മുതല്‍ പയറ്റി തെളിഞ്ഞ വില്ലന്മാരെ പുറത്താക്കാന്‍, അനോണിമസ് കമന്റുകള്‍ ഓഫ് ചെയ്യാന്‍, ഡിലീറ്റ് ചെയ്യാന്‍ വരെ സംവിധാനം ഉണ്ടായി. അതും ഒരോരുത്തര്‍ക്കും സ്വന്തം ബ്ലോഗുകളില്‍ സാധിച്ചു. അതൊരു ചെറിയ കാര്യമല്ലയിരുന്നു. എന്റെ വീട്ടില്‍ ആരു വരണമെന്ന് എനിക്ക് തീരുമാനിക്കാവുന്ന പോലെയായി കാര്യങ്ങള്‍.

അങ്ങിനെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദൈവം പോലും ആശ്വസിക്കാം എന്ന് കരുതുന്ന സമയത്ത് ഈ ബ്ലോഗുകളില്‍ നിന്നെല്ലാം വിവരം ശേഖരിച്ചു പിന്നേയും ഒരു സ്ഥലത്ത് കൊണ്ട് ചെന്നി‍ടുന്ന ഫീഡുകള്‍ ഉണ്ടായിക്കൊണ്ടിരി‍ക്കുന്നു. അവയ്ക്ക് പഴയ പോര്‍ട്ടലുകളുടെ സ്വഭാവമത്രെ. പിന്നേയും ബ്ലോഗുകള്‍ തരം തിരിക്കപ്പെടുന്നു. സാധാരണക്കാരുടെ ശബ്ദങ്ങള്‍ കേള്‍‍ക്കപ്പെടാതെ പോകുവാന്‍ തുടങ്ങുന്നു...ഇതിന്റെ അവസാനം അല്ലെങ്കില്‍ ഇതിനൊരുത്തരം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല...ദൈവം ഈസ് ഇന്‍ തിങ്കിങ്ങ് മോഡ്.

ഇനി digg.com, desipundit.com, putvotes.com എന്നിവയുടെ സ്വഭാവങ്ങള്‍.

digg.com ഒരു വാര്‍ത്താ ഫീഡര്‍ ആണ്. സമകാലികാപ്രാധാന്യമുള്ള വാര്‍ത്തകള്‍ അവരുടെ സേവനത്തിനു സൈന്‍ അപ്പ് ചെയ്യുന്ന ആളുകള്‍ തരം തിരിച്ചു വോട്ടു ചെയ്ത് അതിന്റെ ആദ്യത്തെ പേജില്‍ കൊണ്ട് വരുന്നു. പഴയ പോര്‍ട്ടലുകളില്‍ നിന്ന് ഇവയ്ക്ക് എന്തു വ്യത്യാസം എന്ന് എനിക്കറിയില്ല.

ഈ ലക്കത്തെ Business Week-ല്‍, digg.com-ന്റെ കെവിന്‍ റോസ് ഒരു മഹാന്‍ ആണെന്ന് പറയുന്നുണ്ടെങ്കിലും, എന്താണ് ഇതിലെ കൊട്ടിഘോഷിക്കപ്പെടുന്ന സംഭവം എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. അവര്‍ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ലാതാനും. എന്തിന് വേറെ തേടുന്നു, നമ്മുടെ ഇന്ത്യന്‍ പോര്‍ട്ടല്‍ ആയ sulekha.com-ല്‍ പോലും ഇങ്ങിനെ ഒരു സംവിധാനം വാര്‍ത്തകള്‍ക്ക് (newshopper)വേണ്ടി പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു.

desipundit.com കുറച്ച് എഡിറ്റേര്‍സ് മാത്രം ചെയ്യുന്ന വോട്ടിങ്ങ് ആണ്. അതു വീണ്ടും പോര്‍ട്ടലുകള്‍ പോലെ തന്നെ. putvotes.com ആകട്ടെ digg.com പോലെ ആകാന്‍ ശ്രമിക്കുന്ന ഒന്നും. ഇതെല്ലാം പിന്നേയും നമ്മളെ പഴയ പോര്‍ട്ടലുകളിലേക്ക് നയിക്കുന്നു. ബ്ലോഗുകള്‍ വന്നത് പോര്‍ട്ടലുകള്‍ തകര്‍ത്ത് എറിയപ്പെടാന്‍ വേണ്ടിയാണ്. പിന്നെയും അതേ വഴിക്ക് തിരിച്ചു പോവുന്നതിനോട് ideologically ആയി ഞാന്‍ എതിരാണ് എന്ന് പറയുവാന്‍ വേണ്ടി മാത്രമാണ് ഇന്നത്തെ ഏഷ്യനെറ്റിലെ നാലു സീരിയലുകള്‍ മിസ്സ് ചെയ്ത് ഇത്രേം ടയ്പ് ചെയ്തു കയറ്റിയത്.

ഇനി എന്തു സംഭവിക്കും? അതു എനിക്ക് അറിയില്ല. ദൈവം ഇനി എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയുക സാധ്യമല്ല. പക്ഷെ മഹാനായ ബില്‍ ഗേറ്റ്സ് പറഞ്ഞതിനെ ഞാന്‍ ഇവിടെ ആവര്‍ത്തിക്കട്ടെ. [I am not afraid of giants like IBM or Sun, but I am worried about two boys sitting somewhere in an old garage, coding their way to create the next big thing] . ഇതേ വാക്കുകള്‍ ആണോ എന്ന് എനിക്ക് അറിയില്ല. അദ്ദെഹത്തിന്റെ ഏതൊ ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്നാണ്.

അതുകൊണ്ട് അടുത്ത എന്തു സംഭവിക്കും എന്ന് നമുക്ക് കാത്തിരിക്കാം....

ഇത്രേം വായിച്ചുവെങ്കില്‍ ഇനി അല്പം ഫലിതം:

ഈയടുത്ത് ഒരു വീട്ടില്‍ നിന്ന് കേട്ടത്.

പുരുഷ ശബ്ദം: എന്താണടീ നീ തട്ടുമ്പുറത്ത് ചെയ്യുന്നെ?

പെണ്ണ്: ചെട്ടാ, അത്...ഞാനീ പഴയ വനിതയൊക്കെ പൊടിതട്ടി എടുക്കുവാണ്.

പുരുഷന്‍: അതെന്നാത്തിനാടീ?

പെണ്ണ്: ഓ, അതിലെ റെസിപ്പിയൊക്കെ ഫുഡ് ബ്ലോഗില്‍ എഴുതാനാണന്നെ.

പുരുഷന്‍: അപ്പൊ മനോരമക്കാര് എന്തെങ്കിലും പറഞ്ഞാലൊ?

പെണ്ണ്: ഓ, അവരെഴുതുന്ന ഒരു സ്പൂണ്‍ ഉപ്പിന് പകരം രണ്ട് സ്പൂണ്‍ എന്ന് എഴുതിയാല്‍ അവരെങ്ങിനെ കണ്ട് പിടിക്കാനാണന്നെ.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 9:22 PM

0 Comments:

Post a Comment

<< Home